ചാർട്ടേഡ് അക്കൗണ്ടന്റാകാം

എ ഐ പ്രതീകാത്മകചിത്രം
ഡോ. രാജേഷ് ബാബു കെ ആർ
Published on Sep 24, 2025, 10:51 AM | 3 min read
രാജ്യത്ത് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സ് നടത്തുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ്. പാർലമെന്റ് പാസാക്കിയ 1949 ലെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആക്ട് പ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് മുംബൈ, കൊൽക്കത്ത, ചെന്നൈ, കാൺപുർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകളുമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്ത്യയിൽ 168 ബ്രാഞ്ചുകളും വിദേശ രാജ്യങ്ങളിൽ 49 ചാപ്റ്ററുകളുമുണ്ട്. യുജിസിയും മറ്റ് സർവകലാശാലകളും സിഎ കോഴ്സിനെ ബിരുദാനന്തര ബിരുദത്തിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. സിഎ പൂർത്തിയാക്കുന്നവർക്ക് കൊമേഴ്സ് മേഖലയിൽ ഗവേഷണം നടത്താം.
മൂന്ന് ഘട്ടങ്ങൾ
കോഴ്സിന് ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഈ ഘട്ടങ്ങൾക്കുശേഷം പ്രായോഗിക പരിശീലനംകൂടി പൂർത്തിയാക്കിയാലേ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി പ്രവർത്തിക്കാനാകൂ.
ഫൗണ്ടേഷൻ കോഴ്സ്
പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ് പാസായവർക്കും രജിസ്റ്റർ ചെയ്യാമെങ്കിലും പന്ത്രണ്ടാം ക്ലാസ് പാസായാൽ മാത്രമേ പരീക്ഷ എഴുതാനാകൂ. ജനുവരി, ജൂൺ, സെപ്തംബർ മാസങ്ങളിലായി മൂന്ന് തവണ പരീക്ഷകളുണ്ട്. ഫൗണ്ടേഷൻ കോഴ്സിന് നൂറു മാർക്ക് വീതമുള്ള നാല് പേപ്പറുകളാണുള്ളത്. ആദ്യത്തെ രണ്ട് പേപ്പറുകളിൽ വിവരണാത്മക ചോദ്യങ്ങളും അവസാനത്തെ രണ്ടെണ്ണത്തിൽ നെഗറ്റീവ് മാർക്കോടുകൂടിയ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുമാണ് ഉണ്ടാകുക. ഫൗണ്ടേഷൻ കോഴ്സ് പാസാകുന്നതിന് ഓരോ പേപ്പറിലും 40 ശതമാനം മാർക്കും ആകെ എല്ലാ പേപ്പറിലുംകൂടി 50 ശതമാനം മാർക്കും ലഭിച്ചിരിക്കണം.
ഇന്റർമീഡിയറ്റ് കോഴ്സ്
ഫൗണ്ടേഷൻ കോഴ്‌സ് പാസായവർക്ക് ഇന്റർമീഡിയറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്യാം. 55 ശതമാനം മാർക്കോടെ കോമേഴ്സ് ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മറ്റേതെങ്കിലും ബിരുദം നേടിയവർക്ക് ഫൗണ്ടേഷൻ കോഴ്സ് ഇല്ലാതെ നേരിട്ട് ഇന്റർമീഡിയറ്റ് കോഴ്സിന് ചേരാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്ക് താൽക്കാലിക രജിസ്ട്രേഷൻ നടത്താം. രണ്ട് ഗ്രൂപ്പുകളിലായി ആകെ ആറു പേപ്പറുകൾ എഴുതണം. ഓരോ ഗ്രൂപ്പിലും ആദ്യത്തെ രണ്ട് പേപ്പറുകൾ നിർബന്ധിത പേപ്പറുകളാണ്. മൂന്നാമത്തെ പേപ്പർ രണ്ടെണ്ണത്തിൽനിന്ന് ഒന്ന് തെരഞ്ഞെടുക്കാം. ഓരോ ഗ്രൂപ്പിലും ആദ്യത്തെ രണ്ട് പേപ്പറുകൾക്ക് 100 മാർക്കും മൂന്നാമത്തെ പേപ്പറിന് 50 മാർക്കിന്റെയും പരീക്ഷയാണ്. പാസാകുന്നതിന് ഓരോ പേപ്പറിലും 40 ശതമാനം മാർക്കും എല്ലാ പേപ്പറിലുംകൂടി ആകെ 50 ശതമാനം മാർക്കും ലഭിച്ചിരിക്കണം. എന്നാൽ ഏതെങ്കിലും പേപ്പറിൽ 60 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ആ ഗ്രൂപ്പിലെ ബാക്കി പേപ്പറുകൾ അടുത്ത മൂന്ന് പരീക്ഷയ്ക്കുള്ളിൽ എഴുതിയെടുത്താൽ മതി. ജനുവരി, മെയ്, സെപ്തംബർ മാസങ്ങളിലായി പരീക്ഷ നടത്തും. ഇന്റർമീഡിയറ്റ് പരീക്ഷ എഴുതുന്നതിന് ഒരു വിദ്യാർഥി എട്ട് മാസത്തെ പഠന പ്രക്രിയയിലുടെ കടന്നുപോയിരിക്കണം.
സെൽഫ് പെയ്‌സ്ഡ് ഓൺലൈൻ മൊഡ്യൂൾ
ഇന്റർമീഡിയറ്റ് കോഴ്സ് പാസായതിനുശേഷം ഫൈനൽ കോഴ്സിന് അപേക്ഷിക്കുന്നതിനൊപ്പം ഈ കോഴ്സിനും അപേക്ഷിക്കണം. പ്രത്യേക ഫീസ് ഇല്ല. വിദ്യാർഥിക്ക് സ്വന്തം നിലയിൽ പഠിക്കാവുന്ന രീതിയിലാണ് ഘടന. സെറ്റ് എ, ബി, സി, ഡി എന്നിങ്ങനെ നാലു മൊഡ്യൂളുകളാണുള്ളത്. ഇതിൽ എയും ബിയും നിർബന്ധമായും പഠിച്ചിരിക്കണം. മറ്റ് രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. ഇ ബുക്ക്, വീഡിയോ ക്ലാസുകൾ, ഡിജിറ്റൽ ലേർണിങ് ഹബ് എന്നിവ പഠന മാധ്യമമായി ഉപയോഗിക്കാം. ഓൺലൈനായി പരീക്ഷ നടത്തും. ആകെ എല്ലാ പേപ്പറിലും 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. എല്ലാ പേപ്പറിനും 100 മാർക്കിന്റെ ചോദ്യങ്ങളാണ്. ഈ പരീക്ഷ പാസായാൽ മാത്രമേ ഫൈനൽ പരീക്ഷ എഴുതാനാകൂ.
ബിസിനസ് അക്കൗണ്ടിങ് അസോസിയറ്റ്
സിഎ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് ഇന്റർ മീഡിയറ്റ് കോഴ്സ് പാസായതിനുശേഷം കോഴ്സ് നിർത്തുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ്. ഇന്റർ മീഡിയറ്റ് കോഴ്സ്, സോഫ്റ്റ് സ്കിൽ ട്രെയിനിങ് രണ്ട് ഘട്ടങ്ങൾ, എസ്‌പിഒഎം, പ്രായോഗിക പരിശീലനം എന്നിവ പൂർത്തിയാക്കുകയും ഫൈനൽ കോഴ്സിന് ചേരാതിരിക്കുകയോ പൂർത്തീകരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അത്തരം വിദ്യാർഥികൾക്ക് ഫീസ് അടച്ചാൽ ബിഎഎ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.
ഫൈനൽ കോഴ്സ്
ഇന്റർ മീഡിയറ്റ് കോഴ്സ് പാസായതിനുശേഷം ഫൈനൽ കോഴ്സിനും എസ്‌പിഒഎം കോഴ്സിനും അപേക്ഷിക്കാം . ഫൈനൽ കോഴ്സിന് രണ്ട് ഗ്രൂപ്പുകളാണ്. ഓരോ ഗ്രൂപ്പിലും മൂന്ന് പേപ്പറുകൾ വീതം. ഓരോ പേപ്പറിനും 100 മാർക്ക് വീതം. പാസാകുന്നതിന് ഓരോ പേപ്പറിലും 40 ശതമാനം മാർക്കും എല്ലാ പേപ്പറിലുംകൂടി ആകെ 50 ശതമാനം മാർക്കും ലഭിച്ചിരിക്കണം. എന്നാൽ ഏതെങ്കിലും പേപ്പറിൽ 60 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ആ ഗ്രൂപ്പിലെ ബാക്കി പേപ്പറുകൾ അടുത്ത മൂന്ന് പരീക്ഷയ്ക്കുള്ളിൽ എഴുതിയെടുത്താൽ മതി. വർഷത്തിൽ രണ്ട് തവണയാണ് ഫൈനൽ പരീക്ഷ. അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സോഫ്റ്റ് സ്കിൽ, എസ്‌പിഒഎം, പ്രായോഗിക പരിശീലനം എന്നിവ പൂർത്തിയാക്കിയവർക്ക് ഫൈനൽ പരീക്ഷ എഴുതാം.
ഐടി ട്രെയിനിങ് ആൻഡ് സോഫ്റ്റ് സ്കിൽ കോഴ്സ്
നാല് ആഴ്ചകൾ നീളുന്ന രണ്ട് കോഴ്സുകൾ അടങ്ങുന്നതാണിത്. ആദ്യത്തേത് ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സോഫ്റ്റ് സ്കിൽ എന്ന കോഴ്സാണ്. ഇതിന് രണ്ട് ഭാഗമാണ് ഐടി ട്രെയിനിങ്ങും ഓറിയന്റേഷൻ കോഴ്‌സും. രണ്ടാമത്തേത് അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐടി ആൻഡ് സോഫ്റ്റ് സ്കിൽ കോഴ്സാണ്. അഡ്വാൻസ്ഡ് ഇൻഫർമേഷൻ ടെക്നോളജി, മാനേജ്‌മെന്റ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ എന്നിവ അടങ്ങുന്ന ഈ കോഴ്സ് പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനൽ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി പൂർത്തിയാക്കണം.
പ്രായോഗിക പരിശീലനം
പ്രായോഗിക പരിശീലനം/ ആർട്ടിക്കിൾഡ് ട്രെയിനിങ് എന്നിവ സിഎ കോഴ്സിന്റെ അവിഭാജ്യ ഘടകമാണ്. പ്രാക്ടീസ് ചെയ്യുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിൽ രണ്ട് വർഷം പൂർണ സമയ പരിശീലനം നടത്തിയിരിക്കണം. പ്രായോഗിക പരിശീലനത്തിനുശേഷം ഒരു ഓൺലൈൻ ടെസ്റ്റ് ഉണ്ടായിരിക്കും
മെമ്പർഷിപ്
ഫൈനൽ പരീക്ഷ പാസായതിനുശേഷം ഇൻസ്‌റ്റിറ്റ്യൂട്ടിൽ മെമ്പർഷിപ്പ് എടുക്കാം. ഇവർക്ക് പിന്നീട് സ്വന്തമായി പ്രാക്ടീസ് ചെയ്യാം. വിവരങ്ങൾക്ക് www.icai.org









0 comments