ഇ-ക്ലച്ച് സാങ്കേതികവിദ്യയില്‍ ഹോണ്ട സിബി 650 ആർ & സിബിആർ 650 ആർ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ സിബി 650 ആർ, സിബിആർ 650 ആർ മോട്ടോർസൈക്കിളുകൾ വിപണിയിൽ ഇറക്കി. ഇ–ക്ലച്ച് സാങ്കേതികവിദ്യയാണ് ഈ ബൈക്കുകൾക്ക് കമ്പനി എടുത്തുപറയുന്ന പ്രത്യേകത. 650 സിസി മിഡിൽ-വെയ്‌റ്റ് സെഗ്മെന്റിലുള്ള ഇവ ഇന്ത്യയിൽ ഹോണ്ടയുടെ ഈ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ആദ്യ മോഡലുകളാണ്. 2023 - നവംബറിലാണ് കമ്പനി ഇ–ക്ലച്ച് സിസ്റ്റം വികസിപ്പിച്ചത്. ഇത് ക്ലച്ച്-ലിവർ പ്രവർത്തിപ്പിക്കാതെ ബൈക്കുകൾ എളുപ്പത്തിൽ സ്റ്റാർട്ട് ചെയ്യാനും ഗിയർ മാറാനും സഹായിക്കുന്നു.
ആവേശകരമായ റൈഡിങ് സ്റ്റൈലുകൾക്ക് അനുയോജ്യമായ ഈ സംവിധാനം ഡ്രൈവർക്ക് സുഖകരമായ അനുഭവം നൽകുമെന്നും സ്പോർട്ടി മാന്യുവറിങ്ങിന്റെ ആവേശം വർധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഫോർ- സിലിണ്ടർ എൻജിനാണ് സിബി 650 ആറിന് കുതിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിൻ, 12,000 ആർപിഎമ്മിൽ പരമാവധി 70 കിലോവാട്ട് പവറും 9,500 ആർപിഎമ്മിൽ 63 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് നിർമാതാക്കൾ പറയുന്നു. മികച്ച ബ്രേക്കിങ്ങിനായി മുൻവശത്ത് ഡ്യുവൽ റേഡിയൽ- മൗണ്ടഡ് 310 എംഎം ഫ്ലോട്ടിങ് ഡിസ്കുകളും പിന്നിൽ 240 എംഎം സിംഗിൾ ഡിസ്കുമാണ് നൽകിയിരിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാൻ ഡ്യുവൽ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്, ഹോണ്ട റോഡ്‌സിങ്ക് ആപ്പ് വഴി സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി സാധ്യമാക്കുന്ന 5.0 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടുനിറങ്ങളിൽ ലഭ്യമാകും. 649 സിസി, ഇൻലൈൻ ഫോർ- സിലിണ്ടർ എൻജിനാണ് സിബിആർ 650 ആറിന്റെ കരുത്ത്. ഇതിൽ ട്രാക്‌ഷനും സ്ഥിരതയും വർധിപ്പിക്കാൻ സെലക്ടബിൾ ടോർക്ക് കൺട്രോൾ (എസ്ടിസി) സംവിധാനവുമുണ്ട്. സിബി 650 ആറിന് 9.60 ലക്ഷം രൂപയും സിബിആർ 650 ആറിന് 10.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. എല്ലാ ബിഗ്-വിങ് ഡീലർഷിപ്പുകളിലൂടെയും ബുക്ക് ചെയ്യാം.
0 comments