നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി: 16 പേർ ജർമനിയിലേക്ക്

തിരുവനന്തപുരം : പ്ലസ്ടുവിനുശേഷം ജർമനിയിൽ സ്റ്റൈപെന്റോടെ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്കയുടെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാർഥികളെ തെരഞ്ഞെടുത്തു. നോർക്ക സെന്ററിലെത്തിയ ജർമനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാൾതീം പ്രതിനിധിസംഘം നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിങ് ആൻഡ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ, ഇന്റഗ്രേഷൻ ഓഫീസർ -നഴ്സിങ് അങ്കെ വെൻസ്‌കെ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് ജർമനിയിൽ വലിയ തൊഴിൽ അവസരമാണ് കാത്തിരിക്കുന്നതെന്ന് കാട്രിൻ പിഷോൺ പറഞ്ഞു. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഹോം ഓതന്റിക്കേഷൻ ഓഫീസർ എസ്എച്ച് ഷമീം ഖാൻ, സെക്ഷൻ ഓഫീസർ ബി പ്രവീൺ, അസിസ്റ്റന്റ് എസ് ഷീബ, ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-–-ഓപ്പറേഷൻ പ്രതിനിധികളായ നമിത, സുനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-–-ഓപ്പറേഷനും ചേർന്നാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.









0 comments