ഓൺലൈനിൽ ബുക്ക് പബ്ലിഷിങ് കോഴ്സുകൾ

ഡോ. രാജേഷ് ബാബു കെ ആർ
Published on Sep 10, 2025, 02:28 PM | 1 min read
കേന്ദ്ര വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബുക്ക് ട്രസ്റ്റ് പബ്ലിഷിങ് വ്യവസായത്തിനാവശ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ നടത്തിവരുന്നു. പബ്ലിഷിങ് പഠിക്കുന്നതിന് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
കാലാവധി
മൂന്നുമാസം കാലാവധിയുള്ള കോഴ്സ് ഒക്ടോബർ നാലിന് തുടങ്ങി 2026 ജനുവരി നാലിന് അവസാനിക്കും. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക. ആകെ 28 ദിവസം 56 സെഷനുകൾ. ക്ലാസ് സമയം രാവിലെ പത്തുമുതൽ പകൽ ഒന്നുവരെ. ഒരു സെഷൻ ഒരുമണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുണ്ടായിരിക്കും. 30 മിനിറ്റ് ഇടവേള ലഭിക്കുന്നതാണ്. പഠനമാധ്യമം പൂർണമായും ഇംഗ്ലീഷിലായിരിക്കും.
അപേക്ഷ 20 വരെ
ബിരുദധാരികളായ, പബ്ലിഷിങ് വ്യവസായത്തിൽ താൽപ്പര്യമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 7500 രൂപയും ജിഎസ്ടി 1350 രൂപയും ഉൾപ്പെടെ 8850 രൂപയാണ്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന രീതിയിലുള്ള അപേക്ഷ തയ്യാറാക്കി പിഡിഎഫ് ഫോർമാറ്റ് nbtpublishinghouse @gmail.com എന്ന മെയിലിൽ അയക്കണം. ബിരുദ സർട്ടിഫിക്കറ്റ്, മേൽവിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിനുള്ള രേഖയുടെ കോപ്പി, അടുത്തകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവകൂടി അയക്കണം. അപേക്ഷിക്കാനുള്ള അവസാനതീയതി 20.
പ്രോജക്ട് ആൻഡ് ഇന്റേൺഷിപ്
കോഴ്സിന്റെ ഭാഗമായി പഠിതാവ് ഏതെങ്കിലും ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രോജക്ട് വർക്കും ഇന്റേൺഷിപ്പും ചെയ്യണം. ഇന്റേൺഷിപ് ഫെബ്രുവരി 28നുമുന്പായി പൂർത്തിയാക്കണം. പ്രോജക്ട് വർക്കിനുവേണ്ടി ഡമ്മി ബുക്ക്, ബുക്ക് പബ്ലിഷിങ്ങിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള പഠനം, ബുക്ക് പബ്ലിഷിങ്ങിന്റെ പ്ലാൻ തയ്യാറാക്കുക, ഒരു ബുക്ക് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ പ്രവൃത്തി ഡിസൈൻ ചെയ്യുക തുടങ്ങിയ മേഖലകൾ തെരഞ്ഞെടുക്കാം. പ്രോജക്ട് വർക്ക് ജനുവരി 30നുമുന്പായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.nbtindia.gov.in









0 comments