ഓര്‍മയിലേക്ക് ഒരു ലോങ് റേഞ്ചര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2016, 06:29 AM | 0 min read

നാളെ ജൂലൈ 18. ഫുട്ബോള്‍ മാന്ത്രികന്‍ വി പി  സത്യന്റെ ഓര്‍മദിവസം. മൂന്നു പതിറ്റാണ്ടിനപ്പുറം, 1986 ജൂലൈ 18 മലേഷ്യ. മെര്‍ദേക്കാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. ഇന്ത്യ–ദക്ഷിണകൊറിയ മത്സരം. ജയിച്ചാല്‍ ഇന്ത്യ സെമിയില്‍. തോറ്റാല്‍ പുറത്ത്. ഇന്ത്യയും കൊറിയയും മൂന്നു ഗോള്‍ വീതം അടിച്ച് ഒപ്പത്തിനൊപ്പം.

81–ാം മിനിറ്റ്. നിര്‍ണായകനിമിഷം. മധ്യനിരയിലേക്ക് കയറി കളിച്ചുകൊണ്ടിരുന്ന വി പി സത്യന്റെ കാലില്‍നിന്ന് വെടിയുണ്ട ഉതിര്‍ന്നു. 35 വാര അകലെനിന്നുള്ള തകര്‍പ്പന്‍ ഷൂട്ട്. ചീറിപ്പാഞ്ഞ ആ ലോങ് റേഞ്ചര്‍ കൊറിയന്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ മുത്തമിട്ടിറങ്ങി. ഗ്യാലറികള്‍ പൊട്ടിത്തെറിച്ചു, ഇന്ത്യ സെമിയില്‍. ഇതായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി പി  സത്യന്‍. അദ്ദേഹത്തിന്റെ ജീവിതം പറയുന്നു 'വി പി സത്യന്‍' എന്ന പുസ്തകം. മൈതാനങ്ങളില്‍ കാല്‍പ്പന്തിന്റെ കളിയാരവം തീര്‍ത്ത ഫുട്ബോള്‍ ഇതിഹാസത്തിന്റെ ജീവിതത്തില്‍നിന്നുള്ള അവിസ്മരണീയമായ കാഴ്ചകള്‍. സത്യന്‍ ഓര്‍മയായി പത്തുവര്‍ഷമാകുമ്പോഴാണ് പുസ്തകം പുറത്തിറങ്ങുന്നത്.

കളിക്കളത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ സത്യന്റെ ജീവിതം. ജനനം മുതല്‍ മരണം വരെയുള്ള സ്മരണകള്‍. അത്ലറ്റിക്സില്‍ തുടങ്ങിയ കായികജീവിതവും ഫുട്ബോള്‍ മൈതാനങ്ങളെ ഇളക്കി മറിച്ച നാളുകളും. രാജ്യാന്തര ഫുട്ബോളിലെയും ആഭ്യന്തര ഫുട്ബോളിലെയും ക്ളബ് ഫുട്ബോളിലെയും കളിമികവുകളും ഓര്‍മകളും. സത്യനിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന തലശേരി ചൊക്ളിയിലെ മേക്കുന്നിലെ ബാല്യകാലം. മേക്കുന്ന് ഗ്രാമത്തിലെ ചരല്‍ മൈതാനത്തില്‍നിന്നു ലോക ഫുട്ബോള്‍ മൈതാനത്തിലേക്കുള്ള കുതിപ്പ്. അമരക്കാരന്റെ കാര്‍ക്കശ്യവും നിശ്ചയദാര്‍ഢ്യവും വിവരിക്കുന്ന ഓര്‍മക്കുറിപ്പുകള്‍. കളിമതിയാക്കിയശേഷം നേരിട്ട വെല്ലുവിളികളും മാനസിക പിരിമുറുക്കങ്ങളും. ഒടുവില്‍ മരണത്തിനു ശേഷമുണ്ടായ വിവാദങ്ങളും അവഗണനകളും സത്യന്‍ സോക്കര്‍ സ്കൂളിന്റെ ഉദയവും വിവരിക്കുന്നതാണ് പുസ്തകം.

ഭാര്യ അനിതയുടെ ഓര്‍മക്കുറിപ്പുകളും പ്രിയപ്പെട്ട മകനെക്കുറിച്ചുള്ള അമ്മ നാരായണിയുടെ സ്മരണകളും മകള്‍ ആതിരയുടെ അച്ഛനെക്കുറിച്ചുള്ള വിവരണവും പുസ്തകത്തെ വികാരതീവ്രമാക്കുന്നു.

സഹകളിക്കാരായ ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, യു ഷറഫലി, ജോപോള്‍ അഞ്ചേരി, കുരികേശ് മാത്യൂ, തോബിയാസ്, പരിശീലകന്‍ ടി കെ ചാത്തുണ്ണി, എ എം ശ്രീധരന്‍ തുടങ്ങിയവരോടൊപ്പമുളള നാളുകളും അവരുടെ ഓര്‍മകളുമുണ്ട്. കേരള  പൊലീസിലെയും ഇന്ത്യന്‍ ബാങ്കിലെയും കേരള ടീമിലെയും നാളുകള്‍. മോഹന്‍ബഗാനുവേണ്ടിയും മുഹമ്മദന്‍സിനുവേണ്ടിയും പന്തു തട്ടിയ കാലം. സന്തോഷ് ട്രോഫി നാളുകള്‍, 1992ലെ സന്തോഷ് ട്രോഫി നേട്ടം. അങ്ങനെ രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത സത്യനെന്ന കളിക്കാരനെ പുസ്തകം ഒരിക്കല്‍കൂടി പരിചയപ്പെടുത്തുന്നു. സത്യനെക്കുറിച്ചുള്ള ആദ്യപുസ്തകമാണിത്.

ഒളിമ്പ്യന്‍ റഹ്മാന്റെ പ്രിയശിഷ്യനായിരുന്ന സത്യന്റെ എതിരാളികളുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്ന ഷാര്‍പ്പ് ഷൂട്ടുകളും പ്രതിരോധവും അപ്രതീക്ഷിത ആക്രമണങ്ങളും പുസ്തകം രചിച്ച ജിജോ ജോര്‍ജ് ആവേശം ചോര്‍ന്നുപോകാതെ പകര്‍ത്തിയിട്ടുണ്ട്.

[email protected]



deshabhimani section

Related News

View More
0 comments
Sort by

Home