കേരള സര്‍വകലാശാല : ഒന്നാംവര്‍ഷ ബിരുദ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ 9ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2017, 03:55 PM | 0 min read

തിരുവനന്തപുരം >  കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍, യുഐടികള്‍, ഐഎച്ച്ആര്‍ഡി കോളേജുകള്‍ എന്നിവിടങ്ങളിലെ 2017-18ലെ ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്  ഒമ്പതിന് അതത് കോളേജുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പതുമുതല്‍ പകല്‍ 11 വരെ ഹാജരാകുന്നവരെമാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിതസമയത്തിനകം ഹാജരാകുന്ന വിദ്യാര്‍ഥികളുടെ റാങ്ക് പട്ടിക തയ്യാറാക്കി ഉച്ചയ്ക്ക് 12 മുതല്‍ പ്രവേശനം നടത്തും. വിദ്യാര്‍ഥികള്‍ക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

സംവരണസീറ്റുകളില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നോണ്‍-ക്രീമിലെയര്‍/ ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തപക്ഷം അവരെ സംവരണസീറ്റുകളില്േക്ക് പരിഗണിക്കുന്നതല്ല. 

ഓണ്‍ലൈന്‍ അപേക്ഷയില്‍ ഗവ., എയ്ഡഡ് കോളേജുകളിലെ കോഴ്സുകള്‍ ഓപ്ഷനായി നല്‍കിയിട്ടുള്ള വിദ്യാര്‍ഥികളെ മാത്രമേ സ്പോട്ട് അഡ്മിഷനുവേണ്ടി അതത് കോളേജുകളില്‍ പരിഗണിക്കുകയുള്ളൂ. എന്നാല്‍, യുഐടികളിലും സ്വാശ്രയ കോളേജുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിഗണിച്ചശേഷം വരുന്ന ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവരെയും ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കാത്തവരെയും മാനേജ്മെന്റ് ക്വോട്ടയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരെയും പരിഗണിക്കും.

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 840 രൂപയും ജനറല്‍/മറ്റ് സംവരണവിഭാഗങ്ങള്‍ക്ക് 1525 രൂപയുമാണ് സര്‍വകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാല്‍ ഉടന്‍തന്നെ ഈ ഫീസ് ഒടുക്കണം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രിന്റൌട്ട് ഹാജരാക്കാത്ത ആരെയും പ്രവേശനത്തിന് പരിഗണിക്കില്ല.

സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ (http://admissions.keralauniverstiy.ac.in) പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷംമാത്രം അതത് കോളേജുകളില്‍ ഹാജരാകണം.
 



deshabhimani section

Related News

View More
0 comments
Sort by

Home