പതറാതെ, കരളുറപ്പോടെ കേരളം,

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 30, 2018, 03:57 PM | 0 min read

 കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. വൻദുരന്തങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന മലയാളിക്ക് ഈ ദുരന്തമുണ്ടാക്കിയ ഞെട്ടൽ  ഇനിയും മാറിയിട്ടില്ല. ആയിരക്കണക്കിനു ചെറുപ്പക്കാർ, ആരുടെയും ആഹ്വാനത്തിനു കാത്തു നിൽക്കാതെ ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചു. കേന്ദ്ര സൈനികരും പൊലീസുകാരും അധികം ഫയർഫോഴ്സ് ജീവനക്കാരും റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോർത്തു. മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെ വീരനായകൻമാരായി. “കേരളത്തിന്റെ സൈന്യം” എന്നാണ് മുഖ്യമന്ത്രി അവരെ വിശേഷിപ്പിച്ചത്‌.

നിരവധി പേർ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. ക്യാമ്പുകളിൽ പലതും പ്രളയം വിഴുങ്ങി. പലയിടത്തും പൊതുനിരത്തുകളിലൂടെ  പ്രളയജലം കുത്തിയൊഴുകി. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താൻ “നിരത്തുകളിൽ” വള്ളമിറക്കി. നിരവധി വീടുകൾ തകർന്നു. കണക്കില്ലാത്ത ഗൃഹോപകരണങ്ങൾ നശിച്ചു. കന്നുകാലികളും മൃഗങ്ങളും ചത്തൊടുങ്ങി. കൃഷി നശിച്ചു. ഹെക്ടർ കണക്കിന് കൃഷിഭൂമി സമീപ ഭാവിയിൽ താറുമാറായി. കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി, ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായി. കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വിധം നശിച്ചു. വിദ്യാലയങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും കെട്ടിടങ്ങൾ തകർന്നും ഉപകരണങ്ങൾ നശിച്ചും  കനത്ത നഷ്ടമുണ്ടായി. വിലപ്പെട്ട രേഖകൾ നശിച്ചു. ചെറുകിട സംരംഭങ്ങൾ മുതൽ വൻകിട വ്യവസായങ്ങൾ വരെ നിശ്ചലമായി. പലതും നശിച്ചു നാമാവശേഷമായി.

ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റിയ രക്ഷാപ്രവർത്തനത്തിനും കേരളം സാക്ഷിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം പതുക്കെ തിരിച്ചു കയറുകയാണ്‌. മരണത്തെ മുഖാമുഖം കണ്ടവരെയും  പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയും സഹായിക്കാൻ കേരളം ഉണർന്നു. മണിക്കൂറുകൾ കൊണ്ട് നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുങ്ങി. നാടിന്റെ മുക്കിലും മൂലയിലും നിന്ന് ഈ ക്യാമ്പുകളിലേക്ക് സഹായങ്ങൾ ഒഴുകി.ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ കർമനിരതരായി. സാധാരണക്കാരും രംഗത്തിറങ്ങി.  ആഗസ്റ്റ് 9 ന്  ആരംഭിച്ച സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂം ദിവസത്തിൽ 24 മണിക്കൂറും വിരാമമില്ലാതെ പ്രവർത്തിച്ചു. മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി.
കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ സജീവമായതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധവും മികച്ച ഏകോപനവും കൈവന്നു. ഈ ഒരുമയാണ് നൂറ്റാണ്ടിന്റെ മഹാപ്രളയത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ  നമുക്ക് കരുത്തായത്.

വീടുകൾ ചളിയും മാലിന്യങ്ങളും നീക്കി വാസയോഗ്യമാക്കുന്നതിലും ഈ ഐക്യവും ആത്മാർത്ഥതയും പ്രകടമായി. ആഘോഷങ്ങൾ ചുരുക്കിയും ആർഭാടം ഒഴിവാക്കിയും മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു.  സമ്പാദ്യ കുടുക്കയിലെ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ  കൊച്ചു കുട്ടികൾ വരെയുണ്ട്.  “സാലറി ചാലഞ്ച് “ഏറ്റെടുക്കാൻ സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും  ഏറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home