നിർദേശത്തിന് അംഗീകാരം; സിബിഎസ്‌ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഫെബ്രുവരിയിലും മേയിലും


സ്വന്തം ലേഖകൻ
Published on Jun 25, 2025, 08:20 PM | 1 min read
ന്യൂഡൽഹി : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് സിബിഎസ്‌ഇ പത്താംക്ലാസിൽ രണ്ട് വാർഷിക പരീക്ഷ എന്ന നിർദേശത്തിന് അംഗീകാരം. 2026–-27 അധ്യയന വർഷം മുതൽ നിർബന്ധിത ഒന്നാം പരീക്ഷ ഫെബ്രുവരിയിലും ഓപ്‌ഷണലായി രണ്ടാം പരീക്ഷ മേയ് മാസത്തിലും നടത്തും. ഇതിന്റെ ചട്ടങ്ങൾക്ക് സിബിഎസ്‌ഇ ബോർഡ് ബുധനാഴ്‌ച അംഗീകാരം നൽകി. എല്ലാ വിദ്യാർഥികളും ഫെബ്രുവരി മധ്യത്തിൽ നടക്കുന്ന നടക്കുന്ന ഒന്നാം പരീക്ഷയിൽ നിർബന്ധമായും പങ്കെടുക്കേണ്ടിവരുമെന്ന് സിബിഎസ്‌ഇ ചെയർമാൻ രാഹുൽ സിങ് പറഞ്ഞു. ഈ പരീക്ഷയിൽ വിജയിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷപേപ്പറുകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ രണ്ടാം പരീക്ഷ എഴുതാം. ഒന്നാം പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടേത് ജൂൺ മാസത്തിലും പ്രഖ്യാപിക്കും.
അതേസമയം ഫെബ്രുവരിയിൽ പരമാവധി മൂന്നുപേപ്പറുകൾക്ക് വിദ്യാർഥി ഹാജരാകുന്നില്ലങ്കിൽ രണ്ടാം പരീഷ എഴുതാൻ അനുവാദമുണ്ടാകില്ല. ഇവർക്ക് തൊട്ടടുത്ത വർഷം മാത്രമേ അവസാരമുള്ളു. ഒന്നാം പരീക്ഷയുടെ ഗൗരവം ഉറപ്പാക്കാനാണ് ഇതെന്ന് ചെയർമാൻ പറഞ്ഞു. ഒന്നാം പരീക്ഷയിൽ പരാമവധി രണ്ടുവിഷങ്ങൾക്ക് പരാജയപ്പെട്ടവരെ കംമ്പാർട്ട്‌മെന്റ് വിഭാഗമായി പരിഗണിച്ച് മേയിൽ പരീക്ഷ എഴുതിക്കും. പരമാവധി മൂന്ന് അവസരമാണ് ഈ വിഭാഗത്തിനുള്ളത്. ശൈത്യകാലാവസ്ഥയുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഏതെങ്കിലും ഒരു പരീക്ഷ തെരഞ്ഞെടുക്കാനുള്ള അനുവാദമുണ്ടായിയിരിക്കും. ഒരു അധ്യയനവർഷത്തിൽ ഒരിക്കൽ മാത്രമേ ഇന്റേർണൽ അസസ്‌മെന്റ് നടത്തുവെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്.









0 comments