വാക്കുകൾകൊണ്ട‌് വിരിവയ‌്ക്കുന്നവർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2018, 09:53 PM | 0 min read

ചോദ്യങ്ങള്‍ അവസാനിക്കണമെങ്കില്‍ ജീവിതങ്ങള്‍ അവസാനിക്കണം. അതുകൊണ്ടാണ് സുനില്‍ പി ഇളയിടവും  ശ്രീചിത്രനും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ചോദ്യങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസമാണ്. ഉത്തരങ്ങളില്‍ ഉറങ്ങിപ്പോയവരല്ല, ചോദ്യങ്ങള്‍കൊണ്ട് ഉണര്‍ന്നവരാണ് ഈ സമൂഹത്തെ നയിച്ചത്. ചോദ്യം ധിക്കാരമാകുന്നത് കേള്‍ക്കുന്നവന് ഉത്തരമില്ലാതെ വരുമ്പോഴാണ്.

അവസാനിക്കാത്ത ചോദ്യങ്ങള്‍

യുവാക്കളെ ചോദ്യംചെയ്യാന്‍ പ്രേരിപ്പിച്ചതാണ് സോക്രട്ടീസിന്റെ കുറ്റം. അത് അക്കാലത്തെ നിയമമനുസരിച്ച് മരണം വിധിക്കേണ്ട തെറ്റായിരുന്നു. സോക്രട്ടീസിന് വിഷം കൊടുത്തു. പക്ഷെ, ഗ്രീസില്‍ ചോദ്യങ്ങള്‍ അവസാനിച്ചില്ല. ഗ്രീസില്‍ മാത്രമല്ല, ഇന്ത്യയിലും ചൈനയിലും അറേബ്യയയിലും.യാജ്ഞവല്‍ക്യനോട് സംവാദത്തിലേര്‍പ്പെട്ട രണ്ട് സ്ത്രീകളാണ് മൈത്രേയിയും ഗാര്‍ഗിയും. ചോദ്യംകൊണ്ട് വശംകെടുത്തിയ ഗാര്‍ഗിയോട് യാജ്ഞവല്‍ക്യന്‍ രോഷംകൊള്ളുന്നു. ഇനി ചോദിച്ചാല്‍ തല പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഗാര്‍ഗിമാര്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചില്ല. ചോദ്യംചോദിക്കാന്‍ ആര്‍ത്തവം അവര്‍ക്ക് തടസ്സമായില്ല. 

ആചാരവ്യവസ്ഥകളോടും ആവാസവ്യവസ്ഥകളോടും വിശ്വാസ സംഹിതകളോടും 'എന്തുകൊണ്ട്?' എന്ന് മനുഷ്യന്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഉത്തരങ്ങള്‍ മരണത്തിലേക്ക് നയിക്കുന്നു എന്നറിഞ്ഞിട്ടും മനുഷ്യന്‍ ചോദ്യങ്ങള്‍കൊണ്ട് നിവര്‍ന്നുനിന്നു. ഇല്ലെങ്കില്‍ സൗരയൂഥത്തിന്റെ കേന്ദ്രം ഇപ്പോഴും ഭൂമി തന്നെയാകുമായിരുന്നു. സൂര്യന്‍ ഭൂമിയെ ചുറ്റുമായിരുന്നു. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം ശരിയാണെന്ന് ഗലീലിയോ  കണ്ടെത്തിയത് തെറ്റാണെന്ന് മറ്റൊരു പരീക്ഷണം കൊണ്ടല്ല മതമേധാവികള്‍ തെളിയിച്ചത്. വേദപുസ്തകത്തില്‍ അങ്ങനെ പറയുന്നില്ല എന്ന് മാത്രമാണ് അവരുടെ ന്യായം. തടവില്‍ക്കിടന്ന് ഗലീലിയോ അന്ധനാകുമ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ ചിരിക്കുന്നുണ്ടായിരുന്നു. സ്പുട്‌നിക് ബഹിരാകാശത്തേക്ക് പറന്നപ്പോള്‍, നീല്‍ ആംസ്‌ടോങ് ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍,  അസംഖ്യം റോക്കറ്റുകള്‍ ഭൂമിയെ വലയംചെയ്ത് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ കണ്ണില്ലാതായത് ഗലീലിയോക്കല്ല, ചമ്മട്ടിയേന്തിയ പൗരോഹിത്യത്തിനാണ്.

ചിന്തയെ വിലങ്ങിടാന്‍ സാധിക്കില്ല

ജര്‍മനിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ പുസ്തകങ്ങള്‍ നാസികള്‍ കത്തിച്ചിട്ടും ആപേക്ഷികതാ സിദ്ധാന്തം ഇല്ലാതായില്ല. ആണവോര്‍ജം പ്രസരിക്കാതിരുന്നില്ല. അന്തോണിയോ ഗ്രാംഷിയെ തടവിലടച്ചിട്ടും ഈ തല ഇനി ചിന്തിക്കരുത് എന്ന് മുസോളിനി കല്‍പ്പിച്ചിട്ടും അദ്ദേഹത്തിന്റെ തലച്ചോര്‍ നിര്‍ജീവമായില്ല. നാടുകടത്തപ്പെട്ടിട്ടും വേട്ടയാടപ്പെട്ടിട്ടും കാള്‍ മാര്‍ക്‌സ് ചൂഷിതന്റെ വിമോചനശാസ്ത്രം എഴുതാതിരുന്നില്ല. ഇങ്ങനെയൊക്കെയാണ് ഈ ലോകത്തില്‍ മനുഷ്യനും അവരുടെ ചിന്തകളും വളര്‍ന്നത്. അവര്‍ ഒരു സ്വപ്നത്തിലേക്ക് നടന്നവരാണ്. സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൈവിലങ്ങും കാല്‍ച്ചങ്ങലയുമണിഞ്ഞ് കാരാഗൃഹത്തില്‍ കിടന്നവരാണ്.

ശാസ്ത്രത്തിന്റെ പുതിയലോകം

ഗുണനചിഹ്നം വരയ്ക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്ക് ചിതയൊരുക്കാനെ കഴിയൂ. ചിതയൊരുക്കിയവരല്ല, ചിതയില്‍നിന്ന് വെളിച്ചമായി പുനര്‍ജനിച്ചവരാണ് ഈ ലോകത്തെ മാറ്റിയത്. കല്ലില്‍നിന്ന് തുടങ്ങിയ മനുഷ്യന്‍ കംപ്യൂട്ടറിലെത്തി നില്‍ക്കുന്നു. ഭാരമുള്ള ജോലികള്‍ റോബോട്ടുകളെ ഏല്‍പ്പിക്കുന്നു. കൈയിലൊതുങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ജീവിതത്തിന്റെ സമസ്ത വ്യാപാരങ്ങളെയും നിയന്ത്രിക്കുന്നു. മനുഷ്യന്റെ ചിന്തകളെ സ്‌കാന്‍  ചെയ്യാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ബയോടെക്‌നോളജിയും മനുഷ്യജീവിതത്തിന്റെ അര്‍ഥങ്ങള്‍ മാറ്റിയെഴുതുമ്പോഴാണ് ഭൂതകാലത്തിന്റെ നിലവറകളിലാണ് സുവര്‍ണകാലം കിടക്കുന്നതെന്ന ജല്‍പ്പനങ്ങള്‍ ഉണ്ടാകുന്നത്. കൊല്ലവര്‍ഷം 596ല്‍ അവസാനിച്ച ഗുപ്ത രാജാക്കന്മാരുടെ കാലത്തോടെ ഹിന്ദുവിന്റെ സംസ്‌കാരം തകര്‍ന്നു എന്ന് ചിലര്‍ ആക്രോശിക്കുന്നു. അന്ന് ഹിന്ദുവില്ല. 1921ല്‍  കനേഷുമാരി കണക്കെടുത്ത മദ്രാസ് സെന്‍സസ് ഉദ്യോഗസ്ഥന്‍ മതം ചോദിച്ചപ്പോള്‍ ആരും ഹിന്ദു എന്ന് പറഞ്ഞില്ല.

|സംസ്‌കാരവും ദേശീയതയും

മിഥ്യയെ യാഥാര്‍ഥ്യമാക്കി, അതിനെ അഭിമാനമാക്കി, ചാവേറാകാനുള്ള അടയാള ചിഹ്നമാക്കി മാറ്റുന്നു. എന്നിട്ട് ജയിക്കുന്നതാരാണ്?. പാകിസ്ഥാനില്‍ ജയിച്ചതാരാണ്?. അഫ്ഗാനിസ്ഥാനില്‍ ജയിച്ചതാരാണ്?. ഇവരുടെ ഏത് ഉല്‍പ്പന്നമാണ് ലോകമാര്‍ക്കറ്റില്‍ മത്സരിക്കാനുള്ളത്?.  ആത്മഹത്യാ ബോംബുകളല്ലാതെ അവര്‍ ഉണ്ടാക്കുന്നത് എന്താണ്?. അത് നിര്‍മിക്കാന്‍ ശാസ്ത്രം വേണ്ട, എന്‍ജിനിയര്‍മാര്‍ വേണ്ട. ചിന്തകര്‍ വേണ്ട. സംസ്‌കാരം, ദേശീയത എന്നീ വാക്കുകള്‍ മതി.

|ഓരോ അടിയും മുന്നോട്ട്


തിരിഞ്ഞുനടക്കുന്നവര്‍ ഭയമുള്ളവരാണ്. സുവര്‍ണകാലങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഓരോ അടിയും മുന്നോട്ടുള്ളതാണ്. തിരിഞ്ഞുനടക്കുമ്പോള്‍ സുവര്‍ണകാലങ്ങള്‍ കാണാമെന്ന് പറയുന്നതാരാണ്?. നരവംശശാസ്ത്രജ്ഞരല്ല, പുരാവസ്തുഗവേഷകരല്ല. അല്‍ ഖായ്ദ സ്ഥാപിച്ച അബു മുസബ് അല്‍സര്‍ഖാവി, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഉസാമ ബിന്‍ ലാദന്‍, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത വി ഡി സവര്‍ക്കര്‍, യാഥാസ്ഥിതിക ക്രൈസ്തവര്‍, യാഥാസ്ഥിതിക റബ്ബികള്‍.

സര്‍ഖാവിക്കും ബിന്‍ ലാദനും പ്രവാചകനായ മുഹമ്മദിന്റെ കാലത്തേക്ക് നടക്കണം. റബ്ബികള്‍ക്കും ഇവാഞ്ചലിക്കല്‍ തീവ്രവാദികള്‍ക്കും പിന്നെയും നടക്കണം പിന്നോട്ട് ഒരു 2500 കൊല്ലമെങ്കിലും. യാത്രയില്‍ ക്ഷീണമറിയാതിരിക്കാന്‍ പൊതിച്ചോറിന് പകരം കുഴിബോംബ് തരുന്നു. കൊല്ലവര്‍ഷം 1095ല്‍  പോപ്പ് അര്‍ബന്‍ രണ്ടാമന്‍ ക്രിസ്ത്യാനികളെ കുരിശുയുദ്ധത്തിലേക്ക് നയിച്ചത് ക്രിസ്തുവിന്റെ ഹൃദയത്തില്‍ ഇടംകിട്ടാനാണ്. അവര്‍ അരിഞ്ഞുതള്ളിയത് 10 ലക്ഷം മുസ്ലിങ്ങളെയും യഹൂദന്മാരെയുമാണ്. അന്ന് ലോകജനസംഖ്യ 40 കോടിമാത്രം. പക്ഷെ, ക്രിസ്തുവിന്റെ രാജ്യം വന്നില്ല. വന്നത് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കയാണ്. ട്രംപിന്റെ വോട്ട്ബാങ്ക് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളായിരുന്നു. 8 കോടി ഇവാഞ്ചലിക്കലുകാര്‍ ട്രംപിന്റെ പിന്നില്‍ ഉറച്ചുനിന്നു. ഇവാഞ്ചലിക്കലുകാരില്‍ ഇപ്പോഴും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കാത്തവരുണ്ട്. ട്രംപ് അവര്‍ക്ക് ദൈവതുല്യനാണ്.

അമേരിക്കയില്‍ ദൈവം ആശയമായി പ്രസിഡന്റിന്റെ തലയില്‍ പ്രത്യക്ഷപ്പെടുമെങ്കില്‍ ഇന്ത്യയില്‍ ദൈവം ഉന്നം തെറ്റാത്ത വെടിയുണ്ടയാണ്. പ്രാര്‍ഥനയോടെ കാഞ്ചിവലിച്ചാല്‍ ഉന്നം തെറ്റില്ല എന്ന് സനാതന്‍ സന്‍സ്ത പഠിപ്പിക്കുന്നു. നരേന്ദ്ര ധാബോല്‍ക്കറെ വെടിവച്ചുകൊന്ന കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഭീകരസംഘടനയാണ് സന്‍സ്ത. 2025ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന് അവര്‍ പ്രവചിച്ചുകഴിഞ്ഞു. അവരുടെ ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല ബുദ്ധമതക്കാരും ജൈനരുമില്ല, വൈഷ്ണവരും ശൈവരുമില്ല.

വിശ്വാസം

എല്ലാത്തിനും ഉത്തരം മതത്തിലുണ്ടെന്ന് പറയുന്നവര്‍ സാമ്പത്തികരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ വിശ്വാസത്തെ കൂട്ടുവിളിക്കുന്നില്ല ?. ക്രിസ്ത്യന്‍ സാമ്പത്തികശാസ്ത്രവും മുസ്ലിം സാമ്പത്തികശാസ്ത്രവും ഹിന്ദു സാമ്പത്തികശാസ്ത്രവും ഉണ്ടോ?. കാര്‍ഷികരംഗത്ത് ഹിന്ദുക്രിസ്ത്യന്‍മുസ്ലിം രീതികള്‍ ഉണ്ടോ?.

സാമ്പത്തികശാസ്ത്രത്തില്‍ മതവും വിശ്വാസവും ആചാരവുമില്ല. കൃഷിയിലില്ല, റോക്കറ്റ് വിക്ഷേപണത്തിലില്ല, ആയുധക്കരാറുകളിലില്ല, ആഗോളസഞ്ചാരത്തിലില്ല.പിന്നെ എന്തിലാണ്?. സാമൂഹ്യജീവിതത്തില്‍. അവിടെ വേണ്ടത് വെറുപ്പിന്റെയും വിവേചനത്തിന്റെയും ഭാഷയാണോ?.ദ്വൈതമോ അദ്വൈതമോ അവിടെ വേണ്ടത്?. നീയും ഞാനും രണ്ടാണോ, നീയും   ഞാനും ഒന്നാണോ?. ഏതാണ് സമൂഹത്തിന് നല്ലത്.? ഇവിടെ സുനില്‍ പി ഇളയിടത്തിന്റെയും  ശ്രീചിത്രന്റെയും വാക്കുകള്‍ സൗമ്യമധുരമാണ്.  കര്‍പ്പൂരം പുകയുന്ന ആ വാക്കുകളില്‍ ചെകുത്താന്മാര്‍ക്ക് മതിഭ്രമമുണ്ടാകുന്നു. അവര്‍ കാവിയില്‍ ഗുണനചിഹ്നങ്ങള്‍ വരച്ച് കാലനെ ക്ഷണിക്കുന്നു.പക്ഷെ, കാലം മുന്നോട്ട്...മുന്നോട്ട്...



 



deshabhimani section

Related News

View More
0 comments
Sort by

Home