സിയുഇടി യുജി: ഇനി എന്ത്?

higher studies

Image: Gemini AI

വെബ് ഡെസ്ക്

Published on Jul 09, 2025, 09:42 AM | 2 min read

രാജ്യത്തെ കേന്ദ്ര സർവകലാശാലകളടക്കം വിവിധ സർവകലാശാലകളിലെ ബിരുദതല പ്രോഗ്രാമുകളുടെ പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി (CUET UG 2025) ഫലം വന്നുകഴിഞ്ഞു. വിദ്യാർഥികൾക്ക് തങ്ങളുടെ ഓരോ വിഷയത്തിലുള്ള പെർസന്റയിൽ സ്‌കോറും നോർമലൈസ്ഡ് സ്‌കോറുമടങ്ങുന്ന സ്‌കോർ കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മെയ് 13നും ജൂൺ നാലിനുമിടയിലാണ് പരീക്ഷ നടന്നത്. 10,71,735 പേരാണ്‌ പരീക്ഷയെഴുതിയത്.


നിരവധി
സ്ഥാപനങ്ങൾ


ഇന്ത്യയിലെ 49 കേന്ദ്ര സർവകലാശാലകളടക്കം നിരവധി സംസ്ഥാന/ കൽപ്പിത/ സ്വകാര്യ സർവകലാശാലകളും പ്രവേശന മാനദണ്ഡമായി സിയുഇടി സ്‌കോർ പരിഗണിക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി, ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി, ഹൈദരാബാദ്, തേസ്‌പൂർ യൂണിവേഴ്സിറ്റികൾ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ഹൈദരാബാദ് തുടങ്ങി നിരവധി മികവുറ്റ സ്ഥാപനങ്ങളിലെ പ്രവേശനം സിയുഇടി യുജി വഴിയാണ്‌. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ്യ എന്നിവയിലെ ചില പ്രോഗ്രാമുകൾക്കും സിയുഇടി സ്‌കോർ പരിഗണിക്കുന്നുണ്ട്.


ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്‌, ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിഎസ്‌സി അഗ്രികൾച്ചർ അടക്കം 13 കോഴ്സുകളുടെ ഓൾ ഇന്ത്യ സീറ്റുകൾക്കും ഈ സ്‌കോർ പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്. കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ബിസിഎ (ഓണേഴ്സ്), ബികോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിറ്റിക്സ്, ബിഎസ്‌സി (ഓണേഴ്സ്) ബയോളജി എന്നീ പ്രോഗ്രാമുകൾക്കും സിയുഇടി യുജി സ്കോർ പരിഗണിച്ചാണ് പ്രവേശനം. സിയുഇടി യുജി വഴി പ്രവേശനം ലഭിക്കുന്ന സർവകലാശാലകളുടെ പട്ടിക cuet.nta.nic.in എന്ന വെബ്‌സെറ്റിൽ ലഭിക്കും.


പ്രത്യേകം അപേക്ഷ


സിയുഇടി പരീക്ഷ നടത്തി സ്‌കോർ കാർഡ് തയ്യാറാക്കുക മാത്രമാണ് എൻടിഎ (നാഷണൽ ടെസ്റ്റിങ്‌ ഏജൻസി) ചെയ്യുന്നത്. ഓരോ സ്ഥാപനത്തിലും അപേക്ഷിക്കുന്ന വിദ്യാർഥികളുടെ സ്കോറുകൾ പരിഗണിച്ച് അതത് സ്ഥാപനങ്ങളാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.


വിദ്യാർഥികൾ, താൽപ്പര്യമുള്ള കോളേജുകളിൽ/ സർവകലാശാലകളിൽ പ്രത്യേകം അപേക്ഷിക്കണം. (ഉദാ: ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ സർവകലാശാല നടത്തുന്ന പ്രത്യേക അലോട്ട്മെന്റ്‌ പ്രക്രിയയായ സിഎസ്എഎസിൽ (CSAS - കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം) പങ്കെടുക്കേണ്ടതുണ്ട്.) ജൂലൈ 14 വരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം (admissions.uod.ac.in). ചേരാനാഗ്രഹിക്കുന്ന ഓരോ സ്ഥാപനങ്ങളുടെയും വെബ്സൈറ്റ് സന്ദർശിച്ച് യഥാസമയം പ്രത്യേക അപേക്ഷ സമർപ്പിക്കുകയും വേണം.



deshabhimani section

Related News

View More
0 comments
Sort by

Home