ഹയർസെക്കൻഡറിയിലെ മികവ്; 5 വർഷ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഹയർ സെക്കൻഡറി പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ, കോളേജ് / സർവകലാശാല വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കാനും അവസരമുണ്ട്. ഒക്‌ടോബർ 31നകം ഓൺലൈനിൽ അപേക്ഷിക്കണം.
യോഗ്യത
ഹയർ സെക്കൻഡറി/ വിഎച്ച്എസ്‌സി ബോർഡുകൾ 2025 ൽ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 പേർസന്റലിന് മുകളിൽ മാർക്ക് നേടി, ഏതെങ്കിലും റെഗുലർ ബിരുദ പ്രോഗ്രാമിന് ചേർന്നവർക്കാണ് അർഹത. പ്രായം 18നും 25 നുമിടയിലായിരിക്കണം.കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ കവിയരുത്. കറസ്പോണ്ടൻസ്/ ഡിസ്റ്റൻസ് / ഡിപ്ലോമ കോഴ്സുകാർക്കും മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും അർഹതയില്ല.
ആകെ സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്കും 15 ശതമാനം എസ് സി വിഭാഗത്തിനും 7.5 ശതമാനം എസ് ടി വിഭാഗത്തിനും 27 ശതമാനം ഒബിസി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 5 ശതമാനം ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുണ്ട്.
82,000 വിദ്യാർഥികൾക്ക്
ബിരുദതലം മുതൽ പരമാവധി അഞ്ച് വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രൊഫഷണൽ കോഴ്സുകൾക്കും ലഭിക്കും. ദേശീയ തലത്തിൽ ഓരോ വർഷവും 82,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങൾക്ക് 3:3:1 അനുപാതത്തിൽ സ്കോളർഷിപ്പുകൾ വീതിക്കും.
ബിരുദതലത്തിൽ ഒരു വർഷം 12,000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ വർഷത്തിൽ 20,000 രൂപയുമാണ് ലഭിക്കുക. വർഷം തോറും സ്കോളർഷിപ്പ് പുതുക്കേണ്ടതുണ്ട്.
വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരുമുള്ളവർക്ക് മാത്രമേ പുതുക്കാനാകൂ. വിദ്യാർഥിയുടെ പേരിൽ ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കിൽ ആധാർ ലിങ്ക് ചെയ്ത സേവിങ് ബാങ്ക് അക്കൗണ്ട് വേണം .സ്കോളർഷിപ്പ് തുക ഈ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാകും. വിവരങ്ങൾക്ക്: scholarships.gov.in









0 comments