കോൺഗ്രസിനുവേണ്ടിയുള്ള പെയ‌്ഡ‌് ന്യൂസ‌്

കർണാടകത്തിൽ തോറ്റ കോൺഗ്രസ്, ജയിച്ചെന്ന് സിപിഐ എം വിലയിരുത്തണമെന്ന് പത്രമുത്തശ്ശിക്ക് നിർബന്ധം. കർണാടകത്തിലെ തെരഞ്ഞെടുപ്പുഫലം ബിജെപിയുടെയല്ല കോൺഗ്രസിന്റെ പരാജയമാണെന്നാണ് പാർടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി' മുഖപ്രസംഗത്തിൽ പ്രകാശ് കാരാട്ട് വാദിക്കുന്നത് എന്നാണ് മെയ‌് 22ന് ഡൽഹി ലേഖകന്റേതായി പ്രസിദ്ധീകരിച്ച വാർത്തയിലുള്ളത്. എറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിട്ടും ബിജെപിക്ക് ഗവർണറുടെ ചുമലിലേറി സർക്കാരുണ്ടാക്കേണ്ടി വരികയും അവസാനം ആ സർക്കാരിന് രാജിവയ‌്ക്കേണ്ടിവരികയും ചെയ‌്തു എന്നത് വസ്തുതയാണ്. ആ വസ്തുത ഇതേലേഖകൻ ചൂണ്ടിക്കാട്ടുന്ന ‘പീപ്പിൾസ് ഡെമോക്രസി'യുടെ മെയ് 20, 27 ലക്കങ്ങളിൽ വിശദീകരിക്കുന്നുമുണ്ട്.
എന്നാൽ, കർണാടകത്തിൽ കോൺഗ്രസ് ജയിച്ചുവെന്ന് സിപിഐ എം വിലയിരുത്തണമെന്ന് പറയുമ്പോൾ വസ്തുതകളെ വസ്തുതയായി കാണുന്നവർക്ക് അതെങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക. 224 അംഗ നിയമസഭയിൽ 122 സീറ്റ‌് നേടിയാണ് 2013ൽ കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിൽ വന്നത്. ഇക്കുറി ലഭിച്ചത് 78 സീറ്റുമാത്രവും. 44 സീറ്റിന്റെ കുറവ്. 2008ലെ തെരഞ്ഞെടുപ്പിൽ ബിജെപിയോട് തോറ്റപ്പോൾപ്പോലും കോൺഗ്രസിന് ഇപ്പോൾ ലഭിച്ചതിനേക്കാൾ രണ്ട് സീറ്റ് അധികം ലഭിച്ചിരുന്നു. അപ്പോൾ അതിനേക്കാൾ വലിയ തോൽവിയാണ് കോൺഗ്രസിന് കർണാടകത്തിൽ ഇക്കുറി ഉണ്ടായതെന്നർഥം. എന്നാൽ, ഇത് തോൽവിയല്ലെന്നാണ് മനോരമയുടെ വിലിയിരുത്തൽ. ജെഡിഎസുമായി സഖ്യത്തിൽ ജൂനിയർ പങ്കാളിയായി അധികാരത്തിൽ വന്നതുകൊണ്ടാണോ എന്നറിയില്ല കോൺഗ്രസ് വിജയിച്ചുവെന്ന് സിപിഐ എം വിലയിരുത്തണമെന്നാണ് നിർബന്ധം! ഗാന്ധിജിയെ മിസ്റ്റർ ഗാന്ധി എന്നുമാത്രം വിശേഷിപ്പിച്ച് ശീലമുണ്ടായിരുന്ന മനോരമയ‌്ക്ക‌് ഇന്ന് കോൺഗ്രസിന്റെ ജിഹ്വയുടെ വേഷമാണ്.
തീർത്തും വസ്തുതാപരമായ വിശകലനമാണ് പീപ്പിൾസ‌് ഡെമോക്രസി മെയ് 20ന്റെ ലക്കം നടത്തുന്നത്. കർണാടകത്തിലെ ഫലം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലെ എട്ടാമത്തെ ഖണ്ഡിക ഇങ്ങനെയാണ്. ‘കർണാടകത്തിലെ തോൽവി കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. പുതുച്ചേരി എന്ന ചെറിയ സംസ്ഥാനത്തെ മാറ്റിനിർത്തിയാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് സർക്കാരുള്ള ഏക സംസ്ഥാനമായിരുന്നു ഇത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അടിവരയിടുന്നത്, ബിജെപി‐ആർഎസ്എസ് ശക്തികളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ചെറുക്കാനുള്ള കോൺഗ്രസിന്റെ കഴിവില്ലായ്മ തുടരുന്നുവെന്നാണ്. ക്ഷേത്രങ്ങളും മഠങ്ങളും കയറിയിറങ്ങിയുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണം തെറ്റായിരുന്നുവെന്നുമാത്രമല്ല, ഹിന്ദു ശക്തികളോടുള്ള പോരാട്ടത്തിൽ വെള്ളം ചേർക്കലുമാണ്. ജനങ്ങളുടെ സാമ്പത്തികജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മെച്ചപ്പെട്ട എന്തെങ്കിലും മുന്നോട്ടുവയ‌്ക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും കോൺഗ്രസിന് കഴിഞ്ഞില്ല. കാരണം മോഡിസർക്കാർ ശക്തമായി പിന്തുടരുന്ന അതേ നവ ഉദാരവൽക്കരണ നയങ്ങൾക്കുവേണ്ടിത്തന്നെയാണ് കോൺഗ്രസും നിലനിൽക്കുന്നത്.' സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലുള്ള വിശകലനമാണിത്.
ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതിന് കർണാടകമാത്രമല്ല മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുഫലവും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ദശാബ്ദങ്ങളായി കോൺഗ്രസ് അധികാരത്തിൽനിന്ന‌് പുറത്തായിട്ട്. ഉത്തർപ്രദേശിൽ 1988നുശേഷവും ബിഹാറിൽ 1990നുശേഷവും ഗുജറാത്തിൽ 1995നുശേഷവും മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ 2003നുശേഷവും കോൺഗ്രസിന് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല. മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് ബിജെപിക്കെതിരെ പൊരുതിനിൽക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതാണ് ചരിത്രപാഠം. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ കർണാടകത്തിലും ഉണ്ടായിട്ടുള്ളത്. എന്നാൽ, തോറ്റ കോൺഗ്രസ് തോറ്റുവെന്ന് വിളിച്ചുപറഞ്ഞത് വലിയ അപരാധമായിപ്പോയി എന്നതരത്തിൽ വാർത്ത ചമയ‌്ക്കണമെങ്കിൽ അത് കോൺഗ്രസ് പാർടിക്കുവേണ്ടിയുള്ള പെയ്ഡ് ന്യൂസല്ലാതെ മറ്റെന്താണ്?
കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയാണെന്ന കാരാട്ടുപക്ഷ നിലപാട് യെച്ചൂരി തള്ളിയെന്നാണ് ലേഖകന്റെ മറ്റൊരു കണ്ടെത്തൽ. എന്നാൽ, ഇതിന് അടിസ്ഥാനമായ വസ്തുതയെന്തെന്ന് വിശദീകരിക്കാൻ ലേഖകൻ തയ്യാറാകുന്നില്ല. പിബി യോഗത്തിനുശേഷം പുറപ്പെടുവിച്ച പാർടി കമ്യൂണിക്കെ ഉയർത്തിക്കാട്ടി അതിലുള്ളതാണ് പാർടി നിലപാട് എന്നാണ് ലേഖകന്റെ വിശദീകരണം.
എന്തായിരുന്നു മെയ് 22ന്റെ പാർടി പ്രസ്താവന. അത് തുടങ്ങുന്നതുതന്നെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെതുടർന്നുണ്ടായ സംഭവങ്ങൾ പരമാർശിച്ചുകൊണ്ടാണ്. കുതിരക്കച്ചവടത്തിനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടത് സ്വാഗതാർഹമാണെന്നാണ് ഈ പ്രസ്താവനയുടെ കാതൽ. വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയുമുള്ള സർക്കാർ അധികാരത്തിൽ വന്നതിനെയും സിപിഐ എം സ്വാഗതം ചെയ്തു.
ലേഖകൻ ഉദ്ധരിക്കുന്ന ‘പീപ്പിൾസ് ഡെമോക്രസി' മുഖപ്രസംഗത്തിൽ പറയുന്നതും ഇതുതന്നെയാണ്. ജെഡിഎസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെ മുഖപ്രസംഗം സ്വാഗതം ചെയ്യുന്നു. അതായത് ബിജെപി അധികാരത്തിൽ വരുന്നത് തടയാനുള്ള രാഷ്ട്രീയനീക്കങ്ങളെ പിന്തുണയ‌്ക്കുമെന്ന 22‐ാം പാർടി കോൺഗ്രസിന്റെ തീരുമാനംതന്നെയാണ് ഇവിടെ ആവർത്തിക്കപ്പെട്ടത്. എല്ലാ നേതാക്കളും അതുതന്നെയാണ് പറയുന്നതും.
സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായ സിപിഐ എമ്മിന്റെ മുഖപത്രമാണ് പീപ്പിൾസ് ഡെമോക്രസി. (ദീർഘകാലം അതിന്റെ എഡിറ്റർകൂടിയായിരുന്നു യെച്ചൂരി) പാർടിയുടെ നിലപാടാണ് എഡിറ്റോറിയലിലൂടെ പ്രതിഫലിക്കുന്നത്. അത് യെച്ചൂരിയുടെയും കാരാട്ടിന്റെയുമല്ല, മറിച്ച് സിപിഐ എമ്മിന്റേതാണ്. കോൺഗ്രസല്ല സിപിഐ എം.









0 comments