ഡിസൈൻ, ഗ്രാഫിക്സ്, അനിമേഷൻ: അപേക്ഷ ഇപ്പോൾ

graphic design

പ്രതീകാത്മകചിത്രം

avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Sep 24, 2025, 12:56 PM | 2 min read

​തൊഴിൽസാധ്യത ഏറെയുള്ള ഡിസൈൻ മേഖലയിൽ താൽപ്പര്യമുള്ളവർക്ക്‌ വിവിധ കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. വിവിധ ക്യാമ്പസുകളിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി ഡിസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്) പ്രോഗ്രാമുകൾക്കാണ് പ്രവേശനം. ദേശീയതല പരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT) വഴിയാണ് പ്രവേശനം. പ്രിലിംസ്, മെയിൻ എന്നീ രണ്ടുഘട്ടങ്ങളുണ്ട്. ഇരു പ്രോഗ്രാമുകളുടെയും പ്രിലിംസ് പരീക്ഷ ഡിസംബർ 21 നാണ്. മെയിൻ പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.


​ബി ഡിസ്


​പ്രധാന ക്യാമ്പസായ അഹമ്മദാബാദിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിലാണ് ബി ഡിസ് (നാലുവർഷം) പ്രോഗ്രാമുകളുള്ളത്. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. നിലവിൽ പ്ലസ്‌ടുവിന്‌ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ത്രിവത്സര എൻജിനിയറിങ്‌ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. 2005 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടാകും.


അഹമ്മദാബാദ് ക്യാമ്പസിൽ എക്‌സിബിഷൻ, അനിമേഷൻ ഫിലിം, ഗ്രാഫിക്, ഫിലിം ആൻഡ്‌ വീഡിയോ കമ്യൂണിക്കേഷൻ, സെറാമിക് ആൻഡ്‌ ഗ്ലാസ്, ഫർണിച്ചർ ആൻഡ്‌ ഇന്റീരിയർ, പ്രോഡക്ട്‌, ടെക്‌സ്റ്റൈൽ എന്നീ സ്‌പെഷ്യലൈസേഷനുകളാണുള്ളത്. ആകെ 128 സീറ്റുകൾ. ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിൽ കമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ എന്നിവയും. എല്ലായിടത്തും 75 സീറ്റുകൾ വീതം. പ്രിലിംസ് പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കാണ് മെയിൻസ് പരീക്ഷയ്‌ക്ക് യോഗ്യത. ഏപ്രിൽ ഏഴിന് പ്രിലിംസ് ഫലമറിയാം.


എം ഡിസ്


​അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ ക്യാമ്പസുകളിലാണ് എം ഡിസ് പ്രോഗ്രാമുള്ളത്. രണ്ടരവർഷമാണ് പ്രോഗ്രാം ദൈർഘ്യം. അംഗീകൃത ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. 1994 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടാകും.


അഹമ്മദാബാദ് ക്യാമ്പസിൽ അനിമേഷൻ ഫിലിം, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക്, സെറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്റ്റൈൽ എന്നീ സ്പെഷ്യലൈസേഷനുകളാണുള്ളത്. ഗാന്ധിനഗറിൽ ഫോട്ടോഗ്രഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്‌മെന്റ്‌, അപ്പാരൽ ഡിസൈൻ, ലൈഫ് സ്റ്റൈൽ അക്സസറി എന്നിവയും ബംഗളൂരുവിൽ യൂണിവേഴ്‌സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്‌സ്പീരിയൻസ് എന്നിവയും ലഭ്യമാണ്. താൽപ്പര്യമുള്ള ഫാക്കൽട്ടി സ്ട്രീമിൽനിന്ന് പരമാവധി രണ്ടു പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

പ്രിലിംസിൽ യോഗ്യത തെളിയിക്കുന്നവർക്ക് മെയിൻസ് പരീക്ഷയെഴുതാം. ഫെബ്രുവരി 17ന് പ്രിലിംസ് ഫലം അറിയാം.


​അപേക്ഷ 
ഡിസംബർ ഒന്നുവരെ


​ഇരു പ്രോഗ്രാമുകൾക്കും ഓൺലൈനിൽ ഡിസംബർ ഒന്നിനകം അപേക്ഷിക്കണം. ഡിസംബർ രണ്ടുമുതൽ നാലുവരെ അപേക്ഷയിലെ അപാകം തിരുത്താം. 3000 രൂപയാണ് അപേക്ഷാഫീസ്. പെൺകുട്ടികൾക്ക് 2000 രൂപ. പട്ടികവിഭാഗക്കാർക്ക് 1500 രൂപയും ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് 500 രൂപയും മതി. രണ്ട് എം ഡിസ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കണമെങ്കിൽ ഇരട്ടി ഫീസ്‌ അടയ്‌ക്കണം. കൊച്ചി അടക്കം 17 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഡിസംബർ 11 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 
വിവരങ്ങൾക്ക്‌: www.admissions.nid.edu ഫോൺ: 079-26623462, ഇ–മെയിൽ - [email protected]



deshabhimani section

Related News

View More
0 comments
Sort by

Home