നോർക്ക ട്രിപ്പിൾ വിൻ: ജർമനിയിൽ 250 നഴ്സുമാർക്കുകൂടി അവസരം

തിരുവനന്തപുരം: കേരളത്തിൽനിന്ന് ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് നോർക്ക ട്രിപ്പിൾ വിൻ പദ്ധതിയുടെ ഏഴാംഘട്ടത്തിൽ 250 പേർക്ക് അവസരം. ഉദ്യോഗാർഥികൾ www.norkaroots.org, www.nifl.norkaroots.org വെബ്സൈറ്റുകൾവഴി ഏപ്രിൽ ആറിനകം അപേക്ഷിക്കണം. ബിഎസ്‌സി/ജനറൽ നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുള്ളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസിൽ കൂടരുത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കുള്ള അഭിമുഖം മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തും നടക്കും.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ 2900 യൂറോയുമാണ്. ജർമൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കണം. ഒൻപതു മാസം നീളുന്ന പരിശീലനം പൂർണമായും സൗജന്യമാണ്. ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ അവസരത്തിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാകുന്നവർക്ക് 250 യൂറോ ബോണസുമുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുമ്പോൾ കുടുബാംഗങ്ങളെയും കൊണ്ടുപോകാം. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക്: 0471 2770577, 536,540, 544.









0 comments