അറിയാം... എൻജിനിയറിങ് 
ബ്രാഞ്ചുകളെ

engineering branches

കീം 2025 അടിസ്ഥാനമാക്കിയുള്ള കേരള എൻജിനിയറിങ്‌ റാങ്ക് ലിസ്റ്റ് ഉടൻ പ്രതീക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷനാണ് അടുത്ത ഘട്ടം. തങ്ങളുടെ അഭിരുചിക്കും താൽപ്പര്യത്തിനും വ്യക്തിത്വ സവിശേഷതകൾക്കും അനുഗുണമായ ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കീം വഴി പ്രവേശനം ലഭിക്കുന്ന അൻപത്തിരണ്ട് എൻജിനിയറിങ് ബ്രാഞ്ചുകളുണ്ട്. ബിരുദതലത്തിൽ അടിസ്ഥാന ബ്രാഞ്ചുകൾ പഠിച്ച്, പി ജി തലത്തിൽ ഇത്തരം സ്പെഷ്യലൈസേഷനുകൾ പരിഗണിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ‘കീം' (KEAM 2025) വഴി പ്രവേശനം ലഭിക്കുന്ന പ്രധാനപ്പെട്ട ബ്രാഞ്ചുകളെ പരിചയപ്പെടുത്തുകയാണിവിടെ.

സിവിൽ


കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, റെയിൽപ്പാതകൾ, അണക്കെട്ടുകൾ, തുരങ്കങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖ. സ്ട്രക്ച്ചറൽ എൻജിനിയറിങ്, കൺസ്ട്രക്ഷൻ എൻജിനിയറിങ്, വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ജിയോ ടെക്നിക്കൽ എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, ടൗൺ & സിറ്റി പ്ലാനിങ്, റിമോട്ട് സെൻസിങ്‌, ബിൽഡിങ്‌ ടെക്നോളജി, കോസ്റ്റൽ എൻജിനിയറിങ്, എൻവയോൺമെന്റൽ എൻജിനിയറിങ്‌, ഹൈഡ്രോളിക് എൻജിനിയറിങ്, അർബൻ പ്ലാനിങ്‌, ഓഷ്യൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഉപരിപഠനം സാധ്യമാണ്.


മെക്കാനിക്കൽ


വിവിധ യന്ത്രസാമഗ്രികളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം തുടങ്ങിയവയെക്കുറിച്ചുള്ള പഠനശാഖയാണിത്. മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, എയ്‌റോനോട്ടിക്കൽ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ്, ഓട്ടോമൊബൈൽ എൻജിനിയറിങ്, ഇൻഡസ്ട്രിയൽ എൻജിനിയറിങ് & മാനേജ്മെന്റ്‌, എനർജി മാനേജ്മെന്റ്‌, റോബോട്ടിക്സ് & ഓട്ടോമേഷൻ, മെക്കാനിക്കൽ ഡിസൈനിങ്, കംപ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്, മെറ്റീരിയൽ സയൻസ് & ടെക്നോളജി, ഇൻഡസ്ട്രിയൽ റഫ്രിജറേഷൻ & ക്രയോജനിക്സ്, ഇൻഡസ്ട്രിയൽ സേഫ്റ്റി തുടങ്ങിയവയിൽ തുടർ പഠനം സാധ്യമാണ്.

ഇലക്ട്രിക്കൽ


വൈദ്യുതിയുടെ ഉൽപ്പാദനം, വിതരണം, വൈദ്യുത മോട്ടോറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമാണം, പരിപാലനം തുടങ്ങിയവയ്‌ക്ക് പ്രാമുഖ്യം നൽകുന്ന പഠനശാഖ. മെഡിക്കൽ മേഖല, റോബോട്ടിക്സ്, മൊബൈൽ ഫോൺ, വാഹനങ്ങൾ,നാവിഗേഷൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിന് പ്രാധാന്യമുണ്ട്. പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്ക് മെഷീൻസ്, കൺട്രോൾ സിസ്റ്റം, പവർ സിസ്റ്റം, റോബോട്ടിക്സ് & ഓട്ടോമേഷൻ, റിനീവബ്ൾ എനർജി, നെറ്റ്‌വർക്ക് എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ഡ്രൈവ്സ്,സിഗ്നൽ പ്രോസസിങ്, പവർ ക്വാളിറ്റി, ഇൻസ്ട്രുമെന്റേഷൻ, ഫോട്ടോണിക്സ്, ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി, വിഎൽഎസ്ഐ &എംബെഡഡ് സിസ്റ്റംസ്,ബയോമെഡിക്കൽ, വയർലെസ് ടെക്നോളജി തുടങ്ങി ഒട്ടേറെ മേഖലകളിൽ ഉപരിപഠന സാധ്യതകളുണ്ട്.


കംപ്യൂട്ടർ സയൻസ്


പേഴ്സണൽ കംപ്യൂട്ടർ മുതൽ സൂപ്പർ കംപ്യൂട്ടർ വരെ പഠനവിധേയമാക്കുന്ന ഈ ശാഖയിൽ കൂടുതൽ വേഗവും കാര്യക്ഷമതയുമുള്ള അൽഗോരിതങ്ങളും പ്രോഗ്രാമിങ്‌ ലാംഗ്വേജുകളുമാണ് പ്രധാന വിഷയങ്ങൾ. നെറ്റ്‌വർക്ക് സെക്യൂരിറ്റി, നെറ്റ്‌വർക്ക് സിസ്റ്റംസ്, കംപ്യൂട്ടർ ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്‌, ഡാറ്റാ സയൻസ് & ബിഗ് ഡാറ്റാ അനലിറ്റിക്സ്, മൊബൈൽ കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്‌, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ തുടർപഠനം സാധ്യമാണ്. കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട നൂതന വിഷയങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ തുടങ്ങിയ ബ്രാഞ്ചുകളും ചില എൻജിനിയറിങ് കോളേജുകളിൽ ലഭ്യമാണ്.

ഇലക്ട്രോണിക്സ് ആൻഡ് 
 കമ്യൂണിക്കേഷൻ


ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിസൈനിങ്ങും വാർത്താവിനിമയ സംവിധാനങ്ങളിലെ നൂതന സാങ്കേതികവിദ്യകളും പഠനവിധേയമാക്കുന്ന ശാഖയാണിത്. സെമി കണ്ടക്ടറുകൾ, മൈക്രോ കൺട്രോളറുകൾ, ടെലിവിഷൻ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയവയും പഠന വിഷയങ്ങളാണ്. ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്‌, എംബഡഡ് സിസ്റ്റംസ്, റോബോട്ടിക്സ് & ഓട്ടോമേഷൻ,ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, വയർലെസ് & മൊബൈൽ കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ചിപ്പ് ഡിസൈനിങ്, പവർ ഇലക്‌ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം.


അപ്ലൈഡ് 
 ഇലക്ട്രോണിക്സ് & 
 ഇൻസ്ട്രുമെന്റേഷൻ


ഇലക്ട്രോണിക്സ് വിഷയങ്ങളോടൊപ്പം ഇൻസ്ട്രുമെന്റേഷനും പ്രാധാന്യം നൽകുന്ന ശാഖ. മർദം, താപം, ഒഴുക്ക്, ആർദ്രത എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനവുമാണ് പ്രധാനം .


ഇൻഫർമേഷൻ 
 ടെക്നോളജി


കംപ്യൂട്ടറും കമ്യൂണിക്കേഷൻ സാധ്യതകളും ഉപയോഗപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുക, സംരക്ഷിക്കുക, നിയന്ത്രിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട എൻജിനിയറിങ് പഠനശാഖ. നെറ്റ്‌വർക്ക് സെക്യൂരിറ്റി, കംപ്യൂട്ടർ ഓട്ടോമേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി,ഡാറ്റാ സയൻസ്, ക്ലൗഡ് കംപ്യൂട്ടിങ്‌ തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം. ഇന്ത്യയിലും വിദേശത്തും സോഫ്റ്റ്‌വെയർ കമ്പനികളിൽ മികച്ച ജോലി സാധ്യതകളുണ്ട് .


കെമിക്കൽ


രസതന്ത്രത്തിന്റെ പ്രായോഗികതയാണ് കെമിക്കൽ എൻജിനിയറിങ്ങിന്റെ ആധാരം. രാസോൽപ്പന്നങ്ങളുടെ നിർമാണ പ്രക്രിയകൾക്കാവശ്യമായ യന്ത്ര സാമഗ്രികളും പ്ലാന്റുകളും രൂപകൽപ്പന ചെയ്ത് പ്രവർത്തിപ്പിക്കുന്നതുൾപ്പെടെയുള്ള സാങ്കേതിക പഠനമാണിത് .


എയ്‌റോനോട്ടിക്കൽ


വിമാനങ്ങൾ, മിസൈലുകൾ, ബഹിരാകാശ വാഹനങ്ങൾ, മറ്റു വ്യോമയാന ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമാണം, വികസനം, പരീക്ഷണം തുടങ്ങിയ മേഖലകളുടെ പഠനമാണിത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, റേഡിയോ വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയുടെ പരിചരണവും എയ്‌റോനോട്ടിക്കൽ എൻജിനിയർമാരാണ് നിർവഹിക്കുന്നത്.


ഓട്ടോമൊബൈൽ


മോട്ടോർ വാഹനങ്ങളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം, ടെസ്റ്റിങ്‌ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന മെക്കാനിക്കൽ എൻജിനിയറിങ് ശാഖയാണിത്.


ബയോടെക്നോളജി


ജീവശാസ്ത്രത്തിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മനുഷ്യ പുരോഗതിക്കുതകുന്ന പുതിയ ടെക്നോളജികളും ഉൽപ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പഠനശാഖ. ബയോ ഇൻഫർമാറ്റിക്സ്, ജനറ്റിക് സയൻസ്, മൈക്രോ ബയോളജി, സെൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാണ്.


ഇൻഡസ്ട്രിയൽ


യന്ത്രശേഷിയും മാനവ ശേഷിയും വേണ്ടവിധം സമന്വയിപ്പിച്ച് ചെലവ് കുറച്ച് ഉൽപ്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠന ശാഖ.


നേവൽ ആർക്കിടെക്ചർ ആൻഡ് 
 ഷിപ് ബിൽഡിങ്‌


വിവിധ തരത്തിലുള്ള കപ്പലുകളുടെ രൂപകൽപ്പന, നിർമാണം പരിപാലനം തുടങ്ങിയവ പഠനവിധേയമാക്കുന്ന എൻജിനിയറിങ് ശാഖ. ഓഷ്യൻ എൻജിനിയറിങ്, ഹാർബർ എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം.


ഫുഡ് ടെക്നോളജി


വിവിധ ഭക്ഷ്യവസ്തുക്കളിലുണ്ടാകുന്ന ഭൗതിക, രാസ, ജൈവിക മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണ പദാർഥങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ബ്രാഞ്ചിന്റെ ലക്ഷ്യം. ഭക്ഷ്യ പദാർഥങ്ങളുടെ രുചി, സ്വാദ്, ഗന്ധം എന്നിവ നഷ്ടപ്പെടാതെയുള്ള പാക്കിങ്‌ സംവിധാനങ്ങളെക്കുറിച്ചും പഠിക്കാം


ഡെയറി ടെക്നോളജി


പാലുൽപ്പാദനം, സംസ്കരണം, നെയ്യ്, വെണ്ണ, പാൽപ്പൊടി, യോഗർട്ട് തുടങ്ങിയവയുടെ നിർമാണം, മൂല്യവർധന തുടങ്ങിയ വിഷയങ്ങൾ ആധികാരികമായി പഠിക്കുന്ന എൻജിനിയറിങ് ശാഖ. ഡെയറി ഫാമുകൾ, ഭക്ഷ്യോൽപ്പാദന ഉപകരണ നിർമാണശാലകൾ, കാർഷിക മേഖലകൾ തുടങ്ങിയവയിൽ ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതകളുണ്ട്.

അഗ്രികൾച്ചർ

കാർഷികമേഖലയിൽ എൻജിനിയറിങ്ങിന്റെ ഉപയോഗമാണ് പഠനവിഷയം. കാർഷിക ഉപകരണങ്ങളുടെ വിപണനം, സർവീസിങ്‌, കൃഷി സ്ഥാപനങ്ങളുടെ രൂപകൽപ്പന, നിർമാണം, യന്ത്രവൽക്കരണം, ഉൽപ്പാദന സംഭരണം, സംസ്കരണം, ഭൂമി പരിപാലനം, ജലസേചന സംവിധാനങ്ങൾ, മണ്ണൊലിപ്പ് തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കുന്നു.


ബയോമെഡിക്കൽ


ആധുനിക എൻജിനിയറിങ് സങ്കേതങ്ങൾ ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഉപയോഗപ്പെടുത്തലാണ് ഈ ശാഖയുടെ ലക്ഷ്യം. ആശുപത്രികളിലും വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും ആവശ്യമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും നിർമാണവും പഠന വിഷയങ്ങളാണ്.


സേഫ്റ്റി ആൻഡ് ഫയർ, പോളിമർ, പ്രൊഡക്ഷൻ, പ്രിന്റിങ്‌ ടെക്നോളജി, മെറ്റലർജി, മെക്കാട്രോണിക്സ് തുടങ്ങിയ എൻജിനിയറിങ്‌ ബ്രാഞ്ചുകളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home