പട്ടുപാതകളും പുതു ചരിത്രങ്ങളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 27, 2016, 05:34 AM | 0 min read

ചൈനമുതല്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരങ്ങളോളം നീളുന്ന പുരാതന വാണിജ്യപാതകളിലൂടെ നീങ്ങുമ്പോള്‍ കിഴക്കും പടിഞ്ഞാറും ഒരു ചരടില്‍ കോര്‍ക്കപ്പെടുന്ന അപൂര്‍വമായ ഒരു ലോകചരിത്രം നമുക്ക് കാണാന്‍ സാധിക്കും. അറബിനാടുകളില്‍നിന്ന് ആഞ്ഞടിച്ച ‘വാണിജ്യക്കാറ്റും പതിനേഴാം നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ തീരങ്ങളില്‍നിന്ന് കപ്പല്‍ കയറിയെത്തിയ വെള്ളി യൂറേഷ്യന്‍നാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ചതും പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യേഷ്യക്കുമേല്‍ പിടിമുറുക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യന്‍ സാമ്രാജ്യവും ഒക്കെ ഈ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രം വേറിട്ട കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതിലൂടെ ലോകചരിത്രത്തിന്റെ പടിഞ്ഞാറന്‍ ചെരിവിനെ കിഴക്കിലേക്ക് തിരിച്ചുവയ്ക്കുന്നു ദി സില്‍ക്ക് റോഡ്സ്, എ ന്യൂ ഹിസ്റ്ററി ഓഫ് ദി വേള്‍ഡ് എന്ന കൃതിയിലൂടെ പീറ്റര്‍ ഫ്രാങ്കോപാന്‍.


മനുഷരും മതങ്ങളും സംസ്കാരങ്ങളും മരണവും പ്രണയവും ചരക്കുകളും അറിവുകളും ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും ഒക്കെ ഒരേ നൂലില്‍ കൊരുത്തെടുക്കുന്ന സങ്കീര്‍ണമായ പാതകളുടെ ഒരു വന്‍ ശൃംഖലയുടെ പേരായിരുന്നു സില്‍ക്ക് റോഡ്സ്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പട്ടിനും അടിമകള്‍ക്കുമായി ഈ പാത താണ്ടിയെത്തിയ പടിഞ്ഞാറന്‍ കച്ചവടക്കാര്‍ തിരികെ കൊണ്ടുപോയത് കച്ചവടദ്രവ്യങ്ങള്‍ മാത്രമല്ല, പുത്തന്‍ ആശയങ്ങളും അറിവുകളുംകൂടിയാണ്. കിഴക്കിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്യാന്‍ ശ്രമിക്കുമ്പോഴും പടിഞ്ഞാറ് സ്വയം മാറ്റപ്പെട്ടുകൊണ്ടിരുന്നത് അറിഞ്ഞില്ല. ബുദ്ധമതവും സൌരാഷ്ട്രീയന്‍ മതവും ഹിന്ദുമതവും ഒക്കെ തിരികെ നല്‍കിയ സംഭാവനകളാല്‍ ഒരു സങ്കരമതത്തിന്റെ പല സ്വഭാവങ്ങളും ക്രിസ്തുമതത്തിനും കിട്ടി എന്നാണ് പുസ്തകം ചാര്‍ത്തിക്കാണിക്കുന്നത്.


1348ല്‍ ഇതേ സില്‍ക്ക് റൂട്ടിലൂടെ സഞ്ചരിച്ച് യൂറോപ്പിലെത്തിയ പ്ളേഗിന് കറുത്ത മൃത്യു എന്നായിരുന്നു പേര്. എന്നാല്‍, യൂറോപ്പിന്റെ നാശംകുറിച്ച ഒരു മഹാവിപത്തുമാത്രമായിരുന്നില്ല മറിച്ച് അവിടത്തെ അധികാരശ്രേണികളില്‍ കാതലായ മാറ്റംവരുത്തിയ ഒരു തൊഴില്‍വിപ്ളവത്തിന് തുടക്കംകുറിച്ച സംഭവമായിരുന്നു. തൊഴിലാളികള്‍ ഇല്ലാതായ ആ കാലത്ത് കൂടുതല്‍ കൂലിക്കും അവകാശങ്ങള്‍ക്കുംവേണ്ടി ശബ്ദമുയര്‍ത്താന്‍ അടിസ്ഥാനവര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാപ്തിയുണ്ടാക്കിയ ഈ ദുരന്തം ഒരു വര്‍ഗസമരത്തിന്റെയും ലിംഗ സമരത്തിന്റെയും ഒക്കെ നാന്ദികുറിച്ചു എന്നും പറയാമെന്നാണ് ഫ്രാങ്കോപാന്‍ വാദിക്കുന്നത്.


പുസ്തകത്തിന്റെ രണ്ടാം പകുതി പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ശ്രദ്ധതിരിക്കുന്നു. പടിഞ്ഞാറിന്റെ കമ്പോള വെറികളും കൊളോണിയല്‍ അജന്‍ഡകളും സാമ്രാജ്യത്വസ്വപ്നങ്ങളും കിഴക്കിന്റെ വൈവിധ്യങ്ങളെയും ആ മണ്ണിന്റെ സമ്പന്നമായ നാനാത്വത്തെയും എങ്ങനെ കച്ചവടത്തിന്റെയും ചൂഷണത്തിന്റെയും ഏകമാനങ്ങളിലേക്ക് ഒതുക്കാന്‍ തീവ്രമായി ശ്രമിച്ചു എന്നതിന്റെ ഒരേകദേശരൂപം ഫ്രാങ്കോപാന്‍ വരച്ചുകാട്ടുന്നുണ്ട്. എന്നാല്‍, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഹൃദയത്തുടിപ്പാകേണ്ട മധ്യ ഏഷ്യന്‍ പ്രദേശവും സില്‍ക്ക് റൂട്ടിലെ പഴയ പ്രതാപശാലികളായ പട്ടണങ്ങളും ഇന്ന് എന്തുകൊണ്ടോ രാഷ്ട്രീയ ഉദാസീനതകളില്‍ ആണ്ടുപോയിരിക്കുന്നു എന്നാണ് ചരിത്രകാരന്റെ വാദം. ഇതിന്റെ രാഷ്ട്രീയ– സാമൂഹിക– സാമ്പത്തിക കാരണങ്ങള്‍ വളരെ ഉപരിപ്ളവതലത്തില്‍ പ്രതിപാദിച്ച് തടിതപ്പുന്ന രീതി ഒരുപക്ഷേ ഈ കൃതിയുടെ ഏറ്റവും വലിയ ന്യൂനതയാവാം. 


കിഴക്കും പടിഞ്ഞാറും ഈ പാതകളില്‍ക്കൂടി സഞ്ചരിച്ചാണ് അപരന്റെ കണ്ണാടിയിലൂടെ സ്വന്തം മുഖം കാണുകയും സംസ്കാരങ്ങളും മതങ്ങളും അറിവുകളും പരസ്പരം കൈമാറി സ്വന്തം മുഖം മിനുക്കുകയുംചെയ്തത്. സാമ്രാജ്യത്വശക്തികളും ആഗോള ആശയവിനമയങ്ങളും ലോക മഹായുദ്ധങ്ങളും ചൈനീസ്, പേര്‍ഷ്യന്‍ സംസ്കാരങ്ങളും ഇസ്ളാം– ബുദ്ധ– ക്രിസ്തു മതങ്ങളും തളിര്‍ക്കുകയും പൂക്കുകയും പുകയുകയും ഒക്കെചെയ്ത ഈ പട്ടുപാതകള്‍ കഴിഞ്ഞ 2000 വര്‍ഷമായി എങ്ങനെ ലോകചരിത്രത്തിന്റെ ഗതിതന്നെ നിര്‍ണയിച്ചുവെന്ന് കാട്ടിത്തരുന്ന രസകരമായ ഒരു വായനയാണ് ഈ കൃതി സമ്മാനിക്കുന്നത്. സില്‍ക്ക് റോഡ് എന്ന ആശയം ഇന്ന് വീണ്ടും പുനര്‍ജനിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുന്നു ഈ കൃതി. ബ്ളൂംസ്ബെറിയാണ് പ്രസാധകര്‍.



deshabhimani section

Related News

View More
0 comments
Sort by

Home