നീറ്റ് യുജി 2025: പ്രവേശന വഴികൾ

doctor
വെബ് ഡെസ്ക്

Published on Jun 18, 2025, 08:51 AM | 2 min read

ബിരുദതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG 2025) യിൽ 12,36,531 പേരാണ് ദേശീയതലത്തിൽ യോഗ്യത നേടിയത്. വിദ്യാർഥികൾ ഏറ്റവും യോജിച്ച കോഴ്സുകൾക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനായി വ്യത്യസ്ത കൗൺസലിങ്‌ പ്രക്രിയകളിൽ പങ്കെടുക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട കൗൺസലിങ്‌ പ്രക്രിയകൾ പരിചയപ്പെടാം.


എംസിസി കൗൺസലിങ്‌


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റി (MCC) ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി നടത്തുന്ന പൊതുവായ കൗൺസലിങ്‌ പ്രക്രിയയാണിത്.

ഇതുവഴി അലോട്ട്മെന്റ്‌ ലഭിക്കുന്ന സീറ്റുകൾ: ഇന്ത്യയിലെ എല്ലാ ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ (എംബിബിഎസ്/ബിഡിഎസ്). വിവിധ എയിംസുകളിലെ മുഴുവൻ സീറ്റുകൾ, ജിപ്മർ (പുതുച്ചേരി, കാരയ്ക്കൽ) അഖിലേന്ത്യാ സീറ്റുകൾ, ഡീംഡ് യൂണിവേഴ്സിറ്റികളിലെ മുഴുവൻ സീറ്റുകൾ, കേന്ദ്ര സർവകലാശാലകളിലെ ഓപ്പൺ സീറ്റുകൾ, ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളേജുകളിലെ ഐപി ക്വോട്ട സീറ്റുകൾ (എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ്‌), ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബിഎസ്‌സി (ഓണേഴ്സ്)


നഴ്സിങ്‌. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (AFMC) പുണെയിലെ എംബിബിഎസ് സീറ്റുകൾ (ആദ്യ ഘട്ടംമാത്രം). വിവരങ്ങൾക്ക്‌: mcc.nic.in.


ആയുഷ് കൗൺസലിങ്‌


ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് പ്രോഗ്രാമുകളുടെ അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ, ചില ദേശീയ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനത്തിനുള്ള കൗൺസലിങ്‌ പ്രക്രിയയാണിത്. ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിൽ കമ്മിറ്റിയുടെ വെബ്സൈറ്റ്‌ വഴിയാണ് രജിസ്ട്രേഷൻ. വിവരങ്ങൾക്ക്‌: aaccc.gov.in


വിസിഐ അലോട്ട്മെന്റ്‌


ഇന്ത്യയിലെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളുടെ പ്രവേശനത്തിനായി വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വിസിഐ) പ്രത്യേകം അലോട്ട്മെന്റ്‌ നടത്താറുണ്ട്. നീറ്റ് യോഗ്യത നേടിയവർക്ക്‌ രജിസ്റ്റർ ചെയ്ത് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്‌: vci.admissions.nic.in


സംസ്ഥാന കൗൺസലിങ്‌


കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളുടെയും മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളുടെയും പ്രവേശനം നീറ്റ് യുജി റാങ്കടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമീഷണറാണ് നടത്തുന്നത്. എൻട്രൻസ് കമീഷണർക്ക് പ്രത്യേകം അപേക്ഷ (KEAM 2025) സമർപ്പിച്ചവർക്കാണ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹത. എൻട്രൻസ് കമീഷണറുടെ വിജ്ഞാപനം വരുന്ന മുറയ്‌ക്ക്, നീറ്റ് യുജി 2025ൽ ലഭിച്ച സ്കോർ www.cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യണം.


പ്രോഗ്രാമുകൾ


മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്.

മെഡിക്കൽ അനുബന്ധം: ബിഎസ്‌സി അഗ്രികൾച്ചർ, ബിഎസ്‌സി ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബിവിഎസ്‌സി & എഎച്ച് (വെറ്ററിനറി), ബിഎസ്‌സി കോ–--ഓപ്പറേഷൻ & ബാങ്കിങ്‌/ അഗ്രി ബിസിനസ് മാനേജ്മെന്റ്‌, ബിഎസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ്‌/ എൻആർഐ സീറ്റുകളിൽ കേരളീയർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.


മറ്റ് പ്രവേശനങ്ങൾ


നീറ്റ് യുജി 2025ൽ യോഗ്യത നേടിയ പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് (AFMS ) കീഴിലുള്ള നഴ്സിങ് കോളേജുകളിൽ നാലു വർഷത്തെ ബിഎസ്‌സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടാം. ജൂൺ 30 രാത്രി 11നകം പ്രത്യേകം അപേക്ഷ നൽകണം. വിവരങ്ങൾക്ക്‌: www.joinindianarm y.nic.in പോണ്ടിച്ചേരിയിലെ ജിപ്മറിൽ ബിഎസ്‌സി നഴ്സിങ്‌/അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാം പ്രവേശനവും നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ്. പ്രവേശന നടപടികളിൽ പങ്കെടുക്കാനായി ജിപ്മർ വെബ്സൈറ്റിൽ (jipmer.edu.in) പ്രത്യേകം അപേക്ഷ നൽകണം. വിജ്ഞാപനം വന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home