'ശാസ്ത്രഗതി'ക്ക് 50

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2016, 07:42 PM | 0 min read


കൊച്ചി > മലയാളത്തിലെ പ്രമുഖ ശാസ്ത്രമാസികയായ ശാസ്ത്രഗതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 'ശാസ്ത്ര സാഹിത്യവും ശാസ്ത്രാവബോധവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്ളെയ്സ്മെന്റ് ഹാളില്‍ ഒക്ടോബര്‍ നാലിന് രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. ശാസ്ത്രഗതി 50–ാം വാര്‍ഷികപതിപ്പ് വൈസ് ചാന്‍സലര്‍ ഡോ. ജെ ലത പ്രകാശനംചെയ്യും. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ശ്രീജേഷ് ബി പണിക്കര്‍ ആദ്യപ്രതി ഏറ്റുവാങ്ങും.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനാകും. കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ ബാബു ജോസഫ്, കുസാറ്റ് ശാസ്ത്ര സാമൂഹ്യകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി നായര്‍, പ്രൊഫ. എം കെ പ്രസാദ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ഡയറക്ടര്‍ ഡോ. എസ് പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിക്കും.

ശാസ്ത്രസാഹിത്യം മലയാളത്തില്‍ എന്ന സെമിനാറില്‍ പ്രൊഫ. എസ് ശിവദാസ്, ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഡോ. പ്രഭ ചാറ്റര്‍ജി എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ മോഡറേറ്ററാകും. ശാസ്ത്രബോധവും ശാസ്ത്രപ്രചാരണവും എന്ന സെമിനാറില്‍ ഡോ. ടി ജയരാമന്‍, ഡോ. സുനില്‍ പി ഇളയിടം എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. എം പി പരമേശ്വരന്‍ മോഡറേറ്ററാകും.

കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രപ്രചാരകരില്‍ ഏറെപ്പേരും ശാസ്ത്രഗതിയിലൂടെ എഴുത്തുകാരായി വളര്‍ന്നവരാണ്. ശാസ്ത്രവിജ്ഞാനത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും വ്യാപനം മുഖ്യലക്ഷ്യമായി  പ്രസിദ്ധീകരിക്കുന്ന മാസിക 50 വര്‍ഷം പിന്നിടുന്നത് വൈജ്ഞാനികമാസികകളുടെ ചരിത്രത്തില്‍ നാഴികക്കല്ലാണ്. ഡോ. എന്‍ ചന്ദ്രമോഹന്‍കുമാര്‍ ചെയര്‍മാനും ഡോ. എന്‍ ഷാജി കണ്‍വീനറുമായ സംഘാടകസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home