വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ; സാധ്യത ഏറെ

ഡോ. രാജേഷ് ബാബു കെ ആർ
Published on May 21, 2025, 12:58 PM | 2 min read
ചരക്കുകപ്പലുകൾ, ചെറുതും വലുതുമായ യാത്രാകപ്പലുകൾ, ബോട്ടുകൾ തുടങ്ങിയ മേഖലയിൽ ജോലി സാധ്യതയുള്ള പ്രോഗ്രാമുകളാണ് വെസൽ നാവിഗേറ്റർ കോഴ്‌സും മറൈൻ ഫിറ്റർ കോഴ്‌സും. രണ്ട് കോഴ്‌സും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ & എൻജിനിയറിങ് ട്രെയിനിങ് (CIFNET) നടത്തുന്നുണ്ട്.
ഇന്ത്യയിൽ ആദ്യമായി ഇത്തരം കോഴ്‌സുകൾ തുടങ്ങിയത് സിഫ്‌നെറ്റിലാണ്. കൊച്ചിയിലാണ് ആസ്ഥാനം. വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലും ക്യാമ്പസുകളുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. പ്രവേശന പരീക്ഷ ജൂലൈ 5. ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. കേന്ദ്രീകൃത പ്രവേശന കൗൺസലിങ് ജൂലൈ 23ന്. വെസൽ നാവിഗേറ്റർ കോഴ്‌സിന് 11 തിയറി പേപ്പറും 7 പ്രാക്ടിക്കൽ പേപ്പറുമാണുള്ളത്. മറൈൻ ഫിറ്റർ കോഴ്‌സിന് 15 തിയറി പേപ്പറും 4 പ്രാക്ടിക്കൽ പേപ്പറും. വിദ്യാർഥികൾക്ക് കപ്പലുകളിൽ നേരിട്ട് പരിശീലനം ലഭിക്കും. ക്യാമ്പസ് റിക്രൂട്ട്മെന്റുമുണ്ട്.
യോഗ്യത
കണക്കിലും സയൻസിലും 40 ശതമാനം മാർക്കോടെ പത്താംതരം പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ആഗസ്ത് ഒന്നിന് 15 വയസ്സ് കഴിഞ്ഞിരിക്കണം; 20 വയസ്സ് കവിയാൻ പാടില്ല. എസ്‌സി/എസ്‌ടി വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ 5 വർഷം ഇളവ് ലഭിക്കും. സർക്കാർ വകുപ്പുകളിൽനിന്ന് സ്പോൺസർ ചെയ്യപ്പെടുന്ന ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല.
പ്രവേശനം
അഖിലേന്ത്യ പൊതുപ്രവേശന പരീക്ഷയുടെയും അക്കാദമിക നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് മാസം 1500 രൂപ നിരക്കിൽ സ്റ്റൈപെൻഡ് ലഭിക്കും. പഠന മാധ്യമം ഇംഗ്ലീഷിലാണ്. പൂർണമായും റെസിഡൻഷ്യൽ കോഴ്‌സായതിനാൽ ക്യാമ്പസിനകത്ത് ഹോസ്റ്റൽ സൗകര്യമുണ്ട്.
അപേക്ഷ
വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂർണമായി പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫീ അടച്ചതിന്റെ ഡിഡി അല്ലെങ്കിൽ ചെലാൻ എന്നിവ സഹിതം ദ ഡയറക്ടർ, സിഫ്‌നെറ്റ്, ഗവൺമെന്റ് ഓഫ് ഇന്ത്യ, ഫൈൻ ആർട്സ് അവന്യൂ, ഫോർഷോർ റോഡ്, കൊച്ചി– 682 016 കേരള എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ ഫീ എസ്‌സി എസ് ടി വിഭാഗത്തിന് 175 രൂപയും മറ്റു വിഭാഗത്തിന് 350 രൂപയും പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയുടെ കൂടെ ലഭിക്കണം. വിവരങ്ങൾക്ക്: www.cifnet.gov.in, ഫോൺ: 0484-2351610, 2351493, 2351790. Fax: 0484-2370879









0 comments