അനുഷ‌്ഠാനമാക്കി മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2018, 05:52 PM | 0 min read

രാമായണ മാസാചരണം ഇന്ന‌് ഒരനുഷ‌്ഠാനമായിത്തീർന്നിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത‌് അതങ്ങനെയായിരുന്നില്ല. അന്ന‌് എല്ലാ സ്ഥലങ്ങളിലും ആ ആചരണം ഉണ്ടായിരുന്നില്ലെന്ന വസ‌്തുതയും  ഞാനോർമിക്കുന്നു. ആചരിക്കുന്ന സ്ഥലങ്ങളിൽത്തന്നെ അതിന്റെ രീതികൾ പലതായിരുന്നു.

എന്റെ ജന്മദേശത്ത‌് രാമായണ മാസാചരണത്തിന്റെ രൂപമെന്തായിരുന്നുവെന്ന ഓർമ മനസ്സിൽ വ്യക്തമായി തെളിഞ്ഞുനിൽക്കുന്നു. അക്കാലത്ത‌് കർക്കടകമാസത്തിൽ മിക്ക ദിവസവും മഴ പൊയ‌്തുകൊണ്ടിരുന്നു. പലപ്പോഴും കോരിച്ചൊരിയുന്ന മഴ. ദാരിദ്ര്യം കൊടികുത്തിവാഴുന്ന മാസമായതുകൊണ്ട‌് പഞ്ഞക്കർക്കടകം എന്നാണ‌് ആളുകൾ പറഞ്ഞുപോന്നത‌്.

‘പഞ്ഞക്കർക്കടമേ, പോ, പോ
പൊന്നിൻ ചിങ്ങമേ വാ, വാ’
എന്നൊരു പാട്ട‌് കുട്ടികൾക്കിടയിൽ പ്രചരിച്ചിരുന്നു.

ഈ അവസ്ഥയിൽ ഏതെങ്കിലുമൊരു ഭേദപ്പെട്ട ഭവനത്തിന്റെ മുമ്പിൽ ഒരു പന്തൽ, മിഥുനം അവസാനത്തോടുകൂടി കെട്ടിയുയർത്തുന്നു. കർക്കടക മാസാരംഭംമുതൽ അതിൽ ആളുകൾ ഒത്തുചേരുന്നു. സന്ധ്യാസമയത്താണ‌് അങ്ങനെ ചേരുന്നത‌്. ആ രാമായണസദസ്സിൽ ക്രിസ‌്തുമതത്തിലെ സ‌്നേഹിതന്മാരും പങ്കെടുത്തിരുന്നു. എന്റെ സഹപാഠികളായ സി വി ആന്റണിയെയും കെ ഡി സെബാസ‌്റ്റ്യനെയും ഞാൻ പ്രത്യേകം ഓർമിക്കുന്നു (അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തോ!). അവർക്ക‌് മലയാളം എന്ന വിഷയത്തിൽ ഉയർന്ന മാർക്ക‌് കിട്ടുമായിരുന്നു. കൃഷ‌്ണൻകുട്ടി ആശാനാണ‌് അക്കാലത്ത‌് അധ്യാത്മ രാമായണം വായിച്ചിരുന്നത‌്. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ അദ്ദേഹം ഉയർന്ന പീഠത്തിലിരുന്ന‌് നിലവിളക്കിന്റെ വെളിച്ചത്തിലാണ‌് വായിക്കുക. വായന തുടങ്ങുന്നതിനുമുമ്പ‌് മുഖവുരയായി ഏതാനും വാക്കുകൾ പറയുന്നു. ഒരുഘട്ടമെത്തുമ്പോൾ വായന നിർത്തുകയും വായിച്ച ഭാഗത്തിന്റെ അർഥം വിശദീകരിക്കുകയും ചെയ്യുന്നു.
സംഗീതാത്മകമായ വായന അത്യന്തം ആകർഷകമാണ‌്. അർഥവിവരണംകൂടിയാകുമ്പോൾ ആ ആകർഷകത്വത്തിന്റെ മാറ്റ‌് വർധിക്കുന്നു. 

ഇടയ‌്ക്ക‌് കട്ടൻചായയും ചെറുപയറ‌് തേങ്ങാപ്പീരയും ശർക്കരയും ചേർത്ത‌് പാകംചെയ‌്തതും വിളമ്പുക പതിവായിരുന്നു.
ഇന്ന‌് തിരിഞ്ഞുനോക്കുമ്പോൾ ആ നാട്ടിൻപുറത്തു നിറഞ്ഞുനിന്ന സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം എന്നിൽ ഗൃഹാതുരത്വം സൃഷ്ടിക്കുന്നു. ആ അന്തരീക്ഷത്തിന‌് രൂപംനൽകുന്നതിൽ രാമായണ മാസാചരണത്തിനും പങ്കുണ്ടായിരുന്നു.

ഗാനാത്മകമായ പാരായണത്തിലും സുലളിതമായ അർഥവിവരണത്തിലുംകൂടി സദസ്യർ നേടുന്ന സംസ‌്കാരമെന്തെന്ന‌് വിവരിക്കാൻ വാക്കുകളില്ല. കാവ്യമാധുര്യത്തിനാണ‌് അതിൽ ഏറെ പങ്കുള്ളത‌്. നിരക്ഷരരായ സാമാന്യജനങ്ങളെ കാവ്യലാവണ്യത്തിന്റെ അവകാശികളാക്കി ഉയർത്തുക എന്ന ധർമമാണ‌് രാമായണ മാസാചരണം അന്നു മുഖ്യമായി നിർവഹിക്കുന്നത‌്. വൃത്തവും ഭാഷയും ഭാവോചിതമായി സമ്മേളിച്ചിരിക്കുന്നതുമൂലം അധ്യാത്മ രാമായണത്തിന‌് അനുവാചക ഹൃദയങ്ങളെ അലൗകികമായ അന്തരീക്ഷത്തിലേക്കുയർത്താൻ അസാധാരണമായ കെൽപ്പുണ്ട‌്. മനുഷ്യത്വത്തിന്റെ ഗഹനമായ ഘടകങ്ങളിലൊന്നായ വിശിഷ്ടഭാവുകത്വമാണ‌് അതിൽനിന്ന‌് ജനഹൃദയങ്ങളിൽ ഊറിക്കൂടുന്നത‌്. നാം അഭിമാനത്തോടുകൂടി ആവർത്തിക്കാറുള്ള കേരളീയ പ്രബുദ്ധതയ‌്ക്ക‌് ആധാരമായി വർത്തിക്കുന്നത‌് ആ ഭാവുകത്വമാണ‌്. അദൃശ്യമായ ആ ഗുണവിശേഷണത്തെപ്പറ്റി ജീവിതവ്യഗ്രതകൾക്കിടയിൽ, നാം ഓർക്കാറില്ലെന്നു മാത്രം.

ആശ്രമവർണനകളും സാരോപദേശങ്ങളും രാമായണത്തെ ചേതോഹരമാക്കുന്നതിൽ വഹിക്കുന്ന പങ്ക‌് വലുതാണ‌്. ഇന്നു നാം ‘ഹരിതകേരളം’ എന്നുയർത്തുന്ന ഹൃദ്യമായ മുദ്രാവാക്യം സാക്ഷാൽകൃതമായി കൺമുന്നിൽ പരിലസിക്കുന്നതുപോലെ തോന്നും ആ ഭാഗങ്ങൾ വായിക്കുമ്പോൾ.

മനുഷ്യജന്മത്തിന്റെ അർഥവും ഗഹനതയും മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യവും ആദർശവൽകരണവുംകൂടി അധ്യാത്മ രാമായണം ശ്രോതാക്കളിൽ അവിസ‌്മരണീയമാംവിധം അവശേഷിപ്പിക്കുന്നു. സർവത്തിനും പശ‌്ചാത്തലമായി ജീവിതൈക്യബോധം, വെള്ളിമേഘങ്ങൾക്കു പിന്നിൽ നീലാകാശംപോലെ, രാമായണ കാവ്യാഖ്യാനത്തിൽ സാകല്യേന വർത്തിക്കുകയും ചെയ്യുന്നു. മനുഷ്യരും പക്ഷികളും മൃഗങ്ങളും മാത്രമല്ല, രാക്ഷസരും ദേവന്മാരും വാനരവർഗങ്ങളുമെല്ലാം കാവ്യത്തിൽ പരസ‌്പരം ബന്ധപ്പെട്ട‌് ഒരൊറ്റ ജീവിതമായി മാറുന്നു. അതിനാൽ രാമായണ പാരായണം ആവർത്തിച്ചാസ്വദിക്കുന്ന ഏതൊരാളും, ചങ്ങമ്പുഴയുടെ ശൈലിയിൽ പറഞ്ഞാൽ, ‘‘അദ്വൈതാമല ഭാവസ‌്പന്ദിത വിദ്യുന്മേഖല പൂകീഞാൻ’’ എന്ന‌് ആത്മവിസ‌്മൃതിയോടെ പറഞ്ഞുപോകുന്നു!



deshabhimani section

Related News

View More
0 comments
Sort by

Home