അച്ഛനെക്കുറിച്ച്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:19 PM | 0 min read

‘തോളൊത്താൽ തനിക്കൊത്തു’ എന്നതായിരുന്നു അച്ഛന്റെ ബോധ്യം. അതുകൊണ്ടുതന്നെ പിതൃപുത്ര ബന്ധത്തിനപ്പുറം ഒരു സുഹൃത്തായി, സഖാവായി ചെറുകാട് എനിയ്‌ക്കൊപ്പം ഇന്നും തോളുരുമ്മി നടന്നുകൊണ്ടേയിരിക്കുന്നു. ചെറുകാടിന്റെ മകൻ കെ പി രമണൻ എഴുതുന്നു.


ഒരു ഒക്‌ടോബർ 28 കൂടി. എല്ലാ മൂല്യങ്ങളെയും തകർക്കുമെന്ന് അഹങ്കരിക്കുന്ന ഇക്കാലത്ത് 48 വർഷം മുമ്പ് അന്തരിച്ച ഒരു എഴുത്തുകാരൻ ഇന്നും പഠിക്കപ്പെടുന്നു, ചർച്ച ചെയ്യപ്പെടുന്നു എന്നത് ഇരുട്ട് കീറുന്ന ഒരു വജ്രസൂചിയായി സ്മരണകൾ നിലനിൽക്കും എന്നതിന്റെ നിദർശനമാണ്.

ഒരു മകൻ അച്ഛനെ ഓർക്കുക എന്നത് തികച്ചും വ്യക്തിപരവും പലർക്കും പലപ്പോഴും വിരസവും ആകാനാണ് സാധ്യത. പക്ഷേ ഒന്നുമാത്രം സൂചിപ്പിക്കട്ടെ. ‘തോളൊത്താൽ തനിക്കൊത്തു’ എന്നതായിരുന്നു അച്ഛന്റെ ബോധ്യം. അതുകൊണ്ടുതന്നെ പിതൃപുത്ര ബന്ധത്തിനപ്പുറം ഒരു സുഹൃത്തായി, സഖാവായി ചെറുകാട് എനിയ്‌ക്കൊപ്പം ഇന്നും തോളുരുമ്മി നടന്നുകൊണ്ടേയിരിക്കുന്നു.

ചെറുകാട്‌ ബാലാമണിയമ്മയ്‌ക്കൊപ്പം ഒരു വേദിയിൽ.  എൻ വി കൃഷ്‌ണവാരിയർ,  വി എം നായർ തുടങ്ങിയവർ സമീപംഎന്നിൽ, ഞങ്ങൾ ആറു പേരിലും, ഞങ്ങളുടെ പങ്കാളികളിലും അച്ഛൻ പകർന്ന സന്ദേശം ഇതാണ്‐ ഒരു നല്ല മനുഷ്യനാവുക. അടക്കവും ഒതുക്കവും ഉള്ള, രാഷ്ട്രീയ സംഘടനാ ബോധമുള്ള, മറ്റൊരാളെ കഴിവതും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാവുക.

ആ പിതൃകർത്തവ്യത്തെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. കമ്യൂണിസത്തിന്റെ താത്വികപഠനം അല്ല, മറിച്ച് കമ്യൂണിസ്റ്റ് ജീവിതരീതിയിലേക്ക് കുടുംബത്തെ മാറ്റിയെടുക്കാൻ അച്ഛൻ എന്നും ജാഗ്രതപ്പെട്ടിരുന്നു.

ഉയർന്ന ചിന്ത, എളിയ ജീവിതം, തുറന്ന പെരുമാറ്റം;  ഇതാണ് ചെറുകാടിനെ എല്ലാവർക്കും അഭിമതൻ ആക്കിയത്. വ്യക്തിജീവിതത്തിൽ സ്വകാര്യതകൾക്ക് ഏറെ സ്ഥാനം ഉണ്ടായിരുന്നില്ല എന്നതിന് ജീവിതപ്പാത സാക്ഷ്യം. എത്ര വരട്ടുന്ന ദുഃഖങ്ങളിലും, ഭാവി ഇരുളുന്ന സന്ദർഭങ്ങളിലും, ഇനി എന്ത് എന്ന് ഉഴറുമ്പോഴും, ചെല്ലം തുറന്ന്‌ ഒരു പരിഭ്രമവും ഇല്ലാതെ മുറുക്കുന്ന അച്ഛനെ എത്രയോ തവണ കണ്ടാണ് ഞങ്ങൾ വളർന്നത്.

 “സുഖാനന്തരം ദുഃഖം,
ദുഃഖസ്യാനന്തരം സുഖം,
ചക്രവത് പരിവർത്തന്തേ
ദുഃഖാനി ച സുഖാനി ച”
എന്നതായിരുന്നു ജീവിത ദർശനം.

നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദാരിദ്ര്യം മുറ്റിയ ഓർമയാണ് എനിക്കെന്റെ ബാല്യം. ദുരകളെ ഒതുക്കാൻ പ്രായോഗികമായി കരുത്ത് നൽകിയ അച്ഛന്റെ പരുക്കൻ സ്നേഹം എഴുതി ഫലിപ്പിക്കാൻ എനിക്കിന്നും വാക്കുകളില്ല.

നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദാരിദ്ര്യം മുറ്റിയ ഓർമയാണ് എനിക്കെന്റെ ബാല്യം. ദുരകളെ ഒതുക്കാൻ പ്രായോഗികമായി കരുത്ത് നൽകിയ അച്ഛന്റെ പരുക്കൻ സ്നേഹം എഴുതി ഫലിപ്പിക്കാൻ എനിക്കിന്നും വാക്കുകളില്ല.

അധ്യാപക പ്രസ്ഥാനത്തിന്റെയും കലാസാഹിത്യ പ്രസ്ഥാനത്തിന്റെയും സർവോപരി കമ്യൂണിസ്റ്റ് പാർടിയുടെയും ഒരു എളിയ പ്രവർത്തകനായി കേരളത്തിൽ പലയിടത്തും സഞ്ചരിക്കാനും ഇടപെടാനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ സ്മരണാസാന്നിധ്യം എനിക്ക് കരുത്തായിട്ടുണ്ട്.

 ‘മുരിങ്ങച്ചോട്ടിലെ നക്ഷത്രക്കാഴ്ചകൾ’ എന്നത്  തികച്ചും സാരവത്തും സത്യസന്ധവും പ്രതീകാത്മകവുമായ നിരൂപക പരാമർശമാണ്. മുരിങ്ങയുടെ ഗ്രാമ്യത, ഹരിതാഭ, ഔഷധമൂല്യം, ലളിതശുദ്ധി! അനന്തവിസ്തൃതമായ ആകാശക്കാഴ്ചയിലും മണ്ണിൽ ചുവടുറപ്പിച്ചാണ് അച്ഛൻ ആ നക്ഷത്രരശ്മികളിലെ രാസരേണുക്കളെ രചനകൾക്ക് ഊർജമാക്കിയത്.

പ്രഥമ ചെറുകാട്‌ അവാർഡ്‌ ദാന വേദിയിൽ ഇ കെ നായനാർ പ്രസംഗിക്കുന്നു. സമീപം മിസിസ്‌ ചെറുകാടും ആര്യ പള്ളവും മുഷിഞ്ഞുമങ്ങിയ, ഈറൻമണം മാറാത്ത ഒരു വള്ളി ട്രൗസറും ഏതോ നിറത്തിലുള്ള കുപ്പായവും കല്ലുവര വീഴുന്ന സ്റ്റേറ്റും  ചിത്രാവലി എന്ന പാഠപുസ്തകവും ചെറിയ ചാക്ക് സഞ്ചിയും നാഴികകൾ നടന്ന പ്രൈമറി സ്കൂൾ പഠനവും ഓർമയിലെത്തുന്നു.

മോഹങ്ങൾ മാത്രമുള്ള ഒരു ബാല്യം. ഒരു പലഹാരത്തിന്, മധുരമിട്ട ചായയ്‌ക്ക്‌, എന്തെങ്കിലും ഒരു കൂട്ടാനും ഉപ്പേരിയും ഉള്ള ചോറിന് ആർത്തി തോന്നിയ കാലം. എപ്പോഴെങ്കിലും വീട്ടിലെത്തുന്ന അച്ഛൻ, മക്കളെ പോറ്റാൻ വിഷമിക്കുന്ന അമ്മ.

മോഹങ്ങൾ മിന്നാട്ടങ്ങൾ മാത്രമായിരുന്നു. പട്ടക്കുട പിടിച്ചു, ചിലപ്പോൾ അതിനെത്തന്നെ ചക്രമായി ഉരുട്ടി മോഹനനെയും കൂട്ടി ചെറുകര സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം പുറപ്പെടുമ്പോൾ തോരാമഴ. വിരുന്നുവന്ന ഒരു ചെറിയമ്മയുടെ മകന്റെ ശീലക്കുട സമ്മതത്തോടെ സ്കൂളിലേക്ക് കൊണ്ടുപോയി.

എന്തൊരു സന്തോഷം! തിരിച്ചുവന്നു കയറിയതേയുള്ളൂ. കുട നിവർത്തിവച്ച ഉടനെ അച്ഛന്റെ വക നല്ലൊരടി.  ഒന്നും പറഞ്ഞില്ല. കുട്ടിമനസ്സ് ഒന്ന് തേങ്ങി. പിന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. മറ്റൊരാളുടെ ഒരു മുതലും അനാവശ്യമായി ആഗ്രഹിക്കരുത്.

“മാ ഗൃധഃ കസ്യസ്വിത് ധനം” എന്ന ഉപനിഷത്ത് വാക്യത്തിന്റെ സാരം ഇന്ന് ഞാൻ അറിയുന്നു. ആ ക്ഷാമകാലത്ത്‌ ഒരു പടച്ചോറായിരുന്നു ഭക്ഷണം. പാലനാട്ട് മനയ്‌ക്കലെ അമ്മാത്തൽ (വലിയ മുത്തശ്ശി) വടക്കുപുറത്തേക്ക് വിളിച്ച് ശുദ്ധം മാറാതെ കയ്യിലേക്ക് ഇട്ടുതന്നിരുന്ന ഉലുവ ദോശയുടെ സ്വാദ്! പിന്നീട് അനുഭവിച്ച ഏത് പലഹാരരുചികളുടെയും മേലെ ഇന്നും അത് നാവിൽ ഊറുന്നു.

“ദാരിദ്ര്യം എന്നുള്ളത് അറിഞ്ഞവർക്കേ, പാരിൽ പരക്ലേശവിവേകമുള്ളൂ.” എത്ര ശരി. ഒരു അച്ഛനും അമ്മയും മൂന്നു മക്കളെ പോറ്റിയ ആ കാലം ജീവിതപ്പാതയിൽ ഹൃദയസ്‌പൃക്കായി വിവരിച്ചിട്ടുണ്ട്.

1950കൾ കഴിഞ്ഞപ്പോഴേക്കും നാട്ടിലേയും വീട്ടിലേയും അന്തരീക്ഷം മാറിത്തുടങ്ങി. മികച്ചതൊന്നുമല്ലെങ്കിലും മാറ്റം അറിയാൻ തുടങ്ങിയ കാലം. പാർടി പരസ്യമായി പൊതുരംഗത്തിറങ്ങി പ്രവർത്തനമാരംഭിച്ചു. അച്ഛനും അമ്മയും ഒന്നിച്ച് കുടുംബം പോറ്റാൻ തുടങ്ങി.

ജീവിതത്തിലും അത് പ്രകടമായി. രാവിലെ നാലുമണിക്ക് എഴുന്നേൽക്കും. ഞങ്ങളെ വിളിച്ചുണർത്തും. ചെറിയ മഞ്ചാടിയോളം പോകുന്ന രണ്ടുരുള മാണിഭദ്രലേഹ്യം കഴിക്കണം. രണ്ട്, നാല് ശ്ലോകങ്ങൾ ചൊല്ലിത്തരും. കാണാപ്പാഠം പഠിക്കണം. അച്ഛന് ആറുമണിക്ക് നെയ്യൊഴിച്ച് കട്ടൻകാപ്പി നിർബന്ധം.

പ്രഥമ ചെറുകാട്‌ പുരസ്‌കാരം ഇ കെ നായനാരിൽ നിന്ന്‌ കെ എസ്‌ നമ്പൂതിരി  ഏറ്റുവാങ്ങുന്നുകൂടെ ഞങ്ങൾക്കും കിട്ടും. പിന്നെ ഗൃഹപാഠം. സ്കൂൾ വിട്ടുവന്നാൽ എന്തെങ്കിലും ചെറുപണികൾ. വേനൽ കായ്ക്കറികളുടെ കാലമാണെങ്കിൽ തടമെടുത്ത്, കാച്ചിച്ചുട്ട്‌, വിത്ത്‌ ഇളവച്ച് ഞെടിയിൽ കയറ്റുവോളം അധ്വാനം തന്നെ. രാവിലെ മേയാൻ വിട്ട പശുക്കളെ വൈകുന്നേരം തിരഞ്ഞു പോണം.

 മണ്ണ് അച്ഛന് എന്നും ഒരാവേശമായിരുന്നു. മണ്ണിന്റെ മാറിൽ ചെറുകാടിന്റെ ഏതു കൃതിക്കും ചേരുന്ന പേരാണല്ലോ! എല്ലാ പണിയായുധങ്ങളും ഉപയോഗിക്കാനും മൂർച്ചയോടെ വൃത്തിയായി സൂക്ഷിക്കാനും ഉള്ള നിഷ്‌കർഷ ഒന്നു വേറെ തന്നെ. വെറുതെ ഇരിക്കൽ നിഘണ്ടുവിൽ ഇല്ല. എന്തെങ്കിലും ചെയ്യണം. മക്കളിലൊരാൾ കൂടെയുണ്ടാവുകയും വേണം. അന്ന് ഞങ്ങൾക്കു തോന്നിയ നീരസത്തിലെ വിഡ്ഢിത്തം ഇന്ന് ഞാൻ തിരിച്ചറിയുന്നു.

 വീട്ടകങ്ങളിലെ ജനാധിപത്യം നിത്യചർച്ചാവിഷയമായി തുടരുന്ന ഇക്കാലത്ത്‌ ചെറുകാട്‌ ഒരത്ഭുതമാണ്. വീട്ടിൽ ഇടയ്ക്കൊക്കെ ഒന്നിച്ചൊരിരിപ്പുണ്ട്. ഒന്നുകിൽ അടുക്കളയിൽ അല്ലെങ്കിൽ പൂമുഖത്ത്‌. അധ്യക്ഷൻ ചെറിയൊരു കസേരയിലിരിക്കുന്ന അച്ഛൻ തന്നെ.

നിറഞ്ഞ വെറ്റിലച്ചെല്ലവുമായി അടുത്ത് അമ്മ. ഞങ്ങൾ ചുറ്റും. ചിലപ്പോൾ വെറുമൊരു സൊറക്കൂട്ടം. അല്ലെങ്കിൽ നാട്ടിലോ വീട്ടിലോ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ച. മക്കളുടെയൊക്കെ കല്യാണക്കാര്യങ്ങൾ എത്ര ചടുപിടുന്നനെയാണ് തീരുമാനത്തിലെത്തിയിരുന്നത്.

അതിലും ബ്ലൂപ്രിന്റ് തയ്യാറാക്കിയാണ് വരവെന്ന് പിന്നെയേ നാമറിയൂ. തുടർന്ന് മക്കളും ജീവിതപങ്കാളികളുമടങ്ങുന്ന പന്ത്രണ്ടു പേരിലും ഓരോ പടവിലുമുള്ള ഇടപെടൽ വളരെ ജാഗ്രതയോടെയുമായിരുന്നു. വർത്തമാനത്തിൽ നാമൊന്ന്‌ അമ്പരക്കുമെങ്കിലും ഭാവിയിൽ ഖേദിക്കാനിടവന്നിട്ടില്ല.

 ഭക്ഷണവും അതിന്റെ ചിട്ടവട്ടങ്ങളും സവിശേഷം തന്നെ. ഏതാണ്ടെല്ലാ കൃതികളിലും എത്ര നിഷ്‌കർഷയോടെയാണ് സ്വാദിഷ്ടമായ സദ്യയൊരുക്കുന്നതും വിഭവസമൃദ്ധമായി വിളമ്പുന്നതും എന്ന് ശ്രദ്ധിച്ചാൽ ബോധ്യപ്പെടും. അച്ഛനും അമ്മയും ഒരുപോലെ ഞങ്ങളെ വീട്ടുകാര്യങ്ങളിൽ സ്വയംപ്രാപ്തരാക്കിയത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അച്ഛന്റെ ജീവിതത്തിലുടനീളം ഒരു ആയുർവേദ പഠനസ്വാധീനവും നമുക്ക് കാണാൻ കഴിയും.

 പത്താംതരം കഴിഞ്ഞ്‌ എവിടെനിന്നെല്ലാമോ കേട്ടറിഞ്ഞ ഉപരിപഠന താൽപ്പര്യങ്ങൾ പലതായിരുന്നു. ചുരുങ്ങിയപക്ഷം അങ്ങാടിപ്പുറം പോളിടെക്‌നിക്കിലെങ്കിലും ചേരാനൊരു മോഹം. പേടിച്ചു പേടിച്ചു അച്ഛനോട് ഞാനതു പറഞ്ഞു. ‘ഹും!’ അമർത്തി ഒരു മൂളൽ മാത്രം.

മുഖം കറുപ്പിച്ചായി പിന്നെയെന്റെ പെരുമാറ്റം. നാലഞ്ചു ദിവസം കഴിഞ്ഞു. മുകളിലേക്ക് വിളിച്ചു. ഉച്ചയുറക്കം കഴിഞ്ഞു കിടക്കയിൽ ചമ്രം പടിഞ്ഞിരിക്കുകയാണ്. ചെകിട്ടത്ത്‌ ആഞ്ഞൊരടി. നെഞ്ചിലും തൊണ്ടയിലും സങ്കടം തളംകെട്ടി. കരയാനും പേടി.

“നിന്നെ പട്ടാമ്പി സംസ്‌കൃത കോളേജിൽ വിദ്വാൻ ക്ലാസിൽ ചേർക്കാനാണ് എന്റെ തീരുമാനം. നാളെ ഒരുങ്ങിക്കോ.” വിമുഖതയോടെ പിറ്റേന്ന്‌ ഞാൻ പോയി ചേർന്നു. ഇന്ന് ഞാൻ അറിയുന്നു, ഏതൊരു സർവകലാശാലയേക്കാളും ഉന്നതമായിരുന്നു പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമാവിന്റെ പേരിലുള്ള ആ കലാലയം.

ആ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നപ്പോൾ അടിയുടെ വേദനയെല്ലാം ഞാനെപ്പൊഴേ മറന്നു. അച്ഛന്റെ സത്യവ്രതം, അത് ഗാന്ധിയൻ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമായിരിക്കാം, വിസ്മയകരമാണ്.

പതുക്കെ പിന്നെയൊരു ദിവസം എന്നെ വിളിച്ചു. ‘‘നാശത്തിലേക്ക്‌ കൂപ്പു കുത്തുന്ന ആ സ്ഥാപനത്തെ ഒന്നുജ്ജീവിപ്പിച്ചെടുക്കാനും കുട്ടികളെ ചേർക്കാനും മറ്റുമായി രാപകലില്ലാതെ ഞാനും കൂട്ടുകാരും പാടുപെടുമ്പോൾ ചെറുകാട്‌ സ്വന്തം മകനെ സൗഭാഗ്യം തേടി വിട്ടു എന്നൊരിക്കലും ഒരാൾക്കും പറയാനിടവരരുത്.” വാക്കും പ്രവൃത്തിയും ഇഴചേരുന്ന ആർജവം!

പട്ടാമ്പി പഠനകാലത്തെ വ്യത്യസ്തമായ ഒരു അനുഭവം ഓർമയിലെത്തുന്നു. ഒരു വൈകുന്നേരം അങ്ങാടിയിലൂടെ കൂട്ടുകാരുമൊത്ത്‌ ‘പാസിങ് ഷോ’ സിഗരറ്റും വലിച്ചു നടക്കുന്നത് ബസ്സിൽ കടന്നുപോയ അച്ഛൻ കാണുകയുണ്ടായി. കോളേജിനോട് ചേർന്ന ഒരു പട്ടപ്പുരയിലായിരുന്നു ഞങ്ങൾ കുറച്ചുപേർ താമസിച്ചിരുന്നത്.

കുഞ്ഞുണ്ണി മാഷ്‌പിറ്റേന്ന് രാവിലെ കോളേജിലെത്തിയ അച്ഛൻ എന്നെ വിളിച്ചു വരുത്തി, ഒരു ടിൻ ‘പ്ലേയേഴ്സ്’ സിഗരറ്റും തീപ്പെട്ടിയും കയ്യിൽ തന്ന് പറഞ്ഞു, “നല്ലതു മാത്രമേ ഉപയോഗിക്കാവൂ”. കനത്ത അടിയേക്കാളും ആഘാതമേൽപ്പിച്ചതായിരുന്നു ആ ശിക്ഷ.

വിദ്വാൻ പരീക്ഷ പാസായി രാമകൃഷ്‌ണാശ്രമം ഹൈസ്‌കൂളിൽ എന്നെ കൊണ്ടുചെന്ന്‌ കുഞ്ഞുണ്ണിമാഷെ ഏൽപ്പിച്ചതും അച്ഛൻ തന്നെ. അവിടുത്തെ രണ്ടു കൊല്ലത്തെ അന്തേവാസം എന്നിലുണ്ടാക്കിയ ആന്തരികോർജം അതിരറ്റതായിരുന്നു. ആശ്രമ മേധാവി സ്വാമി വിപാപ്‌മാനന്ദയ്ക്ക് അച്ഛനോടുള്ള സ്നേഹാദരം യഥാർഹം എനിക്കും ലഭിച്ചത് ഒരു ഭാഗ്യമായി.

അച്ഛൻ കോഴിക്കോട്ട്‌ വരുമ്പോൾ ആശ്രമത്തിലും വരും. ജീവിതത്തിന്റെ ചിട്ടകൾ, ലാളിത്യം, അച്ചടക്കം, അധ്യാപനതന്ത്രം, സ്വഭാവശുദ്ധി... എല്ലാത്തിലും ഉന്നതമായ ഉപദേശനിർദേശങ്ങൾ.

കുട്ടികൃഷ്ണമാരാർഒരിക്കൽ പറഞ്ഞു, കുട്ടികൃഷ്ണമാരാർ ഇവിടെ അടുത്താണ്. ഞാൻ പറയാം നിന്നെ കുറച്ചു സംസ്‌കൃതം പഠിപ്പിക്കാൻ. പന്നിയങ്കരയിലെ ‘ഋഷിപ്രസാദ’ത്തിൽ കൊണ്ടുചെന്ന്‌ മാരാരെ ഏൽപ്പിച്ചു. ആഴ്‌ചയിലൊരിക്കൽ ഞാനവിടെ ചെല്ലും. ഭയഭക്തിബഹുമാനങ്ങളോടെയാണ് കർക്കശനായ ആ കൃശഗാത്രനെ അന്നും ഇന്നും ഞാൻ കാണുന്നത്. ആ പഠനരീതിയോട്‌ ഞാനൊട്ടും പൊരുത്തപ്പെട്ടില്ല. പല കാരണങ്ങളാൽ ആ പഠനം നിലച്ചു.

കരിമ്പാറയ്ക്ക്‌ അടിയിൽനിന്ന്‌ ഊറിയ തെളിനീരിന്റെ ഒരു തുള്ളി പോലും കൈക്കുടന്നയിലെടുത്തു നുണയാൻ കഴിഞ്ഞില്ലെന്ന തീരാദുഃഖം പേറുന്നവനാണ് ഞാനിന്നും. മാരാർ സാഹിത്യമാകെ പല മാനങ്ങളിൽ പുനഃപഠനങ്ങൾക്ക് വിധേയമാകുന്ന ഇക്കാലത്ത്‌ ഞാനന്ന് കളഞ്ഞുകുളിച്ച സ്വത്തിന്റെ വില ഓർത്ത്‌ വേദനിക്കാനല്ലേ കഴിയൂ. ചെറുകാടിന്റെ മകനോട് കാണിച്ച നാളികേരപാകത്തിലുള്ള സ്നേഹം!

കോഴിക്കോട്ട്‌ അറുപതുകളിൽ നിറസാന്നിധ്യമായിരുന്ന സാഹിത്യ സാംസ്‌കാരിക നായകരെ ഏതാണ്ടെല്ലാവരെയും അച്ഛന്റെ പിന്നിൽ നിന്ന് കാണാനും അവരുടെ വാത്സല്യം നുണയാനും കിട്ടിയ സന്ദർഭങ്ങളും നിരവധി.

സാഹിത്യസമിതി, മലബാർ കേന്ദ്ര കലാസമിതി, പുരോഗമന സാഹിത്യ സംഘം, വായനശാല‐സ്‌കൂൾ വാർഷികങ്ങൾ… എവിടേക്കായാലും ഞങ്ങൾ മക്കളെയാരെയെങ്കിലും കൂടെക്കൂട്ടും. അടുത്ത് കാണാൻ കഴിഞ്ഞ എത്രയോ മഹാരഥന്മാർ. സ്റ്റേജിലോ സദസ്സിലോ അച്ഛൻ നിറസാന്നിധ്യമാണ്.

എല്ലാവരും ചെറുകാടിനു വേണ്ടപ്പെട്ടവർ, തിരിച്ചും. പലരും വീട്ടിൽ അതിഥികളായി എത്തിയതുമോർക്കുന്നു. എൻ വിയും എസ് കെ പൊറ്റക്കാട്ടും ഒരു വൈകുന്നേരമാണ് വീട്ടിലെത്തിയത്. പടിക്കലെ കുളത്തിലേക്ക് അവർ ഒരു പാത്രത്തിൽ ചൂടുവെള്ളവും എടുത്ത്‌ ഒരു കമ്പിറാന്തൽ വെളിച്ചത്തിൽ കുളിക്കാനിറങ്ങുന്ന ആ രംഗം എത്രയോ വർഷം കഴിഞ്ഞിട്ടും മായാതെ കിടക്കുന്നു.

 മലബാർ കേന്ദ്ര കലാസമിതി നടത്തിയ നാടക മത്സരത്തിൽ തിക്കോടിയന്റെയും കെ ടി മുഹമ്മദിന്റെയും ചെറുകാടിന്റെയും നാടകങ്ങളാണ് അവസാന ലാപ്പിൽ വന്നത്. കെ ടി മുഹമ്മദിനായിരുന്നു ഒന്നാം സ്ഥാനമെന്നാണ് എന്റെ ഓർമ. വീട്ടിൽ മുകളിലെ മുറിയിൽ പടിഞ്ഞാറേ ജനലരികിൽ അച്ഛനൊരു ഫോട്ടോ ഫ്രെയിം ചെയ്ത്‌ വച്ചിരുന്നു.

തിക്കോടിയനും കെ ടിയും അപ്പുറമിപ്പുറം ഇരിക്കുന്നു. നടുക്ക് ചെറുകാടും. വടിവൊത്ത കയ്യക്ഷരത്തിൽ ഒരടിക്കുറിപ്പും; ‘മത്സരമുണ്ടോ? ഇല്ല.’ അതാണ് അച്ഛൻ. അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുമുമ്പ്‌ ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപീകരിക്കുന്നതടക്കം ആ മുൻനിര സാംസ്കാരിക പ്രവർത്തനം തുടർന്നു. സ്റ്റഡി സർക്കിളിന്റെ ഏലംകുളം സമാരോഹ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഒരു ചരിത്രമുഹൂർത്തമായി മാറുകയും ചെയ്തു.

1969 മുതൽ സർക്കാർ സ്കൂളധ്യാപകനായി, തുടർന്നുള്ള മുപ്പതുവർഷം അധ്യാപകസംഘടനയുടെ പ്രവർത്തനങ്ങളിലും സമരപ്രക്ഷോഭങ്ങളിലും സജീവമായി നാടുചുറ്റുമ്പോഴും ഒരധ്യാപകൻ എങ്ങനെയായിരിക്കണം എന്ന അച്ഛന്റെ ഉപദേശം ഞാൻ മറന്നതേയില്ല.

 1969 മുതൽ സർക്കാർ സ്കൂളധ്യാപകനായി, തുടർന്നുള്ള മുപ്പതുവർഷം അധ്യാപകസംഘടനയുടെ പ്രവർത്തനങ്ങളിലും സമരപ്രക്ഷോഭങ്ങളിലും സജീവമായി നാടുചുറ്റുമ്പോഴും ഒരധ്യാപകൻ എങ്ങനെയായിരിക്കണം എന്ന അച്ഛന്റെ ഉപദേശം ഞാൻ മറന്നതേയില്ല.

ഒരു നല്ല കമ്യൂണിസ്റ്റാവുക (ഒരു നല്ല മനുഷ്യനാവുക) എന്നായിരുന്നു അച്ഛൻ ഞങ്ങളെ പഠിപ്പിച്ചത്. വിമർശനം, സ്വയം വിമർശനം എന്നത് രണ്ടു വാക്കല്ല, വീട്ടകങ്ങളിലെ ജനാധിപത്യം പ്രസംഗിക്കാനുള്ളതല്ല, കള്ളറയില്ലാത്ത മനസ്സ് ഒരു പ്രയോഗമല്ല, സ്നേഹം, ആർദ്രത വെറും വാക്കല്ല… ഇവിടെ പച്ചയായ ഒരു മനുഷ്യൻ എനിക്ക് മാതൃകയാവുന്നു.

 എന്തെഴുതുമെന്നാണ് തുടക്കത്തിൽ ഞാൻ ആശങ്കപ്പെട്ടത്. പോകെപ്പോകെ ഓർമകൾ ഒന്നൊന്നായി തിരക്കി വരികയാണ്. ചെമ്മല ആലി മുസ്ല്യാരുടെ ലോവർ എലിമെന്ററി സ്കൂളിൽ മാഷായി ചേർന്ന് ജീവിതസാഗരത്തിലേക്കിറങ്ങി ചുഴിയും മലരിയും താണ്ടി നീന്തി കോളേജധ്യാപകനും യുജിസി പ്രൊഫസറുമായി വളർന്ന ചെറുകാടിന്റെ ജീവിതം പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.

 1976 ഒക്‌ടോബർ 28. ചില സംഘടനാകാര്യങ്ങളുമായി ഞാനന്ന് കോഴിക്കോട്ടായിരുന്നു. വൈകുന്നേരം ടൗൺഹാളിന്റെ മുന്നിലൂടെ മിഠായിത്തെരുവ് മുറിച്ചു പാളയം സ്റ്റാൻഡിലേക്ക് നടക്കവേ ചാത്തുണ്ണി മാസ്റ്ററെയും തായാട്ട് ശങ്കരനെയും കണ്ടു. അച്ഛന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. അച്ഛൻ പട്ടാമ്പിയിലുണ്ട്, സുഖമായിരിക്കുന്നു എന്ന് ഞാൻ പറഞ്ഞു.

അക്കിത്തവും പവനനും ചെറുകാടിന്‌ അന്ത്യോപചാരമർപ്പിക്കുന്നുനമുക്ക് തെറ്റിയതാവും എന്ന് അവർ പറയുമ്പോഴും ഞാനൊരപകടവും മണത്തില്ല. രാത്രി 8 മണിക്ക് കട്ടുപ്പാറ ബസ്സിറങ്ങുമ്പോൾ സഖാക്കളായ കെ പി മാഷും മറ്റും ഒരു കാറുമായി കാത്തുനിൽക്കുകയായിരുന്നു. കാറിൽ പട്ടാമ്പിക്കു പോകവേ അവർ പറയുന്നുണ്ടായിരുന്നു, പരിഭ്രമിക്കാനൊന്നുമില്ല. ചാത്തുണ്ണി മാസ്റ്ററുടെ മുഖഭാവം ഞാനോർത്തു. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു.

രാത്രി തന്നെ ‘ഒന്നിച്ചു’ കട്ടുപ്പാറയ്ക്ക്. ഇടുങ്ങിയ പൂമുഖത്ത്‌ അച്ഛനെ കിടത്തി. പിറ്റേന്ന് ആരെല്ലാം വന്നു, ആശ്വസിപ്പിച്ചു എന്നൊന്നും ഓർക്കുന്നില്ല. ഇനിയൊരിക്കലും മുകളിലെ ജനലിലൂടെ താഴേക്ക് നോക്കി ‘ഇമ്മാട്ട’ (രമണേട്ടൻ) എന്ന വിളി വരില്ല. തെക്കേത്തൊടിയിൽ അച്ഛനെ കുഴിയിലേയ്‌ക്കിറക്കുംവരെ ഞാൻ പിടിച്ചുനിന്നു.

എല്ലാംകഴിഞ്ഞു കയറിയപ്പോൾ രാഘമ്മാമൻ (ആർ പി) പറഞ്ഞു. “ഇനി നന്നായൊന്നു കരഞ്ഞോളൂ”. പതറാതിരിക്കുന്ന അമ്മയുടെ മടിയിൽ തലവച്ച് ഏറെനേരം കരഞ്ഞു. വർഷം 48 കഴിഞ്ഞു. എല്ലാ ദിവസവും രാവിലെ ആ മണ്ണിൽ ഒരു ചുവന്ന പൂ വയ്ക്കുമ്പോൾ എന്തോ ഒരു നിമിഷാർധം ഞാനിന്നും പതറുന്നു.

അച്ഛന്റെ ഷഷ്ടിപൂർത്തി ആശംസാവേളയിൽ മഹാകവി വൈലോപ്പിള്ളിയുടെ പരാമർശം ഒരുപാട്‌ തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. “എന്നെപ്പോലുള്ളവർ അലയും ചുഴിയുമില്ലാത്ത കുളത്തിൽ കുളിക്കുന്നു. ചെറുകാട്‌ അലമാലകൾ തല്ലിത്തകർക്കുന്ന കടലിൽ കുളിക്കുന്നു. കുളവുമുപേക്ഷിച്ചു കുളിമുറിയിൽ കുളിക്കുന്നവർ പെരുകുന്ന കാലത്ത്‌ ചെറുകാട്‌ ഒരത്ഭുതമാകുന്നു”.
 

ദേശാഭിമാനി വാരികയിൽ നിന്ന്

 



deshabhimani section

Related News

View More
0 comments
Sort by

Home