ഈ ലോകം അതിലൊരു മനുഷ്യന്‍...

ആധുനികത രൂപം കൊള്ളുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും കാലത്തെയും ജീവിതത്തെയും സൂക്ഷ്മമായി ഒപ്പിയെടുത്ത് രചനയെ അഗ്നിസ്ഫുലിംഗങ്ങളാക്കുകയും ചെയ്ത എഴുത്തുകാരനാണ് എം മുകുന്ദന്‍. കഥയിലും നോവലിലും പുതിയ രൂപമാതൃകകള്‍ സൃഷ്ടിക്കുകയും നവഭാവുകത്വം പണിയുകയും ചെയ്ത മലയാളത്തിന്റെ അഭിമാനം. കാലം ദേശം പരിസ്ഥിതി പ്രത്യയശാസ്ത്രം എന്നിവയെല്ലാം ഭാഷയുടെ മാന്ത്രികതകൊണ്ട് ഭാവസ്ഫുടതയോടെ വരച്ചിട്ട മയ്യഴിയുടെ ഇതിഹാസകാരന്‍ നീണ്ട ഇടവേളയ്ക്കുശേഷം ജീവിതത്തെയും എഴുത്തിനെയും രാഷ്ട്രീയത്തെയും കുറിച്ച് മനസുതുറന്നപ്പോള്‍....
നഗരജീവിതത്തിന്റെ ഭിന്നമുഖങ്ങളും ഭാവങ്ങളും അഗാധമായി അനുഭവിപ്പിക്കുകയും ഭാഷയെ ഭാഷകൊണ്ട് പുതുക്കിപ്പണിയുകയും ചെയ്ത മലയാളത്തിലെ ശക്തനായ നോവലിസ്റ്റാണ് എം മുകുന്ദന്‍.
ഡല്‍ഹിയിലെ അരവിന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും കേശവന്റെ വിലാപങ്ങളിലെ ശരവണനും പുലയപ്പാട്ടിലെ ഗൌതമനും ദല്‍ഹി ഗാഥകളിലെ സഹദേവനും കുട നന്നാക്കുന്ന ചോയിയിലെ മാധവനും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കഥാപാത്രങ്ങളാണ്. നാഗരികതയും നാട്ടിന്‍പുറവും നവസാങ്കേതികതയും നാനോടെക്നോളജിയും അയത്നലളിതമായും അനായാസമായും വരച്ചിടുമ്പോള്‍ ഭാരതീയവും കേരളീയവുമായ മിത്തുകളുടെ പ്രയോഗവും കഥാപാത്രങ്ങളിലൂടെ അനാവൃതമാകുന്നു.
ആധുനികത രൂപം കൊള്ളുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും കാലത്തെയും ജീവിതത്തെയും സൂക്ഷ്മമായി ഒപ്പിയെടുത്ത് രചനയെ അഗ്നിസ്ഫുലിംഗങ്ങളാക്കുകയും ചെയ്ത എഴുത്തുകാരന്‍. കഥയിലും നോവലിലും പുതിയ രൂപമാതൃകകള്‍ സൃഷ്ടിക്കുകയും നവഭാവുകത്വം പണിയുകയും ചെയ്ത മലയാളത്തിന്റെ അഭിമാനം. കാലം ദേശം പരിസ്ഥിതി പ്രത്യയശാസ്ത്രം എന്നിവയെല്ലാം ഭാഷയുടെ മാന്ത്രികതകൊണ്ട് ഭാവസ്ഫുടതയോടെ വരച്ചിട്ട മയ്യഴിയുടെ ഇതിഹാസകാരന്‍ നീണ്ട ഇടവേളയ്ക്കുശേഷം മനസ്സ് തുറക്കുന്നു.
? കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തമായ കുട്ടിക്കാലാനുഭവങ്ങള്‍ താങ്കള്‍ക്കുണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
= എല്ലാവരെയും പോലെ എനിക്കും ഒരു കുട്ടിക്കാലമുണ്ടായിരുന്നു. അന്ന് മയ്യഴി ഫ്രഞ്ചുകാര്‍ ഭരിക്കുന്ന ഒരു പ്രദേശമായിരുന്നു. അതായത് അന്ന് മയ്യഴി ഫ്രാന്‍സിന്റെ ഭാഗമായിരുന്നു. അങ്ങനെ ഞാന്‍ ജനിച്ചത് ഒരു ഫ്രഞ്ചുപൌരനായിട്ടായിരുന്നു.
മയ്യഴിയില്‍ എല്ലായിടത്തും ഒരു ഫ്രഞ്ച് അന്തരീക്ഷമായിരുന്നു അക്കാലത്ത്. റോഡിലൂടെ ആളുകള്‍ ഫ്രഞ്ചില്‍ സംസാരിച്ചുകൊണ്ടുനടന്നുപോകുന്നത് കാണാമായിരുന്നു. മയ്യഴിയില്‍ പ്രശസ്തമായ പള്ളിയുണ്ട്. വിശുദ്ധ ത്യ്രേസ്യാമ്മയുടെ പള്ളി. ക്രൈസ്തവര്‍ മാത്രമല്ല, എല്ലാ മതക്കാരും ജാതിക്കാരും പോകുന്ന ഒരു ആരാധനാലയമാണ് അത്. ഇന്നും അങ്ങനെ തന്നെ. ഴാന്ന് ദാര്‍ക്കിന്റെ (John of Arc) ഒരു വിഗ്രഹവും അവിടെയുണ്ട്. ഫ്രഞ്ച് ദേശീയതയുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമാണ് ഴാന്ന് ദാര്‍ക്. ഈ അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചത്. മരിക്കാതെ വളര്‍ന്നത്.
അക്കാലത്തെ മയ്യഴിയിലെ പ്രശസ്തമായ വിദ്യാലയമായിരുന്നു കൊല്ലേഴ് ലബൂര്‍ദോന്നേ (College Labourdonnais). നൂറു വര്‍ഷം മുമ്പ് ഫ്രഞ്ചുകാരുടെ കാലത്ത് തുടങ്ങിയതാണ് അത്. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ലഫ്റ്റനന്റ് ആയിരുന്നു ബെര്‍ത്രാം– ഫ്രാന്‍സ്വാ മാഹേ ദ് ലബൂര്‍ദോന്നേ (Bertrand Francois Mahe de Laboudonnais). ബ്രിട്ടീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് മയ്യഴി തിരികെ കൈവശപ്പെടുത്തിയത് അയാളായിരുന്നു. അയാളുടെ പേരിലാണ് എന്റെ തലമുറ പഠിച്ച മയ്യഴിയിലെ പ്രശസ്തമായ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഇന്നതില്ല. പുഴയുടെ കരയിലുള്ള മഞ്ഞ ചായം തേച്ച ആ എടുപ്പ് എന്റെ തീവ്രമായ ഒരു ഗൃഹാതുരത്വമാണ്.
ഇന്നത്തെപ്പോലെ പ്ളേ സ്കൂളോ നഴ്സറി സ്കൂളോ ഉണ്ടായിരുന്നില്ല. ഒരു സായിവുണ്ടായിരുന്നു. ചാര്‍ളി സായിവ്. മയ്യഴി പള്ളിയുടെ അരികിലായിരുന്നു ചാര്‍ളി സായിവിന്റെ ഓടിട്ട, ധാരാളം ചെടികളും പൂക്കളും ഉള്ള ചെറിയ വീട്. കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് മുമ്പ് അക്ഷരം പഠിക്കാന്‍ ഈ സായിവിന്റെ വീട്ടിലാണ് പോയിരുന്നത്. ഒരുപാട് പ്രായമുള്ള ആളായിരുന്നു അത്. എനിക്ക് നാല് വയസുള്ളപ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നെ അവിടെ ചേര്‍ത്തു. മയ്യഴിയിലെ വലിയ കമ്യൂണിസ്റ്റുകാരനായ അമ്മാവന്‍ സി പി കുമാരനാണ് എന്റെ നാവില്‍ സ്വര്‍ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്. എന്നെ അക്ഷരമാല പഠിപ്പിച്ചത് ചാര്‍ളി സായിവും. ഫ്രഞ്ച് അക്ഷരമാലയാണ് അദ്ദേഹം പഠിപ്പിച്ചത്. ആ, ബേ, സേ, ദേ... അങ്ങനെ പോകുന്നു അത്. ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുന്നവര്‍ മാത്രമല്ല, ഫ്രഞ്ചില്‍ ചിന്തിക്കുന്നവര്‍ പോലും മയ്യഴിയിലുണ്ടായിരുന്നു. അങ്ങനെ എന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എല്ലാം ഫ്രഞ്ചുമയമായിരുന്നു.
? മയ്യഴിയില്‍ താങ്കളുടെ ബാല്യ/കൌമാര കാലം എങ്ങനെയായിരുന്നു. ചങ്ങാതിമാര്‍...
= എന്റെ ബാല്യകാലം ഏകാന്തതയുടേതായിരുന്നു. ആ കാലത്തെ എന്റെ ഏക സുഹൃത്ത് സി എച്ച് ഗംഗാധരനാണ്. സ്കൂള്‍ കാലത്തേ ഞങ്ങള്‍ ചങ്ങാതിമാരായിരുന്നു. ഗംഗാധരന്‍ പിന്നീട് മയ്യഴിയെക്കുറിച്ച് ഒരു പുസ്തകം എഴുതുകയുണ്ടായി. ഏകദേശം പതിനാറു വയസ്സായപ്പോള്‍ എനിക്ക് രണ്ടു ചങ്ങാതിമാര്‍ കൂടിയുണ്ടായി. ഹരിഹരനും (ഹരിഹരന്‍ മാഷ്) ശിവദാസനും. സാഹിത്യത്തിലുള്ള താല്‍പ്പര്യമാണ് ഞങ്ങളെ അടുപ്പിച്ചത്. വൈകുന്നേരങ്ങളില്‍ ഒന്നിച്ചുനടക്കും. പ്രധാനമായും പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിക്കുക. സ്കൂള്‍ ലൈബ്രറിയില്‍ വളരെക്കുറച്ച്
പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ പലരും സംഭാവന നല്‍കിയതായിരുന്നു. ഞാന്‍ കഥയെഴുതിത്തുടങ്ങിയ കാലത്ത് ഒരു സാഹസികപ്രവൃത്തി ചെയ്തു. സ്കൂളില്‍ പ്രഗത്ഭനും കണിശക്കാരനുമായ ഒരു അധ്യാപകനുണ്ടായിരുന്നു. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയെഴുതി. വിഭജനം എന്നായിരുന്നു ആ കഥയുടെ പേര്. മലയാളമനോരമ ആഴ്ചപ്പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്. അത് ആ അധ്യാപകനെ വളരെയധികം വേദനിപ്പിച്ചു. എനിക്കും ദുഃഖം തോന്നി. എനിക്ക് ഒട്ടും പക്വത വന്നിട്ടില്ലാത്ത കാലത്ത് എഴുതിയ കഥയായിരുന്നു അത്. സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്ന രീതിയുണ്ടായിരുന്നു അന്ന്. ഒരു സൈഡില്‍ ആണ്‍കുട്ടികളും മറ്റേ സൈഡില്‍ പെണ്‍കുട്ടികളും ഇരിക്കും. ഒരു ദിവസം വാര്‍ത്ത വന്നു. സ്കൂള്‍ വിഭജിക്കപ്പെടാന്‍ പോകുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂളുകള്‍. ആ തീരുമാനത്തിന്റെ കാര്യത്തില്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ പ്രഗത്ഭനായ അധ്യാപകനായിരുന്നു. ക്ളാസ്മുറികളില്‍ നിന്നാണ് പ്രണയം ജനിക്കുന്നത്. ഒരു സൈഡില്‍ ഇരിക്കുന്ന ആണ്‍കുട്ടികളില്‍ എല്ലാവരും തന്നെ മറുഭാഗത്തിരിക്കുന്ന പെണ്‍കുട്ടികളില്‍ ആരെയെങ്കിലും പ്രണയിച്ചിരുന്നു. രണ്ടും മൂന്നും ആണ്‍കുട്ടികള്‍ ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്ന സംഭവവും അന്നുണ്ടായിരുന്നു. സ്കൂള്‍ വിഭജിക്കപ്പെടുന്നുവെന്ന വാര്‍ത്ത കേട്ടതോടെ ആണ്‍കുട്ടികള്‍ക്ക് ഉറക്കമില്ലാതെയായി... അതായിരുന്നു വിഭജനം എന്ന കഥയുടെ ഉള്ളടക്കം.
സ്കൂളിലെ ആഘോഷങ്ങളെല്ലാം ഫ്രഞ്ച് ആഘോഷങ്ങളാണ്. ആഗസ്ത് പതിനഞ്ചിന് രാജ്യത്തെ സ്കൂളുകളിലെല്ലാം ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ മാത്രം പതാകയുയര്‍ത്തില്ല. ഫ്രഞ്ച് റിപ്പബ്ളിക് ദിനമായ ജൂലൈ 15 ആണ് ഞങ്ങളുടെ വിദ്യാലയങ്ങള്‍ ആഘോഷിച്ചിരുന്നത്. അന്ന് സ്കൂളില്‍ ഫ്രഞ്ചുപതാകകള്‍ പാറും.
പത്തുപന്ത്രണ്ട് വയസ്സില്‍ത്തന്നെ കുട്ടികള്‍ ലൈബ്രറികളില്‍ പോയി വായിക്കാന്‍ തുടങ്ങും. പുസ്തകങ്ങള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോകുകയും ചെയ്യും. അത്ര തീവ്രമായിരുന്നു ആ കാലത്തെ വായനാശീലം. പെണ്‍കുട്ടികളെയല്ല, പുസ്തകങ്ങളെയാണ് ഞാന്‍ പ്രണയിച്ചിരുന്നത്. കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന കൌമുദി വാരികയോട് എനിക്ക് തീവ്രപ്രണയം തന്നെയുണ്ടായിരുന്നു. വായനാശാലയില്‍ നിന്നു ഞാന്‍ പതിവായി കൌമുദി വാരികകള്‍ മോഷ്ടിക്കുമായിരുന്നു. വാരിക വാങ്ങാന്‍ കൈയില്‍ പൈസയില്ലാത്തതുകൊണ്ടായിരുന്നു മോഷ്ടിച്ചത്്. ഒരിക്കല്‍ വായനശാലയുടെ പ്രസിഡന്റ് കൂടിയായ അമ്മാമന്‍ സി പി കുമാരന്‍ അത് കണ്ടുപിടിക്കുകയുണ്ടായി. മോഷ്ടിച്ചു വീട്ടില്‍ കൊണ്ടുപോയ ലക്കങ്ങള്‍ അവിടെത്തന്നെ കിടക്കട്ടെ. പക്ഷേ, ഇനിയൊരിക്കലും ആഴ്ചപ്പതിപ്പുകളോ പുസ്തകങ്ങളോ കട്ടുകൊണ്ടുപോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആ നിര്‍ദേശം ഞാന്‍ അനുസരിച്ചു.
പാതാറില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വക ബിബ്ളിയോത്തേക് പ്യൂബ്ളിക് (bibliotheque publique) എന്ന പബ്ളിക് ലൈബ്രറിയിലാണ്
ധാരാളം നല്ല പുസ്തകങ്ങള്‍ ഉണ്ടായിരുന്നത്. ഞാനും ഹരിഹരനും അവിടെ അംഗമാകാന്‍ ചെന്നു. അംഗമാകേണമെങ്കില്‍ രണ്ടുറുപ്പിക ഡിപ്പോസിറ്റ് നല്‍കണം. അത് താങ്ങാന്‍ വയ്യാത്ത വലിയൊരു തുകയായിരുന്നു. ഡല്‍ഹിയിലുള്ള രാഘവേട്ടന്‍ (കഥാകൃത്ത് എം രാഘവന്‍) അമ്മയ്ക്ക് എല്ലാ മാസവും മണിയോര്‍ഡര്‍ അയക്കുമായിരുന്നു. ഞാനാണ് ഒപ്പിട്ട് തപാല്‍ശിപായിയുടെ കൈയില്‍ നിന്നു പണം വാങ്ങുക. ആ മാസം രണ്ടുറുപ്പിക മാറ്റി വച്ച് ബാക്കി അമ്മയ്ക്ക് കൊടുത്തു. അമ്മ നിരീച്ചത്, ആ മാസം രാഘവേട്ടന്‍ അത്രമാത്രമേ അയച്ചിരുന്നുള്ളൂ എന്നാണ്. "ഓന് ബുദ്ധിമുട്ടാകും'' അമ്മ പറഞ്ഞു. "വീട്ടുവാടക കൊടുക്കണ്ടേ? ആപ്പീസില് പോകാന്‍ ബസിനും കാറിനും പൈശ വേണ്ടേ?'' പിന്നീടൊരിക്കല്‍ ഞാന്‍ അമ്മയോട് സത്യം തുറന്നുപറയുകയുണ്ടായി. "ഇന്റെ ചന്തിക്ക് ഞാനൊരു വീക്ക് വെച്ചുതരും. ഈട അടുപ്പില് തീ പൊകയ്ന്നില്ല. അപ്പളാ ഇഞ്ഞി രണ്ടുറുപ്പിക വായനശാലേല് കൊണ്ടക്കൊടക്ക്ന്ന്ത്.'' ഞാന്‍ എഴുത്തുകാരനായപ്പോള്‍ അമ്മ വളരെ സന്തോഷിച്ചിരുന്നു. ഞാന്‍ കക്കുകയും കളവുപറയുകയും ചെയ്തു. പക്ഷേ, എഴുത്തുകാരനായില്ലേ? സത്യം മാത്രം പറഞ്ഞാല്‍ എഴുത്തുകാരനാകില്ലെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെടുകയുണ്ടായി.
ഞാനും എന്റെ ചങ്ങാതി ഗംഗാധരനും കളിയില്‍ അല്‍പ്പം പിറകിലായിരുന്നു. മറ്റു കുട്ടികള്‍ പള്ളിമൈതാനിയില്‍ ബാഡ്മിന്റണും പ്ളാസ് ദാര്‍മില്‍ ഫുട്ബോളും കളിക്കുമ്പോള്‍ ഞങ്ങള്‍ പുസ്തകം വായിച്ച് ഇരുന്നു. നാലപ്പാട്ട് നാരായണ മേനോന്‍ വിവര്‍ത്തനം ചെയ്ത വിക്തര്‍ ഹ്യൂഗോവിന്റെ പാവങ്ങള്‍ ഞങ്ങള്‍ പതിനാലു വയസ്സിലേ വായിച്ചു. അതുപോലെ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും അതേ പ്രായത്തില്‍ വായിച്ചു. ഇതിന്റെയൊക്കെ വിവര്‍ത്തനങ്ങള്‍ മാഹി സ്പോര്‍ട്സ് ക്ളബ്ബ് ലൈബ്രറിയില്‍ ഉണ്ടായിരുന്നു. സ്പോര്‍ട്സ് ക്ളബ്ബ് എന്നാണ് പേരെങ്കിലും അവിടത്തെ പ്രധാന ആക്റ്റിവിറ്റി സാഹിത്യവും കമ്യൂണിസവുമായിരുന്നു. ഈ സ്പോര്‍ട്സ് ക്ളബ്ബാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വിജ്ഞാനപോഷിണി വായനശാല. അവിടെ ചിലവഴിച്ച എണ്ണമറ്റ ദിനങ്ങള്‍ വലിയൊരു അനുഭവമായിരുന്നു. ഇപ്പോള്‍ ഏകദേശം അമ്പത് അമ്പത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു.
തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്തൊരു ഫീലിങ്ങാണ്. ചെറുപ്രായത്തില്‍ത്തന്നെ ഈയൊരു അന്തരീക്ഷത്തിലാണ് ഞാന്‍ ജീവിച്ചത്. ഞങ്ങള്‍ക്ക് മാത്രമല്ല, പൊതുവെ എല്ലാവര്‍ക്കും നല്ല വായനാശീലമുണ്ടായിരുന്നു. അടുപ്പില്‍ തീ പുകയാത്ത വീടുകളായിരുന്നു ഏറെയും. എന്നിട്ടും എല്ലാവരും ആര്‍ത്തിയോടെ വായിച്ചു. വായനശാലകളില്‍ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും ഞങ്ങള്‍ ഊറ്റിക്കുടിച്ചു. പലര്‍ക്കും ഒന്നിലേറെ വായനശാലകളില്‍ മെമ്പര്‍ഷിപ്പുണ്ടായിരുന്നു. ഞാന്‍ നാല് ലൈബ്രറികളില്‍ അംഗമായിരുന്നു. മാഹി സ്പോര്‍ട്സ് ക്ളബ്ബ്, ബിബ്ളിയോത്തേക്ക് പ്യൂബ്ളിക്, അഴിയൂരിലെ തുഞ്ചന്‍ വായനശാല, തലശ്ശേരി ടെമ്പിള്‍ ഗെയിറ്റിലെ വായനശാല–അങ്ങനെ നാല് ലൈബ്രറികളില്‍. തുഞ്ചന്‍ വായനശാലയൊഴികെ ബാക്കിയെല്ലാം ഇപ്പോഴുമുണ്ട്. അവിടെയൊക്കെ ഉണ്ടായിരുന്നത് നല്ല നല്ല പുസ്തകങ്ങളായിരുന്നു. മാഹി സ്പോര്‍ട്സ് ക്ളബ്ബ് ലൈബ്രറിക്കുവേണ്ടി പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത് ഇ സി ജയരാമന്‍ മാസ്റ്ററായിരുന്നു. അതായത്, മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കുഞ്ഞനന്തന്‍ മാസ്റ്റര്‍.
? മയ്യഴിയില്‍ താങ്കളെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് പറയാമോ. ഐ കെ കുമാരന്‍ മാസ്റ്റരെയും മൂച്ചിക്കല്‍ പത്മനാഭനെയും പോലുള്ള വലിയ വ്യക്തിത്വങ്ങള്‍ ജീവിച്ച നാടാണ് താങ്കളുടേത്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്ന മാതൃകകള്‍ ഉണ്ടായിരുന്നോ.
= ഞങ്ങളുടെ വഴികാട്ടിയായിരുന്നു ജയരാമന്‍ മാസ്റ്റര്‍. അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാസ്റ്റര്‍. അദ്ദേഹം രോഗിയായിരുന്നു. എന്റെ കുട്ടിക്കാലം ഒരുപാട് രോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. എപ്പോഴും അസുഖമായിരുന്നു. രോഗാതുരമായ എന്റെ ശരീരം മനസ്സിന്റെ ഏകാന്തത വര്‍ധിപ്പിച്ചു. ഏകാന്തത സര്‍ഗാത്മകതയുടെ ഒരു പ്രധാന ഉത്തേജകമാണ്. ഒരുപക്ഷേ, എന്നിലെ എഴുത്തുകാരന്റെ ശൈശവത്തില്‍ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തിയതും അതുതന്നെയാകാം. രോഗിയായ ഞാനും രോഗിയായ മാഷും. രോഗമാണ് ഞങ്ങളെ കണക്റ്റ് ചെയ്തത് എന്നു പറയാം. മാഷിന്റെ രോഗം വളരെ സീരിയസായിരുന്നു.
ഹൃദ്രോഗമായിരുന്നു. അന്നതിനു ചികിത്സയുണ്ടായിരുന്നില്ല. മരണശിക്ഷക്കു വിധിക്കപ്പെട്ട ആളായിരുന്നു. എന്നിട്ടും ബൌദ്ധികമായി അദ്ദേഹം ഊര്‍ജസ്വലനായിരുന്നു. എന്റെ ബാല്യകാലത്തെ മയ്യഴിയുടെ സാംസ്കാരിക പ്രതിബദ്ധതയുടെ പ്രഭവകേന്ദ്രമായിരുന്നു ജയരാമന്‍ മാസ്റ്റര്‍. അദ്ദേഹമാണ് എന്നെയും ഗംഗാധരനെയും ഹരിഹരനെയും വായനയുടെ ലോകത്തിലേക്കു നയിച്ചത്. ഞാന്‍ ഡല്‍ഹിയിലേക്കു പോകുന്നതിനുമുമ്പുതന്നെ സാര്‍ത്രിന്റെ ചിന്താലോകത്തെക്കുറിച്ച്, വളരെ പ്രാഥമികമാണെങ്കിലും, ചെറിയൊരു ഐഡിയ ഉണ്ടായിരുന്നു. അത് മാഷ് നല്‍കിയതായിരുന്നു. അദ്ദേഹം ബിബ്ളിയോത്തേക് പ്യൂബ്ളിക്കില്‍ ചെന്നിരുന്നു. LE MONDE എന്ന ഫ്രഞ്ച് പത്രം വായിക്കുമായിരുന്നു. അതില്‍ സാര്‍ത്രിനെയും കമ്യൂവിനെയും കുറിച്ചുള്ള ലേഖനങ്ങള്‍, ഫോട്ടോ സഹിതം പതിവായി വരുമായിരുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കുഞ്ഞനന്തന്‍ മാസ്റ്ററില്‍ ജയരാമന്‍ മാസ്റ്റര്‍ അതേപടിയുണ്ട്. നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുമ്പോള്‍ മാഷ് ജീവിച്ചിരിപ്പുണ്ട്. ഞാന്‍ അല്‍പ്പം ഭയത്തോടെയാണ് അദ്ദേഹത്തെ ചെന്നുകണ്ടത്. പക്ഷേ, അദ്ദേഹം ചിരിച്ചുകൊണ്ടാണ് എന്നോടു സംസാരിച്ചത്. നോവല്‍ വളരെ നന്നായിട്ടുണ്ടെന്നൊക്കെ പറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമുക്ക് എപ്പോഴും ഒരു മാതൃക വേണം. എനിക്ക് മാതൃക മാഷായിരുന്നു. എന്റെ ജീവിതദര്‍ശനത്തിന്റെ പിറകില്‍, പ്രത്യേകിച്ച് മരണോപാസനക്ക് പിറകില്‍, അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹം കല്യാണം കഴിച്ചിരുന്നില്ല. ഏതുനിമിഷവും മരിച്ചുപോകാവുന്ന ഒരു രോഗമുള്ള ആള്‍ എങ്ങനെ വിവാഹം കഴിക്കാനാണ്? അങ്ങനെ ഒരു ജീവിതം നയിക്കുമ്പോഴും മാഷ് പോസിറ്റീവായാണ് ചിന്തിച്ചത്. സന്തോഷവാനായിരുന്നു. പക്ഷേ, ഞാന്‍ അതെല്ലാം നെഗറ്റീവായാണ് കണ്ടത്. എനിക്കൊരു ഇരുണ്ട ജീവിതവീക്ഷണമാണ് ഉണ്ടായിരുന്നത്. എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ച ആളാണ് അദ്ദേഹം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ കുഞ്ഞനന്തന്‍ മാസ്റ്ററുടെ മരണം ഞാന്‍ വിശദമായി ചിത്രീകരിച്ചുണ്ടല്ലോ. ജയരാമന്‍ മാസ്റ്റര്‍ക്ക് അത് വായിച്ചപ്പോള്‍ എന്തു തോന്നിയിരിക്കും? കണ്ണിറുക്കി ചെറിയൊരു ചിരിയോടെ നന്നായിട്ടുണ്ട് എന്നാണ് എന്നോട് മാസ്റ്റര്‍ പറഞ്ഞത്. സ്വന്തം മരണത്തെ ശിഷ്യന്‍ മുന്‍കൂട്ടി കണ്ട് ചിത്രീകരിച്ചതിനോട് അങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്. എന്നോ ഞങ്ങളെ വിട്ടുപോയ, എന്റെ ഗുരുസ്ഥാനീയനും ജ്യേഷ്ഠസഹോദരനുമായ ജയരാമന്‍ മാസ്റ്ററുടെ ചില്ലിട്ട ഒരു ഫോട്ടോ ഇപ്പോഴും നിങ്ങള്‍ക്ക് മാഹി സ്പോര്‍ട്സ് ക്ളബ്ബ് ലൈബ്രറി ആന്റ് കലാസമിതിയുടെ ചുമരില്‍ കാണാം. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കുഞ്ഞനന്തന്‍മാസ്റ്ററെ അന്വേഷിച്ചു വരുന്നവര്‍ക്ക് ഞാന്‍ ആ ഫോട്ടോ കാണിച്ചുകൊടുക്കും.
? കുടുംബം. പ്രശസ്തനായ എഴുത്തുകാരനാണ് താങ്കളുടെ സഹോദരന്‍ എം രാഘവന്‍. അവരെക്കുറിച്ചൊക്കെ അറിയാന്‍ വായനക്കാര്‍ക്ക് താല്‍പ്പര്യമുണ്ട്.
= ഒരു ഇടത്തരം കുടുംബത്തിലാണ് ഞാന്‍ പിറന്നത്. അല്‍പ്പം ദാരിദ്യ്രമൊക്കെ ഉണ്ടായിരുന്നു. അച്ഛന്‍ ചെറിയ ചെറിയ ബിസിനസൊക്കെ ചെയ്ത് കുടുംബം പോറ്റി. ഞങ്ങള്‍ എട്ടുമക്കളാണ്. അക്കാലത്തൊക്കെ കുടുംബം എന്നു പറഞ്ഞാല്‍ അങ്ങനെയാണ്. അന്ന് കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയൊന്നും അച്ഛനമ്മമാരില്‍ നിന്നു കിട്ടില്ല. വീട്ടിലെ കോഴിയും ആടും പശുവും മുറ്റത്തെ ചെടികളും ഒക്കെ വളരുന്നതുപോലെ, അവരോടൊപ്പമാണ് കുട്ടികള്‍ വളര്‍ന്നത്. അതൊരു നല്ല കാര്യമാണ്. പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള വളര്‍ച്ചയാണത്. ഇന്നത്തെപ്പോലെ കുട്ടികളെ ചുണ്ടില്‍ നിന്നു മുലപ്പാല്‍ ഉണങ്ങുന്നതിനു മുമ്പ് നഴ്സറിയില്‍ പറഞ്ഞയച്ച്... അതൊന്നും അന്നില്ല. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷ മൂത്ത മകളിലായിരുന്നു. ഞങ്ങള്‍ക്ക് വല്യേച്ചി. അവരും പഠിച്ചത് ഫ്രഞ്ച് സ്കൂളിലായിരുന്നു. നന്നായി പഠിക്കുമായിരുന്നു. വായിക്കുമായിരുന്നു. കുറേശെ എഴുതുമായിരുന്നു. സാഹിത്യത്തില്‍ വലിയ അഭിരുചിയുണ്ടായിരുന്നു. പാവാടപ്രായത്തില്‍ തന്നെ, സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്റ്റഡി ക്ളാസില്‍ പോകുമായിരുന്നു. അന്ന് ഇന്നത്തെപ്പോലെ അല്ല, തറവാട്ടില്‍ പിറന്നവര്‍ക്കുള്ളതല്ല കമ്യൂണിസം എന്നായിരുന്നു പൊതുധാരണ. കമ്യൂണിസ്റ്റുകാര്‍ റൌഡികളായും തെമ്മാടികളായും കരുതപ്പെട്ടിരുന്ന കാലം. ആ കാലത്ത് മകള്‍ കമ്യൂണിസ്റ്റുകാരിയായി മാറുന്നത് കണ്ടാല്‍ ഏതൊരു അച്ഛനും ഞെട്ടാതിരിക്കില്ല. അച്ഛന്‍ ഒരുപാട് വിഷമിച്ചു, വിലക്കി. എന്നിട്ടും അവര്‍ പാര്‍ടി പ്രവര്‍ത്തനം തുടര്‍ന്നു. ബുദ്ധിമതിയായ അവര്‍ പഠിച്ച് ഫ്രഞ്ച് പരീക്ഷകള്‍ നന്നായി പാസ്സായി. ചെറുപ്രായത്തില്‍ത്തന്നെ അധ്യാപികയുടെ ജോലി കിട്ടി. ഫ്രഞ്ച് സ്കൂളില്‍ അധ്യാപിക. ഞങ്ങളുടെ കുടുംബം മാത്രമല്ല നാട്ടുകാരാകെ അതില്‍ സന്തോഷിച്ചു. അതില്‍ ഏറെ സന്തോഷിച്ചത് അച്ഛന്‍ തന്നെയായിരുന്നു. കുടുംബം രക്ഷപ്പെട്ടല്ലോ. ഇനി ലാച്ചാറില്ല. പക്ഷേ, ആറുമാസം പോലും അവര്‍ക്ക് ജോലിയില്‍ തുടരാന്‍ കഴിഞ്ഞില്ല. മരിച്ചുപോയി.
എനിക്ക് ഈ മൂത്ത ഏച്ചിയെ കണ്ടതായ ഓര്‍മയില്ല. ഞാനറിഞ്ഞത്, അവര്‍ക്ക് എന്നെ വലിയ സ്നേഹമായിരുന്നു എന്നാണ്. ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും എഴുതി കുറേശയായി മുകളിലേക്ക് കയറിപ്പോകുമ്പോള്‍, അവരെ ഞാന്‍ ഓര്‍ക്കുമായിരുന്നു. ഓര്‍ത്ത് വേദനിക്കുമായിരുന്നു...
ഒരുപക്ഷേ, എന്റെ ഇരുണ്ടജീവിതദര്‍ശനത്തിനു കാരണക്കാരായവരില്‍ ഈ ഏച്ചിയും ജയരാമന്‍ മാഷും ഉണ്ടായിരിക്കാം. പിന്നെ എന്റെ രോഗങ്ങളും ഏകാന്തതയും...
ഏച്ചിയുടെ വേര്‍പാട് ഞങ്ങളുടെ കുടുംബത്തിലെ വലിയൊരു ദുരന്തമായിരുന്നു. പിന്നെ അച്ഛന്റെ പ്രതീക്ഷ രാഘവേട്ടനിലായിരുന്നു.
അതിബുദ്ധിമാനായ രാഘവേട്ടന്‍ പഠിച്ച്, പരീക്ഷകള്‍ പാസ്സായി, ഡല്‍ഹിയില്‍ പോയി വലിയ ഉദ്യോഗസ്ഥനായി. കയറിക്കയറി പോയി... അങ്ങനെ അവസാനം ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. രാഘവേട്ടന്‍ നല്ല കഥാകൃത്തും നോവലിസ്റ്റുമാണ്.
? താങ്കള്‍ ധാരാളം യാത്രകള്‍ ചെയ്തിട്ടുണ്ട്. നാടുകളില്‍ മാത്രമല്ല, ആശയങ്ങളിലും താങ്കള്‍ യാത്ര ചെയ്തു. ആ സഞ്ചാരങ്ങളെക്കുറിച്ച് എന്തുപറയുന്നു. താങ്കളുടെ സര്‍ഗാത്മക യാത്രകള്‍ എങ്ങനെയായിരുന്നു...
= എന്റെ ജീവിതവും സാഹിത്യവും പുഴയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മണിയമ്പത്ത് വീട്ടില്‍ നിന്ന് പുഴയിലേക്ക് അധികം ദൂരമൊന്നുമില്ല. ഏകാന്തതയുടെ അഭയകേന്ദ്രമായിരുന്നു പുഴയോരം. മയ്യഴിയുടെ പടിഞ്ഞാറു വശത്തുവച്ചാണ് പുഴ സമുദ്രത്തോട് ചേരുന്നത്. അഴിമുഖത്തെ ഞങ്ങള്‍ പാതാര്‍ എന്നു വിളിച്ചുപോന്നു. അവടെ വച്ചാണ് എന്നെ ഞാനാക്കിയ മയ്യഴി നോവല്‍ മനസ്സില്‍ രൂപംകൊണ്ടത്. ഈ പുഴയുടെ കരയിലാണ് ഞാന്‍ എന്റെ കൌമാരപ്രായം ചിലവഴിച്ചത്. വൈകുന്നേരങ്ങളില്‍ അവിടെയാണ് ചെന്നിരിക്കുന്നത്. ചില ദിവസങ്ങളില്‍ നട്ടുച്ചകള്‍ പോലും അവിടെ ചിലവഴിക്കാറുണ്ട്. എപ്പോഴും കൂടെ ഗംഗാധരനുണ്ടാകും. ഞങ്ങള്‍ ദിവസം മുഴുവനും ഒന്നിച്ചാണ്. രസം എന്താണെന്നുവച്ചാല്‍, പകല്‍ മുഴുവനും ഇങ്ങനെ ഒന്നിച്ചുനടന്നിട്ടും രാത്രി ഞങ്ങള്‍ വീട്ടിലിരുന്നു അന്യോന്യം കത്തെഴുതും. പിറ്റേന്ന് രാവിലെ പോസ്റ്റുചെയ്യും. ഒരിക്കല്‍ പോസ്റ്റാപ്പീസിനു സമീപംവച്ചു ഞാന്‍ ഗംഗാധരനെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു: "നീ എവിടെ നിന്നാ വര്ന്നത്?'' ഞാന്‍ പറഞ്ഞു: "നിനക്കുള്ള കത്ത് പോസ്റ്റു ചെയ്തു വരികയാ.'' ഒരിക്കല്‍ ഞങ്ങളങ്ങിനെ മാഹി സ്പോര്‍ട്സ് ക്ളബ്ബില്‍ ഇരിക്കുമ്പോള്‍ പോസ്റ്റുമാന്‍ ഗംഗാധരനെ അന്വേഷിച്ചു വരുന്നു. കത്ത് കണ്ടപ്പഴേ എനിക്കു മനസ്സിലായി, ഞാന്‍ തലേദിവസം പോസ്റ്റുചെയ്ത കത്താണ്. ഇന്‍ലന്റില്‍ എഴുതിയ കത്ത്. അക്കാലത്തെ ഒരു രസമായിരുന്നു അതെല്ലാം. എല്ലാം തുറന്നുപറയുകയും കൈമാറുകയും ചെയ്യുന്ന ഒരു സുഹൃദ്ബന്ധം. ഡല്‍ഹിയിലേക്ക് പോയപ്പോള്‍ ക്രമേണ ആ സൌഹൃദം ക്ഷയിച്ചുവന്നു. കഴിഞ്ഞവര്‍ഷം ഗംഗാധരന്‍ മരിച്ചു. പിന്നീട്, യൌവനകാലത്ത് എനിക്ക് അതുപോലുള്ള ഒരു ആത്മബന്ധം ഉണ്ടാകുന്നത് പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായാണ്. പക്ഷേ, സൌഹൃദം സൂക്ഷിക്കുന്നതില്‍ അവന്‍ എന്നും അനാസ്ഥ കാണിച്ചിരുന്നു. എംടിയും എന്‍പിയും തമ്മില്‍ ഗാഢമായ ഒരു ആത്മബന്ധമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് ആത്മസുഹൃത്തുക്കളില്ല. മിക്കവാറും ഞാന്‍ ഏകാകിയാണ്. എന്റെ എല്ലാം എഴുത്താണ്.
മയ്യഴിപ്പുഴ ഒരു ചെറിയ പുഴയാണ്. വലിയ നദികളിലേക്കുള്ള എന്റെ യാത്രകള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. പാരീസിലും ഒരു പുഴയുണ്ട്. നഗരത്തിന്റെ നടുവിലൂടെ ഒഴുകുന്ന സേന്‍പുഴ. അതിന്റെ കരകളില്‍ നിന്നാണ് യൂറോ കമ്യൂണിസം, അസ്തിത്വവാദം തുടങ്ങിയ ഒട്ടേറെ വലിയ ചിന്താധാരകള്‍ രൂപപ്പെട്ടുവന്നത്. ജീവിതവും സാഹിത്യവും മഹാപ്രവാഹങ്ങളാണ്. ഡല്‍ഹിയില്‍ യമുനാനദി നഗരകാന്താരങ്ങളിലൂടെയും ഗ്രാമാന്തരങ്ങളിലൂടെയുമാണ് ഒഴുകിപ്പരക്കുന്നത്.
എന്റെ ജീവിതം കൊച്ചുമയ്യഴിയില്‍ നിന്നു ഡല്‍ഹി എന്ന മഹാനഗരത്തിലേക്കു പറിച്ചുനടപ്പെട്ടു. അതിനു കാരണക്കാരന്‍ രാഘവേട്ടനായിരുന്നു.
? പ്രണയം, ഫ്രഞ്ച് എംബസിയിലെ ജോലി... ഇതിനെക്കുറിച്ച് എന്തുപറയുന്നു. ഒരു എംബസിക്കുള്ളിലെ ജീവിതത്തെക്കുറിച്ച് ഭൂരിഭാഗം വായനക്കാര്‍ക്കും ഒന്നുമറിയില്ല...
= പ്രണയം എല്ലാക്കാലത്തും ഉണ്ട്. ഇന്നും ഉണ്ട്. എന്റെ കൌമാരകാലത്തും ഉണ്ടായിരുന്നു. അന്ന് ഇന്നത്തെക്കാള്‍ വായനാശീലമുണ്ടായിരുന്നു. പുസ്തകങ്ങള്‍ വായിക്കാത്തവര്‍ അപൂര്‍വമായിരുന്നു. പ്രണയത്തെ പൊലിപ്പിക്കുന്ന ഒന്നായിരുന്നു സാഹിത്യാഭിരുചിയും നോവല്‍ വായനയും. എല്ലാ കൌമാരപ്രായക്കാരന്റെയും മനസ്സില്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സങ്കല്‍പ്പമുണ്ടാകും. ഭാവിയില്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മുന്‍കൂട്ടി കാണുന്ന സ്വപ്നമാണത്. എനിക്ക് അങ്ങനെയുള്ള സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ മുപ്പതുവയസ്സില്‍ കൂടുതല്‍ ജീവിക്കില്ല എന്ന ഒരു തോന്നലുലുണ്ടായിരുന്നു. മുപ്പതു വയസ്സില്‍ മരിക്കാന്‍ പോകുന്ന ഒരാള്‍ എങ്ങനെ കല്യാണത്തെക്കുറിച്ച് സ്വപ്നം കാണും? എന്റെ ചങ്ങാതിമാരില്‍ ചിലര്‍ക്ക് ചില പെണ്‍കുട്ടികളോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. അവര്‍ പെണ്‍കുട്ടികളെ കാണാന്‍ അവരുടെ വീട്ടിനുമുമ്പിലൂടെ നടക്കാന്‍ പോകുമ്പോള്‍ കൂടെ ഞാനും പോകും. അന്ന് പുസ്തകം വായിക്കുന്നവര്‍ക്കൊക്കെ അങ്ങനെ ഒരു അനുരാഗം ആരോടെങ്കിലും തോന്നും. സാഹിത്യവല്‍ക്കരിക്കപ്പെട്ട ഒരു കൌമാരകാലമായിരുന്നു ഞങ്ങളുടേത്.
കുട്ടിക്കാലം മുതലേ എന്റെ മനസ്സ് വളരെ സാഹിത്യവല്‍ക്കരിക്കപ്പെട്ടിരുന്നു. ജീവിതം എനിക്ക് ബൃഹദ്‌നോവലുകളായിട്ടാണ് വെളിപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ ഞാന്‍ എഴുതാന്‍ തുടങ്ങിയിരുന്നു. ഒന്നും മുഴുമിക്കാറില്ല. മുഴുമിപ്പിക്കുവാന്‍ കഴിയാറില്ല. പിന്നീട് പതിനാലു വയസ്സില്‍ ആദ്യമായി ഒരു കഥ മുഴുമിപ്പിച്ചു.
ഞാനെഴുതിയ ആദ്യത്തെ കഥ അതായിരുന്നു. മനസ്സില്‍ വന്നുനിറഞ്ഞ കഥകളിലൊന്ന് കടലാസില്‍ പകര്‍ത്തി. പേരിട്ടില്ല. വീടിനും സ്കൂളിനും ഇടയില്‍ ഒരു കടത്തിണ്ണയില്‍ താമസിച്ച് അവിടെത്തന്നെ തൊഴില്‍ചെയ്ത ചെരിപ്പുകുത്തിയുടെ കഥ. അയാളുടെ മരണവും കടത്തിണ്ണയില്‍ ത്തന്നെ. എന്റെ ആദ്യത്തെ വായനക്കാരി പെങ്ങള്‍ ദേവു ഏച്ചിയായിരുന്നു. ഈയിടെ അവര്‍ മരിച്ചുപോയി. എന്റെ ആദ്യകഥ മാതൃഭൂമിയില്‍ അച്ചടിച്ചുവന്നപ്പോള്‍ ഞാന്‍ അവരെ ഓര്‍ത്തു. ആ കഥ വായിച്ചുതിരുത്തിയത് രാഘവേട്ടനായിരുന്നു; പോസ്റ്റുചെയ്തതും. എന്റെ കൈയില്‍ സ്റ്റാമ്പ് വാങ്ങാനുള്ള പൈസ പോലുമുണ്ടായിരുന്നില്ല. പണിയൊന്നുമില്ലാതെ എഴുത്തുകാരനാകുന്നത് സ്വപ്നം കണ്ടുനടക്കുന്ന കാലം. അന്ന് മാതൃഭൂമിയില്‍ ഒരു കഥ പ്രസിദ്ധീകരിക്കുക എന്നു പറഞ്ഞാല്‍ അത്ര എളുപ്പമായിരുന്നില്ല. കേശവദേവ്, ഉറൂബ്, എസ് കെ പൊറ്റെക്കാട് എന്നിവരുടെയൊക്കെ കഥകള്‍ പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ്. അപ്പോള്‍ എന്‍ വി കൃഷ്ണവാരിയരായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. പിന്നീടാണ് ആ സ്ഥാനത്ത് എം ടി വരുന്നത്.
എഴുത്തും സാഹിത്യവും എനിക്ക് ഭ്രമമായിരുന്നു. അതിനിടയില്‍ പ്രായോഗിക കാര്യങ്ങള്‍ മറക്കും. പണിതേടിയാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നത്. പക്ഷേ, അതിനെക്കുറിച്ചൊന്നും ഞാന്‍ അധികം ചിന്തിച്ചില്ല. മുപ്പതുവയസ്സില്‍ മരിക്കും. അതിനു മുമ്പ് കഴിയുന്നത്ര എഴുതണം. മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എഴുതണം. അക്കാലത്ത് ജോലി കിട്ടുക ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ പോലും പഠിച്ച് പണിയില്ലാതെ അലഞ്ഞുനടക്കുന്ന കാലം. മറ്റൊരു പ്രശ്നം എനിക്ക് പേഴ്സണാലിറ്റി ഉണ്ടായിരുന്നില്ല എന്നതായിരുന്നു. സഹോദരന്മാര്‍ എല്ലാവരും തടിച്ച് സുമുഖന്മാരോ സുന്ദരന്മാരോ ആയിരുന്നു. ചെറുപ്പകാലത്ത് വന്ന രോഗം എന്നെ ഈര്‍ക്കിലിന്റെ രൂപത്തിലാക്കി. അതിനിടയില്‍ ഞാന്‍ സിഗരറ്റു വലിക്കാനും തുടങ്ങി. പേഴ്സണാലിറ്റിയെക്കുറിച്ചുള്ള എന്റെ കോംപ്ളക്സ് മാറിയത് സാര്‍ത്രിന്റെ ജീവിതവും എഴുത്തും മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ്. ഉയരം കുറഞ്ഞ സാര്‍ത്ര് കാണാന്‍ വളരെ മോശമായിരുന്നു. ചെറിയൊരു കോങ്കണ്ണുമുണ്ടായിരുന്നു. എന്നിട്ടോ? നോബല്‍പ്രൈസ് കിട്ടി. പാരീസിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുമായി അദ്ദേഹത്തിനു സൌഹൃദമുണ്ടായി. സിമോന്‍ ദ് ബൂവ്വാറിനു പുറമെ ആയിരുന്നു അത്. ഞാന്‍ ഉയരം കുറഞ്ഞ് മെലിഞ്ഞിട്ടാണെങ്കിലും എനിക്ക് കോങ്കണ്ണില്ലല്ലോ.
ഉള്ള സമയമെല്ലാം ഞാന്‍ വായനക്കും എഴുത്തിനുമായി നീക്കിവച്ചു. കൂട്ടത്തില്‍ ഒരു അഡ്വാന്‍സ്ഡ് ഡിപ്ളോമ കോഴ്സില്‍ ചേര്‍ന്ന് ഫ്രഞ്ച് ഭാഷയിലു സാഹിത്യത്തിലും അവഗാഹം നേടാന്‍ ശ്രമിച്ചു. അധ്യാപികമാരില്‍ ഒരാള്‍ പ്രശസ്ത ബംഗാളി കവി ലോകനാഥ് ഭട്ടാചാര്യയുടെ ഫ്രഞ്ചുകാരി പത്നി ഫ്രാന്‍സ് ഭട്ടാചാര്യയായിരുന്നു. ബംഗാളിയിലും ഇംഗ്ളീഷിലും ഫ്രഞ്ചിലും കവിതയെഴുതുന്ന ലോകനാഥ് ഭട്ടാചാര്യ പലതവണ എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. തന്നെക്കാള്‍ പ്രായം കുറഞ്ഞ എനിക്ക് അദ്ദേഹം വൈന്‍ പകര്‍ന്നുതരികയും ചെയ്തു. സഞ്ചരിച്ചിരുന്ന കാര്‍ പുഴയില്‍ ചെന്നുവീണാണ് അദ്ദേഹം മരിച്ചത്.
എഴുത്തില്‍ എനിക്ക് പെട്ടെന്ന് അംഗീകാരം ലഭിച്ചു. വ്യത്യസ്തമായ രീതിയില്‍ എഴുതിയതുകൊണ്ടായിരിക്കാമത്. അന്നുവരെയുള്ള എഴുത്തിന്റെ രീതി ഞാന്‍ ബ്രെയ്ക്ക് ചെയ്യാന്‍ ശ്രമിച്ചു. പുതിയ ഭാഷ, പുതിയ പ്രമേയങ്ങള്‍, ഇതൊക്കെ ഉള്ളതുകൊണ്ട് പെട്ടെന്നു തന്നെ ഞാന്‍ അറിയപ്പെട്ടു. എംബസിയിലും ഞാന്‍ കഠിനമായി അധ്വാനിച്ചു. ഒരു ഭാഗത്ത് എഴുത്തും വായനയും മറുഭാഗത്ത് രാപ്പകലെന്നില്ലാതെ ഓഫീസ് പണിയും. ഊണും ഉറക്കവുമില്ലാതെ പണിയെടുക്കാന്‍ ഞാന്‍ ശീലിച്ചു. ഫ്രഞ്ചുകാര്‍ക്ക് ഒരു ഗുണമുണ്ട്. എഴുത്തുകാരോട് വലിയ ബഹുമാനമാണ്. ഫ്രാന്‍സിനെ പോലെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനു ഇത്രമാത്രം പരിഗണന നല്‍കുന്ന വേറൊരു രാജ്യമില്ല. ഫ്രഞ്ച് അക്കാദമിയില്‍ അംഗമാകാന്‍ മുന്‍ രാഷ്ട്രപതിമാര്‍ പോലും കാത്തിരിക്കുന്നു. അവിടത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ നിലവാരവും ശുദ്ധിയും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ഫ്രാന്‍സിലെ ഉന്നത ബഹുമതിയാണ് ലിജിയന്‍ ഓഫ് ഓണര്‍. സത്യജിത് റേയ്ക്ക് അതു ലഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് കല്‍ക്കത്തയില്‍ സത്യജിത് റേയുടെ വസതിയില്‍ ചെന്ന് നേരിട്ടാണ് കീര്‍ത്തിമുദ്ര സമര്‍പ്പിച്ചത്. ഞാന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ എന്നെ ആദ്യം കൊണ്ടുപോയത് എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും വീടുകളിലേക്കാണ്. ഫ്രഞ്ച് പ്രധാനമന്ത്രി ദൊമിനിക് ദ് വില്‍പേനെ ഞാന്‍ പാരിസില്‍വച്ച് കണ്ടപ്പോള്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ ഫ്രഞ്ചില്‍ വായിച്ചതായി അദ്ദേഹം പറഞ്ഞു. പെത്തീത്തെക്രിവേന്‍ ദ് ലംബസാദ് (എംബസിയിലെ കൊച്ചുസാഹിത്യകാരന്‍) എന്നാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. ഡല്‍ഹിയിലെ ഫ്രഞ്ച് എംബസി ഒരു മിനി ഫ്രാന്‍സാണ്. അവിടെ മുപ്പത്തിയാറ് കൊല്ലം ജോലി ചെയ്യാന്‍ കഴിഞ്ഞത് എന്റെ സൌഭാഗ്യമാണ്. എന്റെ എഴുത്തുജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ അത് വലിയൊരു പങ്കുവഹിച്ചിരുന്നു.
ഒരിക്കല്‍ എന്റെ പുസ്തകങ്ങള്‍ക്കു മുമ്പില്‍ ഇരിക്കുമ്പോള്‍ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈ ലോകം അതിലൊരു മനുഷ്യന്‍... ഈ പുസ്തകങ്ങളൊക്കെ എഴുതിയത് ഞാന്‍ തന്നെയാണോ? മറ്റുള്ളവരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴിതാ, ഞാനും കുറെ പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നു. സുഖകരമായ ഒരു ഫീലിങ്ങായിരുന്നു അത്.
വീട്. അതാണെന്റെ ആദ്യത്തെ പുസ്തകം. ആദ്യകാല കഥകളായിരുന്നു ഈ സമാഹാരത്തില്‍. തൃശൂര്‍ കറന്റ് ബുക്സാണ് പ്രസാധകര്‍. അച്ചടിച്ചിലവ് അഞ്ഞൂറ് രൂപ ഞാന്‍ വഹിക്കേണ്ടിവന്നു. അതൊരു വലിയ തുകയായിരുന്നു. പതിവുപോലെ സഹായിച്ചത് രാഘവേട്ടനാണ്. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുശേഷം വി ആര്‍ സുധീഷിനു ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള പൈസ ഞാനാണ് കൊടുത്തത്. അപ്പോഴേക്ക് എന്റെ സാമ്പത്തിക പരാധീനതകള്‍ അവസാനിച്ചിരുന്നു. ആപ്പീസില്‍ നിന്നു നല്ല ശമ്പളം കിട്ടുന്നുണ്ട്. പുസ്തകങ്ങളില്‍ നിന്നും ധാരാളം പണം കിട്ടിത്തുടങ്ങി. ഞാന്‍ ശ്രീജയോടു പറയും; നിന്നെ കല്യാണം കഴിച്ചതിനുശേഷമാണ് ഞാന്‍ പച്ചപിടിച്ചുതുടങ്ങിയത്. അതുകേട്ട് അവള്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു. അപ്പോഴേക്ക് എന്റെ ഒട്ടിയ കവിളുകളില്‍ മാംസം വന്നു നിറയാന്‍ തുടങ്ങി. ഇപ്പോള്‍, ഉയരമില്ലെങ്കിലും കാണാന്‍ അത്ര മോശമല്ലെന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കു തോന്നി. ആത്മവിശ്വാസത്തിന് ഇനിയെനിക്ക് സാര്‍ത്രിന്റെ സഹായം ആവശ്യമില്ലെന്ന് സ്വയം പറഞ്ഞു. ഓഫീസ് ജീവിതം അച്ചടക്കം ആവശ്യപ്പെട്ടു. ആ അച്ചടക്കവും ഭാര്യയും കുട്ടികളുമാണ് എന്നെ രക്ഷിച്ചത്. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എനിക്ക് സമയം കിട്ടിയിരുന്നില്ല. അതൊക്കെ ചെയ്തത് ശ്രീജയാണ്. അവള്‍ കുട്ടികളെ നല്ല നിലയില്‍ വളര്‍ത്തി. അവരുടെ പഠിപ്പില്‍ ശ്രദ്ധവച്ചു... അങ്ങനെ പുറമെ കാണാവുന്ന എന്റെ അരാജകജീവിതം അവസാനിച്ചു. പക്ഷേ, ആന്തരികമായി ഞാന്‍ അപ്പോഴും അനാര്‍ക്കിക് ആണ്. ഇപ്പോഴും. അമിതമായ അച്ചടക്കം എഴുത്തിനെ പ്രതിരോധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എംബസി എന്നെ പാരീസില്‍ പറഞ്ഞയച്ച് കള്‍ച്ചറല്‍ മാനേജുമെന്റില്‍ പരിശീലനം നല്‍കി. ഫ്രാന്‍സിലെയും ഇന്ത്യയിലെയും എഴുത്തുകാരും ചിത്രകാരന്മാരും ചിന്തകരുമായി ഒരുപാട് പേരുമായി ഞാന്‍ ഇടപെട്ടു. നൊബേല്‍ സമ്മാനജേതാവായ നോവലിസ്റ്റ് ക്ളോദ് സിമോന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ രണ്ടു ദിവസം മുഴുവനും അദ്ദേഹത്തിന്റെ കുടെയുണ്ടായിരുന്നു. ഒട്ടും സംസാരിക്കാത്ത, ചെറിയ നീലക്കണ്ണുകളുള്ള, വളരെ സീരിയസായ ഒരാളാണ് ക്ളോദ് സിമോന്‍. ആന്റി നോവലിന്റെ പ്രണേതാവാണ്. മറക്കാന്‍ കഴിയാത്ത മറ്റൊരനുഭവം ഴാക്ക് ദെരിദയെ ഞങ്ങള്‍ ഡല്‍ഹിയില്‍ കൊണ്ടുവന്നതായിരുന്നു. അദ്ദേഹം മൂന്ന് പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും നാഷനല്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയിലും. എന്‍എസ് ഡി യിലെ ദെരിദയുടെ പ്രഭാഷണത്തിന്റെ വിഷയം ങഛങഅ എന്നായിരുന്നു. അതായത്, ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ആ പ്രഭാഷണം ശ്രോതാക്കളെ തരിപ്പിക്കുന്നതായിരുന്നു. മറ്റൊരു അവിസ്മരണീയമായ അനുഭവം, റെഴീസ് ദെബ്രേയുടെ കൂടെ ചിലവഴിച്ച ഏതാനും മണിക്കൂറുകളായിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു അദ്ദേഹം. ദെബ്രേ ചെ ഗുവേരയുടെ കൂടെ ബോളീവിയന്‍ വനാന്തരങ്ങളില്‍ ഒളിയുദ്ധം നടത്തിയ വിപ്ളവകാരിയാണ്. റെവല്യൂഷന്‍ ഇന്‍ റെവല്യൂഷന്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ പ്രശസ്തമാണല്ലോ. ജെ എന്‍ യു വിലെയും സെന്റ് സ്റ്റീഫന്‍സ് കോളേജിലെയും തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥികള്‍ സദാ കൂടെ കൊണ്ടുനടന്ന പുസ്തകം.
അങ്ങനെ അവര്‍ കൊണ്ടുനടന്ന മറ്റൊരു പുസ്തകം മാവോവിന്റെ റെഡ് ബുക്കായിരുന്നു. ജെ എന്‍ യുവിലെ പെണ്‍കുട്ടികളുടെ മൂന്നാം മാറിടമാണ് 'റെഡ്ബുക്ക്' എന്നു പറഞ്ഞത് ഖുഷ്വന്ത് സിങ്ങാണ്. അദ്ദേഹം ഞങ്ങളുടെ ഓഫീസില്‍ നിന്നു ഒരുപാടകലെ സുജാന്‍ സിങ് പാര്‍ക്കിലാണ് താമസിച്ചത്. മദ്യം തലക്കുപിടിക്കുമ്പോള്‍ അദ്ദേഹം അങ്ങനെ ചില ജോക്കുകള്‍ പൊട്ടിക്കും. ഔറംഗ്സീബ് റോഡിലെ ഞങ്ങളുടെ ഓഫീസിലെ കോക്ടെയില്‍ പാര്‍ട്ടികളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നു. വളരെ പ്രായമായിട്ടും അദ്ദേഹം വരുമായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ ഞാന്‍ എംബസി കാറില്‍ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുമായിരുന്നു. എന്റെ പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. ദൈവത്തിന്റെ വികൃതികള്‍ പെന്‍ഗ്വിന്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാനദ്ദേഹത്തിനു ഒരു കോപ്പി കൊടുക്കുകയുണ്ടായി.
? ചെറുപ്പത്തില്‍ മയ്യഴി വിട്ടുപോയി. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജീവിച്ചു. എന്നിട്ടും മയ്യഴി ഭാഷ കലര്‍പ്പില്ലാതെ പറയാനും അത് രചനകളില്‍ ഉപയോഗിക്കാനും കഴിഞ്ഞത് എങ്ങനെ.
= എന്റെ ഭാഷ എന്റെ ജീവിതം തന്നെയാണ്. എനിക്ക് ഇരുണ്ട ജീവിതദര്‍ശനമാണ് അന്നും ഇന്നും ഉള്ളത്. അത് രൂപപ്പെട്ടുവരുന്നതില്‍ അകാലചരമം വരിച്ച ഏച്ചിയും ജയരാമന്‍ മാസ്റ്ററും എന്റെ രോഗാതുരമായ കുട്ടിക്കാലത്തിനുമൊക്കെ പങ്കുണ്ട്. അവരോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് മിച്ചിലോട്ട് മാധവന്റെ ദുരന്തകഥ.
ഞാന്‍ ജനിക്കുമ്പോഴേക്ക് എന്റെ നാട്ടുകാരനായ ഈ വലിയ മനുഷ്യന്‍ മരിച്ചുകഴിഞ്ഞിരുന്നു.
പതുക്കെപ്പതുക്കെ കഥകളും നോവലുകളും എഴുതി എഴുത്തുകാരനായി വളരുമ്പോള്‍ എന്റെ സാഹിത്യാവബോധത്തില്‍ അദ്ദേഹത്തിന്റെ രൂപം തെളിഞ്ഞുവന്നുകൊണ്ടിരുന്നു. മയ്യഴിയില്‍ ആദ്യകാല കമ്യൂണിസ്റ്റുകാരനായ മാധവന്‍ അതിബുദ്ധിമാനായ വിദ്യാര്‍ഥിയായിരുന്നു. സ്കോളര്‍ഷിപ്പോടെ പാരീസിലെ സോര്‍ബോന്നണ്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോയതായിരുന്നു. അവിടെവച്ച് പാരീസ് അധിനിവേശ കാലത്ത് നാസി പട്ടാളക്കാര്‍ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയാണുണ്ടായത്. മാധവന്‍ വെടിയേറ്റുമരിച്ച ഇടം ഞാന്‍ ചെന്നു കണ്ടിരുന്നു. പ്രവാസം എന്ന നോവലില്‍ ഇതിനെക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ട്.
ഞാന്‍ മയ്യഴി വിട്ടുപോയത് വല്ലാത്തൊരു അനുഭവമായിരുന്നു. ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട് ദൂരെയുള്ള മഹാനഗരത്തിലേക്കുള്ള യാത്ര. ആദ്യം ഡല്‍ഹിയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തിരിച്ചു മയ്യഴിയിലേക്കുതന്നെ പോരാന്‍ തോന്നി. അമ്മയെ കാണാതിരിക്കാന്‍ വയ്യായിരുന്നു.
പ്രവാസജീവിതത്തിന്റെ ആദ്യ തീക്ഷ്ണാനുഭവങ്ങളില്‍ ഒന്ന് ഏകാന്തതയാണ്. ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്നു ഒരുദിവസം പെട്ടെന്ന് പിഴുതെടുത്ത് ദൂരേക്ക് വലിച്ചെറിയപ്പെടുകയാണ്. നാടും വീടും അച്ഛനും അമ്മയും ചങ്ങാതിമാരും എല്ലാം ഒന്നിച്ച് നഷ്ടപ്പെടുകയാണ്. പിച്ചവച്ചു നടന്ന കോലായയും കളിച്ചുവളര്‍ന്ന മുറ്റവും കൂട്ടുകാരോടൊന്നിച്ച് എന്നും നടന്ന ഇടവഴികളും എല്ലാം ഒരുദിവസം ഇല്ലാതെയാകുന്നു. പറയാനും കേള്‍ക്കാനും ആരും ഇല്ലാതെയാകുന്നു. കേട്ടറിയുക മാത്രം ചെയ്തിട്ടുള്ള ഒരു വിദൂര നഗരത്തില്‍ മുഖമില്ലാത്ത മനുഷ്യരുടെ വലിയ ആള്‍ക്കൂട്ടത്തില്‍ ആരുമല്ലാത്തവനായി ഏകാകയായി നടക്കുക. ദൈവമേ, എന്തിന് ഞാന്‍ ഈ നഗരത്തില്‍ വന്നു? ഒരു നൂറുതവണയെങ്കിലും ഞാനെങ്ങനെ സ്വയം ചോദിച്ചു. സംസാരിക്കാന്‍ സ്വന്തം ഭാഷ പോലുമില്ലാതെ ഞാനെങ്ങനെ എന്റെ ജീവിതകാലം മുഴുവന്‍ ഈ നഗരത്തില്‍ കഴിച്ചുകൂട്ടും? നാടുവിടുമ്പോള്‍ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം ഭാഷയാണ്. നമ്മുടെ സ്വത്വത്തിന്റെ ഭാഗമായ പ്രാദേശിക ഭാഷ നഷ്ടപ്പെടുന്നു. റോഡില്‍ നടക്കുമ്പോഴും ബസ്സുകളില്‍ സഞ്ചരിക്കുമ്പോഴും ചുറ്റുമുള്ളവര്‍ സംസാരിക്കുന്നത് എന്റെ ഭാഷയല്ല. അവരുടെ ഭാഷ അര്‍ഥങ്ങളും ധ്വനികളും ഇല്ലാത്ത വെറും ഒരു ശബ്ദഘോഷണമായി മാത്രം എനിക്ക് അനുഭവപ്പെട്ടു. കുഞ്ഞുന്നാളില്‍ കൊഞ്ചിപ്പറഞ്ഞു പഠിച്ച ഭാഷ– അമ്മയുടെ മടിയില്‍ ഇരുന്നുപഠിച്ച ഭാഷ. അത് ഉപയോഗശൂന്യമായിത്തീരുന്നു. ആ ഭാഷ കൊണ്ട് ഇപ്പോള്‍ ഒരുപയോഗം മാത്രമേയുള്ളൂ. അവനവനോട് സങ്കടം പറയാന്‍ മാത്രം. അങ്ങനെ എന്റേതല്ലാത്ത ഭാഷകള്‍ സംസാരിച്ചാണ് ഞാന്‍ നാല്‍പ്പത് കൊല്ലം ഡല്‍ഹിയില്‍ ജീവിച്ചത്. എന്നിട്ടും കുട നന്നാക്കുന്ന ചോയിയില്‍ മയ്യഴി ഭാഷ ഉപയോഗിക്കാന്‍ കഴിഞ്ഞത്, ഞാന്‍ വീട്ടില്‍ ആ ഭാഷ സംസാരിച്ചതുകൊണ്ടു മാത്രമാണ്. മലയാളികളാണെങ്കിലും വീട്ടില്‍ അച്ഛനമ്മമാരും മക്കളും ഹിന്ദിയില്‍ സംസാരിക്കുന്നത് ഡല്‍ഹിയില്‍ സാധാരണയാണ്. ചിലര്‍ ഇംഗ്ളീഷില്‍ സംസാരിക്കുന്നു. എന്റെ വീട്ടില്‍ ഓന്‍ എന്നല്ലാതെ അവന്‍ എന്നു പറയരുതെന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. വീട്ടില്‍ ഒരിക്കലും ആരെയും ഞാന്‍ 'എടീ' എന്ന് വിളിച്ചിരുന്നില്ല. 'എണേ' എന്നേ വിളിച്ചിരുന്നുള്ളൂ. 'എണേ' എന്നത് സ്നേഹത്തില്‍ കുതിര്‍ന്ന ഒരു മധുരവാക്കാണ്. അത് വിവര്‍ത്തനത്തിനുപരിയാണ്.
? ഡല്‍ഹി തലസ്ഥാന നഗരമാണ്. അവിടെ പലയിടങ്ങളില്‍ നിന്നും എഴുത്തുകാര്‍ വരും. അവരുമായി താങ്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ.
= മഹാശ്വേതാദേവിയില്‍ നിന്ന് തുടങ്ങാം... അവരെ ഞാന്‍ പരിചയപ്പെടുന്നത് ഡല്‍ഹിയില്‍വച്ചാണ്. 2002 ലാണ് ഞാന്‍ അവരെ അടുത്തറിയുന്നത്. ഫ്രാന്‍സില്‍ എല്ലാവര്‍ഷവും നടക്കുന്ന Bellers etrangeres എന്ന സാഹിത്യോത്സവമാണ് അതിനെനിക്ക് അവസരം നല്‍കിയത്. പാരീസിലെ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിനാണ് അതിന്റെ നടത്തിപ്പുചുമതല. അതില്‍ പങ്കെടുക്കാനായി എഴുത്തുകാരെ തെരഞ്ഞെടുക്കുന്നതില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവര്‍ പാലിച്ചുപോന്നു. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ഗുന്തര്‍ഗ്രാസും നദീന്‍ ഗോര്‍ഡിമറും മഹ്മൂദ് ദാര്‍വിഷുമെല്ലാം പങ്കെടുത്തിരുന്നു. 2002 ല്‍ ഏതാനും ഇന്ത്യന്‍ എഴുത്തുകാര്‍ ഫ്രാന്‍സിലേക്ക് ക്ഷണിക്കപ്പെട്ടു. നമ്മുടെ ഭാഷയില്‍ നിന്നു കമലാസുരയ്യയും ഞാനുമായിരന്നു സംഘത്തിലുണ്ടായിരുന്നത്. ഫ്രഞ്ചുഭാഷയില്‍ ഒരു പുസ്തകമെങ്കിലും വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയ എഴുത്തുകാരെ മാത്രമേ ഈ ഫെസ്റ്റിവലില്‍ ക്ഷണിക്കാറുള്ളൂ. അപ്പോഴേക്ക് മയ്യഴിപ്പുഴയുടെ തീരങ്ങള്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എഴുത്തുകാരുടെ സംഘത്തില്‍ ഉള്‍പ്പെടാനുള്ള എന്റെ യോഗ്യത അതായിരുന്നു.
അങ്ങനെ മഹാശ്വേതാദേവിയുടെ കൂടെ ഇരുപതു ദിവസം ഞാന്‍ യാത്ര ചെയ്തു. ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് പാരീസ്. പക്ഷേ, ബംഗാളിയായ അവര്‍ക്ക് മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ ചോറ് തിന്നാന്‍ കൊതി തോന്നി. ബംഗാളികള്‍ക്ക് നമ്മളെപ്പോലെ ചോറ് തിന്നാതെ ജീവിക്കാന്‍ കഴിയില്ല. മഹാശ്വേതാദേവിക്കുവേണ്ടി ഞാന്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റ് കണ്ടുപിടിച്ചു. ഞങ്ങള്‍ ഒന്നിച്ചുപോയി ചോറും പരിപ്പുകറിയും കഴിച്ചു.
ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് എഴുത്തുകാര്‍ ശശി തരൂരും യു ആര്‍ അനന്തമൂര്‍ത്തിയും ഭാമയുമായിരുന്നു. ദളിത് എഴുത്തുകാരിയായ തമിഴ്‌നാട്ടിലെ ഭാമ അവരുടെ പീഡനാനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഫ്രഞ്ചുകാരികള്‍ കണ്ണുതുടക്കുന്നത് കണ്ടു. ഭാമയുടെ ചെരിപ്പ് പൊട്ടിയപ്പോള്‍ അവര്‍ ഭാമയ്ക്ക് മത്സരിച്ച് വിലകൂടിയ ചെരിപ്പുകള്‍ വാങ്ങിക്കൊടുത്തു. മഹാശ്വേതാദേവിയെ അവര്‍ അമ്മ എന്നാണ് വിളിച്ചത്. ശശി തരൂര്‍ എപ്പോഴും തിരക്കിലായിരുന്നു. കൈയില്‍ സാറ്റലൈറ്റ് ഫോണും മടിയില്‍ ലാപ്‌ടോപ്പുമായി ശശി സദാ ജോലിചെയ്തുകൊണ്ടിരുന്നു. പാര്‍ക്കുകളിലും റോഡരികുകളിലും പോലും ഇരുന്ന് ശശി ലാപ്‌ടോപ്പില്‍ ടൈപ്പുചെയ്യുന്നത് കാണാമായിരുന്നു. അന്ന് അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നില്ല. ശശി തരൂരായിരുന്നു. വിദേശകാര്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ശശി തരൂരിനെ ആലിംഗനം ചെയ്തു. മറ്റുള്ളവര്‍ക്കൊക്കെ ഷെയ്‌ക്ഹാന്റു മാത്രം. സൊര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നു. അനന്തമൂര്‍ത്തിയാണ് ഏറ്റവും നന്നായി സംസാരിച്ചത്. ശശി തരൂരും ഞാനും ഫ്രഞ്ചിലാണ് സംസാരിച്ചത്. അതുകൊണ്ട് കൂടുതല്‍ കൈയടി കിട്ടിയത് ഞങ്ങള്‍ക്കാണ്. കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. രംഗഭീതിയുള്ള ഒരാളായിരുന്നു ഞാന്‍. സ്റ്റേജില്‍ കാല്‍വയ്ക്കുന്നതോടെ ഭയം എന്നെ ഗ്രസിക്കും. സാര്‍ത്ര് പഠിപ്പിച്ച, മിച്ചിലോട്ട് മാധവന്‍ പഠിച്ച സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം ചെയ്തതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഇന്നെനിക്ക് രംഗഭീതിയില്ല.
എഴുത്തുകാരെ കാണുന്നത് സന്തോഷം തരുന്ന കാര്യമാണ്. ഡല്‍ഹിയിലെ താമസത്തിനിടയില്‍ ഒരുപാട് വലിയ എഴുത്തുകാരെ പരിചയപ്പെടാന്‍ കഴിഞ്ഞു. അവരുടെ കൂട്ടത്തില്‍ നൊബേല്‍ സമ്മാനജേതാക്കളും നമ്മുടെ അന്യസംസ്ഥാനങ്ങളിലെ ജ്ഞാനപീഠജേതാക്കളും മാത്രമല്ല, മലയാളി എഴുത്തുകാരും
ഉള്‍പ്പെടുന്നു. ജി ശങ്കരക്കുറുപ്പിനെയും ഉറൂബിനെയും കേശവദേവിനെയും ഞാന്‍ ആദ്യമായി കാണുന്നത് ഇന്ദ്രപ്രസ്ഥത്തില്‍ വച്ചാണ്. അയ്യപ്പപ്പണിക്കരും സക്കറിയയും മുതല്‍ ടി ഡി രാമകൃഷ്ണന്‍ വരെയുള്ള എത്രയോ എഴുത്തുകാരെയും ഞാന്‍ പരിചയപ്പെട്ടത് ഡല്‍ഹിയില്‍വച്ചുതന്നെ. സേതു കുറച്ചുകാലം ഡല്‍ഹിയില്‍ ഉദ്യോഗം നോക്കിയിരുന്നു. അങ്ങനെ ഇന്ത്യക്കാരും വിദേശികളും നാട്ടുകാരുമായ ധാരാളം സാഹിത്യകാരന്മാര്‍ എന്റെ കാഴ്ചവട്ടത്തില്‍ വന്നുപെട്ടു. നാട്ടില്‍ പോകുമ്പോഴെല്ലാം മലയാളി എഴുത്തുകാരെ കണ്ടു സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ബഷീറിനെ ബേപ്പൂരില്‍ പോയി കണ്ടിട്ടുണ്ട്. മൂന്നോ നാലോ തവണ തകഴിയെ കണ്ടിട്ടുണ്ട്. തകഴി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ വിളിക്കും. പുള്ളിയുടെ ഒരു രീതിയുണ്ട്. ആദ്യപ്രാവശ്യം തമ്മില്‍ കാണുമ്പോള്‍ കൊടും ശൈത്യമായിരുന്നു. തണുപ്പ് മാറ്റാനുള്ള മരുന്ന് വല്ലതും നിന്റെ കൈയിലുണ്ടോ? നീ എംബസിയിലല്ലേ ജോലി ചെയ്യുന്നത്? തകഴി തിരക്കി. ഞാന്‍ തകഴിച്ചേട്ടനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വി കെ മാധവന്‍കുട്ടിയും ഒ വി വിജയനും കൂടെയുണ്ടായിരുന്നു. അമര്‍ കോളണിയിലെ E..104 ഫ്ളാറ്റിലായിരുന്നു അപ്പോള്‍ ഞാന്‍ താമസിച്ചിരുന്നത്. എനിക്കു ശേഷം കവി സച്ചിദാനന്ദനും ഈ ഫ്ളാറ്റില്‍ അല്‍പ്പകാലം താമസിച്ചിട്ടുണ്ട്. അമര്‍ കോളണി എന്ന പേരില്‍ സച്ചി ഒരു കവിതയെഴുതിയിട്ടുണ്ട്.
ഉറൂബിനെയും ഞാന്‍ പലതവണ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി, അല്ലെങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനായി, ധാരാളം എഴുത്തുകാര്‍ ഡല്‍ഹിയില്‍ വരുമായിരുന്നു. എം കൃഷ്ണന്‍ നായരെയും ഞാന്‍ ഡല്‍ഹിയില്‍വച്ചാണ് ആദ്യം കാണുന്നത്. അദ്ദേഹം വളരെ സ്നേഹപൂര്‍വം എനിക്ക് ഒരു സിഗരറ്റു തന്നു. വിലകൂടിയ സ്റ്റെയിറ്റ് എക്സ്പ്രസ് സിഗരറ്റായിരുന്നു അത്. നല്ല ശൈത്യത്തില്‍ സിഗരറ്റു വലിച്ചുകൊണ്ട് ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലാണ് അദ്ദേഹം താമസിച്ചത്. അദ്ദേഹം തകഴിച്ചേട്ടനെപ്പോലെ, തണുപ്പുമാറ്റാനുള്ള വല്ലതും നിന്റെ കൈയിലുണ്ടോ എന്ന് എന്നോടു ചോദിച്ചില്ല. എം കൃഷ്ണന്‍ നായര്‍ സാഹിത്യത്തില്‍ എല്ലാവരെയും ഭത്സിക്കുമെങ്കിലും പെരുമാറ്റത്തില്‍ ജെന്റില്‍മാനായി കാണപ്പെട്ടു. സ്നേഹപൂര്‍വം എനിക്കു കൈതന്നു പിരിഞ്ഞ കൃഷ്ണന്‍നായര്‍ അടുത്ത ആഴ്ച സാഹിത്യവാരഫലത്തില്‍ ഒരു കാരണവുമില്ലാതെ എന്നെ അവഹേളിച്ചെഴുതി. ജീവിതത്തില്‍ അദ്ദേഹം മാന്യനായിരുന്നു. സാഹിത്യത്തില്‍ ആയിരുന്നില്ല.
ഉറൂബുമായി എനിക്ക് പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു. ഇടശ്ശേരിയുടെ രണ്ടു മക്കള്‍, ഹരികുമാറും മാധവനും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്‍ എന്റെ അടുത്ത ചങ്ങാതിമാരായിരുന്നു. അവരിലൂടെയാണ് ഞാന്‍ ആദ്യമായി ഉറൂബിനെ പരിചയപ്പെടുന്നത്. ഒരിക്കല്‍ കേരളാ ക്ളബ്ബില്‍വച്ചുകണ്ടപ്പോള്‍ ഉറൂബ് എന്റെ കാതില്‍ പറഞ്ഞു. ഇക്കൊല്ലം നിനക്കാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം– മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക്. ഇപ്പോള്‍ ആരോടും പറയരുത്. രഹസ്യമായി വയ്ക്കണം. ഞാന്‍ രഹസ്യമായി വച്ചു. രഹസ്യമായി സന്തോഷിക്കുകയും ചെയ്തു. പക്ഷേ, അവാര്‍ഡ് കിട്ടിയത് എനിക്കല്ല, മറ്റൊരാള്‍ക്കാണ്. അവസാനനിമിഷം അക്കാദമിയില്‍ ഒരു അട്ടിമറി നടന്നു. എസ് കെ പൊറ്റെക്കാടിനെ നാട്ടില്‍വച്ചുതന്നെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ജയവല്ലിയുടെ വീട് എന്റെ വീട്ടിനടുത്തായിരുന്നു. അദ്ദേഹം എം പിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ വച്ച് ഞങ്ങള്‍ പതിവായി കാണാറുണ്ടായിരുന്നു. അദ്ദേഹം സാധുമനുഷ്യനായിരുന്നു. ഡല്‍ഹിയിലെ കൊടുംചൂടില്‍ കക്ഷത്തില്‍ ഒരു ബാഗുമായി വിയര്‍ത്തുകുളിച്ച് സൌത്ത് അവന്യൂവിലൂടെ അദ്ദേഹം നടന്നുപോകുന്നത് പലതവണ കണ്ടിട്ടുണ്ട്. ആരെ കണ്ടാലും അദ്ദേഹം ചിരിക്കും. കേശവദേവിനെ കണ്ടത് ഒരു നല്ല ഓര്‍മയാണ്. ഞാനന്ന് എഴുതിത്തുടങ്ങുന്നതേയുള്ളൂ. പക്ഷേ, മുതുകില്‍ ആധുനികന്‍ എന്ന ചാപ്പകുത്തിയിരുന്നു. മലയാളികള്‍ ധാരാളം താമസിക്കുന്ന സരോജിനി നഗറില്‍ കേശവദേവ് സംസാരിക്കുന്നു എന്നറിഞ്ഞ് ഞാന്‍ അങ്ങോട്ടു ചെന്നു. ആള്‍ക്കൂട്ടത്തില്‍ ഞാനും സ്ഥലംപിടിച്ചു. അദ്ദേഹം ഭയങ്കര പ്രസംഗം നടത്തി. രോഷത്തോടെ, പൊട്ടിത്തെറിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ആധുനിക എഴുത്തുകാരെ അതികഠിനമായി വിമര്‍ശിച്ചു. കൂട്ടത്തില്‍ എന്നെയും ശകാരിച്ചു. ഞാന്‍ മിഴിച്ചുനോക്കിയിരുന്നു. തൊട്ടുമുമ്പില്‍ സദസ്സില്‍ ഇരിക്കുന്ന എന്നെ അദ്ദേഹത്തിനു അറിയില്ലല്ലോ. ഒരു വികാരജീവിയായ അദ്ദേഹത്തെ ഞാന്‍ വളരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. സത്യസന്ധനായ, മനസ്സിലുള്ളത് തുറന്നുപറയുന്ന നൈര്‍മല്യമുള്ള വലിയ മനുഷ്യന്‍.
? കേരളത്തിലെ മഹാനഗരം കോഴിക്കോടാണ്. മയ്യഴിയില്‍ നിന്നും അകലെയല്ല കോഴിക്കോട്. അവിടെ ഒരുപാട് വലിയ എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഈ നഗരവുമായുള്ള ബന്ധം. തിക്കോടിയനെയും പൊറ്റെക്കാടിനെയുമെല്ലാം നേരിട്ട് അറിയാമായിരുന്നോ.
= എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ രചനകളും വായിച്ച ആളാണ് ഞാന്‍. വലിയ ഗൌരവക്കാരനാണെന്നും ഒട്ടും സംസാരിക്കില്ലെന്നുമൊക്കെ കേട്ടിരുന്നു. അതുകൊണ്ട് സംശയത്തോടെയാണ് കയറിച്ചെന്നത്. മേശപ്പുറം നിറയെ കടലാസുകളാണ്. അന്ന് കംപ്യൂട്ടര്‍ ഇല്ലല്ലോ. അവിടെ ഒരു ബീഡിയും വലിച്ച് ഇരിക്കുന്നു. വലിയ സ്നേഹമാണ് കാണിച്ചത്. ഡല്‍ഹിയിലെ കാര്യങ്ങളൊക്കെ ചോദിച്ചു. പിന്നീടൊരിക്കല്‍ മഹാറാണി ഹോട്ടലില്‍വച്ച് കുഞ്ഞബ്ദുള്ളയുടെ കൂടെ കണ്ടിരുന്നു. പട്ടത്തുവിള കരുണാകരനെയും ജി അരവിന്ദനെയും എന്‍പിയെയും തിക്കോടിയനെയും കെ ടി മുഹമ്മദിനെയുമെല്ലാം ഞാന്‍ പരിചയപ്പെടുന്നത് കോഴിക്കോട്ടു വച്ചുതന്നെ. നമ്മുടെ സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ കോഴിക്കോട് നഗരത്തിനുള്ളിടത്തോളം പ്രാധാന്യം മറ്റേതെങ്കിലും നഗരത്തിനുണ്ടെന്ന് തോന്നുന്നില്ല. ആധുനികതയുടെ കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ആധുനികത ഡല്‍ഹിയുടേതെന്ന പോലെ കോഴിക്കോടിന്റെയും സൃഷ്ടിയാണെന്നു പറയാം. എം പി നാരായണ പിള്ളയുടെ ജോര്‍ജ് ആറാമന്റെ കോടതി പോലുള്ള കഥകളും മേതിലിന്റെ നോവല്‍ സൂര്യവംശവും പ്രസിദ്ധീകരിക്കാന്‍ മറ്റാരെങ്കിലും ധൈര്യപ്പെടുമോ?
നാട്ടില്‍ വരുമ്പോള്‍ കോഴിക്കോട്ടെ ദേശാഭിമാനി ആപ്പീസിലും ഞാന്‍ ചെല്ലാറുണ്ടായിരുന്നു. ആധുനികതയുടെ കുപ്പായം അഴിച്ചുവച്ച് ഞാന്‍ ഇട്ടത് ഇടതുപക്ഷത്തിന്റെ കുപ്പായമാണല്ലോ. എഴുത്തുകാരന് ജീവിതം ഒന്നേയുള്ളൂ. കുപ്പായങ്ങള്‍ ഒന്നിലേറെ ഉണ്ട്. ആശയങ്ങളുടെ സ്ഫോടനമാണ് ഇതിനുകാരണം. കനയ്യ കുമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അംബേദ്കറൈറ്റുകളും ഇടതുപക്ഷവും ഒന്നിച്ചു പ്രവര്‍ത്തിക്കണം. അങ്ങനെ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കണം. എഴുത്തുകാര്‍ ഇനി ധരിക്കേണ്ട കുപ്പായം അതാണെന്ന് എനിക്കു തോന്നുന്നു. എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും കൂട്ടമായി ഇടതുപക്ഷത്തേക്ക് വരുന്നതാണ് നമ്മള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കണ്ടത്.
? ഇടതുപക്ഷ ഗവണ്‍മെന്റ് സ്ഥാനമേറ്റെടുത്തതിനു ശേഷം താങ്കള്‍ നല്‍കുന്ന ആദ്യ അഭിമുഖമാണിത്. എങ്ങനെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.
= ഇടതുപക്ഷം അധികാരത്തില്‍ വന്നിരിക്കുന്നു. ഞെക്കിപ്പിഴിഞ്ഞുനേടിയ ഒരു വിജയമല്ല അത്. ഒരു സുനാമി തന്നെയായിരുന്നു അത്. അഞ്ചു വര്‍ഷങ്ങളായി അടിഞ്ഞുകൂടി കിടന്ന മാലിന്യങ്ങളത്രയും അതില്‍ ഒഴുകിപ്പോയി. വി എസും പിണറായിയും നയിച്ച ഈ ജനമുന്നേറ്റം ഒരു ചരിത്രവിജയമാണ് ഇടതുപക്ഷത്തിനു നല്‍കിയത്. ജനങ്ങളുടെ വിജയമായിരുന്നു അത്. നാട്ടില്‍ പുതിയ പ്രതീക്ഷകള്‍ ഉണരുകയാണ്. ഒരു പുതിയ സൂര്യോദയം പിറക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇനി നമ്മള്‍ സാഹിത്യത്തെക്കുറിച്ച് സംസാരിക്കാന്‍.
? താങ്കള്‍ മലയാളിയാണെങ്കിലും പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലാണ് താമസം. അവിടെയും തെരഞ്ഞെടുപ്പ് നടന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചു. ഇതെങ്ങനെ കാണുന്നു.
= തെക്ക് വടകരയ്ക്കും വടക്ക് തലശ്ശേരിക്കും ഇടയിലുള്ള ഒരു കൊച്ചുപ്രദേശമാണ് മയ്യഴി. കേരളത്തിലുടനീളം നിറഞ്ഞൊഴുകിയ ചുവപ്പുതരംഗം മയ്യഴിയിലുമുണ്ടായി. കാല്‍നൂറ്റാണ്ടായി സ്ഥിരം നിയമസഭാ സാമാജികനായ കോണ്‍ഗ്രസിന്റെ ഇ വത്സരാജ് രണ്ടായിരത്തിലേറെ വോട്ടിനു തോറ്റു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചത് ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഇരുപത്തിമൂന്നായിരത്തിനു താഴെ മാത്രം സമ്മതിദായകരുള്ള സ്ഥലമാണ് മയ്യഴി. അതുകൊണ്ടു തന്നെ രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം വളരെ വലുതാണ്.
മയ്യഴിയുടേത് ഇടതുപക്ഷ മനസ്സാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഞാനാ ചിത്രം വരച്ചുവച്ചിട്ടുണ്ട്. എന്നിട്ടും ദീര്‍ഘകാലമായി ഇടതുപക്ഷത്തിനു ഇവിടെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെപോയത് ഒരു നല്ല നേതൃത്വത്തിന്റെ അഭാവം കാരണമായിരുന്നു. മാര്‍ക്സിനെക്കുറിച്ചു പുസ്തകം രചിച്ച മൂച്ചിക്കല്‍ പത്മനാഭനെപ്പോലുള്ള ഒരു നേതാവ് പിന്നീട് മയ്യഴിയില്‍ ഉണ്ടായില്ല. അവസാനം റിട്ടയേര്‍ഡ് കോളേജ് അധ്യാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. വി രാമചന്ദ്രനെ പോലുള്ള ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. അത് ബൌദ്ധികവും രാഷ്ട്രീയവുമായ ഒരു പുതിയ ഉണര്‍വ് നാട്ടിലുണ്ടാക്കി. ഡോ. രാമചന്ദ്രന്റെ വിജയം മയ്യഴിയിലെ ഇടതുപക്ഷത്തിന്റെ പുനര്‍ജനിയാണ്. കാല്‍ നൂറ്റാണ്ടിനുശേഷം മയ്യഴി വീണ്ടും ചുവന്നിരിക്കുന്നു.
? മലയാളത്തില്‍ കഥകളുടെയും നോവലുകളുടെയും വസന്തകാലമാണിത്. അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ കോപ്പികള്‍ വില്‍ക്കുന്ന നോവലുകള്‍ ഉണ്ടാകുന്നു. യുവത്വത്തിന്റെ ഈ കുതിപ്പിനെ ഒരു മുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ കാണുന്നു...
= ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഗംഭീരമായി എഴുതുകയാണ്. നോവലും കഥയും തിളങ്ങുകയാണ്. അവരുമായി ഞാന്‍ സൌഹൃദത്തിലാണ്. അവരെ ഞാന്‍
അനുഗ്രഹിക്കാറുണ്ട്. സുഭാഷ് ചന്ദ്രന്‍ അഹങ്കാരിയാണെന്നാണ് പലരും എന്നോടു പറഞ്ഞത്. അങ്ങനെയൊന്നും എനിക്കു തോന്നിയിട്ടില്ല. മുഖത്തു മാത്രമേ ഗൌരവമുള്ളൂ. നമ്മള്‍ അടുക്കുമ്പോള്‍ അറിയാതെ നമ്മള്‍ സുഭാഷിനെ സ്നേഹിച്ചുപോകും. എംടിയും അങ്ങനെയാണല്ലോ. ബെന്യാമിനും ഉള്ളില്‍ ഒരുപാട് നന്മയുള്ള ആളാണ്. ഒരബദ്ധം കാണിച്ചുവെന്നു മാത്രം– വിമര്‍ശകരെ അടക്കി വിമര്‍ശിച്ചു.
എനിക്ക് പ്രായമായി. ഇനി കാര്യമായി ഒന്നും എഴുതാന്‍ കഴിയില്ല. അങ്ങനെയുള്ള ചിന്തകളാണ് എന്റെ തലയില്‍. എന്നിട്ടും ഞാന്‍ കുട നന്നാക്കുന്ന ചോയി എഴുതി. എനിക്കു തോന്നുന്നത്, അല്‍പ്പംകൂടി സര്‍ഗാത്മകത എന്റെ ഉള്ളില്‍ ബാക്കിയിരിപ്പുണ്ട് എന്നാണ്. സുഭാഷ് ചന്ദ്രന്റെയും ടി ഡി രാമകൃഷ്ണന്റെയും ടി പി രാജീവന്റെയും നോവലുകളോടൊപ്പം കുട നന്നാക്കുന്ന ചോയിയും ആളുകള്‍ വായിക്കുന്നു. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.
എന്റെ കുട്ടിക്കാലത്ത് വീടിന്റെ അരികില്‍ ഒരു കുട നന്നാക്കുന്ന ചോയിയച്ചന്‍ ഉണ്ടായിരുന്നു. മഴക്കാലത്ത് പുരയിലെ കോലായില്‍ ഇരുന്ന് ചോയിയച്ചന്‍ എപ്പോഴും കുട നന്നാക്കുന്നത് കാണാം. ഞാനും അവിടെച്ചെന്ന് കുട നന്നാക്കാന്‍ കൊടുത്തിട്ടുണ്ട്. വേനല്‍ക്കാലത്ത് ചോയിയച്ചന് പണിയുണ്ടാകില്ല. പുരയില്‍ പട്ടിണിയായിരിക്കും. കുട്ടിക്കാലത്ത് മയ്യഴിയില്‍ ഞാന്‍ കണ്ടതായ പല മനുഷ്യമാതൃകകളെയും നോവലില്‍ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ചോയിയച്ചന്‍ അവരില്‍ ഒരാളാണ്.
ആഗോളവല്‍ക്കരണത്തെ നമ്മുടെ ചെറിയ പ്രാദേശിക സംസ്കാരം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ദിശയിലുള്ള ഒരു പരിശ്രമമാണ് കുട നന്നാക്കുന്ന ചോയി. ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കണമെങ്കില്‍ നമ്മള്‍ നമ്മുടെ നാട്ടുഭാഷയും ഭക്ഷണരീതിയുമെല്ലാം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. നോവലിന്റെ അവസാനം ഫാസിസത്തിന്റെ അടുത്തടുത്തുവരുന്ന കാലൊച്ചകളെക്കുറിച്ച് വായനക്കാരെ ഓര്‍മിപ്പിക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഞാന്‍ പുതിയ നോവലിനെക്കുറിച്ച് ആലോചിക്കുകയാണ്. ഉത്തര കേരളത്തിലെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ. കഥാപാത്രങ്ങളും ഭൂമികയും തെളിഞ്ഞുവരുന്നുണ്ട്. പക്ഷേ, എനിക്ക് ഈ വലിയ നോവല്‍ എഴുതി മുഴുമിപ്പിക്കാന്‍ കഴിയുമോ? പ്രായമായില്ലേ? ചില നോവലുകളും കഥകളുമൊക്കെ മനസ്സില്‍ ജനിച്ച് അവിടെ കുറച്ചുകാലം കലഹിച്ച് കാത്തിരിക്കും. അവസാനം ഒരു ദിവസം ഒരിക്കലും എഴുതപ്പെടാതെ എന്നെന്നേക്കുമായി മാഞ്ഞുപോകുകയും ചെയ്യും. എഴുതാന്‍ ആഗ്രഹിക്കുന്ന ഈ പുതിയ നോവലിനും അങ്ങനെ ഒരു ദുര്‍വിധിയുണ്ടാകുമോ? പ്രായത്തിന്റെ പരാധീനതകളെ മറികടന്ന് ഞാനത് എഴുതിയെന്നും വരാം .
(ദേശാഭിമാനി വാരികയില്‍ നിന്ന്)









0 comments