ജനസൗഹൃദമാകുന്ന സെക്രട്ടറിയറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 07, 2018, 04:37 PM | 0 min read


സിവില്‍ സർവീസിനെ  കാലോചിതമായി നവീകരിച്ച് മാറുന്ന വെല്ലുവിളി നേരിടാന്‍ പ്രാപ്തമാക്കുകയാണ്  എല്‍‍ഡിഎഫ്  സര്‍ക്കാര്‍. അഴിമതിയടക്കമുള്ള സാമൂഹികതിന്മകള്‍ തുടച്ചുനീക്കി സിവില്‍ സർവീസിനെക്കുറിച്ചുള്ള ആക്ഷേപം ഇല്ലാതാക്കാൻ എല്ലാ സർവീസ് സംഘടനകളും ഒത്തൊരുമിക്കുന്നുണ്ട്.   സര്‍ക്കാരും പൊതുജനങ്ങളും ആഗ്രഹിക്കുന്ന രൂപത്തിലേക്ക് സെക്രട്ടറിയറ്റ് സർവീസിനെ മാറ്റിത്തീര്‍ക്കുകയെന്നത‌് ഓരോ സെക്രട്ടറിയറ്റ് ജീവനക്കാരന്റെയും കടമയാണ‌്. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നിരന്തര ഇടപെടലും സര്‍ക്കാരിന്റെ സമീപനവുംമൂലം ജനസൗഹൃദ സെക്രട്ടറിയറ്റ് സർവീസ് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ‌്.

പൊതുജനങ്ങള്‍ നിരന്തരം ആശ്രയിക്കുന്ന ഓഫീസുകളില്‍നിന്ന് വ്യത്യസ്തമായി നയപരമായ തീരുമാനങ്ങളും ഉത്തരവുകളും വേണ്ട ഓഫീസെന്ന നിലയ്ക്ക്  ഒട്ടേറെ കടമ്പകളുള്ള സംവിധാനമെന്ന ദുഷ‌്പേര‌് സെക്രട്ടറിയറ്റ് സർവീസിനുണ്ട്. എന്നാല്‍, നിലവിലുള്ള ചട്ടങ്ങളും നിബന്ധനകളും പാലിച്ചുമാത്രം ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥസംവിധാനത്തിന്റെ പരിമിതിയാണ് ഈ ആക്ഷേപത്തിന്റെ പ്രധാനപ്പെട്ട ഉറവിടമെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്.  എന്നാല്‍, മാറിയ കാലത്തിനനുസരിച്ച് ജനകീയാവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച്  സെക്രട്ടറിയറ്റ് സർവീസ് ജനസൗഹൃദമായില്ലെങ്കില്‍ മുന്നോട്ടുപോകാനാകില്ലെന്ന് മനസ്സിലാക്കുന്ന സംഘടനയാണ് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിരന്തര പ്രചാരണത്തിന്റെയും ഇടപെടലിന്റെയും ഭാഗമായി സെക്രട്ടറിയറ്റ് സർവീസില്‍ ഗുണപരമായ നിരവധി മാറ്റങ്ങളും ചലനങ്ങളും  ദൃശ്യമാകുന്നുണ്ട്. 

അത് കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ സമയബന്ധിതമായിത്തന്നെ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഇക്കാലയളവില്‍ സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്കായി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.  വിദേശരാജ്യങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ട് നടപ്പാക്കിയ അറ്റസ്റ്റേഷന്‍ രേഖകളിലെ നിബന്ധനകള്‍മൂലം വന്ന അമിതജോലിഭാരം സെക്രട്ടറിയറ്റിലെ നിലവിലുള്ള സംവിധാനം കൊണ്ടുതന്നെ തീര്‍പ്പാക്കുകയും അത് ഇപ്പോള്‍ സാധാരണഗതിയിലാക്കുകയും ചെയ‌്തു. സര്‍ക്കാരിന്റെ ഒട്ടേറെ നയപരമായ തീരുമാനങ്ങള്‍ അതേദിവസംതന്നെ ഉത്തരവാക്കാന്‍  ജീവനക്കാര്‍ നടത്തിയ പ്രയത്നവും മറ്റും മാറുന്ന സെക്രട്ടറിയറ്റ്  സംവിധാനത്തിന്റെ നിദര്‍ശനങ്ങളാണ്. സര്‍ക്കാരിന്റെ പൊതുസമീപനം സെക്രട്ടറിയറ്റ് ജീവനക്കാർ ആവേശത്തോടെ ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ 45‐ാം വാര്‍ഷിക സമ്മേളനം ചേരുന്നത്.

പുതുകേരളം കെട്ടിപ്പടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍മപരിപാടിയോടൊപ്പം സെക്രട്ടറിയറ്റ് ജീവനക്കാരും അണിനിരക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ സാമൂഹിക തുറകളിലും ചെറിയ ഇടപെടലുകള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.  മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി സെക്രട്ടറിയറ്റ് സർവീസിലെ ഫയലുകളുടെ സഞ്ചാരം കൂടുതല്‍ അനായാസവും  സുഗമവും സുതാര്യവും ജനങ്ങള്‍ക്ക് പ്രാപ്യവുമായിട്ടുണ്ട്.  പൂര്‍ണമായും കുറ്റമറ്റതാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇ‐ഫയലിന്റെയും സുതാര്യഭരണ സംവിധാനത്തിന്റെ ഭാഗമായി വന്നിട്ടുള്ള ഓഫീസ് ഓട്ടോമേഷന്റെയും അനന്തസാധ്യത സെക്രട്ടറിയറ്റ് സർവീസ് ജനകീയമാക്കാനുള്ള അവസരമാണ് തുറന്നുതരുന്നത്.

കേരള  അഡ്മിനിസ‌്ട്രേറ്റീവ‌് സർവീസ് രൂപീകരണത്തിന്റെയും പഞ്ചിങ‌് കാര്യക്ഷമമാക്കിയ തീരുമാനത്തിന്റെയും പേരില്‍ സെക്രട്ടറിയറ്റ് ജീവനക്കാരെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ നടത്തിയ പരിശ്രമം പരിശോധിക്കപ്പെടേണ്ടതുണ്ട്.  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരണത്തെ സംബന്ധിച്ച് കേരള സെക്രട്ടറിയറ്റ്  എംപ്ലോയീസ് അസോസിയേഷന്‍ ഉന്നയിച്ച ആശങ്കകളെല്ലാം  ജനാധിപത്യപരമായി ഉള്‍ക്കൊണ്ട സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്.  യുഡിഎഫ് സര്‍ക്കാർ കാലത്ത് ഏകപക്ഷീയമായും സ്വേച്ഛാപരമായും അടിച്ചേല്‍പ്പിക്കാന്‍  ശ്രമിച്ച പ്രസ്തുത തീരുമാനം, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ്  സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ വിവിധതലങ്ങളിലായുള്ള നിരവധി ചര്‍ച്ചകളാണ് നടത്തപ്പെട്ടത്.  അസോസിയേഷന്‍ ഉന്നയിച്ച ആശങ്കകളെല്ലാം പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്ന പ്രസ്തുത സർവീസിന്റെ രൂപീകരണം എങ്ങനെ സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്ക‌് അനുകൂലമാക്കാമെന്ന കാര്യത്തില്‍ പരമാവധി ഇടപെടലുകള്‍ നടത്താന്‍ അസോസിയേഷനായതും അതെല്ലാം ഉള്‍ക്കൊണ്ട എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനവും കാണാതെ പോകരുത്.  പഞ്ചിങ്ങിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് ജീവനക്കാരെ തെറ്റദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ  രാഷ്ട്രീയദുഷ്ടലാക്കോടെ പ്രചാരണം അഴിച്ചുവിട്ടപ്പോഴും സിവില്‍ സർവീസ് കാര്യക്ഷമമാക്കാനുള്ള ശ്രദ്ധേയമായ ചുവടുവയ‌്പെന്ന നിലയില്‍ അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ സംഘടനയാണ് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍.  ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള പ്രായോഗിക ബുദ്ധിമുട്ട‌് സര്‍ക്കാരിന്റെ മുമ്പാകെ കൊണ്ടുവരികയും അത് സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയും ചെയ്തതോടെ ജീവനക്കാര്‍ ഒന്നടങ്കം അതിനെ ഏറ്റുവാങ്ങി.

ഈയൊരു പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ചും സെക്രട്ടറിയറ്റ് സർവീസ് മാറ്റിത്തീര്‍ക്കാന്‍ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്.  വരേണ്യ ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങളെയെല്ലാം മറികടന്ന് സെക്രട്ടറിയറ്റ്  സർവീസ് ഇന്നത്തെ നിലയില്‍  എത്തിയതിന് ചരിത്രപരമായ സ്വാധീനം ചെലുത്തിയ സംഘടനയാണ് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. 

സെക്രട്ടറിയറ്റ് സർവീസിന്റെ വ്യതിരിക്തതയും കാര്യക്ഷമതയും തിരിച്ചറിഞ്ഞ് നിരവധിയായിട്ടുള്ള സര്‍ക്കാര്‍ പ്രോജക്ടുകളില്‍ സെക്രട്ടറിയറ്റ്  ഉദ്യോഗസ്ഥന്മാരെ നിയമിച്ച് ഈ സർവീസിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ച സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്.  നവലോകം കെട്ടിപ്പടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം കേരളത്തിലെ പൊതുസമൂഹത്തോടൊപ്പം ഒത്തുചേര്‍ന്ന് ചരിത്രനിയോഗം ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ് സെക്രട്ടറിയറ്റ് ജീവനക്കാര്‍.

(കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍  ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

Home