കുസാറ്റ് നോർവീജിയന്‍ സർവകലാശാല സഹകരണ പദ്ധതിക്ക്‌ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 07, 2020, 10:58 PM | 0 min read


കളമശേരി
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്‌) കംപ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ്‌ കംപ്യൂട്ടര്‍ വിഷന്‍ ലാബും നോര്‍വീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും സംയുക്തമായി സമര്‍പ്പിച്ച പദ്ധതിക്ക്‌  നോര്‍വീജിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ അംഗീകാരം.  4.5 കോടിയുടേതാണ്‌ പദ്ധതി. 

ചൈനയിലെ ഹൈനാന്‍ യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ,  ജപ്പാനിലെ ഐസു യൂണിവേഴ്‌സിറ്റി എന്നിവയും പദ്ധതിയില്‍ സഹകരിക്കും. ഫോട്ടോഗ്രാഫിക് ഇമേജ് അധിഷ്ഠിത രോഗനിര്‍ണയത്തിനായി ഒരു അന്താരാഷ്ട്രശൃംഖല വികസിപ്പിക്കുന്നതിനും കൃത്രിമബുദ്ധി, മെഡിക്കല്‍ ഇമേജിങ്‌, രോഗനിര്‍ണയത്തിലെ ക്ലിനിക്കല്‍ തീരുമാനമെടുക്കല്‍ എന്നിവയില്‍ കുസാറ്റും ലോകോത്തര ഗവേഷണ ഗ്രൂപ്പുകളും തമ്മില്‍ ദീര്‍ഘകാല അന്താരാഷ്ട്രപങ്കാളിത്തം സ്ഥാപിക്കുന്നതിനും പദ്ധതി സഹായിക്കും. 

കുസാറ്റ് കംപ്യൂട്ടര്‍ സയൻസ് വിഭാഗം അധ്യാപകർ ഡോ. ജി സന്തോഷ്‌കുമാര്‍, ഡോ. മധു എസ് നായര്‍ എന്നിവര്‍ ഈ പ്രോജക്ടില്‍ കോ -ഇൻവെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കും. കുസാറ്റ്, എന്‍ടിഎന്‍യു സർവകലാശാലകളില്‍ സംയുക്ത പിഎച്ച്ഡി പ്രോഗ്രാം ഈ പദ്ധതിവഴി നടപ്പാക്കും.  പദ്ധതി അന്താരാഷ്ട്രതലത്തില്‍ കൊച്ചി സര്‍വകലാശാലയുടെ  റാങ്കുകള്‍ മെച്ചപ്പെടുത്താൻ  സഹായിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home