ഫാക്‌ടിൽ ടെക്‌നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ഒഴിവ്

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഫാക്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ), ക്രാഫ്റ്റ്‌സ്‌മാൻ (മെഷീനിസ്റ്റ്), ക്രാഫ്റ്റ്‌സ്‌മാൻ (ഓട്ടോ ഇലക്ട്രീഷ്യൻ). യോഗ്യത : ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്ങിൽ ഡിപ്ലോമ. ക്രാഫ്റ്റ്‌സ്‌മാൻ (മെഷീനിസ്റ്റ്): എസ്എസ്എൽസിക്കുശേഷം മെഷീനിസ്റ്റ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. ക്രാഫ്റ്റ്‌സ്‌മാൻ (ഓട്ടോ ഇലക്ട്രീഷ്യൻ): എസ്എസ്എൽസിക്ക് ശേഷം മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഓൺലൈൻ ഫോം സമർപ്പിച്ചശേഷം പ്രിൻ്റ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് അയക്കണം. വിലാസം: ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്‌ആർ), ഫാക്ട് ലിമിറ്റഡ്, കോർപ്പറേറ്റ് ഓഫീസ്, ഉദ്യോഗമണ്ഡൽ, പിൻ 683 501, കേരള. കവറിന് മുകളിൽ "Application for the post of (Post Name) – Ad. 08/2025" എന്ന് രേഖപ്പെടുത്തണം.
യോഗ്യതാ പരീക്ഷയുടെ മാർക്ക്, ഫാക്ട് അപ്രന്റിസുകൾക്കുള്ള മുൻഗണന, പാസായ വർഷം, ജനനത്തീയതി എന്നിവ അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്.ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. അപേക്ഷയുടെ ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി നവംബർ 21. വെബ്‌സൈറ്റ്: www.fact.co.in.









0 comments