എന്താണീ എസ്‌ഡിപിഐ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2018, 05:46 PM | 0 min read

എം എൻ കാരശേരി
അഭിമന്യുവധത്തോടെ കുറ്റാരോപിതരുടെ പ്രസ്ഥാനങ്ങളായ ക്യാമ്പസ് ഫ്രണ്ടും സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യും കേരളത്തിനകത്തും പുറത്തും വലിയ ചർച്ചാവിഷയമായിരിക്കുന്നു. എസ്ഡിപിഐയുടെ വിദ്യാർഥി വിഭാഗമാണ് ക്യാമ്പസ് ഫ്രണ്ട്.
എന്താണീ എസ്ഡിപിഐ?

2009 ജൂണിൽ പ്രവർത്തനമാരംഭിച്ച ആ രാഷ്ട്രീയകക്ഷിയെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം പരിഗണനയ്ക്ക് എടുക്കേണ്ടത് സ്റ്റുഡന്റ്സ‌് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) എന്ന വിദ്യാർഥി സംഘടനയെയാണ്.

1977 ഏപ്രിലിലാണ് ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി(ആഗസ്റ്റ് 1941)യുടെ വിദ്യാർഥിവിഭാഗമായി സിമി അലിഗഡിൽ പിറവിയെടുക്കുന്നത്. ആധുനികവും പാശ്ചാത്യവുമായ ഭൗതികസംസ്കാരത്തിന്റെ ദുഃസ്വാധീനത്തിൽനിന്ന് മുസ്ലിം ചെറുപ്പക്കാരെ വീണ്ടെടുത്ത് യഥാർഥ മതവിശ്വാസികളായി വളരാൻ അവർക്കു പരിശീലനം നൽകുക എന്നതായിരുന്നു പ്രഖ്യാപിതലക്ഷ്യമെങ്കിലും ജമാ അത്തെ സ്ഥാപകനായ അബ്ദുൾ അആ്ലാ മൗദൂദി(1903‐1979) യുടെ രാഷ്ട്രീയചിന്തകൾ പിൻപറ്റിയുള്ള പൊതുപ്രവർത്തനമാണ് സിമി നടത്തിയത്.

അവിഭക്ത ഇന്ത്യയിൽ ജനിക്കുകയും വിഭജനാനന്തരം പാകിസ്ഥാനിൽ ജീവിക്കുകയും അമേരിക്കയിൽ അന്തരിക്കുകയുംചെയ്ത മൗദൂദി 'ദൈവികഭരണം' (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയാണ് മുസ്ലിമിന്റെ കടമ എന്ന സിദ്ധാന്തക്കാരനായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാന(1919)ത്തിന്റെ അനുഭാവിയായി പൊതുജീവിതവും പത്രപ്രവർത്തനവും ആരംഭിച്ച ഈ മതപണ്ഡിതൻ ഇസ്ലാമിന് രാഷ്ട്രീയവ്യാഖ്യാനം നൽകിയവരിൽ പ്രമുഖനാണ്. ഇസ്ലാമിന്റെ ഗതകാലമഹിമ വീണ്ടെടുക്കുന്നതിന‌് ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹ്യജീവിതത്തിലേക്ക് തിരിച്ചുപോകണം എന്നും മതകർമശാസ്ത്രവിധികളായ 'ശരിഅത്ത്'(മാർഗം) നടപ്പാക്കുന്ന ദൈവികഭരണം സ്ഥാപിക്കാൻ പരിശ്രമിക്കണം എന്നും നിരന്തരം ഉദ്ബോധിപ്പിച്ച ഈ പുനരുദ്ധാരണവാദി(റിവൈവലിസ്റ്റ്) തന്റെ ആദർശരാഷ്ട്രത്തെ'ദൈവികജനാധിപത്യം'(തിയോ ഡെമോക്രസി) എന്നു വിളിച്ചു. 'ദൈവികഭരണം' നടത്തുന്നതിനുവേണ്ടി ജനങ്ങൾ അധികാരികളെ തെരഞ്ഞെടുക്കണം എന്നർഥം. ജനാധിപത്യത്തിന് പകരമായി ദൈവികാധിപത്യവും (തിയോക്രസി) മതേതരത്വത്തിന് പകരമായി മതരാഷ്ട്രവും (റിലീജ്യസ് സ്റ്റേറ്റ്) ദേശിയതയ്ക്ക് പകരമായി ആഗോള മുസ്ലിംം സാമൂഹികതയും(പാൻ ഇസ്ലാമിസം) മുന്നോട്ടുവയ്ക്കുന്ന മൗദൂദി ആവർത്തിച്ചുകൊണ്ടേയിരുന്നു: ഇസ്ലാം അനുഷ്ഠാനബദ്ധമായ മതം മാത്രമല്ല, അതൊരു പ്രത്യയശാസ്ത്രമാണ്; സമ്പൂർണ ജീവിതപദ്ധതിയാണ്. രാഷ്ട്രീയാധികാരമില്ലാതെ ഇസ്ലാമിന് നിലനിൽക്കാനാകില്ല. ഭരണമില്ലാത്ത ഇസ്ലാം 'വായുവിൽ പണിത വീടുപോലെ' അസംബദ്ധമാണ്‐ഇതാണ് ഇസ്ലാമിസം. അതായത് രാഷ്ട്രീയ ഇസ്ലാം (പൊളിറ്റിക്കൽ ഇസ്ലാം).

മൗദൂദിയുടെ ആദർശമായ 'ഇസ്ലാമിക രാഷ്ട്ര'ത്തിൽ അവിശ്വാസികൾ പൗരാവകാശങ്ങളില്ലാത്ത രണ്ടാംതരം പൗരന്മാരാണ്. മതമൗലികവാദത്തിന്റെ രാഷ്ട്രീയരൂപമാണ് മതരാഷ്ട്രം. മതനിയമങ്ങൾ രാഷ്ട്രനിയമങ്ങളാകുന്ന ദുരവസ്ഥയാണത്. സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുഖം മൂടണമെന്നും സംഗീതം, നൃത്തം എന്നിവ സാമൂഹ്യതിന്മകളാണെന്നും മൗദൂദി ശഠിച്ചിട്ടുണ്ടെന്നറിയുമ്പോൾ ആ മതമൗലികവാദത്തിന്റെ മട്ടും മാതിരിയും തിരിഞ്ഞുകിട്ടും.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്തിറങ്ങിയ മറ്റൊരു മതപണ്ഡിതനായ ഹസനുൽബന്ന(1906‐1949) ഈജിപ്തിൽ 1928ൽ ആരംഭിച്ച മുസ്ലിം ബ്രദർഹുഡ് (ഇഖ്വാനുൽ മുസ്ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ ഉള്ളടക്കവും മേൽപ്പറഞ്ഞതുതന്നെ. പ്രശസ്ത ഇസ്ലാമികപണ്ഡിതൻ യൂസുഫുൽഖർദാവി(ജനനം 1926) വിലയിരുത്തുകയുണ്ടായി: 'ഈജിപ്തിലെ ജമാ അത്തെ ഇസ്ലാമിയാണ് മുസ്ലിം ബ്രദർഹുഡ്; ഇന്ത്യയിലെ ബ്രദർ ഹുഡാണ് ജമാ അത്ത്'.

'ദൈവികഭരണം' എന്നു പറഞ്ഞാലും ഭരിക്കുന്നത് മനുഷ്യർതന്നെ. മതപുരോഹിതൻ ജനാധിപത്യത്തിന്റെ സൗകര്യം ഉപയോഗിച്ച് നാട് ഭരിക്കുന്ന വ്യവസ്ഥയാണത്‐പഴയ ഭാഷയിൽ പറഞ്ഞാൽ രാജഗുരു രാജാവാകുന്ന ഏർപ്പാട്. അവിടെ ദൈവവചനമായി ആദരിക്കപ്പെടുന്ന ഖുർആനും നബിചര്യയായി അംഗീകരിക്കപ്പെടുന്ന ഹദീസും അനുസരിച്ചാകും ഭരണം. അവയിൽ കാണുന്ന ഖണ്ഡിതവിധികൾക്കെതിരെ കാലത്തിനോ ദേശത്തിനോ അനുസരിച്ച് നിയമങ്ങൾ മാറ്റാനോ തിരുത്താനോ ഒരു നിയമനിർമാണ സഭയ്ക്കും അവകാശമുണ്ടാകുകയില്ല. ഉദാഹരണം: 'ശരി അത്ത്' അനുസരിച്ച് അനന്തരാവകാശമായി പുത്രന് കിട്ടുന്നതിന്റെ നേർപകുതിയേ പുത്രിക്ക് കിട്ടൂ. ഒരു സാഹചര്യത്തിലും ഇത് മാറ്റാനാകുകയില്ല. അവളെ ഭർത്താവോ പുത്രനോ സംരക്ഷിക്കണം എന്ന് വാദം വന്നാൽ അവിവാഹിതയുടെ കാര്യത്തിൽ ഇത് മാറുമോ എന്ന് ചോദിക്കാൻ പാടില്ല: ഭക്തിയാണ് പ്രധാനം; യുക്തിയല്ല.

ഇന്ത്യൻ ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടും പ്രവർത്തനരീതികളും അടിയന്തരാവസ്ഥ(1975‐1977)യ്ക്ക് മുമ്പും പിമ്പും എന്ന് വകതിരിച്ച് പഠിക്കേണ്ടതുണ്ട്. അന്ന് ആദ്യമായി ജമാ അത്തെ നിരോധിക്കപ്പെട്ടു. ചില നേതാക്കളും അനുയായികളും തടവ് അനുഭവിച്ചു. അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പോടെ(1977)  ജമാ അത്തുകാരുടെ രൂപഭാവങ്ങൾക്ക് പ്രകടമായ മാറ്റം വരുന്നു. റായ്ബറേലിയിൽ ഇന്ദിരാഗാന്ധി തോറ്റതും കോൺഗ്രസിന് അധികാരം നഷ്ടമായതും മൊറാർജി പ്രധാനമന്ത്രിയായതും അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. അതുവരെ'പൈശാചിക സർക്കാരി'(താഗൂത്തി)നോടുള്ള നിസ്സഹകരണം എന്ന നിലയിൽ ജമാ അത്തുകാർ വോട്ടു ചെയ്തിരുന്നില്ല; സർക്കാർ ഉദ്യോഗങ്ങൾ സ്വീകരിച്ചിരുന്നില്ല; കോടതിയെ സമീപിച്ചിരുന്നില്ല; ആധുനിക മതേതരവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും സ്വന്തം മക്കളെ അയച്ചിരുന്നില്ല. 1977 ഓടുകൂടി ഇന്ന ആൾക്ക് വോട്ട് ചെയ്യണം എന്നും ഇന്ന ആൾക്ക് വോട്ട് ചെയ്യരുത് എന്നും പറഞ്ഞ് ആ'മതസംഘടന' പ്രതികാരഭാവത്തോടെ രംഗത്തിറങ്ങുന്നത് നാട്ടുകാർ കൗതുകത്തോടെ നോക്കിയിരുന്നു.  പ്രാർഥനയും മതപ്രബോധനവും മാത്രമല്ല, രാഷ്ട്രീയവും സ്വന്തം വഴിയാണ് എന്ന് അടയാളപ്പെടുത്തിയതോടെ കൂട്ടത്തിലെ യുവസമൂഹത്തിന്റെ ഉന്മേഷം വർധിച്ചു.

അടിയന്തരാവസ്ഥ പിൻവലിച്ച് (21 മാർച്ച് 1977) ഒരുമാസം കഴിഞ്ഞാണ് സിമിയുടെ ജനനം (25 എപ്രിൽ 1977). ജമാ അത്ത് പുതിയ ഉന്മേഷം ആർജിച്ചുവരുന്ന കാലമാണത്. ആ കാലത്ത് ഇന്ത്യക്ക് പുറത്ത് ഉർജസ്വലരായ സിമിക്കാരെ ആകർഷിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളുണ്ടായിരുന്നു:
1 ഇറാനിൽ ചക്രവർത്തിയായ ഷായ‌്ക്കെതിരെ ശിയാ മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഇസ്ലാമിക വിപ്ലവം'. 1977 ഒക്ടോബറിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. 1979 ഡിസംബറിൽ അത് വിജയം നേടി.

2 അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ‌് ഭരണത്തിനെതിരായ പോരാട്ടം. 1978ലാണ് റഷ്യൻ പിന്തുണയോടുകൂടി സൈനികനേതൃത്വത്തിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി ഭരണം പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാൻ റിപ്പബ്ലിക‌് സ്ഥാപിക്കുന്നത്.

ഇറാനിലെ 'ഇസ്ലാമിക വിപ്ലവ'ത്തിന്റെ വിജയം സിമിക്കാരെ ആവേശഭരിതരാക്കി. ശിയാക്കൾ ഇസ്ലാമിന് പുറത്താണ് എന്ന് നൂറ്റാണ്ടുകളായി നിലപാടുള്ള സുന്നി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടും ജമാ അത്തെ ഇസ്ലാമി ഇറാൻ സർക്കാരിനെ അംഗീകരിച്ചു. കേരളത്തിലെ മറ്റു മുസ്ലിം സംഘടനകൾ ആ വിജയത്തിൽ അങ്ങനെ ആഹ്ലാദമോ ആവേശമോ കാണിച്ചില്ല.

കമ്യൂണിസ്റ്റ‌് സമൂഹങ്ങൾ റഷ്യൻ വിപ്ല(1917)ത്തിൽനിന്ന് ഊർജം വലിച്ചെടുത്തപോലെ ഇറാനിലെ വിജയത്തിൽനിന്നും അഫ്ഗാസ്ഥാനിലെ പോരാട്ടത്തിൽ നിന്നും ഉന്മേഷം ആർജിച്ച സിമി ഇന്ത്യയിൽ ഇസ്ലാമിക വിപ്ലവത്തിന് സമയമായെന്നുകണ്ട് ഉണർന്നു. 1980 കാലത്ത് കേരളത്തിലെവിടെയും പ്രത്യക്ഷപ്പെട്ട 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ചുവരെഴുത്ത് ഈ പറഞ്ഞതിന്റെ ഒരുദാഹരണമാണ്.

ജമാ അത്തെ ഇസ്ലാമി ഈ നിലപാടിനോടു യോജിച്ചില്ല. ആവേശംകൊണ്ട് കാണിക്കുന്ന 'അവിവേകങ്ങളെല്ലാം ആപത്തായി തീരുമെന്നും അത് ആത്മഹത്യാപരമാണെന്നും മാതൃസംഘടന സിമിയെ ഉപദേശിച്ചു. പ്രസ്ഥാനസ്ഥാപകനായ മൗദൂദിയുടെ നിലപാടിൽനിന്ന് വ്യതിചലിക്കുന്ന നേതൃത്വത്തിന്റെ ഏർപ്പാട് 'അവസരവാദം' ആണെന്നായിരുന്നു സിമിയുടെ പ്രതികരണം. ഏറെക്കഴിയും മുമ്പേ, സിമിയും ജമാ അത്തും വഴിപിരിഞ്ഞു. സിമി സ്വതന്ത്രസംഘടനയാണെന്ന് രണ്ടു കൂട്ടരും പറഞ്ഞു. 1982ൽ ജമാ അത്ത് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(എസ്ഐഒ) എന്ന പേരിൽ സ്വന്തം വിദ്യാർഥി സംഘടനയുണ്ടാക്കി.

ഇവരുടെ വഴിപിരിയൽ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും പ്രവർത്തനങ്ങളിലും ഒരുപോലെ വെളിപ്പെട്ടു. ഒരുദാഹരണം: പിഎൽഒ നേതാവ് യാസർ അറഫാത്തി(1929‐2004)നെ പലസ്തീൻ ജനതയുടെ യഥാർഥനേതാവായി ജമാ അത്തെ അംഗീകരിച്ചു. അദ്ദേഹം 'പാശ്ചാത്യരുടെ പാവ'യാണ് എന്നാണ് സിമിയുടെ വിലയിരുത്തൽ. 1981ൽ അറഫാത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ സിമിക്കാർ ആ സാന്നിധ്യത്തിനെതിരെ പ്രതിഷേധിക്കുകയും അദ്ദേഹത്തെ കരിങ്കൊടി കാണിക്കുകയുമുണ്ടായി.

പിൽക്കാലത്ത് ഒരു സ്വാതന്ത്ര യുവജനസംഘടനയായിട്ടാണ് സിമി പ്രവർത്തിച്ചുപോന്നത്. 'അല്ലാഹുവാണ് ഞങ്ങളുടെ നാഥൻ; ഖുർ ആനാണ് ഞങ്ങളുടെ ഭരണഘടന; മുഹമ്മദ് നബിയാണ് ഞങ്ങളുടെ നേതാവ്' എന്ന മുദ്രാവചനവുമായിട്ടായിരുന്നു പ്രവർത്തനം. ഇറാൻ വിപ്ലവത്തെയും അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് വിരുദ്ധ സമരത്തെയും വാഴ്ത്തിയും ഇന്ത്യയിൽ വളർന്നുവരുന്ന ഹിന്ദുതീവ്രവാദ രാഷ്ട്രീയത്തെ വിമർശിച്ചും ആണ് അത് മുന്നേറിയത്‐ മതേതരത്വത്തെ നിന്ദിച്ചും മതരാഷ്ട്രവാദത്തെ വന്ദിച്ചും. പുതിയ ഭാഷാരീതിയും പ്രവർത്തനശൈലിയുംകൊണ്ട് കലാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളെ ആകർഷിക്കാൻ അവർ പരിശ്രമിച്ചു.

ഏറെ വൈകാതെ രാമജന്മഭൂമി പ്രസ്ഥാനവും അദ്വാനിയുടെ രഥയാത്ര(1990) യും രാഷ്ട്രത്തിന്റെ നാനാഭാഗങ്ങളിൽ വർഗീയതയുടെ ചൂടുപടർത്തിത്തുടങ്ങി. കേരളത്തിൽ അതിന്റെ പ്രധാന പ്രതികരണം വന്നത് കരുനാഗപ്പള്ളിയിലെ മതപണ്ഡിതനും തീപ്പൊരി പ്രസംഗകനുമായ അബ്ദുൾ നാസർ മഅ്ദനിയിൽനിന്നാണ.് അദ്ദേഹം ആർഎസ്എസിനെ നേരിട്ട് മുസ്ലിങ്ങളെ രക്ഷിക്കാൻവേണ്ടി 1989ൽ ഇസ്ലാമിക് സേവാ സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ബാബ‌്റി മസ്ജിദ് തകർക്കപ്പെട്ടതോടെ (ഡിസംബർ1992) ഐഎസ്എസും ജമാ അത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ടു. തുടർന്ന് മഅ്ദനി പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി(1993)യുണ്ടാക്കി. ജമാ അത്തെ നിരോധനം മാറ്റിക്കിട്ടുന്നതിനുവേണ്ടി കോടതിയിൽ പോകുകയും അതിൽ വിജയിക്കുകയും ചെയ്തു. കേരളത്തിലെ സിമി നേതാക്കൾ നാഷണൽ ഡെവലപ‌്മെന്റ് ഫ്രണ്ട് (എൻഡിഎഫ്) എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ചാണ് പള്ളി തകർന്നതിനുശേഷം പ്രവർത്തിച്ചത്. '(1993) ന്യൂനപക്ഷത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹക്കുന്നതിനുവേണ്ടി' എന്നതാണ് അവരുടെ മുദ്രാവാക്യമെങ്കിലും പ്രധാനപ്രവർത്തനം ഹിന്ദു തീവ്രവാദവിരുദ്ധ മേഖലയിൽത്തന്നെ. 2001 സെപ്തബറിൽ സിമി നിരോധിക്കപ്പെട്ടപ്പോൾ എൻഡിഎഫിന് ഒരു പ്രശ്നവും ഉണ്ടായില്ല.

2002‐2003 വർഷങ്ങളിൽ നടന്ന മാറാട് കലാപത്തെപ്പറ്റി അന്വേഷിച്ച തോമസ് പി ജോസഫ് കമീഷൻ അക്രമങ്ങളിലും ആസൂത്രണങ്ങളിലും എൻഡിഎഫിനുള്ള പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്.

സമാനചിന്താഗതിയുള്ള അന്യസംസ്ഥാനങ്ങളിലെ സംഘടനകളുടെ കൂട്ടായ്മയായ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയിൽ ലയിച്ചതോടെ (2006) എൻഡിഎഫ് ഇല്ലാതായി. 'സാംസ്കാരിക സംഘ'മായി വിശേഷിപ്പിക്കപ്പെടുന്ന എൻഡിഎഫിന്റെ രാഷ്ട്രീയരൂപമായിട്ടാണ് എസ്ഡിപിഐ രൂപംകൊള്ളുന്നത്.

ഏത് മാനദണ്ഡം വച്ചുനോക്കിയാലും മതതീവ്രവാദ സംഘടനയാണ് എസ്ഡിപിഐ. അവരുടെ പ്രവർത്തകന്മാരുൾപ്പെട്ട കൊലപാതകങ്ങളും അക്രമങ്ങളും നിരവധി. ജനാധിപത്യത്തിലോ മതേതരത്വത്തിലോ ദേശീയതയിലോ വിശ്വാസമില്ല എന്നു കാണിക്കുന്നവയാണ് അവരുടെ വാക്കും പ്രവൃത്തിയും. 2010 ജൂലൈയിൽ തൊടുപുഴയിലെ ജോസഫ് മാസ്റ്ററുടെ കൈവെട്ടിയെടുത്ത് വലിച്ചെറിഞ്ഞത് ഈ പാർടിക്കാരാണ് എന്ന കാര്യം ഓർത്തുനോക്കിയാൽ ആ തീവ്രവാദസ്വഭാവം വ്യക്തമാകും. ഹാദിയ കേസ് കൈകാര്യംചെയ്ത രീതിയിലൂടെ അവർ കേരളത്തിൽ ഉൽപ്പാദിപ്പിച്ച വർഗീയത ഓർത്തുനോക്കിയാലും അത് വിശദമാകും.

പലരും ന്യൂനപക്ഷം, പിന്നോക്ക സമുദായം, ഇരവാദം തുടങ്ങിയ ഒഴികഴിവുകളിലൂടെ ഈ കൂട്ടരുടെ തീവ്രവാദപ്രവർത്തനങ്ങളെ ന്യായീകരിക്കുകയോ മൗനം കൊണ്ട് അനുവദിക്കുകയോ ചെയ്യാറുണ്ട്.

എനിക്ക് പറയാനുള്ള കാര്യം ലളിതമാണ്:
ഇവിടെ ഹിന്ദുക്കൾക്കിടയിൽ തീവ്രവാദമുണ്ട്. അതിന് പ്രതിവിധി മുസ്ലിങ്ങൾക്കിടയിലെ തീവ്രവാദമല്ല, മതേതരജനാധിപത്യമാണ്. ഭൂരിപക്ഷ തീവ്രവാദം ന്യൂനപക്ഷ തീവ്രവാദത്തെയെന്നപോലെ ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തെയും വളർത്തും. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിപടർത്തി രക്ഷകരായിത്തീരാനും മറ്റുള്ളവർക്കിടയിൽ ഭീതി പടർത്തി വീരന്മാരായിത്തീരാനുമുള്ള എസ്ഡിപിഐയുടെ'രാഷ്ടീയ'ത്തിന്റെ ഒരു പ്രകടനം മാത്രമാണ് അഭിമന്യു വധം. അത് കൃത്യമായ അർഥത്തിൽ 'അരാഷ്ട്രീയതയാണ്'.



deshabhimani section

Related News

View More
0 comments
Sort by

Home