വില 59,621 രൂപ ‐ എൽഇഡി തിളക്കത്തിൽ പുതിയ ഹോണ്ട ആക്ടിവ 125

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2018, 02:16 PM | 0 min read

എഎൽഇഡി ഹെഡ്ലാമ്പ് ഉൾപ്പെടെ ഒരുപിടി പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തി പുതിയ ഹോണ്ട ആക്ടിവ 125 വിപണിയിൽ എത്തി. ആക്ടിവ 5ജിയോട് സാമ്യതപുലർത്തുന്ന എൽഇഡി ഹെഡ്ലാമ്പുകളാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണം.  ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും  പരിഷ്കരിച്ചിട്ടുണ്ട്.  ഇക്കോ മോഡ്, സർവീസ് കാലയളവ് സൂചിപ്പിക്കുന്ന ഇൻഡിക്കേറ്റർ, ഫോർ ഇൻ വൺ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവ പുതിയ സ്കൂട്ടറിന്റെ സവിശേഷതയാണ്.

59,621 രൂപമുതലാണ് ആക്ടിവയുടെ പുതിയ മോഡലിന് എക്സ് ഷോറും വില. മൂന്നു വകഭേദങ്ങൾ ആക്ടിവ 125  ലഭ്യമാണ്. 59,621 രൂപ വിലയിൽ പ്രാരംഭ ഡ്രം ബ്രേക്ക് മോഡൽ അണിനിരക്കുമ്പോൾ ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയും,  64,007 രൂപയ്ക്ക് ഏറ്റവും ഉയർന്ന ആക്ടിവ 125 ഡിസ്ക് ബ്രേക്ക് വകഭേദവും ലഭിക്കും. ഏറ്റവും ഉയർന്ന ഡിസ്ക് ബ്രേക്ക് വകഭേദത്തിന് പുതിയ ക്രോം മഫ്ളറും ഗ്രെയ് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇടത്തരം മോഡലിൽ  ഗ്രെയ് അലോയ് വീൽ ഉണ്ട്.  പുതിയ നിറങ്ങളാണ് ആക്ടിവയുടെ മറ്റൊരു മാറ്റം. മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീൻ സിൽവർ നിറങ്ങളിൽക്കൂടി ആക്ടിവ 125 ലഭ്യമാകും. മൊബൈൽ ചാർജിങ‌് സോക്കറ്റ് ഓപ്ഷണൽ അക‌്സസറിയാണ്. കോസ്മറ്റിക് അപ്ഡേറ്റുകൾ മാത്രമാണ്  പുതിയ ആക്ടിവ 125ന് ഹോണ്ട നൽകിയിട്ടുള്ളത്. എൻജിനിൽ കാര്യമായ മാറ്റങ്ങളില്ല.

നിലവിലുള്ള 124.9 സിസി എയർ കൂൾഡ് ഒറ്റ സിലിൻഡർ എൻജിൻ സ്കൂട്ടറിൽ തുടരുന്നു. എൻജിന് 8.5 ബിഎച്ച്പി കരുത്തും 10.54 എൻഎം ടോർക്കും  പരമാവധി സൃഷ്ടിക്കാനാകും. ടെലിസ്കോപിക് ഫോർക്കുകൾ മുന്നിലും മൂന്നുവിധത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക്  സസ്പെൻഷനുമാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്.  ലോഹനിർമിത ബോഡി പാനലുകളാണ് ആക്ടിവ 125ന്.  വകഭേദങ്ങളിലെല്ലാം ഹോണ്ടയുടെ കോമ്പി ബ്രേക്കിങ‌് സംവിധാനം സ്റ്റാൻഡേർഡ് ഫീച്ചറാണ്. 12 ഇഞ്ച് അലോയ് വീലാണ് വാഹനത്തിനുള്ളത്. രാജ്യത്ത് സ്കൂട്ടർവിപണിയിൽ ഒന്നാം സ്ഥാനത്തുള്ള ഹോണ്ട ആക്ടീവ പുതിയ മോഡലിലൂടെ യുവാക്കളെയും, സ്ത്രീകളെയുമാണ് പ്രധാനമായി ലക്ഷ്യംവയ്ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home