ഐതിഹാസിക സമരത്തിന്റെ 50‐ാം വാർഷികം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2018, 05:21 PM | 0 min read


ആവശ്യാധിഷ്ഠിത മിനിമം വേതനം ഉന്നയിച്ച്‌ കേന്ദ്ര ജീവനക്കാർ നടത്തിയ ഐതിഹാസിക സമരത്തിന‌് 50 വർഷം തികയുന്ന ദിവസമാണ‌് ഇന്ന‌്. പണിമുടക്കിന് നേതൃത്വംകൊടുത്ത കോൺഫെഡറേഷന്റെ അനിഷേധ്യ നേതാവ്  എസ് കെ വ്യാസിന്റെ വാക്കുകളാണ് ചുവടെ

"പണിമുടക്ക‌്  എന്തുവിലകൊടുത്തും തകർക്കും എന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയത്.  ശത്രുരാജ്യത്തെ നേരിടുന്നതുപോലെയാണ് ഒരു ദിവസം പണിമുടക്കിയ സ്വന്തം ജീവനക്കാരെ നേരിട്ടത്. പണിമുടക്കത്തെ നേരിടാൻ പട്ടാളത്തെയും സിആർപിഎഫിനെയും  രംഗത്തിറക്കി.  പത്താൻകോട്ട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പട്ടാളത്തിന്റെ സഹായത്തോടെ ഓടിക്കാൻ ശ്രമിച്ചപ്പോൾ റെയിൽ പാളത്തിൽ കിടന്ന് പിക്കറ്റ് ചെയ്ത മൂന്ന് ജീവനക്കാരുടെ ദേഹത്തുകൂടി ട്രെയിൻ ഓടിച്ചുകയറ്റി മൃഗീയമായി കൊലപ്പെടുത്തി.  ട്രെയിൻ അടുത്തേക്ക് വരുമ്പോൾ അവരെ റെയിൽ പാളത്തിൽനിന്നും പിടിച്ചുമാറ്റാൻ ശ്രമിച്ച സഹപ്രവർത്തകരെ പട്ടാളവും സിആർപിഎഫും തടഞ്ഞു. പാളത്തിൽനിന്നു മാറാൻ അലറി നിലവിളിച്ചുകൊണ്ട് അപേക്ഷിച്ചെങ്കിലും അത് ചെവിക്കൊള്ളാതെ മൂന്ന് സഖാക്കളും റെയിൽ പാളത്തിൽ മുറുകെപ്പിടിച്ച്  മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും മറക്കാനാകാത്ത മൃഗീയതയ‌്ക്കാണ് പത്താൻകോട്ട് സാക്ഷ്യംവഹിച്ചത്.  ഡൽഹിയിൽ ഇന്ദ്രപ്രസ്ഥ ഭവനിൽ സമാധാനപരമായി പ്രകടനം നടത്തിയ ജീവനക്കാർക്കെതിരെ ഭീകരമായ ലാത്തിച്ചാർജ് നടത്തി.  കെട്ടിടത്തിനകത്തേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയ ഒരു ജീവനക്കാരനെ  മർദിച്ച് കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽനിന്നും താഴേക്കെറിഞ്ഞു. ജീവനക്കാരൻ തലപൊട്ടി മരിച്ചു.''
     പണിമുടക്കിൽ പങ്കെടുത്ത 17 ജീവനക്കാരെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ വെടിവച്ചും ട്രെയിൻ കയറ്റിയും ലാത്തികൊണ്ടടിച്ചും കൊലപ്പെടുത്തി.  64,000 ജീവനക്കാരെ പിരിച്ചുവിട്ടു, 40,000 പേരെ സസ്പെൻഡ‌് ചെയ്തു. ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെമേൽ ഭീകരമായ ശിക്ഷാനടപടികൾ അടിച്ചേൽപ്പിച്ചു. 1957ൽ ത്രികക്ഷി ലേബർ കോൺഫ്രൻസ് അംഗീകരിച്ച ആവശ്യാധിഷ്ഠിത മിനിമം വേതനം എന്ന തത്വമനുസരിച്ച് കേന്ദ്രജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യമാണ് പണിമുടക്കിൽ ഉന്നയിച്ചത്. 1966ൽ കേന്ദ്രസർക്കാർ  മുൻകൈയെടുത്ത് രൂപീകരിച്ച സംയുക്ത കൂടിയാലോചനാ സമിതിയിൽ ഈ ആവശ്യം സംഘടനകൾ ഉന്നയിച്ചു, ഒന്നരവർഷം ചർച്ച നീട്ടിക്കൊണ്ടുപോയശേഷം 1968ൽ ഈ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് കേന്ദ്രസർക്കാർ  വ്യക്തമാക്കി.

കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ച സംയുക്ത കൂടിയാലോചനാ സമിതിയുടെ നിയമാവലി അനുസരിച്ച്, സമിതിയിൽ ഉന്നയിച്ച് ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ യോജിപ്പിലെത്താൻ സാധിക്കാതെ വന്നാൽ ആ പ്രശ്നം നിർബന്ധ ആർബിട്രേഷന് വിടണം. എന്നാൽ, "ആവശ്യാധിഷ്ഠിത മിനിമം വേതനം'' എന്ന ആവശ്യം ആർബിട്രേഷന് വിടാൻ സർക്കാർ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് എല്ലാ സംഘടനകളും ആലോചനായോഗത്തിൽനിന്നും ഇറങ്ങിപ്പോക്ക് നടത്തുകയും പ്രത്യേക യോഗം ചേർന്ന് ഒരു ദിവസം പണിമുടക്കാൻ തീരുമാനിക്കുകയും ചെയ്തു. പണിമുടക്ക് തീരുമാനത്തിൽ ഐഎൻടിയുസി സംഘടനകളും ഭാഗഭാക്കായിരുന്നെങ്കിലും പണിമുടക്ക് നോട്ടീസ് നൽകുന്നതിനുമുമ്പ് കോൺഗ്രസ് സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് പിന്മാറി.

പണിമുടക്ക‌് സെപ്തംബർ 19നു രാവിലെ മുതലായിരുന്നെങ്കിലും രണ്ട് ദിവസംമുമ്പുതന്നെ പണിമുടക്ക‌്  നിരോധിച്ചുകൊണ്ട് അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പണിമുടക്കിന് നോട്ടീസ് നൽകിയ സംഘടനകളുടെ അംഗീകാരം പിൻവലിച്ചു. ഡൽഹിയിൽ 3000 ജീവനക്കാരെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 12,000 ജീവനക്കാരെയും നേതാക്കളെയും  അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ നടപടിയിൽ പ്രതിഷേധിച്ച് വിവിധഭാഗങ്ങളിൽ 18നു മുതൽ  പണിമുടക്ക‌് ആരംഭിച്ചു. 19നു രാവിലെ തന്നെ  റെയിൽവേ, പി ആൻഡ‌് ടി  ഏജീസ് ഓഫീസ്, ഡിഫൻസ് സിവിലിയൻ ജീവനക്കാരടക്കം 36 ലക്ഷത്തോളം ജീവനക്കാർ പണിമുടക്കാരംഭിച്ചു. കേന്ദ്രഭരണം സ്തംഭിച്ചു. വിറളിപൂണ്ട കേന്ദ്ര ഭരണാധികാരികൾ പട്ടാളത്തെയും സിആർപിഎഫിനെയും പൊലീസിനെയും രംഗത്തിറക്കി.

കേരളത്തിൽ പണിമുടക്കിനെ അടിച്ചമർത്താൻ പറ്റാത്തതിന്റെ രോഷം 290 ജീവനക്കാരെ പിരിച്ചുവിട്ടും 560 ഓളം ജീവനക്കാരെ സസ്പെൻഡ് ചെയ്തുമാണ് കേന്ദ്രം തീർത്തത‌്.  പണിമുടക്കിനെത്തുടർന്നുണ്ടായ പ്രതികാരനടപടികൾക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾക്കും റിലീഫ് പ്രവർത്തനങ്ങൾക്കും എ കെ ജി നേതൃത്വം നൽകി. കേരളത്തിൽ പണിമുടക്കിന് നേതൃത്വം കൊടുത്ത സമരസമിതിയുടെ കൺവീനറായിരുന്ന എൻ പി പത്മനാഭനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ബാക്കി എല്ലാ ശിക്ഷാനടപടികളും പിൻവലിച്ചിട്ടും പത്മനാഭന്റെ പിരിച്ചുവിടൽ റദ്ദാക്കാൻ കേന്ദ്രഭരണാധികാരികൾ തയ്യാറായില്ല. പത്തുവർഷത്തിനുശേഷം 1978ൽ കോൺഗ്രസിന്റെ  ഭരണത്തിന‌്  അന്ത്യംകുറിച്ച‌്  ജനതാ പാർടി ഭരണത്തിൽ വന്നതിനുശേഷമാണ‌് എൻ പി പത്മനാഭനെ തിരിച്ചെടുത്തത‌്. ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുക്കാനുള്ള പോരാട്ടം ഇന്ത്യൻ തൊഴിലാളിവർഗം ഇപ്പോഴും തുടരുകയാണ്. ഈ ആവശ്യത്തോടുള്ള ബിജെപി സർക്കാർ  നിലപാടും കോൺഗ്രസ് സർക്കാരിന്റേതു തന്നെയാണ‌്. മോഡി സർക്കാരിന്റെ  നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച‌് 19നു 32 ലക്ഷം കേന്ദ്രജീവനക്കാരും 33 ലക്ഷം കേന്ദ്ര പെൻഷൻകാരും രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്. പണിമുടക്കിൽ ജീവത്യാഗം ചെയ്ത അനശ്വര രക്തസാക്ഷികൾക്ക് ആദരാഞ‌്ജലി അർപ്പിക്കുന്നു.

(കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ‌്  വർക്കേഴ്സ‌് അഖിലേന്ത്യാ സെക്രട്ടറി ജനറലാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home