വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ എന്ന് വിശദീകരണം
സി ബി എസ് സി പരീക്ഷ വർഷത്തിൽ രണ്ട് തവണയാക്കുന്നു; മാറ്റം പത്ത് പന്ത്രണ്ട് ക്ലാസുകളിൽ


സ്വന്തം ലേഖകൻ
Published on Feb 19, 2025, 06:39 PM | 1 min read
ന്യൂഡൽഹി: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് അവസരം നൽകാൻ സി ബി എസ് സി. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി വർഷത്തിൽ ഒരു തവണയാണ് ഈ പരീക്ഷകൾ നടത്തുന്നത്. ഇതിന് പകരം രണ്ട് അവസരം ലഭ്യമാക്കാനാണ് ധാരണ.
മാറ്റം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സി ബി എസ് സി ഉന്നതരും ചർച്ചകൾ പൂർത്തീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. അടുത്ത വർഷം മുതൽ ഈ സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് നടത്തിയ പരീക്ഷണം
നേരത്തെ ഒരു തവണ വർഷത്തിൽ രണ്ട് പരീക്ഷ നടത്തിയിരുന്നു. കോവിഡ്ഭീതി നിലനിന്നിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ തൊട്ടടുത്ത വർഷം മുതൽ പഴയപടിയാക്കി. പുതിയ തീരുമാന പ്രകാരം പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാവും മാറ്റം നടപ്പാക്കുക.
രണ്ടിൽ ഏത് അവസരവും വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി പരീക്ഷ നടത്തി മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കുന്നതാണ് പൊതുവായ രീതി. ജൂലായിൽ ഇംപ്രൂവ്മെന്റിനും സപ്ലിമെന്ററിക്കും അവസരം നൽകിയും വരുന്നു.
പാഠ്യപദ്ധതിയിലും മാറ്റം
രണ്ട് പരീക്ഷകൾ നടത്തുമ്പോൾ അധ്യയന വർഷത്തിലും ക്രമത്തിലും തദനുസൃതമായ മാറ്റം വേണ്ടി വരും. ഇത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സി ബി എസ് സി വിദ്യാലയങ്ങൾക്കായി ആഗോള പാഠ്യപദ്ധതി (Global Curriculum for Foreign Schools) തയാറാക്കാനും ധാരണയുണ്ട്. വിദേശങ്ങളിൽ 260 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.









0 comments