വിദ്യാർഥികൾ ആശങ്കയിൽ
ജെ ഇ ഇ മെയിൻ സി ബി എസ് സി പരീക്ഷകൾ ഒരേ ദിവസം

ന്യൂഡൽഹി:
ജെ ഇ ഇ മെയിൻ പരീക്ഷാ തീയതികളിൽ തന്നെ സി ബി എസ് സി 12ാം ക്ലാസ് ബോർഡ് പരീക്ഷയും. ജെ ഇ ഇ സെഷൻ രണ്ട് പരീക്ഷയാണ് സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഒപ്പം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ രണ്ട് മുതൽ നാല് വരെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മലയാളം ഉൾപ്പെടെ ഭാഷാ പരീക്ഷകൾ. ഹോം സയൻസ്, സൈക്കോളജി വിഷയങ്ങളിലെ പരീക്ഷകളും തുടർ ദിവസങ്ങളിലായി വരുന്നു. ജെ ഇ ഇ പരീക്ഷയ്ക്ക് സമാന്തരമായി അതേ ദിവസങ്ങളിലാണ് ഇവ.

നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിപ്പ് പ്രകാരം ഏപ്രിൽ രണ്ട് മുതൽ എട്ട് വരെയാണ് ജെ ഇ ഇ പരീക്ഷാ തീയതി. രാവിലെയും ഉച്ചതിരിഞ്ഞുമാണ് പരീക്ഷകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബോർഡ് പരീക്ഷയുടെ തീയതി നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. പക്ഷെ എൻ ടി എ ഇക്കാര്യത്തിൽ ജാഗ്രത പുലർത്താറില്ല. ഇത് വിദ്യാർഥികൾക്ക് അവസരനഷ്ട ഭീഷണി ഉയർത്തുന്നത് പതിവാണ് എന്നാണ് പരാതി.
തീയതി പ്രഖ്യാപിച്ചു എങ്കിലും നാഷണൽ ടെസ്റ്റിങ് ഏജൻസി ഇതുവരെ അഡ്മിറ്റ് കാർഡുകൾ പുറപ്പെടുവിച്ച് തുടങ്ങിയിട്ടില്ല. പഠനത്തെയും ബാധിക്കുന്ന രീതിയിലാണ് തീയതികൾ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വം ആവർത്തിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങൾ തമ്മിൽ ഉണ്ടാകാവുന്ന അകലവും വിദ്യാർഥികൾക്ക് ഓടിയെത്താൻ പറ്റാത്തതാണ്. ഒരു പരീക്ഷ കഴിഞ്ഞ് അടുത്ത ഷിഫ്ട് എന്ന രീതിയിൽ മാറ്റാനും ഇതമൂലം കഴിയില്ല.









0 comments