Deshabhimani

കത്തിമുനയിലെ മാധ്യമപ്രവർത്തനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2018, 06:08 PM | 0 min read

നിയന്ത്രിച്ചു നിർത്തുക;  നിശബ്ദരാക്കുക എന്നത് സ്വേഛാധികാര പ്രവണതയുടെ സവിശേഷ സ്വഭാവമാണ്. ആധുനികകാലത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകർ അത് കൃത്യമായി മനസ്സിലാക്കിയത് അടിയന്തരാവസ്ഥക്കാലത്താണ്. അതിൽനിന്ന് വ്യത്യസ‌്തവും  രൂക്ഷവും ഒരുപക്ഷേ സമാനതകൾ ഇല്ലാത്തതുമായ ഭീഷണി ഇന്ന് കേരളത്തിലെ മാധ്യമപ്രവർത്തകർ നേരിടുന്നു. ശബരിമലയിൽ കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ ഉണ്ടായതുപോലെ  ഒരുകാലത്തും മാധ്യമ പ്രവർത്തകർ ഇന്നാട്ടിൽ വേട്ടയാടപ്പെട്ടിട്ടില്ല.  കൂടുതൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കാൽ നൂറ്റാണ്ടിൽ 79 മാധ്യമ പ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 1992ന് ശേഷം  കൊല്ലപ്പെട്ട  45 ശതമാനം പേരും അഴിമതി പുറത്തുകൊണ്ടുവന്നവരാണ്. ഇത്തരം ദുരനുഭവങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന നാടാണ് കേരളം എന്ന് നാം കരുതി. മാധ്യമങ്ങളുടെ അജൻഡവച്ചുള്ള രാഷ്ട്രീയവേട്ടയാടലുകൾക്കും അനൗചിത്യങ്ങൾക്കുമെതിരെ മിതമായ  പ്രതികരണമുണ്ടാകുമ്പോൾപ്പോലും അത് മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി നാം കൊണ്ടാടി. രാഷ്ട്രീയ പാർടികളെയും നേതാക്കളെയും ഓഡിറ്റ് ചെയ്യുമ്പോഴും കമ്യൂണിസ്റ്റ‌് വിരോധം പരമാനന്ദമായി ആസ്വദിക്കുമ്പോഴും  സേഫ് സോണിൽനിന്ന് ഒരിക്കലും പുറത്തുകടക്കില്ല എന്ന വിശ്വാസമാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെ നയിച്ചത്. ആ വിശ്വാസമാണ് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിൽ ഉരുൾപൊട്ടി ഒലിച്ചുപോയത്.

നാല് കാളരാത്രികൾക്കുശേഷം ജീവനുംകൊണ്ട് ഞങ്ങൾ മടങ്ങുന്നു എന്നാണ‌്, ശബരിമലയിൽ റിപ്പോർട്ടിങ്ങിനു പോയ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥ് അയച്ച സന്ദേശം. ഇത് ദേശാഭിമാനി പ്രതിനിധിയായതുകൊണ്ട് സംഭവിച്ചതല്ല. സ‌്ത്രീപ്രവേശം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കു ശേഷം ശബരിമലയിൽ ആദ്യമായി നട തുറന്നപ്പോൾ റിപ്പോർട്ട് ചെയ്യാൻ രാജ്യാതിർത്തിക്കു പുറത്തുള്ള മാധ്യമങ്ങളും എത്തി. അത്തരം സംഘങ്ങളിലെ വനിതകൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരുടെ വാഹനങ്ങൾ തകർക്കുകയും സാധനസാമഗ്രികൾ കൊള്ളയടിക്കുകയും ചെയ‌്തു. ജീവിതത്തിൽ ഇത്രയും അപമാനിക്കപ്പെട്ട അനുഭവം വേറെ ഉണ്ടായിട്ടില്ല എന്ന് ന്യൂസ് മിനിറ്റ‌് റിപ്പോർട്ടർ സരിത എസ‌് ബാലൻ പറയുന്നു. '‘മാധ്യമപ്രവർത്തകയാണെന്ന‌് വ്യക്തമാക്കിയിട്ടും അവരെന്നെ ബലമായി ബസിൽനിന്ന‌് ഇറക്കിവിട്ടു. പൊലീസ‌് സുരക്ഷയൊരുക്കി എന്നെ വാനിലേക്ക‌് കൊണ്ടുപോകുന്നതിനിടെ പിന്നിൽനിന്ന‌് ഒരാൾ ചവിട്ടി. വേച്ചുപോയ ഞാൻ ഒരു വിധത്തിലാണ‌് വാഹനത്തിൽ കയറിപ്പറ്റിയത‌്.’’ സരിതയുടെ വാക്കുകൾ. 

ആൾക്കൂട്ടം  കൃത്യമായ തയ്യാറെടുപ്പോടെ ആക്രമിക്കുകയായിരുന്നുവെന്ന്  രക്ഷപ്പെട്ട  മാധ്യമ പ്രവർത്തകർ ഒന്നാകെ പറയുന്നു.  അസഹ്യമായ അസഭ്യ വർഷത്തിൽ അവർ കുതിർന്നു. സ്ത്രീകൾക്കുമാത്രമല്ല ദുരനുഭവമുണ്ടായത്. ‘'ഇന്നെഴുതാൻ തീരെ വയ്യ, പക്ഷേ എഴുതാതെ എങ്ങനെ കിടക്കും. നിലയ്ക്കലിലെ റബർമര ചുവട്ടിൽ കാറിനുള്ളിൽ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങൾ ഇന്നു രാത്രിതന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്.’’ ന്യൂസ് 18ലെ എം എസ് അനീഷ് കുമാർ കുറിച്ചതാണിത്. 

‘'തൃശൂരിൽനിന്നും കണ്ണൂരിൽനിന്നുമുള്ള കാവിമുണ്ടും കാവിഷാളും ധരിച്ചയാളുകൾ പന്തലിലെത്തി. പുലർച്ചെ മൂന്നരയോടെ തെറിവിളിയുടെ അകമ്പടിയോടെ കാറിൽ ഉച്ചത്തിൽ തട്ടുന്നതുകേട്ടാണ് ഉറക്കമുണർന്നത്. മാതൃഭൂമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ന്റെയുമെല്ലാം ഡിഎസ്എൻജികൾ സ്ഥലത്തുനിന്ന‌് മാറ്റിച്ചു

 

‘'തൃശൂരിൽനിന്നും കണ്ണൂരിൽനിന്നുമുള്ള കാവിമുണ്ടും കാവിഷാളും ധരിച്ചയാളുകൾ പന്തലിലെത്തി. പുലർച്ചെ മൂന്നരയോടെ തെറിവിളിയുടെ അകമ്പടിയോടെ കാറിൽ ഉച്ചത്തിൽ തട്ടുന്നതുകേട്ടാണ് ഉറക്കമുണർന്നത്. മാതൃഭൂമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ന്റെയുമെല്ലാം ഡിഎസ്എൻജികൾ സ്ഥലത്തുനിന്ന‌് മാറ്റിച്ചു. മാതൃഭൂമിയിലെ ഷാനവാസിനെയും ഏഷ്യാനെറ്റിലെ അജിത്തിനെയുമെല്ലാം കൈയേറ്റം ചെയ‌്തു. പിന്നീട് പലായനമായിരുന്നു. നിലയ്ക്കലിൽനിന്ന‌് അഞ്ചു കിലോമീറ്റർ അകലത്തേക്ക‌് വാഹനങ്ങൾ മാറ്റി. പത്തനംതിട്ട ജില്ലാ പൊലീസ‌് മേധാവി സുരക്ഷ ഉറപ്പു നൽകിയതോടെ മടങ്ങിയെത്തി. നേരം പുലർന്നതോടെ സമരക്കാർ അഴിഞ്ഞാട്ടം തുടർന്നു. ബസുകൾ തടഞ്ഞ് യുവതികൾക്കായുള്ള പരിശോധന പുനരാരംഭിച്ചു. ഈ ഘട്ടമെത്തിയതോടെ പൊലീസ‌് ഇടപെട്ടു. ഗുണ്ടകളെ റബർതോട്ടത്തിലേക്ക് അടിച്ചോടിച്ചു. സമരപ്പന്തലും പൊളിച്ചു. എന്നാൽ, ഒന്നര മണിക്കൂർ കഴിഞ്ഞ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ വീണ്ടുമെത്തി കളംമാറി. റബർതോട്ടത്തിലൂടെ ഓടിയവർ വീണ്ടുമെത്തി സമരം തുടർന്നു. ബിജെപി നേതാക്കൾ നിലയ‌്ക്കൽ പമ്പിനടുത്തുള്ള പുതിയ സമരമുഖത്തേക്ക്. ശരണമന്ത്രങ്ങൾക്കൊപ്പം അസഭ്യവർഷങ്ങളുമായി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. നാല‌് വനിതാ മാധ്യമ പ്രവർത്തകരെ മർദിച്ചു. മാധ്യമവാഹനങ്ങൾ തല്ലിത്തകർത്തു.’’എന്ത് സംഭവിച്ചുവെന്ന് അനീഷിന്റെ വാക്കുകളിൽ വ്യക്തമാകുന്നുണ്ട്.

സനോജ് സുരേന്ദ്രന് (ന്യൂസ്  18 ) പറയാനുള്ളത്: ‘‘ഇന്നലെ രാത്രിയിൽ പമ്പയിൽ ട്രാക്ടർ വിളിച്ചുവരുത്തി നിന്നനിൽപ്പിൽ ഞങ്ങൾ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷത്തിൽ 3000ൽ അധികം ആളുകളാണ് കഴിഞ്ഞ കുറച്ചുദിവസമായി സന്നിധാനത്തുള്ളത്. പലപ്പോഴും ഇവരുടെ സാന്നിധ്യം സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്.  ജനം ടിവി ഒഴികെ മറ്റ് മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമയുടെ സന്നിധാനപ്രവേശത്തെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ, അവരുടെ ഇരുമുടിക്കെട്ടിൽ നാപ‌്കിൻ ആയിരുന്നെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. കാരണം, നാപ്കിൻ  ഉണ്ടായിരുന്നില്ല എന്നതുതന്നെ. മറ്റൊരു വാർത്ത 13 സ്ത്രീകൾ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു. അങ്ങനെ ഒരു അറിയിപ്പ് പൊലീസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാർത്തയായി നൽകാൻ കഴിയുക. ഇന്നലത്തെ പ്രചാരണം ഇ പി ജയരാജന്റെ സഹോദരിയുടെ മകൾ മലയ‌്ക്ക‌് വരുന്നെന്നായിരുന്നു. ഇത്തരത്തിൽ കള്ള പ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് കുറച്ചുദിവസമായി. വാർത്ത റിപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടംകൂടുകയാണ് ഇവർ. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. അവർക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാൽ കൈയേറ്റ ശ്രമം. അപ്പോൾ അവരെ വെറുപ്പിക്കാതെ വാർത്ത പറയേണ്ടിവരുന്ന ഞങ്ങൾക്ക് അവരുടെ ഇടയിൽനിന്ന‌് മാറിനിന്നാണ് യഥാർഥ വസ‌്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരിൽ ഞങ്ങളെ ശത്രുക്കളെപ്പോലെയാണ് പ്രതിഷേധക്കാർ കണ്ടിരുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നിരീക്ഷിക്കാൻ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിധ്യം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

‘‘ഇന്നലെ രാത്രിയിൽ പമ്പയിൽ ട്രാക്ടർ വിളിച്ചുവരുത്തി നിന്നനിൽപ്പിൽ ഞങ്ങൾ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷത്തിൽ 3000ൽ അധികം ആളുകളാണ് കഴിഞ്ഞ കുറച്ചുദിവസമായി സന്നിധാനത്തുള്ളത്. പലപ്പോഴും ഇവരുടെ സാന്നിധ്യം സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്.

ഇതിനിടയിലാണ് മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയിൽ ഇവരുടെ വാട്സാപ്പുവഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമപ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെ ആയിരുന്നു പ്രചാരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങൾ മല ഇറങ്ങാൻ തീരുമാനിച്ചത്. പോകാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ ജി ശ്രീജിത‌് പോകേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാർ സന്നിധാനത്തുള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടിക്കെട്ടുമായിട്ടാണ്. സ്ത്രീകൾ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവർ ആഗ്രഹിക്കുന്നത്‌ സന്നിധാനത്ത് ഒരു പൊലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിടാനായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങൾ കാരണക്കാരാകേണ്ടതില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഞങ്ങൾ മല ഇറങ്ങിയത്.’’

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്  മുറിവേറ്റ ശരീരവും മനസ്സുമായാണ് തിരിച്ചുപോയത്. ന്യൂസ് 24  സീനിയർ റിപ്പോർട്ടർ നിഖിൽ പ്രമേഷ് അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘ധ്വജപ്രണാമം സംഘമിത്രങ്ങളേ എന്നു പറയാൻപോലും സമയം തന്നില്ല, അടിച്ച് തകർത്തുകളഞ്ഞു. വണ്ടിയും ആദ്യ ഉപയോഗത്തിനായി പുറത്തുകൊണ്ടുവന്ന ക്യാമറയും ട്രൈപോഡും ബാഗും എല്ലാം.  ക്യാമറാമാൻ സ്വാതിയുടെയും സാരഥി കൃഷ്ണകുമാറിന്റെയും ഫോണുകൾ ദൂരെ കളഞ്ഞു. പവർ ബാങ്കുകൾ, നെറ്റ് സെറ്റർ, മൈക്ക് എല്ലാം പോയി. ഞങ്ങൾ മാധ്യമപ്രവർത്തകർക്ക് സ്വന്തം കുഞ്ഞിനെപ്പോലെ പ്രിയപ്പെട്ടതാണ് ഞങ്ങളുടെ ക്യാമറ. എടുക്കുമ്പോഴും വയ്ക്കുമ്പോഴും ആ വാത്സല്യം ഞങ്ങൾ കാണിക്കും. ഉപയോഗിച്ച് കൊതിപോലും തീർന്നിട്ടില്ലാത്ത പുത്തൻ ക്യാമറ ടാർ നിരത്തിൽ അടിച്ച് പൊട്ടിക്കുമ്പോൾ, ഞാൻ ക്യാമറമാൻ സ്വാതിയുടെ നിസ്സഹായമായ കണ്ണുകളെ കാണുകയായിരുന്നു.  പിന്നെ അടി,   ആദ്യ അടി കാലിന് താഴെ മുട്ടിനോട് ചേർന്നായിരുന്നു. പിന്നെ വയറിനു താഴെയും, അവസാനം കൈയ്ക്കും ഒരെണ്ണം... അതാണ് ഒരല്പം കൂടുതൽ വേദനിപ്പിച്ചത്. ഇതിനിടെ സൗകര്യംപോലെ മുഖത്തും വയറിലും ഒക്കെ വടികൊണ്ട് തലോടുന്നുമുണ്ടായിരുന്നു പ്രിയ സംഘ് മിത്രങ്ങൾ.’’

റിപ്പോർട്ടിങ്ങിന‌് ചെന്ന ഏതാനും ചിലരുടെ അനുഭവ വിവരണത്തിന്റെ അരികുമാത്രമാണിത്. 'ഇന്നലെമാത്രം ആക്രമിക്കപ്പെട്ടത് പതിനഞ്ചിലധികം സഹപ്രവർത്തകരാണ്. മാതൃഭൂമി ക്യാമറ തല്ലിത്തകർത്തു. ആജ് തക്, ഇന്ത്യാ ടുഡേ, എൻഡിടിവി വനിതാ റിപ്പോർട്ടർമാരെ മർദിച്ചു. റിപ്പോർട്ടറിലെ പ്രജീഷിനെയും ക്യാമറമാൻ ഷമീറിനെയും ഡ്രൈവർ ഷിജോയെയും തല്ലിച്ചതച്ച് വാഹനം അടിച്ചുതകർത്തു.’

ഇത്രയും ആസൂത്രിതവും സംഘടിതവുമായ ആക്രമണം കേരളത്തിൽ ഒരു ഘട്ടത്തിലും മാധ്യമ പ്രവർത്തനത്തിനുനേരെ ഉണ്ടായിട്ടില്ല. ലേഖകരെ തോക്കിൻ മുനയിൽ നിർത്തി, തങ്ങളുദ്ദേശിക്കുന്നത‌് റിപ്പോർട്ട് ചെയ്യിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ സംഘപരിവാറിന്റെ പ്രമുഖ നേതാക്കൾ നേരിട്ട് ക്യാമ്പ് ചെയ‌്ത‌് അക്രമത്തിന‌് നേതൃത്വം നൽകി.
ഓരോ ലേഖകരെയും വ്യക്തിപരമായി ഭീഷണിപ്പെടുത്തി. അനേകം ഫോൺകോളുകളിലൂടെ അവരുടെ കുടുംബങ്ങളെയും മുൾമുനയിലാക്കി. അസഭ്യ വർഷം 'ശരണം വിളി’യായും ഭ്രാന്തെടുത്ത അക്രമികൾ 'വിശ്വാസികളാ’യും മാറിയത് ഇങ്ങനെയാണ്.

ജീവഭയമുള്ള, തിരിച്ച‌് വീട്ടിലെത്താൻ കൊതിയുള്ള മാധ്യമ പ്രവർത്തകർക്ക് മനസ്സില്ലാമനസ്സോടെ സത്യം മൂടിവയ‌്ക്കേണ്ടിവന്ന അവസ്ഥ. ഗുണ്ടായിസത്തോട‌് പ്രതികരിക്കാനാകാതെ മാധ്യമപ്രവർത്തനം മറ്റൊന്നായി മാറിയ ഈ ദുരന്തത്തെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ, വിശേഷിച്ച‌് പത്രങ്ങൾ എങ്ങനെ കൈകാര്യംചെയ്തു എന്നുകൂടി നോക്കേണ്ടതുണ്ട്. ഒരു പ്രധാന പത്രവും മുഖപ്രസംഗം എഴുതി ഈ ആക്രമണത്തെ അപലപിച്ചതായി കണ്ടിട്ടില്ല. സ്വന്തം റിപ്പോർട്ടർ ആക്രമിക്കപ്പെട്ടപ്പോൾ അർണാബ് ഗോസ്വാമിക്കുണ്ടായ രോഷം, ചരിത്രത്തിലെ ഏറ്റവും കൊടിയ മാധ്യമ ധ്വംസനം അരങ്ങേറുമ്പോൾ നമ്മുടെ നാട്ടിലെ 'സ്വതന്ത്രനിഷ‌്പക്ഷ’ മാധ്യമങ്ങളിൽ ഒരിടത്തും തിളച്ചുപൊങ്ങിയില്ല. പരസ്യമായി കൊലവിളി മുഴക്കുകയും അക്രമം നടത്തുകയും ചെയ്യുന്നവരെ 'ഭക്തർ’ എന്നും 'വിശ്വാസികൾ’ എന്നും അടയാളപ്പെടുത്താൻ ഇതേ മാധ്യമങ്ങൾ മത്സരിക്കുകയും ചെയ‌്തു.

ശബരിമലയിൽ കണ്ടത്, കേരളത്തിന്റെ ആശങ്കപ്പെടുത്തുന്ന ഒരു മുഖമാണ്. ബാബ‌്റി മസ്ജിദ് തകർക്കാൻ കർസേവയ‌്ക്ക‌് പോയവരുടെയും ഗോഹത്യയുടെ പേരിൽ കൊടുംപാതകങ്ങൾ നടത്തുന്നവരുടെയും ശബ്ദമാണ് അവിടെ ഉയർന്നുകേട്ടത്,  കലാപത്തിന് തീകൊളുത്താനുള്ള ഗൂഢപദ്ധതി തകർക്കാൻ ജാഗ്രത്തായ പൊലീസിന്റെ പരിമിതികൾ സമർഥമായി ഉപയോഗിച്ചും മാധ്യമങ്ങളെ വരുതിയിലാക്കിയും രാഷ്ട്രീയലാഭം നേടാനുള്ള പദ്ധതിയുടെ റിഹേഴ്‌സലാണ് അരങ്ങേറിയത്. മാധ്യമങ്ങൾ അതിന്റെ ഇരയാവുകയാണുണ്ടായത്. കേരളം എങ്ങോട്ടു പോകുന്നു എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. മാധ്യമങ്ങളുടെ റോൾ എന്തെന്നും. ആ ചിന്ത മാധ്യമങ്ങളിൽനിന്നുതന്നെയാണ‌് ഉയരേണ്ടത്. മാധ്യമ പ്രവർത്തകരെ സംരക്ഷിക്കുക എന്നത് ജനാധിപത്യത്തെ സംരക്ഷിക്കൽതന്നെയാണെന്ന് മാധ്യമങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റാര് തിരിച്ചറിയാൻ?



deshabhimani section

Related News

0 comments
Sort by

Home