മായുന്നില്ല ആ നിലവിളി...

മഹാരാജാസിന്റെ നിലവിളി ഇനിയും കാതിൽനിന്ന‌് മാഞ്ഞിട്ടില്ല. ക്യാമ്പസിന്റെ പ്രിയങ്കരനാണ് പൊടുന്നനെ വിടപറഞ്ഞത്. ദാരുണമായി കൊന്നുതള്ളുകയായിരുന്നു, മതതീവ്രവാദികളായ പൈശാചികസംഘം. അപ്രതീക്ഷിതമായൊരു കൊലപാതകം. അതിനിരയാകാൻ ഒരു തെറ്റും അവൻ ചെയ്തതുമില്ല. അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ കൂട്ടുകാർക്കും അധ്യാപകർക്കും സഖാക്കൾക്കുമൊക്കെ ഇനിയും ദിവസങ്ങൾ വേണ്ടിവരും. അത്രയ്ക്ക് നിഷ്കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അഭിമന്യു. മികച്ച പ്രസംഗകനും സംഘാടകനുമൊക്കെയായി ക്യാമ്പസിന്റെ ഹൃദയം കവർന്നവൻ. അവന്റെ ചിരിയും ഇടനാഴിയിലെ പാട്ടിന്റെ വീഡിയോയും കണ്ടാൽ ആരിലും വാത്സല്യമുണരും. നെഞ്ചോടൊന്നുചേർത്തുപിടിക്കാൻ തോന്നും.
തികച്ചും ദരിദ്രമായ സാഹചര്യത്തിൽനിന്നാണ് അഭിമന്യു മഹാരാജാസിലെത്തിയത്. എന്നാൽ, നന്മയുടെയും മാനവികതയുടെയും കാര്യത്തിൽ തികഞ്ഞ സമ്പന്നനായിരുന്നു അവൻ. വീൽ ചെയറിൽ ജീവിക്കുന്ന സൈമൺ ബ്രിട്ടോയുടെ വലംകൈയായി മാറാൻ അവനെ പ്രേരിപ്പിച്ചത് ഒരു സഖാവിനോടുള്ള കലർപ്പറ്റ സാഹോദര്യവും മാനവികതയിലുള്ള അചഞ്ചലവിശ്വാസവുമാണ്. മൂത്രം വീണ തുണി മാറ്റിയും കുളിപ്പിച്ചും വീൽചെയർ തള്ളിനീക്കിയും അവൻ ബ്രിട്ടോയെ പരിചരിച്ചു.യാത്രാവിവരണത്തിന്റെ ആയിരത്തോളം പേജുകൾ ഒപ്പമിരുന്നെഴുതി. ഒരു സഖാവിനുചേർന്ന അനുതാപത്തോടെ. ദരിദ്രരിൽ ദരിദ്രനും മിടുക്കരിൽ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലർ ഫ്രണ്ട് കൊലയാളികൾ നിസ്സാരമായി കൊന്നുതള്ളിയത്.
മോർച്ചറിക്കു പുറത്തുനിന്നപ്പോൾ മുത്തുക്കോയയെ ഞാനോർത്തു. 1973ൽ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റുവാങ്ങിയത്. പൊതുദർശനത്തിനുശേഷം കോളേജിൽനിന്ന‌് പുറത്തിറങ്ങുമ്പോൾ ഒരു പത്രപ്രവർത്തകയുടെ ഫോൺ. മഹാരാജാസിന്റെ ഭീകര ഭൂതകാലത്തെക്കുറിച്ചൊരു(ഏീൃ്യ ജമ)ഫീച്ചർ ചെയ്യുന്നു, സാറിനും ഇതുപോലൊരു അനുഭവമുണ്ടായല്ലോ. അതേക്കുറിച്ചു പറയാമോ എന്ന് ചോദ്യം. അന്ന് കൊലയാളികളുടെ ലക്ഷ്യം മുത്തുക്കോയ ആയിരുന്നില്ല. എന്നെയായിരുന്നു അവർ കൊല്ലാൻ തെരഞ്ഞെടുത്തിരുന്നത്. ഞാൻ ഓടി രക്ഷപ്പെട്ടതിലുള്ള കലി തീർക്കാൻ മുത്തുക്കോയയെ കൊലപ്പെടുത്തുകയായിരുന്നു. അതേക്കുറിച്ചാണ് ലേഖികയ്ക്ക് അറിയേണ്ടത്.
ഇതൊന്നുമല്ല മഹാരാജാസെന്ന് ആ പത്രപ്രവർത്തകയെ ആർക്കു പറഞ്ഞു മനസ്സിലാക്കാൻ കഴിയും? പഠിക്കാൻ മിടുക്കുള്ളവർ, കലയും സാഹിത്യവും തലയ്ക്കുപിടിച്ചവർ, സ്വതന്ത്രചിന്തയുടെ കരകളിലേയ്ക്കു തുഴയുന്നവർ... അവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു മഹാരാജാസ്. മികച്ച അധ്യാപകരുടെയും മികച്ച കുട്ടികളുടെയും സംവാദകേന്ദ്രം. ആ ക്യാമ്പസിലെത്താനാണ് ഇടുക്കിയിലെ വട്ടവടയിൽ ജനിച്ചുവളർന്ന അഭിമന്യു മോഹിച്ചത്. അതിനു കാരണം ക്യാമ്പസിന്റെ ഭീകര ഭൂതകാലമല്ല. പഠനത്തിനും കലാസാഹിത്യരാഷ്ട്രീയപ്രവർത്തനങ്ങളിലും മഹാരാജാസ് സൃഷ്ടിച്ച ഉന്നതമായ മാതൃകയാണ്.
അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ കൃഷ്ണയും പാവപ്പെട്ട പാർടി കുടുംബത്തിലെ അംഗമാണ്. മഹാരാജാസിൽ പഠിക്കാൻ മോഹിച്ചവൻ. ഇന്നലെ ഞാനെത്തുമ്പോൾ അവനെ വെന്റിലേറ്ററിൽനിന്ന് നീക്കം ചെയ്തതേയുള്ളൂ. മരണത്തിന്റെവക്കിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു അർജുൻ. കുത്തേറ്റ‌് രണ്ടുമണിക്കൂറിനുള്ളിൽ ഓപ്പറേഷൻ നടത്തിയതുകൊണ്ട് ജീവൻ നിലനിൽക്കുന്നു.
ഇരട്ടക്കൊലപാതകത്തിന് കോപ്പുകൂട്ടിയാണ് അക്രമികൾ ക്യാമ്പസിലെത്തിയത്. കൈയിൽ കിട്ടുന്ന കുഞ്ഞുങ്ങളെ കൊന്നുകളയാൻ തീരുമാനിച്ചുവന്നവർ. കൊല നടത്താൻ പരിശീലനം ലഭിച്ച കൊടുംക്രിമിനലുകൾ ആ സംഘത്തിലുണ്ടായിരുന്നു. കുത്തിയും വെട്ടിയും അറപ്പുതീർന്നവർ. ചോര കണ്ടുകണ്ട് മരവിപ്പുമാറിയവർ.
എന്തിനാണ് പോപ്പുലർ ഫ്രണ്ടുകാർ ഈ പാതകം ചെയ്തത്? അതിനുമാത്രം എന്തുപ്രകോപനമാണ് ആ ക്യാമ്പസിലുണ്ടായിരുന്നത്? പോസ്റ്റർ ഒട്ടിച്ചതിലെ തർക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്ക്കു നിസ്സാരമായ കാരണം മതിയോ പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാൻ?
അല്ല. അതൊരു ക്യാമ്പസ് തർക്കത്തിന്റെപേരിൽ നടന്ന കൊലപാതകമല്ല. ആസൂത്രിതമായിരുന്നു കൃത്യം. ഒറ്റക്കുത്തിന് ചങ്കും കരളും തകർക്കാൻ പരിശീലനം സിദ്ധിച്ചവർ സംഘടിച്ച് കോളേജിലെത്തിയത് വ്യക്തമായ മുന്നൊരുക്കത്തിന്റെ സൂചന തന്നെയാണ്. പല ജില്ലകളിൽനിന്നുള്ള ക്രിമിനലുകൾ. ചുവരെഴുത്തിന്റെ പേരിൽ ക്യാമ്പസ് ഫ്രണ്ടുകാർ തർക്കമുണ്ടാക്കിയത‌് ഈ കൊലയാളികളെ ക്യാമ്പസിലെത്തിക്കാൻവേണ്ടിയായിരുന്നു.
എസ്എഫ്ഐയെ ഭയപ്പെടുത്താനും ക്യാമ്പസുകളെ ഭീതിയിലാഴ്ത്താനും വേണ്ടി ആസൂത്രണംചെയ്യപ്പെട്ട കൊലപാതകമാണിത്.‘ക്യാമ്പസ് ഫ്രണ്ടെന്നുകേട്ടാൽ ഭയചകിതമാകണം ഓരോ ക്യാമ്പസും’ എന്ന സന്ദേശം പരത്താനാണവർ അഭിമന്യുവിന്റെ ചങ്കിൽ കത്തിയാഴ്ത്തിയത്. അത്യന്തം ഹീനമായ ഈ കൊലപാതകത്തെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങൾ വിരൽചൂണ്ടുന്നതും ഈ യാഥാർഥ്യത്തിലേക്കാണ്. ഒരു ന്യായീകരണ കമന്റ‌് ഇങ്ങനെയായിരുന്നു:“സുഡാപ്പികളെ വലിച്ചുകയറ്റാൻ മൂക്കുവിടർത്തുന്നവരോട്: ഞടടന്റെ ആളില്ലാപോസ്റ്റിലേക്ക് ഗോളടിക്കുന്ന കളിയാവില്ല ആൺപിള്ളേരോട‌് കളിച്ചാൽ. അത്രതന്നെ”.
ആർഎസ്എസിനേക്കാൾ ഭീകരരാണ‌് തങ്ങൾ എന്നു തെളിയിക്കാൻ നടത്തിയ കൊലപാതകമാണെന്ന് പച്ചയ്ക്ക് അവകാശപ്പെടുകയാണ് സുഡാപ്പികൾ. പ്രൊഫസർ ജോസഫിന്റെ കൈവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ പുറത്തുവന്നപ്പോൾ നിറഞ്ഞുചിരിച്ച് കേരളത്തെ കൊഞ്ഞനംകുത്തിയതുപോലെ, ഈ കേസിലെ പ്രതികളും പെരുമാറും. അതുകൊണ്ട് ഒറ്റപ്പെട്ട കൊലപാതകത്തിന്റെ കണക്കിൽപ്പെടുത്തി അവഗണിക്കേണ്ട സംഭവമല്ല ഇത്.
കോളേജുകളിൽ കുത്തിക്കൊല ആദ്യമായിട്ടല്ലെന്നായിരുന്നു എസ്ഡിപിഐയുടെ ആദ്യപ്രതികരണം. ശരിയാണവർ പറഞ്ഞത്. ആദ്യമായല്ല ക്യാമ്പസിൽ കൊലപാതകം. പക്ഷേ, ക്യാമ്പസിൽ കൊല്ലപ്പെട്ടവരെല്ലാം എസ്എഫ്ഐക്കാരാണ്. സംഘർഷത്തിനിടയിൽ ആർക്കെങ്കിലും സംഭവിച്ച കൈയബദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവരല്ല അവർ. തീരുമാനിച്ചുറപ്പിച്ച‌് തീർത്തുകളഞ്ഞതാണ്. അങ്ങനെ എസ്എഫ്ഐക്കാരെ തെരഞ്ഞുപിടിച്ച‌് വകവരുത്തിയവരുടെ പാതയിൽത്തന്നെയാണ‌് തങ്ങളുമെന്ന‌് പൊതുസമൂഹത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ‌് എസ്‌ഡിപിഐ.
ഈ ക്രിമിനൽ സംഘത്തിന‌് പൊതുസമ്മതിയുണ്ടാക്കാൻ അധ്വാനിക്കുന്ന ചിലരുണ്ട്. പരിസ്ഥിതി, മനുഷ്യാവകാശം, ദളിത് പിന്നോക്ക ഐക്യം എന്നിവയെ ആസ്പദമാക്കി സുഡാപ്പികളുമായി കൈകോർക്കാൻ ശ്രമിക്കുന്നവർ. ക്യാമ്പസുകളെയും കേരളത്തെ പൊതുവെയും മുസ്ലിം – മുസ്ലിം ഇതരർ എന്നു ഭിന്നിപ്പിക്കാൻ നടക്കുന്നവർക്ക‌് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ ഇവരുടെ കൈമെയ് സഹായമുണ്ട്. അതിവേഗം വർഗീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ മതനിരപേക്ഷശക്തികൾക്ക‌് മുൻകൈയുള്ള ഈ കേരളത്തിന്റെ സാമൂഹ്യപരിവർത്തന ധാരയെക്കുറിച്ച‌് ഇക്കൂട്ടർക്ക് ഒരു ചുക്കുമറിയില്ല. മുസ്ലിം തീവ്രവാദം ആഗോളപ്രതിഭാസമാണെന്നും കൈവെട്ടും കുത്തിക്കൊലയുമൊക്കെ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നുമൊക്കെ ഈ അറുകൊലപാതകത്തെ ചാനലിലിരുന്നു ന്യായീകരിക്കുന്ന നിഷ്പക്ഷ നാട്യക്കാരെ കാണുമ്പോൾ കഷ്ടമെന്നല്ലാതെ എന്തുപറയാൻ.
വലിയ സംഘടനാശേഷി ആർഎസ്എസിന‌് കേരളത്തിലുണ്ടെങ്കിലും എല്ലാ അടവുകളും പയറ്റിയിട്ടും ബഹുജനപിന്തുണ ആർജിക്കാൻ കഴിഞ്ഞിട്ടില്ല. കേരള നവോത്ഥാനം കേരള മനസ്സിനെ എങ്ങനെ മാറ്റിമറിച്ചു എന്നും ഇടതുപക്ഷം എങ്ങനെ ഈ പൈതൃകം മുന്നോട്ടു കൊണ്ടുപോയെന്നും തിരിച്ചറിയുമ്പോഴേ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകൂ. ആ പാരമ്പര്യത്തിന്റെ കടയ്ക്കലേയ്‌ക്കാണ് എസ്‌ഡിപിഐ കോടാലിയെറിയുന്നത്. കേരളത്തിൽ ചുവടുറപ്പിക്കാൻ കഴിയാത്ത ഹൈന്ദവവർഗീയതയ്ക്ക് കളമൊരുക്കുകയാണ് ന്യൂനപക്ഷ തീവ്രവാദ സംഘടനകൾ ചെയ്യുന്നത്. ഇരുവരുടെയും ലക്ഷ്യം ഒന്നുതന്നെ. വർഗീയമായി സമൂഹത്തെ ചേരിതിരക്കുക. ഇത്തരത്തിലുള്ള പരസ്പരസഹായതന്ത്രമാണ് ഇവർ രണ്ടും പയറ്റിക്കൊണ്ടിരിക്കുന്നത്.
ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനൽ സംഘമാണിത്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെപരാതി. അതേ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികൾ തന്നെയാണ്. മതത്തിന്റെപേരിലാണ് അവരുടെ അഭിനയം. മതത്തിന്റെ പേരിൽത്തന്നെയാണവർ കത്തി രാകുന്നത്. മതത്തിന്റെപേരിൽത്തന്നെയാണവർ ഭീഷണി മുഴക്കുന്നത്. വിനോദയാത്രപോകുമ്പോഴും കുട്ടികൾക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും ക്യാമ്പസ് ഫ്രണ്ടുകാർ കലാലയങ്ങളിൽ അഴിഞ്ഞാടാനെത്തുന്നത‌് മതത്തിന്റെപേരിൽത്തന്നെയാണ്. അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഈ തീവ്രവാദകൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയുടെ മുൻനിരയിൽ കടന്നിരുന്നത്.
എല്ലാത്തരം സാമൂഹ്യവിനിമയങ്ങളിൽനിന്നും കൊടുംക്രിമിനലുകളായ ഈ ഭീകരസംഘത്തെ അകറ്റിനിർത്താൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൗഹാർദമനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിക്കുപോലും ഇവർ അർഹരല്ല. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമൂഹ്യബഹിഷ്കരണമാണ‌് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരളസമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്.









0 comments