ടോൾസ്‌റ്റോയിയും ഗാന്ധിജിയും

അതിർവരമ്പുകൾക്ക് അതീതനായി സാഹിത്യലോകത്തെ എക്കാലത്തെയും മികച്ച പ്രതിഭയായിരുന്നു ലിയോ ടോൾസ്‌റ്റോയി. അതിനെല്ലാം ഉപരിയായി നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്റെ ആത്മീയഗുരുവായി കണ്ടത് ടോൾസ്‌റ്റോയിയെ ആണ്. സൈദ്ധാന്തികനും ചരിത്രം കണ്ട ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരനുമായ ടോൾസ്‌റ്റോയി തന്റെ അഹിംസയിൽ ഊന്നിയ പ്രതിരോധം എന്ന ചിന്താഗതി ഊന്നിപ്പറയുന്ന പുസ്‌തകമാണ് ‘ദൈവരാജ്യം നിങ്ങളിലാണ‌്’.
ഗാന്ധിജിയെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്‌ത വ്യക്തിയാണ് ടോൾസ്‌റ്റോയി. ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടുമുട്ടിയില്ലെങ്കിലും ആ രണ്ട് മഹദ‌് വ്യക്തികളും മാനസികമായി വലിയ അടുപ്പം പുലർത്തിയിരുന്നു.
ക്രൈസ്‌തവ അരാജകത്വവും സമാധാന സിദ്ധാന്തവും, ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും അഹിംസാ സിദ്ധാന്തം, മണ്ടേലയുടെ രാഷ്ട്രീയ സമരതന്ത്രം എന്നിവയുടെ രൂപീകരണത്തിൽ ആ റഷ്യൻ എഴുത്തുകാരന്റെ സ്വാധീനം പ്രകടമാണ്. ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രൂപപ്പെടലിൽ അതുല്യവും നിർണായകവുമായ സ്ഥാനവും സ്വാധീനവുമാണ് ടോൾസ്‌റ്റോയിക്കുള്ളത്. രാജ്യതലസ്ഥാനത്ത് ടോൾസ്‌റ്റോയി മാർഗിൽ സ്‌റ്റേറ്റ് ട്രേഡിങ് കോർപറേഷൻ വളപ്പിലുള്ള പടുകൂറ്റൻ ടോൾസ്‌റ്റോയി പ്രതിമ ഇന്ത്യൻ ജനതയ്‌ക്ക് അദ്ദേഹത്തോടുള്ള ആരാധനയുടെയും ബഹുമാനത്തിന്റെയും അടയാളപ്പെടുത്തലാണ്. അടുത്തിടെ ടോൾസ്‌റ്റോയിയുടെ 190–ാം ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ടോൾസ്‌റ്റോയി പ്രതിമയ‌്ക്കു മുന്നിൽ പുഷ്‌പാർച്ചനയും മഹാനായ എഴുത്തുകാരന്റെ ജീവിതമുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രപ്രദർശനവും നടത്തി.
ഗോർക്കി, പുഷ്‌കിൻ, മായക്കോവ്‌സ്‌കി, ദസ‌്തയോവ്‌സ്‌കി, ചെഖോവ്, ഗോഗോൾ തുടങ്ങിയ മഹാന്മാരായ റഷ്യൻ എഴുത്തുകാർക്ക‌് അർഹിക്കുന്ന ബഹുമാനം നൽകുമ്പോൾത്തന്നെ, തികഞ്ഞ മനുഷ്യത്വവും സാമൂഹ്യനീതിയും ധാർമികമൂല്യങ്ങളും എടുത്തുപറഞ്ഞ് ടോൾസ്‌റ്റോയി മറ്റുള്ളവരിൽനിന്ന് വ്യത്യസ്‌തനായി. ദൈവരാജ്യം നിങ്ങളിലാണ‌്, അന്ന കരീനിന, യുദ്ധവും സമാധാനവും, ഉയിർത്തെഴുന്നൽപ്പ്, ഇവാൻ ഇല്ലിച്ചിന്റെ മരണം തുടങ്ങി അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ ലോകമെമ്പാടുമുള്ള വായനക്കാരെ പ്രകമ്പനംകൊള്ളിച്ചു. എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ്, സൃഷ്ടിപരത, ഭാവന തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ ക്രമപ്പെടുത്തിയിരിക്കുന്നു.
ലേഖകൻ ഒരിക്കൽ ഒാക്‌സ്‌ഫഡിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറോട് ഭാഷ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ക്ലാസിക്കുകൾ നിർദേശിക്കാൻ പറഞ്ഞു. അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ പാശ്ചാത്യ ക്ലാസിക് കൃതികൾ വായിക്കാൻ നിർദേശിച്ചു. പ്രത്യേകിച്ച് ‘അന്ന കരീനിന’. ആ പുസ്‌തകം വീണ്ടും വീണ്ടും വായിക്കാൻ എന്നോട് പറഞ്ഞു. എങ്കിലും അതിന്റെ ആദ്യ വായനയിൽ കൂടുതൽ കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ സാധിച്ചില്ല. ആവർത്തിച്ചുള്ള വായന പിന്നീട് എന്റെ ജീവിതത്തിന് നൽകിയ ധാർമികമായ ശക്തി വലുതായിരുന്നു. എന്റെ ഓർമയെ അതിപ്പോഴും പിന്തുടരുന്നുണ്ട്.
‘ദൈവരാജ്യം നിങ്ങളിലാണ‌്’ എന്ന പുസ്‌തകം ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. 1904 ഒക്ടോബർ ഒന്നിന് ജോഹന്നാസ് ബർഗിൽനിന്ന് ഡർബനിലേക്ക് പോകുന്ന ഒരു ട്രെയിൻയാത്രയിലാണ് അദ്ദേഹം ഈ പുസ്‌തകം വായിക്കുന്നത്. ആ പുസ്‌തകം തന്റെ ജീവിതം മാറ്റിയെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്. പുസ്‌തകം വായിച്ചതിനുശേഷം അദ്ദേഹം തന്റെ ജീവിതരീതിതന്നെ മാറ്റി. പിന്നീട് അദ്ദേഹവും സഹപ്രവർത്തകരും ടോൾസ്‌റ്റോയിയുടെ ആശയങ്ങളുമായി മുന്നോട്ട് പോയി. ആ പുസ്‌തകം മനസ്സിൽ പതിഞ്ഞതിനുശേഷം ഗാന്ധിജി 1909 ഒക്ടോബർ ഒന്നിന് ടോൾസ്‌റ്റോയിക്ക് കത്തയച്ചു. തുടർന്ന് ഇരുവരും കത്തിടപാടുകൾ നടത്തി. അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതി, ആ പുസ്‌തകം വായിച്ചതിനുശേഷം തനിക്ക് ടോൾസ്‌റ്റോയിയോട് മതിപ്പ് തോന്നി. ഇരുവരും തമ്മിലുള്ള കത്തിടപാടുകൾ ഇൻഡോ‐റഷ്യൻ ബന്ധത്തിന്റെ സുവർണ അധ്യായമാണ്.
റഷ്യയിലെ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഇന്ത്യൻ കൃതികൾ നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം വളരെ ശ്രദ്ധയോടെയാണ് ഇന്ത്യൻ ഐതിഹ്യവും യക്ഷിക്കഥകളും റഷ്യൻ വൈകാരികതയിൽ പകർത്തിയത്. 1910ൽ ജോഹന്നാസ് ബർഗിനടുത്ത് ഗാന്ധിജി ടോൾസ്‌റ്റോയി ഫാം രൂപീകരിച്ചു. ഗാന്ധിജിയുടെ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെയും ആശയങ്ങളുടെയും ഗവേഷണശാലയായിരുന്നു അത്.
(ഡൽഹിയിലെ റഷ്യൻ ശാസ്‌ത്ര‐സാംസ്‌കാരിക കേന്ദ്രത്തിലെ മാധ്യമ ഉപദേഷ്‌ടാവാണ് ലേഖകൻ)









0 comments