സംസ്‌കൃതസംഘവും രാമായണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2018, 06:01 PM | 0 min read


കഴിഞ്ഞ രണ്ട് വർഷത്തോളമായി വലിയ ആരവങ്ങൾ ഒന്നുമില്ലാതെ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ് ‘സംസ്കൃതസംഘം’. നിനച്ചിരിക്കാതെ ഈ സംഘടനയുടെ പേരും പ്രശസ്തിയും കേരളമാകെ വ്യാപരിച്ചു. അനുകൂലമായും പ്രതികൂലമായും സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് തല്ലും മറുഭാഗത്ത് തലോടലും. തല്ലാൻ ഒരുമ്പെട്ട് നില്ക്കുന്നവർക്ക‌് ഇത് സിപിഐ എമ്മിന്റെ പോഷകസംഘടനയാണോ എന്നറിയണം; പാർടിയുമായി ഒരു ബന്ധവും ഇല്ല എന്ന് അതിന്റെ അമരക്കാരൻ കോടിയേരി ബാലകൃഷ്ണൻ  ആവർത്തിച്ച് പറഞ്ഞിട്ടും ഇക്കൂട്ടർ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. ഇതിൽനിന്ന‌് ഒരുകാര്യം ഉറപ്പായി. സംസ്കൃതസംഘത്തിന്റെ പ്രവർത്തനത്തെ  ആരൊക്കെയോ ഭയപ്പെടുന്നു. സംസ്‌കൃതഭാഷയും അതിന്റെ  സാഹിത്യസമ്പത്തും മറ്റാരും സ്വന്തമാക്കുന്നത് ഇക്കൂട്ടർക്ക് ഇഷ്ടമല്ല.

അവരുടെ  അസഹിഷ്ണുതയാണ് വിവിധ രൂപങ്ങളിൽ പുറത്തുവരുന്നത്. സംസ്കൃതഭാഷാവിശാരദന്മാർ, അധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ, ആയുർവേദ വിജ്ഞാനികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയാണ് കേരള സംസ്കൃതസംഘം. സംസ്കൃത ഭാഷയെയും അതിന്റെ ശാസ്ത്രസാഹിത്യ സമ്പത്തിനെയും അതുൾക്കൊള്ളുന്ന സംസ്കാരത്തെയും സ്നേഹിക്കുന്ന ആർക്കും  ഈ സംഘടനയിൽ ചേർന്ന‌്  പ്രവർത്തിക്കാം.

പ്രാചീന ഭാരതത്തിന്റെ‍ വൈജ്ഞാനിക ഭാഷ സംസ്കൃതമായിരുന്നു. വേദ വേദാംഗങ്ങൾ, ഗണിതം, ജ്യോതിശാസ്ത്രം, വ്യാകരണം, ദർശനങ്ങൾ തുടങ്ങി നിരവധി ശാസ്ത്രസാഹിത്യ ശാഖകൾ നമ്മുടെ രാജ്യത്ത് വികസിച്ചിരുന്നു. ചർച്ചയിലൂടെയും അർഥപൂർണമായ സംവാദത്തിലൂടെയുമാണ് ഇവ വികസിച്ചത്. പ്രതിപാദ്യവും സന്ദേഹവും പൂർവ‌പക്ഷവും അതിനെതിരായ ഉത്തരപക്ഷവും അവസാനം നിർണയിക്കപ്പെടുന്ന സിദ്ധാന്തപക്ഷവും ഏതൊരു  ആശയരൂപീകരണത്തിന്റെയും ഉരകല്ലായിരുന്നു. പൂർവ‌പക്ഷത്തിന്റെ ആശങ്കകൾ അധികവും വിരുദ്ധവാദങ്ങൾ ആയിരിക്കും. അവയെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളാനും അത് രേഖപ്പെടുത്താനുമുള്ള ഹൃദയവിശാലതയും സഹിഷ്ണുതയും മിക്ക പൂർവകാല ആചാര്യന്മാർക്കും  ഉണ്ടായിരുന്നു. അതിന്റെ പ്രത്യക്ഷോദാഹരണമാണ് നമ്മുടെ നാടിന്റെ‍  വൈവിധ്യമാർന്ന ദർശനങ്ങളും ശാസ്ത്രശാഖകളും. വേദ പ്രാമാണ്യത്തെ അംഗീകരിക്കുന്നവരും അതിനെ ശക്തമായി എതിർക്കുന്നവരും തമ്മിൽ നടന്ന ചർച്ചകളും സംവാദങ്ങളും സംസ്കൃത സാഹിത്യത്തിന് മുതൽക്കൂട്ടായി മാറുകയായിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പ്രോത്ഘോഷിച്ച ശ്രീനാരായണഗുരുവും ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പനും സൗഹാർദത്തോടെ ജീവിച്ച നാടാണ് നമ്മുടേത്‌.

ഉത്തരേന്ത്യയിൽ സംസ്കൃതപഠനം ബ്രാഹ്മണർക്ക‌ുമാത്രം അവകാശപ്പെട്ടതായിരുന്നു. കേരളത്തിൽ അബ്രാഹ്മണർക്കും പഠിക്കാനുള്ള അവസരം ലഭ്യമായിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിന്റെ  ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. കേരളത്തിൽ സംസ്കൃതപഠനം വ്യാപരിച്ചത് പള്ളിക്കൂടങ്ങൾവഴി ആയിരുന്നു. ബുദ്ധവിഹാരമായിരുന്നു പള്ളികൾ. പള്ളിയോട് ചേർന്നുള്ള പഠനകേന്ദ്രങ്ങളാണ് പള്ളിക്കൂടങ്ങളായി മാറിയത്. കാലക്രമത്തിൽ വിഹാരങ്ങൾ ഇല്ലാതായതോടെ ആ സ്ഥാനത്ത് ഗുരുകുലങ്ങൾ സ്ഥാനം പിടിച്ചു. ഒപ്പം ക്ഷേത്രങ്ങളോട് ചേർന്നുള്ള പാഠശാലകളും സംസ്കൃതപഠനത്തിന്റെ മറ്റൊരു ധാരയായി വളർന്നു. രണ്ടിടത്തെയും പഠനരീതിക്ക‌് വ്യത്യാസമുണ്ടായിരുന്നു. ഗുരുകുലത്തിൽ സിദ്ധരൂപം പഠിപ്പിക്കുമ്പോൾ വൃക്ഷ:, കവി:, ഗുരു: പോലുള്ള പൊതുപദങ്ങൾ ഉദാഹരിക്കുകയായിരുന്നു. പാഠശാലയിൽ അത് രാമ:, ഹരി:, വിഷ്ണു: എന്നിങ്ങനെയുള്ള ദേവനാമങ്ങളായിരുന്നു. രണ്ട് ധാരകളിലും പഠിച്ചുവന്നവർ പരസ്പരം സഹകരിച്ച‌് പ്രവർത്തിച്ചിരുന്നു എന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.

ഭാരതീയ സംസ്കാരമെന്നാൽ അഖണ്ഡഭാരതത്തിലെ വൈദിക സംസ്കാരം മാത്രമല്ല  വൈദികപൂർവ സംസ്കാരങ്ങളും വൈദികോത്തര സംസ്കാരങ്ങളും വൈദികേതര സംസ്കാരങ്ങളുമെല്ലാം കൂടിച്ചേർന്ന‌്  രൂപപ്പെട്ടതാണ്. അതിൽ ദ്രാവിഡമെന്നോ ആര്യമെന്നോ അനാര്യമെന്നോ ഹൈന്ദവമെന്നോ ക്രൈസ്തവമെന്നോ ഇസ്ലാമികമെന്നോ വൈദേശികമെന്നോ ആസ്തികമെന്നോ നാസ്തികമെന്നോ ദ്വൈതമെന്നോ അദ്വൈതമെന്നോ ഉള്ള അതിർവരമ്പുകളില്ല. ഇത്തരം നാനാവിധങ്ങളായ സംസ്കാരങ്ങളുടെ സങ്കലിത രൂപമാണ് ഭാരതീയ സംസ്കാരം. അതിനെ ഹിന്ദുമത സംസ്കാരം എന്ന കള്ളിയിൽ ഒതുക്കി ദേവഭാഷയെന്ന് മുദ്രചാർത്തപ്പെട്ട സംസ്കൃത ഭാഷയെ ഹൈന്ദവ ഭാഷയാക്കി ചിത്രീകരിച്ച് മഹത്തായ നമ്മുടെ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ഒരുകൂട്ടർ  നടത്തുന്നത്. ഇത് നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്കാരത്തെയുമെല്ലാം ബോധപൂർവം മാറ്റിമറിക്കുന്നതിനുള്ള ശ്രമമായി വേണം കരുതാൻ. അതിന്റെ ഭാഗമായിട്ടാണ് ഇക്കൂട്ടർ നമ്മുടെ മിത്തുകളെ ചരിത്രവൽക്കരിക്കാനും അതുവഴി ഹൈന്ദവവൽക്കരിക്കാനും ശ്രമിക്കുന്നത്. അതിന് ഏറ്റവും പറ്റിയ ഉപകരണമാണ് രാമനും രാമായണവും. രാമനെ ഹിന്ദുക്കളുടെ ആരാധ്യദേവനായും രാമായണത്തെ മതഗ്രന്ഥമായും ഉയർത്തിക്കാട്ടുമ്പോൾ അതിന്റെ  പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്.

കർക്കടക മാസം രാമായണമാസമായി ആഘോഷിക്കാൻ  തുടങ്ങിയിട്ട് കുറച്ചുവർഷമേ ആയിട്ടുള്ളൂ. കർക്കടക മാസത്തിൽ രാമായണം മാത്രമല്ല ചെറുശേരിയുടെ കൃഷ്ണഗാഥയും പാരായണം ചെയ‌്തിരുന്നു. മുമ്പ് വീട്ടിനുള്ളിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ അമ്പലമുറ്റത്തായി എന്ന വ്യത്യാസമേ ഉള്ളൂ. പഞ്ഞമാസമെന്നും കള്ള കർക്കടകമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മാസം പൊതുവേ വർഷകാലമാണ്. കൃഷിയിടങ്ങളിൽ കൃഷിയിറക്കി പൊന്നിൻ ചിങ്ങമാസത്തിൽ സമൃദ്ധമായ വിളവ്‌ ലഭിക്കുന്നതിന് കാത്തിരിക്കുന്ന കൃഷീവലന്മാർക്ക‌്  കോരിച്ചൊരിയുന്ന മഴക്കാലത്ത് വീട്ടിലിരുന്ന് രാമായണമോ ഭാഗവതമോ വായിക്കുകയല്ലാതെ മറ്റ് പണികൾക്കൊന്നും പോകാൻ കഴിയുമായിരുന്നില്ല. ദാരിദ്ര്യമകറ്റി സമൃദ്ധി ലഭ്യമാക്കാൻ ഹൈന്ദവ ഭവനങ്ങളിൽ രാമായണം ചൊല്ലുമ്പോൾ മലബാറിലെ മുസ്ലിംസമുദായം മാപ്പിളരാമായണം പാരായണം ചെയ്തിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. മാപ്പിളപ്പാട്ടിന്റെ  പദവിന്യാസവും ഈണവും താളവുമെല്ലാം കടംകൊണ്ട മാപ്പിളരാമായണംകഥയ്ക്ക്‌ രാമായണകഥയുമായി വലിയ അന്തരം ഉണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിന് അപൂർവ സംഭാവന നല്കിയ ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ, ദശാബ്ദങ്ങളോളം കഥാപ്രസംഗരൂപേണ മാപ്പിളരാമായണം മലബാർ പ്രദേശത്ത്‌ സമീപകാലംവരെ  അവതരിപ്പിച്ചുനടന്നിരുന്നു. മൂവായിരത്തോളം രാമായണപ്രഭേദങ്ങൾ  ഇന്ന് ലോകത്ത് ലഭ്യമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വിസ്തരഭയത്താൽ അതിവിടെ സൂചിപ്പിക്കുന്നില്ല.

രാമായണത്തിന്റെ ഈ ബഹുസ്വരപാഠത്തെ അംഗീകരിക്കാൻ മുമ്പ് സൂചിപ്പിച്ച കൂട്ടർ തയ്യാറല്ല എന്നതാണ് ഇന്നത്തെ മുഖ്യമായ പ്രശ്നം. സ്വാഭാവികമായും സംസ്കൃതസംഘം ബഹുസ്വരതയെ പിന്താങ്ങും. അതിനവർക്ക‌് പ്രചോദനം നൽകുന്നത് കാളിദാസന്റെ ഈരടികളാണ‌്. ‘പുരാണമിത്യേവ ന സാധു സർവം’. പുരാണങ്ങൾ ആണെന്ന ഒറ്റക്കാരണത്താൽ എല്ലാം ശരിയായിക്കൊള്ളണമെന്നില്ല. നൂതനമാണെന്നു കരുതി തെറ്റാകണമെന്നുമില്ല. ആരെങ്കിലും പറയുന്നതനുസരിച്ച് അതിന്റെ  പിന്നാലെ പോകാതെ രണ്ടും പരീക്ഷണ നിരീക്ഷണങ്ങൾക്ക‌്  വിധേയമാക്കി ശരിയായതുമാത്രം സ്വീകരിക്കുന്നതാണ് ധാർമികമായ രീതി. തങ്ങളുടെ ആചാരത്തിനും വിശ്വാസത്തിനും ധാരണയ്ക്കും അനുസരിച്ച് മറ്റുള്ളവർ പ്രവർത്തിക്കണം എന്ന് നിർബന്ധിക്കുന്നത്‌ അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. കാമനകൊണ്ടോ ഭയപ്പെടുത്തിയതുകൊണ്ടോ പ്രലോഭനങ്ങൾകൊണ്ടോ ജീവൻ ത്യജിക്കേണ്ടി വന്നാലോ ധർമത്തിൽനിന്ന‌് വ്യതിചലിക്കാൻ പാടില്ല എന്നതാണ് ഭാരതീയപാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്.

‘ന ജാതു കാമാത് ന 
ഭയാത് ന ലോഭാത്
ധർമം ത്യജേത്
ജീവിതസ്യാപി ഹേതോ:’

ആ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരാണ് സംസ്കൃത സംഘത്തിന്റെ പ്രവർത്തകർ. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെയെല്ലാം  കലവറയില്ലാത്ത പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home