ഒരുമയോടെ മറികടക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 06:49 PM | 0 min read

 

ഒരുമയോടെ മറികടക്കും
പ്രതിസന്ധികളിൽ തളരാതെ  ഒരുമയോടെ നാടിനെ പുനർനിർമിക്കാൻ കരുത്തുള്ളവരാണ്‌ കേരള ജനത. ഓഖിയെയും നിപായെയും അതിജീവിച്ച സംസ്ഥാനം പ്രളയക്കെടുതിയെയും  മറികടക്കാനുള്ള  പ്രവർത്തനങ്ങളാണ് നടത്തുന്നത്. യോജിച്ചുനിന്നാൽ പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ തിരിച്ചുപിടിക്കാം. ഇതിനായി ലോകത്തെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിയാണുണ്ടായത‌്. ലക്ഷക്കണക്കിനാളുകളുടെ ജീവിതം തീരാദുരിതത്തിലാക്കിയ പ്രളയത്തിൽ പലർക്കും സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു. 483 പേരുടെ ജീവൻ പൊലിഞ്ഞു. 14 പേരെ കാണാതായി. നിലവിൽ 305 ദുരിതാശ്വാസക്യാമ്പിലായി 59,296 പേരുണ്ട‌്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറയ‌്ക്കാനിടയാക്കിയത‌്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ,  ജീവൻ പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനത്തിന‌് സംസ്ഥാനം ബിഗ‌് സല്യൂട്ട‌് നൽകുന്നു.

സമ്പദ്ഘടനയ്ക്ക് തിരിച്ചടി
വീടുകൾക്കും പശ്ചാത്തലസൗകര്യങ്ങൾക്കും ഉണ്ടായിട്ടുള്ള കെടുതി, വികസനപ്രക്രിയയെ തകിടംമറിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥാപനങ്ങളുടെ നഷ്ടം, പാരിസ്ഥിതിക മാറ്റം  എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ നഷ്ടം ഏറെ വലുതാണ്. ടൂറിസം മേഖലയ്ക്കും ഇത് തിരിച്ചടിയായി. പ്രാഥമിക കണക്കുപ്രകാരം വാർഷികപദ്ധതിയേക്കാൾ കൂടിയ നഷ്ടമുണ്ടായി.

പെയ‌്തത‌്, പ്രവചിച്ചതിലും മൂന്നിരട്ടി മഴ
കാലവർഷക്കെടുതി ഉണ്ടാകുമെന്ന സൂചന കേന്ദ്ര കാലാവസ്ഥവകുപ്പിൽനിന്ന‌് ഉണ്ടായപ്പോൾത്തന്നെ നേരിടാനുള്ള ഇടപെൽ സർക്കാർ നടത്തി. എന്നാൽ, പ്രവചിച്ചതിനേക്കാൾ പലമടങ്ങുണ്ടായ പേമാരി  ഭൂഘടനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആഗസ‌്ത‌് എട്ടിന‌് കനത്ത മഴ ആരംഭിച്ചതോടെയാണ് കാലവർഷം  നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായി മാറുന്നതിലേക്ക് നയിച്ചത്. പ്രവചനത്തിന്റെ എല്ലാ കണക്കുകളെയും തെറ്റിച്ചാണ് കനത്തമഴ തുടർച്ചയായി പെയ്തത്. ഒമ്പതുമുതൽ 15 വരെ  കണക്കുകൂട്ടിയ മഴ 98.5 മില്ലീമീറ്ററായിരുന്നു. പെയ്തത‌് 352.2 മില്ലീമീറ്റർ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് കണക്കുകൂട്ടിയതിനേക്കാൾ മൂന്നിരട്ടിയിലധികം. ഇതോടെ  നദികളിലെല്ലാം വൻതോതിൽ വെള്ളം കയറി. 82 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ചിലയിടങ്ങളിൽ പുഴ വഴിമാറി ഒഴുകി. പ്രളയത്താൽ പതിനായിരക്കണക്കിനാളുകളുടെ ജീവിതം  പ്രതിസന്ധിയിലായി.

ഇടപെടൽ യുദ്ധകാലാടിസ്ഥാനത്തിൽ
കെടുതിയെ നേരിടാൻ സർക്കാർസംവിധാനത്തെ ഫലപ്രദമായി ചലിപ്പിച്ചും ജനങ്ങളെയാകമാനം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അണിനിരത്തിയുമാണ് സർക്കാർ ഇടപെട്ടത്. പൊലീസ്, ഫയർഫോഴ്‌സ് സംവിധാനം തുടക്കത്തിൽത്തന്നെ സജീവമായി. രൂക്ഷത ബോധ്യമായ ഉടൻ കേന്ദ്രസേനകളെയും സൈന്യത്തെയും അണിനിരത്തി.

സന്നദ്ധസംഘടനകളെയും ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനം നടന്നു. രക്ഷാപ്രവർത്തനം ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുത്തു. തങ്ങളേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകിക്കൊണ്ടുള്ള  പ്രവർത്തനമായിരുന്നു അത്. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ഒരുക്കുന്നതിൽ വലിയ സഹായമാണുണ്ടായത‌്.

പുനരധിവാസത്തിന്റെ വഴിയിൽ
പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്ക് സർക്കാർ കടന്നിരിക്കുകയാണിപ്പോൾ. വീടുകൾ വാസയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനവും അടിസ്ഥാനസൗകര്യമൊരുക്കുന്നതിനുള്ള നടപടിയും ലക്ഷ്യത്തോടടുക്കുന്നു.  പകർച്ചവ്യാധിവ്യാപനം തടയാൻ ആരോഗ്യപ്രവർത്തകരുടെ സജീവമായ ഇടപെടലുമുണ്ട‌്. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് തിരിച്ചുനൽകുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നു. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകാൻ ഐടി സംവിധാനത്തിന്റെ സഹായത്തോടെയുള്ള നടപടികളും ശരിയായ ദിശയിലാണ്.

പുനർനിർമിക്കാം പുതിയ കേരളത്തെ
നാടിന്റെ പുനർനിർമാണത്തിനായി ഓരോ കേരളീയനും ഇറങ്ങുന്നത‌് പ്രതിസന്ധിയെ അതിജീവിക്കാമെന്ന ആത്മവിശ്വാസം  പ്രദാനം ചെയ്യുന്നു.  സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരും ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ നമ്മെ സഹായിക്കാൻ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ഓണാഘോഷവും വിവാഹവും ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവച്ച് അതിന്റെ തുകപോലും  ദുരിതാശ്വാസനിധിയിൽ നൽകിയവർ നിരവധിയാണ്. പരിസ്ഥിതികാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ‌് നിർമാണപ്രവർത്തനത്തിന്റെ സാധ്യതകൾ ആരായുക. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ  പുനഃസ്ഥാപിക്കുന്നതിലൂടെമാത്രമേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകൂ. ഇതിനുള്ള അസംസ്‌കൃതവസ്തുക്കൾ കണ്ടെത്തിയുള്ള ഗൗരവമായ ഇടപെടലുകളുണ്ടാകും.

ജീവനോപാധി  ഉറപ്പുവരുത്തും
പ്രളയബാധിത പ്രദേശങ്ങളിൽ കാർഷികമേഖലയും വ്യാപാരമേഖലയും തകർന്നതോടെ പലർക്കും ജീവനോപാധി നഷ്ടപ്പെട്ടു. വളർത്തുമൃഗങ്ങൾ ചത്തതും പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കി. ജനങ്ങൾ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നായി കാണും.

(മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച്‌ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ)



deshabhimani section

Related News

View More
0 comments
Sort by

Home