അവരല്ലേ യഥാര്‍ഥ ഹീറോസ്?

കുട്ടനാടും ചെങ്ങന്നൂരും ശാന്തമായി ഇന്നുറങ്ങും. എടത്വ, മുട്ടാർ ഭാഗങ്ങളിൽനിന്നാണ് ഇനി കുറെ പേരെ ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ളത്. അതുംകൂടി പൂർത്തിയാക്കിയാൽ കുട്ടനാട്ടിലെ ഏഴു പഞ്ചായത്തിൽനിന്ന് രണ്ടുലക്ഷത്തോളം പേരെ മൂന്നര ദിവസംകൊണ്ട് ക്യാമ്പുകളിൽ എത്തിച്ച മാസ‌് ഇവാക്കുവേഷൻ പൂർത്തിയാകും. തികച്ചും ദുർഘടമായ കാലാവസ്ഥ, കായലിലെ കുത്തൊഴുക്ക്, പ്രധാന കായലുകളുടെയും തോടുകളുടെയും വരമ്പുകളിലും പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട തുരുത്തുകളിലും ജീവിക്കുന്ന രണ്ടുലക്ഷത്തോളം മനുഷ്യരെ, ഒപ്പം അവരുടെ ഓമനകളായ വളർത്തുമൃഗങ്ങളെ ഒക്കെ മൂന്നര ദിവസംകൊണ്ട് ആലപ്പുഴയിലും ചുറ്റുവട്ടത്തുമുള്ള സുരക്ഷിതമായ ക്യാമ്പുകളിലേക്ക്. ഇത് ലോകചരിത്രത്തിൽ ഇടംനേടും.
മൂന്നുദിവസം വാർത്താമാധ്യമങ്ങൾ കാണാതെ ആലപ്പുഴ കലക്ടറേറ്റിലെ കൺട്രോൾ സെന്ററിനുള്ളിൽ കഴിഞ്ഞതുകൊണ്ട് പുറത്തുള്ള പൊതുജനത്തെ ഇടയ്ക്ക് ബാധിച്ചതുപോലുള്ള പേടി വലുതായി ബാധിച്ചില്ല. ഇന്നലെ രാത്രി കൺട്രോൾ സെന്ററിലേക്ക് വന്ന ഫോൺകോളുകളുടെ എണ്ണത്തിൽ വർധന കണ്ടപ്പോഴാണ് മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ മനുഷ്യരെ എത്രമാത്രം പരിഭ്രാന്തരാക്കും എന്ന സത്യം മനസ്സിലാക്കിയത്.
രക്ഷാപ്രവർത്തനത്തിൽ കുറെ പച്ചമനുഷ്യരായിരുന്നു യഥാർഥ ഹീറോകൾ. അവർക്ക് യൂണിഫോം ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ വള്ളങ്ങൾക്ക് പരുക്കൻ കരുത്തുമാത്രം. കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും കുത്തൊഴുക്ക്, കടലിനോടു മല്ലിട്ട് ജീവിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം ഒന്നുമായിരുന്നില്ല. ലുങ്കിയുമുടുത്ത്, തോർത്തും തലയിൽകെട്ടി അവർ ആ സാഹസം ധൈര്യപൂർവം ഏറ്റെടുത്തു.
എല്ലാവരും രക്ഷാപ്രവർത്തനം നിർത്തി ഫീൽഡിൽനിന്ന് തിരികെ പോന്നശേഷം എന്റെ അപ്പച്ചന്റെ പ്രായമുള്ള ഒരു മത്സ്യത്തൊഴിലാളി രാത്രി പത്തിന‌് കൺട്രോൾ സെന്ററിൽ വന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ചു. 'മോനേ ഇവിടത്തെ സാറന്മാർ ഇനി പോകാൻ സമ്മതിക്കുന്നില്ല. പതിനഞ്ചുപേർ പത്ത് കിലോമീറ്റർ അകലെയുള്ള ഒരു കടവിൽ ഞങ്ങളെ കാത്തുനിൽക്കുന്നു. തിരിച്ചുചെല്ലാം എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ പോന്നത്. ഞങ്ങൾ രാത്രി കടലിൽ പണി ചെയ്യുന്നവരാണ്’. 'എന്തൊരു മനുഷ്യൻ!’ , ഞാൻ സീറ്റിൽനിന്ന് ചാടിയെണീറ്റുപോയി. അതെ, 60 ശതമാനത്തിലധികം ആളുകളെയും രക്ഷിച്ചത് ആ പാവപ്പെട്ട മീൻപിടിത്തക്കാരായിരുന്നു. അവരല്ലേ യഥാർഥ ഹീറോസ്?
വ്യാഴാഴ്ച ഒന്ന് കലക്ടറേറ്റുവരെ പോയി സ്ഥിതിഗതികൾ എന്തായി എന്ന് നോക്കിവരാം എന്ന് ആലോചിച്ച് ബിനുമോനുമൊത്ത് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളം കയറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോൾ ആറെഴുപേർ അവിടെ ഇരുന്ന‌് ഫോൺ കോളുകൾ അറ്റന്റ‌് ചെയ്യുന്നു. കായംകുളത്തുനിന്ന‌് എത്തിയ എസ്എഫ്ഐ പ്രവർത്തകർ ആണെന്ന് മനസ്സിലാക്കി. അവർക്കൊപ്പം കൂടി. ആദ്യമണിക്കൂറിൽ പത്ത് പതിനഞ്ച് കോളുകൾ. പക്ഷേ, ഓരോ മണിക്കൂർ കഴിഞ്ഞുവരുമ്പോഴേക്കും ഫോൺകോളുകൾ മലവെള്ളംപോലെയായി. പിന്നെ മൂന്നുദിവസം. ഇന്ന് ഉച്ച കഴിഞ്ഞപ്പോഴേക്കും കോളുകളുടെ എണ്ണം കുറഞ്ഞു. ഇന്നിപ്പോൾ രാത്രി 11നുശേഷം ഈ മൂന്നു ദിവസവും കൂടെയുണ്ടായിരുന്ന എസ്എഫ്ഐക്കാരൻ ജിജോയുടെയും ഫീൽഡിലും സെന്ററിലുമായി ഓടിനടന്ന ധ്രുവിന്റെയും കോളുകൾമാത്രം. എന്തായാലും ഇന്ന് അൽപ്പനേരം കിടന്നുറങ്ങണം.
ഒരു സങ്കടം ബാക്കിയായി. രാമങ്കരി മാത്തൂരിൽനിന്ന് ഇന്ന് വെളുപ്പിനെ നാലിനുകൂടി ആരോ വിളിച്ചുപറഞ്ഞ അമ്മൂമ്മയുടെ മൃതദേഹമാണ് വൈകിട്ട‌് രക്ഷാപ്രവർത്തകർ കൊണ്ടുവന്നത്.
കുറെ നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരെയും പുതുതായി കൂട്ടുകിട്ടി. രക്ഷാപ്രവർത്തനം ഏറ്റവും മൂർധന്യത്തിലെത്തിയ ഇന്ന് നൂറ്റമ്പതോളം പേരോടൊപ്പം ആയിരുന്നു കൺട്രോൾ റൂമിൽ. ‘കാൻ ആലപ്പി' ടീംകൂടി വന്നതോടെ കുറെക്കൂടി മെച്ചപ്പെട്ട രീതിയിൽ ഫോൺകോളുകളും തരംതിരിക്കലും ഫീൽഡിലെ രക്ഷാപ്രവർത്തകരുമായുള്ള ഏകോപനവും നടന്നു.
ആവശ്യമുള്ള രീതിയിൽ 'എസ് ഓ എസ്’ ആപ്പിൽനിന്നുള്ള ഡാറ്റ ലഭ്യമാക്കാൻ 24 മണിക്കൂറും ഉണർന്നിരുന്ന‌് വിവിധ ആപ്ലിക്കേഷനുകൾ എഴുതി തന്ന കുറെയേറെ എൻജിനിയർമാർ, മൂന്നുദിവസവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ ഇരുന്ന‌് 'എസ് ഓ എസ്’ ആപ്പിൽനിന്ന് ലഭിക്കുന്ന ഡാറ്റ ഫോർമാറ്റ് ചെയ്യലും തരംതിരിക്കലും ഒക്കെ ചെയ്തുതന്ന കുറെയധികം ഐടി പ്രൊഫഷണലുകൾ, സോഷ്യൽ മീഡിയ കൂട്ടുകാർ, വിളിച്ചും ചാറ്റിലും എന്ത് സഹായമാണ് ചെയ്യേണ്ടത് എന്ന് ചോദിച്ച കുറെയാളുകൾ.വളന്റിയർമാരായി എവിടെനിന്നൊക്കെയോ എത്തിയ കുറെ പേരെ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗംതന്നെയായി കണ്ട‌് കൂടെനിന്ന കുറെയേറെ സർക്കാർ ഉദ്യോഗസ്ഥർ, മുന്നിൽനിന്ന് നയിച്ച ധനമന്ത്രിയും മന്ത്രിയുടെ ടീമും കലക്ടറും സബ് കലക്ടറും.
ഇനിയൊന്ന് ഉറങ്ങട്ടെ... ഒരു മത്സ്യത്തൊഴിലാളിയുടെ മകൻ ആയതിലുള്ള അഭിമാനത്തോടെ...
(രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഐടി പ്രൊഫഷണൽ ജോയ് സെബാസ്റ്റ്യന്റെ അനുഭവക്കുറിപ്പ്)









0 comments