എൻജിനിയറിങ്‌ ഓപ‌്ഷൻ സമർപ്പണം ശ്രദ്ധയോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 11, 2019, 04:40 PM | 0 min read

തിരുവനന്തപുരം
എൻജിനിയറിങ്‌, ആർക‌ിടെക‌്ചർ കോഴ‌്സുകളിലേക്ക‌് ഓപ‌്ഷൻ ഉടൻ ക്ഷണിക്കും. എംബിബിഎസ‌്, ബിഡിഎസ‌്,  അനുബന്ധ  മെഡിക്കൽ കോഴ‌്സുകളിലേക്ക‌് ഒരാഴ‌്ചയ‌്ക്കകം ഓപ‌്ഷൻ ക്ഷണിക്കും. ഇതടക്കം സംസ്ഥാന പ്രവേശന കമീഷണർ നടത്തുന്ന പ്രൊഫഷണൽ കോഴ‌്സുകളിലേക്ക‌് ബന്ധപ്പെട്ട റാങ്ക‌് ലസിറ്റിലുള്ളവർ ഓപ‌്ഷൻ സമർപ്പിക്കുന്നതിന‌് മുമ്പ‌് തയ്യാറെടുപ്പുകൾ വേണം.  മുൻ വർഷം ഓരോ വിഭാഗത്തിലും പ്രവേശനം ലഭിച്ച അവസാന റാങ്കുകൾ നോക്കണം. ഇവ പരിശോധിച്ച‌് ഈ വർഷത്തെ സാധ്യത മനസിലാക്കി വേണം ഓപ‌്ഷൻ നൽകാൻ. ഇഷ്ട വിഷയത്തിനായി ഏതാനും മികച്ച ഓപ‌്ഷൻ മാത്രമല്ല; കുറേ കൂടി കുറഞ്ഞ റാങ്ക‌് മതിയാകുന്ന ഓപ‌്ഷനുകളും സമർപ്പിക്കണം. അർഹതയുള്ള കോഴ‌്സ‌് –- കോളേജ‌് കോമ്പിനേഷനിൽ ഒഴിവുണ്ടെങ്കിലും ഓപ‌്ഷൻ സമർപ്പിച്ചവരെയേ പരിഗണിക്കൂ.

കോഴ‌്സുകളുടെ ഉള്ളടക്കം, ജോലി സാധ്യത, കോളേജുകളുടെ മികവ‌് എന്നിവയെപറ്റി മുൻകൂട്ടി മനസിലാക്കണം. എൻജിനിയറിങിൽതന്നെ  നിലവിൽ 30 ശാഖകൾ ഉണ്ട‌്. കൂടാതെ ഈ വർഷം ഏതാനും കോളേജുകളിൽ ബി ഡിസൈൻ, റോബോട്ടിക‌് ആൻഡ‌് ഓട്ടോമേഷൻ എന്നീ ഇന്നോവേറ്റീവ‌് വിഭാഗത്തിലെ കോഴ‌്സുകളും ആരംഭിക്കുന്നുണ്ട‌്.  ആർകിടെക‌്ചർ ഇതിന‌് പുമെയാണ‌്. ആദ്യം നാം പ്രവേശന കമീഷണറുടെ സൈറ്റിൽ ചേർത്തുനൽകുന്ന ഓപ‌്ഷനുകൾ നിശ‌്ചിത തീയതിക്കം തിരുത്തി സമർപ്പിക്കാം. ഇത്തരം തിരുത്തലും പുനഃസമർപ്പണവും നടത്താൻ അവസരം നൽകിയിട്ടുള്ള അവസാന തീയതി വരെ അതിന‌് കാത്തിരിക്കരുത‌്. തിരക്ക‌് കാരണം വെബ‌്സൈറ്റിൽ പ്രവേശിക്കാൻ കഴിയാതെ വരാം.

വിവിധ കോഴ‌്സുകൾ എൻജിനിയറിങ്‌, ആർകിടെക‌്ചർ, എംബിബിഎസ‌്/ബിഡിഎസ‌്, മെഡിക്കലും അനുബന്ധകോഴ‌്സുകളും,  ബിഎഎംഎസ‌്, ബി ഫാം എന്നീ റാങ്ക‌് ലിസ‌്റ്റുകളിലായി ചേർത്തിരിക്കും. മുൻ വർഷത്തെ വിവിധ അലോട്ടുമെന്റുകളിലെ അവസാന റാങ്കുകൾ കോഴ‌്സും കോളേജും സംവരണ വിഭാഗവും തിരിച്ച‌് www.cee-–-kerala. org വെബ‌്സൈറ്റിലെ KEAM2018  ‘അലോട്ടുമെന്റ‌് ലിസ‌്റ്റ‌് ആൻഡ‌് ലാസ‌്റ്റ‌് റാങ്ക‌്സ‌്’ ലിങ്കിലുണ്ട‌്. അവസാന റാങ്കുകൾ ക്രോഡീകരിച്ച‌് www.cee.kerala.gov.in എന്ന സൈറ്റിലെ കാൻഡിഡേറ്റ‌് പോർട്ടൽ ലിങ്കിലും കൊടുത്തിട്ടുണ്ട‌്. സീറ്റുകളുടെ എണ്ണത്തിലും മറ്റും ഉള്ള മാറ്റങ്ങളും, വിദ്യാർഥിയുടെ വ്യത്യസ‌്ത താൽപര്യങ്ങളും കാരണം കഴിഞ്ഞ വർഷം ഓരോ കോഴ‌്സിലും സ്ഥാപനത്തിലും പ്രവേശനം കിട്ടിയ അവസാന റാങ്ക‌് പരിമിത തോതിൽ മാത്രമേ മാർഗദർശകമാകുകയുള്ളൂ. മികച്ച ഓപ‌്ഷൻ ആഗ്രഹിക്കുന്നതോടൊപ്പം സ്വന്തം റാങ്കി‌ന്റെ നില നോക്കി കിട്ടാൻ സാധ്യതയുള്ള ഓപ‌്ഷനുകളും ചേർക്കാൻ മടിക്കരുത‌്. മനസിന‌് ഏറ്റവും തൃപ‌്തി തരുന്ന ഓപ‌്ഷനുകൾ ആദ്യം ചേർത്തുകൊള്ളുക. പക്ഷേ മറ്റ‌് ഓപ‌്ഷനുകളും മുൻഗണനാക്രമത്തിൽ നിശ‌്ചയമായും ചേർക്കണം.

ജാഗ്രത വേണം 10 കാര്യങ്ങളിൽ
കോഴ‌്സുകളുടെയും സ്ഥാപനങ്ങളുടെയും കോഡുകൾ മനസിലാക്കുക. എൻജിനിയറിങ‌്, മെഡിക്കൽ, അഗ്രികൾച്ചർ കോഴ‌്സുകളുടെ കോഡുകൾ പ്രവേശന വിജ‌്ഞാപനത്തോടൊപ്പം കമീഷണറുടെ വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പ്രോസ‌്പെക്ടസിൽ ഉണ്ട‌്. കോളേജ‌് കോഡുകളും പ്രോസ‌്പെക്ടസിൽ ലഭ്യമാണ‌്. ലോഗിൻ ചെയ‌്ത‌് എത്തുന്ന ഹോം പേജിൽനിന്നും ഈ കോഡുകൾ അറിയാം. ഓപ‌്ഷൻ സമർപ്പിക്കുമ്പോൾ ഹോം പേജിലെ ഏതെങ്കിലും കോളേജ‌് കോഡിൽ ക്ലിക്ക‌് ചെയ‌്താൽ ആ കോളേജിൽ ഓരോ കാറ്റഗറിയിലുമുള്ള സീറ്റ‌് വിവരങ്ങൾ തെളിഞ്ഞ‌് വരും. ലിസ‌്റ്റ‌് ഓഫ‌് പ്രൊഫഷണൽ കോളേജസ‌് എന്ന ലിങ്കിൽ പഠന ശാഖകൾ തിരിച്ച‌് കോളേജുകളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ലഭ്യമാണ‌്.

പ്രവേശന കമീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക‌് ലിസ‌്റ്റ‌് പ്രകാരം അർഹതയുള്ള കൈവഴിയിലേക്ക‌് മാത്രമേ ഓപ‌്ഷൻ രജിസ‌്ട്രേഷൻ സാധ്യമാകൂ. ഓരോ കോഴ‌്സും കോളേജും ചേർന്നതാണ‌് ഒരു ഓപ‌്ഷൻ.( ഉദാ: ME-- TCR, CE-- TCR എന്നിവ രണ്ടും തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലേക്ക‌് ഉള്ളതാണെങ്കിലും അവ വ്യത്യസ‌്ത ഓപ‌്ഷനുകളാണ‌്).

    www.cee.kerala.gov.in എന്ന വെബ‌്സൈറ്റിലെ KEEM  2019–Candidate Portal ലിങ്കിലെത്തി അപേക്ഷാ നമ്പർ, പാസ‌്‌വേഡ‌്, സൈറ്റിലെ സെക്യൂരിറ്റി കോഡ‌്, റോൾ നമ്പർ എന്നിവ ഉപയോഗിച്ച‌് ഹോം പേജിൽ കയറി ഓപ‌്ഷൻ രേഖപ്പെടുത്താം.

നിങ്ങൾക്ക‌് കിട്ടാവുന്ന മുഴുവൻ ഓപ‌്ഷനുകളും ഹോം പേജിൽനിന്ന‌് അറിയാം. കോഴ‌്സ‌്–- ലിസ‌്റ്റ‌് ക്ലിക്ക‌് ചെയ‌്ത‌്, കോഴ‌്സുകളുടെയും, കോളേജ‌്–- ലിസ‌്റ്റിൽ ക്ലിക്ക‌് ചെയ‌്ത‌് കോളേജുകളുടെയും വിവരങ്ങൾ മനസിലാക്കാം. വിദ്യാർഥികളുടെ താൽപര്യം അനുസരിച്ച‌് മുൻകൂട്ടി തയ്യാറാക്കി വച്ച ഓപ‌്ഷൻ ക്രമം അടിച്ചു ചേർത്താൽ മാത്രം മതി. ഓപ‌്ഷൻ നമ്പറുകൾ അത‌ത‌് ഓപ‌്ഷനുകളുടെ നേർക്ക‌് ബോക‌്സിൽ ടൈപ്പ‌് ചെയ്യുക. ഓരോ കോഴ‌്സ‌്‌–- കോളേജ‌് കോംബിനേഷന്റെയും നേർക്ക‌് നിങ്ങളുടെ മുൻഗണനാക്രമം കാട്ടുന്ന അക്കങ്ങൾ മുറയ‌്ക്ക‌് അടിച്ച‌് ചേർത്ത‌് സേവ‌് ചെയ്യുക. ഒടുവിൽ ഇവ ശരിയായ ക്രമത്തിൽ ഒന്നു മുതൽ താഴോട്ട‌് കംപ്യൂട്ടർ സ്വയം അടുക്കികൊള്ളും. ഇത്ര ഓപ‌്ഷനുകൾ നൽകി കൊള്ളണമെന്ന‌് നിർബന്ധമില്ല.

ഓപ‌്ഷനുകൾ രേഖപ്പെടുത്തിപോകുമ്പോൾ ഇടയ‌്ക്കിടെ അതുവരെ കൊടുത്ത വിവരങ്ങൾ സേവ‌് ചെയ്യണം. വിവിധ സ‌്ട്രീമുകളിലെ ഓപ‌്ഷനുകൾ ഇടകലർത്തികൊടുത്താലും കംപ്യൂട്ടർ സ്വീകരിച്ചു കൊള്ളും. സൈറ്റിൽ വിവരം ചേർക്കാൻ ബുദ്ധിമുട്ടുന്ന പക്ഷം വെബ‌് പേജിലെ ഓപ‌്ഷൻ വർക്ക‌് ഷീറ്റിന്റെയൊ, ഡീറ്റൈയിൽഡ‌് ഓപ‌്ഷൻ വർക്ക‌് ഷീറ്റിന്റെയൊ പ്രിന്റ‌് എടുത്ത‌് ആലോചിച്ച‌് ഓപ‌്ഷനുകൾ അതിൽ എഴുതി ചേർത്ത‌് വീണ്ടും സൈറ്റിലെത്തി മുൻകൂട്ടി തയ്യാറാക്കി വച്ച വിവരങ്ങൾ ക്രമത്തിൽ സാവകാശം അടിച്ചു ചേർത്ത‌് സേവ‌് ചെയ്യുക. വിവരങ്ങൾ ചേർക്കുന്നത‌് പൂർത്തിയാക്കി കഴിഞ്ഞ‌് നമ്മുടെ ഓപ‌്ഷൻ ലിസ‌്റ്റിന്റെ പ്രിന്റൗട്ട‌് എടുത്ത‌് സൂക്ഷിക്കണം. സമർപ്പിച്ച ശേഷം സൈറ്റിൽനിന്ന‌് ലോഗോ ഓഫ‌് ചെയ്യണം. ഇല്ലെങ്കിൽ മറ്റാരെങ്കിലും നമ്മുടെ ഹോം പേജിൽ കയറി ഓപ‌്ഷൻ മാറ്റി മറിച്ചേക്കാം.

ഒരിക്കൽ നൽകിയ ഓപ‌്ഷൻ റദ്ദ‌് ചെയ്യണമെന്ന‌് തോന്നിയാൽ വീണ്ടും സൈറ്റിൽ കയറി ആ കോമ്പിനേഷന്റെ നേർക്ക‌് മുൻഗണനാ ക്രമ നമ്പറായി പൂജ്യം  അടിച്ച‌് ചേർത്ത‌് അപ‌്ഡേറ്റ‌് ചെയ‌്താൽ മതി. മുൻഗണനാക്രമം മാറ്റാൻ നമ്പറുകൾ തിരുത്തി അപ‌്ഡേറ്റു ചെയ്യുകയുമാകാം.

ഏറ്റവും ഒടുവിൽ സേവ‌് ചെയ‌്ത വിവരം ഓപ‌്ഷൻ ലിസ‌്റ്റായി സിസ‌്റ്റത്തിൽ കിടക്കും. പിറ്റേന്നോ മറ്റ‌് എപ്പോഴെങ്കിലുമോ ഇത‌് പരിഷ‌്കരിക്കണമെങ്കിൽ ആദ്യം ചെയ‌്തതുപോലെ സൈറ്റിൽ കയറി ആവശ്യമായ ഓപ‌്ഷനുകൾ ചേർക്കാം. സിസ‌്റ്റത്തിലുള്ള ഓപ‌്ഷനുകൾ എൻട്രൻസ‌് കമീഷണർ മരവിപ്പിക്കുന്നതുവരെ ഇത്തരം മാറ്റങ്ങൾ വരുത്താം. ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്ക‌് ചെയ‌്ത‌് നമ്മുടെ ഓപ‌്ഷൻ ലിസ‌്റ്റ‌് നോക്കി കാണുകയും അതിന്റെ പ്രിൻറ‌് എടുക്കുകയും ചെയ്യാം.

കിട്ടാവുന്ന സെലക‌്ഷനെ പറ്റി ഏകദേശ രൂപം ട്രയൽ അലോട്ടുമെന്റിൽനിന്ന‌് ലഭിക്കും. ഈ സാധ്യത തന്നെ ഒടുവിൽ യഥാർഥ സെലക‌്ഷനിൽ കിട്ടണമെന്നില്ല. ഉയർന്ന ഏതെങ്കിലും ഓപ‌്ഷൻ അനുവദിച്ചുകിട്ടിയാൽ പിന്നെ അതിൽ താഴ‌്ന്ന മറ്റ‌് ഓപ‌്ഷനുകളിലേക്ക‌് ഒരിക്കലും മാറ്റം കിട്ടില്ല.

സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റും മാനേജുമെന്റ‌് സീറ്റും വ്യത്യസ‌്ത ഓപ‌്ഷനുകളായി കരുതണം. ഫീസ‌് കൂടുതലായ മാനേജുമെന്റ‌് സീറ്റുകളിലേക്കും ഈ ഓപ‌്ഷൻ വ്യവസ്ഥ വഴിയാണ‌് സെലക‌്ഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home