അകത്തളങ്ങളിൽ പൊട്ടിവീഴുന്ന വാക്കുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2018, 06:47 AM | 0 min read

സമൂഹത്തിന്റെ ഏതു തുറയിലും തൊഴിലെടുക്കുന്നവന‌് അവന്റേതായ സാമൂഹ്യ ഉത്തരവാദിത്തമുണ്ട‌്.  കവിയുടെ തൊഴിൽ എന്ത‌് എന്ന ചോദ്യം എത്രയോ കാലംമുമ്പേ ഉത്തരം തേടുന്നുണ്ട‌്. കവിയായിരിക്കുന്നതിനപ്പുറം എന്ത‌് എന്ന ചോദ്യവും പ്രസ‌ക്തം. പുതിയ കാലം ആവശ്യപ്പെടുന്ന പലരൂപത്തിലുള്ള പ്രതിരോധങ്ങളുണ്ട‌്. സ്വയം കത്തിയെരിഞ്ഞ‌് പ്രകാശമായിത്തീരുന്ന കോലസ്വരൂപമാണ‌് കാവ്യജീവിതം. എന്നുമെപ്പൊഴും വാക്കിഴ തുന്നിച്ചേർത്ത‌് ഭ്രമാത്മകലോകത്ത‌് ചരിക്കുകയല്ല സാമൂഹ്യ ബോധമുള്ള കവിയുടെ ഉത്തരവാദിത്തം. താൻ ജീവിക്കുന്ന പരിസരംതന്നെ  കവിതയുടെ ഇടമാക്കുക. പലപ്പോഴും പൊതുസമൂഹത്തിന്റെ  സർഗാത്മക സങ്കൽപ്പങ്ങളിൽ സർക്കാർ ജീവനം പരാമർശിക്കപ്പെട്ടുകാണാറില്ല. 

മണമ്പൂർ രാജൻബാബുവിന്റെ കവിത എന്നും ജനപക്ഷത്താണ‌്. പുതിയ സമാഹാരമായ സർവീസ‌് കവിതകളും അതിന‌് നിദർശനം. പൊലീസ‌് വകുപ്പിൽ ജോലിചെയ്യുമ്പോൾ പൊതുവേ പലരും സർഗാത്മകപ്രവർത്തനങ്ങളിൽനിന്ന‌് ഒഴിഞ്ഞുനിൽക്കാറുണ്ട‌്. ഫയൽ നീക്കത്തിന്റെ കാര്യത്തിൽപ്പോലും ഈ ചട്ടപ്പടി പാലിക്കപ്പെടുന്നു. അതുമാത്രമല്ല, തലയ്‌ക്കുമുകളിൽ തൂങ്ങുന്ന അധികാരകേന്ദ്രത്തെക്കുറിച്ചുള്ള ആശങ്കയും നിഴലിക്കും. നോട്ടത്തിലും നടത്തത്തിലും സംസാരത്തിലും പോലും ആവർത്തിക്കപ്പെടുന്ന പതിവുകൾ ഒരാളെ ക്രമേണ നിശ്ശബ്ദനാക്കും. എന്നാൽ, മണമ്പൂരിലെ കവിയെ അതൊന്നും ആകുലനാക്കുന്നില്ല. സർവീസ‌് ജീവിതം കവിതയാക്കുമ്പോൾ അതിൽ സാധാരണക്കാരനെ ബാധിക്കുന്ന ഒന്നും ഉണ്ടാകുന്നില്ല എന്നു കരുതേണ്ട. ആർജിത അവധി സർക്കാരിന‌് വിറ്റുകിട്ടുന്ന പണംകൊണ്ട‌് വീട്ടുടമസ്ഥന്റെ കരിമുഖം കാണാതെയും അമ്മയ്‌ക്കൊരൽപ്പം അയക്കാനും കഴിയുമെന്ന‌് ആശ്വസിക്കുന്ന ജീവനക്കാരൻ  സമൂഹത്തിന്റെ  പരിച്‌ഛേദം. 

ഈ  കവിതകളിലെല്ലാം നിഴലിക്കുന്ന നിസ്സഹായതയുണ്ട‌്. പൊലീസ‌് സേനയിലെ ക്യാമ്പ‌് ഫോളോവർമാരുടെ ദുരിതങ്ങൾ അടുത്ത കാലത്താണ‌് പൊതുസമൂഹം ചർച്ചചെയ്‌തത‌്. അതിനും എത്രയോ വർഷം മുമ്പ‌് ക്യാമ്പ‌് ഫോളോവർ എന്ന  കവിത എഴുതിവച്ചു മണമ്പൂർ. മുടിമുറിക്കുകയും വെള്ളം കോരുകയും വിറകുവെട്ടുകയുംചെയ്യുന്ന സേനാംഗങ്ങളുടെ ദുഃഖം കവിതയാകുമ്പോൾ അതിന‌് ചട്ടങ്ങളൊന്നും ബാധകമല്ല. ജീവിച്ചിരിക്കുന്ന ആരെക്കുറിച്ചുമല്ലാതെ ഈ വാക്കുകൾ മരിച്ചവരെ കുറിച്ചുമല്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ കുടുങ്ങിപ്പോയവരെ കുറിച്ചാണ‌് എന്ന അഞ്ചുവരി മതി ഈ കവിതയുടെ കാമ്പു തൊട്ടറിയാൻ. 
 
കള്ളനും പോക്കറ്റടിക്കാരനും കാർ ബ്രോക്കറും വ്യഭിചാരിയും വന്നാൽ കസേര  നീക്കിയിടുന്ന മേലുദ്യോഗസ്ഥൻ കീഴ‌്ജീവനക്കാരന്റെമുന്നിൽ യന്ത്രമാകുന്നു. കഴുകനേത്രങ്ങളുള്ള തൂലികയുമായി പലരുടെയും ജീവിതം ഒടുക്കിയ മേലധികാരിയെപ്പറ്റിയാണ്‌ തിര മുറിച്ചു നീന്തുന്നവർ എന്ന കവിത.
 
ആത്മാഹുതിയിൽ കവി ആവർത്തിക്കുന്നു‐ -ഹൃദയത്തിന്റെ എല്ലാ ചോരഞരമ്പുകളും വലിച്ചുമുറുക്കി ഞാൻ പാടും. ഇറ്റുവീഴുന്ന ചോരയും പൊട്ടിപ്പോകുന്ന തന്ത്രികളും ഇറുന്നു വീഴുന്ന ജീവന്റെ ചിറകും അറിയാതെ ഒരിക്കലുമറിയാതെ.നാവുനീട്ടുന്ന ദാസ്യത്തിന്റെ ഈന്തപ്പനകൾ അറുത്തെറിഞ്ഞ‌് യുഗതപസ്യയുടെ വജ്രഗർഭത്തിലേക്ക‌് ഞാൻ ആഴ‌്ന്നിറങ്ങുമെന്ന‌് കവി പാടുന്നു.
 
ഇക്കണ്ട ആയുധങ്ങളൊക്കെയും ആരുടെയോ ആയുധങ്ങളായിത്തീർന്ന ഈ മനുഷ്യരൊക്കെയും ഒടുവിൽ ഒരേ ലക്ഷ്യത്തിൽ സമാഗമിക്കുകയാണെന്ന കണ്ടെത്തൽ ചെറുതല്ല. വേദം വീണ അവർണന്റെ കാതിൽ ഈയം ഒഴിച്ചതും സത്യം പറഞ്ഞ നാവ‌് നാക്കിലയിൽ നിവേദിക്കുന്നതും ഇന്നും തുടരുന്നത‌് നമ്മൾ കാണുന്നുണ്ടല്ലോ. 
 
അധികാരത്തിന്റെ അലസഗോപുരങ്ങളിൽ നുഴഞ്ഞുകയറിയ ചെകുത്താന്മാരെക്കുറിച്ചുള്ളതാണ‌് ഈ പുസ‌്തകം. എന്നും തണലിൽ നിൽക്കാനാഗ്രഹിക്കുന്നവർക്ക‌്, അന്യനെ ചവിട്ടാൻ കാലുയർത്തുന്നവർക്ക‌് ഈ വാക്കുകൾ അരോചകമായേക്കാം. പക്ഷേ കാലുവെന്തും വിയർത്തൊലിച്ചും ഒരു സർട്ടിഫിക്കറ്റിനായി അപേക്ഷയും പിടിച്ച‌് തൊഴുതുനിൽക്കുന്നവരുടെ കണ‌്ഠത്തിൽ നിന്നുയരുന്ന കദനങ്ങൾക്ക‌് പകരംവയ‌്ക്കാൻ  ഈ വാക്കുകൾ ധാരാളം മതി.

 



deshabhimani section

Related News

View More
0 comments
Sort by

Home