ഭരണഘടനാപദവികളുടെ വിശ്വാസ്യത ചോരുമ്പോൾ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ്, രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തിരക്കിട്ട് തള്ളിയത് ഭരണഘടനാപരവും രാഷ്ട്രീയവുമായ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയാണ്. തികച്ചും അഭൂതപൂർവമായ നടപടിയാണ് രാജ്യസഭാ അധ്യക്ഷന്റേത്. ഭരണഘടനാപരമായ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും മറികടന്നാണ് നോട്ടീസ് തള്ളിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്, സ്വീകരണദശയിൽത്തന്നെ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തികച്ചും നിഷ്പക്ഷരായി പ്രവർത്തിക്കണമെന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. എന്നാൽ, സുപ്രധാനമായ ഭരണഘടനാപദവികളിൽ ഇരിക്കുന്നവരുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുന്ന സംഭവങ്ങളാണ് രാജ്യത്ത് ഇപ്പോൾ ഉണ്ടാകുന്നത്. അവിശ്വാസപ്രമേയത്തിന്റെ കാര്യത്തിൽ കഴിഞ്ഞ സമ്മേളനകാലത്ത് ലോക്സഭയിൽ ഉണ്ടായതും സമാനമായ സാഹചര്യമാണ്.
ഭരണഘടനയുടെ 124(4) അനുച്ഛേദപ്രകാരം, ഔദ്യോഗികപദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെയും കർത്തവ്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിക്കുറവിന്റെയും പേരിൽ സുപ്രീംകോടതി‐ ഹൈക്കോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യാമെന്ന് 1968ലെ ജഡ്ജസ്(അന്വേഷണ) നിയമം അനുശാസിക്കുന്നുണ്ട്. ഇംപീച്ച്മെന്റ് നടപടിക്രമം ഈ നിയമത്തിൽ കൃത്യമായി വിവരിക്കുന്നു. ലോക്സഭയിലെ 100 അംഗങ്ങളുടെയോ രാജ്യസഭയിലെ 50 അംഗങ്ങളുടെയോ പിന്തുണയുണ്ടെങ്കിൽ നോട്ടീസ് അതത് സഭയുടെ ചെയറിന് സ്വീകരിക്കാം. നോട്ടീസ് സ്വീകരിക്കുന്നപക്ഷം, അന്വേഷണസമിതിക്ക് രൂപംനൽകണം. ഒരു സുപ്രീംകോടതി ജഡ്ജി, ഒരു ഹൈക്കോടതി ജഡ്ജി, പ്രമുഖനായ ഒരു നിയമജ്ഞൻ എന്നിവർ അടങ്ങുന്നതായിരിക്കണം അന്വേഷണസമിതി. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ പാർലമെന്റിന്റെ ഇരുസഭയിലും പ്രമേയം അവതരിപ്പിക്കണം. പ്രമേയം പാസാകണമെങ്കിൽ ഇരുസഭയിലും ഹാജരായിട്ടുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് പേരുടെ പിന്തുണ ലഭിക്കുകയും അത് സഭയുടെ മൊത്തം അംഗബലത്തിന്റെ ഭൂരിപക്ഷം ആയിരിക്കുകയുംവേണം. ഇതിനുശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽമാത്രമേ ജഡ്ജിയെ നീക്കാൻ കഴിയൂ. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമം പ്രത്യേകം പറയുന്നില്ല. എന്നാൽ, സമന്മാരിലെ ഒന്നാമൻമാത്രമാണ് ചീഫ് ജസ്റ്റിസ് എന്നിരിക്കെ ഇതര ജഡ്ജിമാരെ ഇംപീച്ച്ചെയ്യാനുള്ള മാർഗംതന്നെയാണ് ചീഫ് ജസ്റ്റിസിന്റെ കാര്യത്തിലും സ്വീകരിക്കാൻ കഴിയുക. മൂന്ന് ജഡ്ജിമാർക്കെതിരായാണ് മുമ്പ് ഇംപീച്ച്മെന്റിന് പ്രമേയം നൽകിയിട്ടുള്ളത്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതിനുമുമ്പ് ഇവർ രാജിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കം ആദ്യമായാണ്.
ഇംപീച്ച്മെന്റ് പ്രക്രിയ കേവലം രാഷ്ട്രീയമോ നീതിന്യായപരമോ അല്ല; മറിച്ച് രണ്ടിന്റെയും സമന്വയമാണ്. ഇംപീച്ച്മെന്റ് പ്രമേയനോട്ടീസ് സ്വീകരിക്കുന്ന പ്രക്രിയ, അന്വേഷണസമിതി രൂപീകരണം, സമിതിയുടെ കണ്ടെത്തലുകൾ എന്നിവ തികച്ചും നീതിന്യായപരമാണ്. എന്നാൽ, പ്രമേയത്തിന്മേൽ പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പ് പൂർണമായും രാഷ്ട്രീയമാണ്, അംഗങ്ങൾ അതത് പാർടികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുക. ഇംപീച്ച്മെന്റ് നോട്ടീസിന്മേൽ ലോക്സഭാ സ്പീക്കറോ രാജ്യസഭാ അധ്യക്ഷനോ തീരുമാനം എടുക്കുന്നത്, അന്വേഷണസമിതിയുടെ ദൗത്യംകൂടി ഏറ്റെടുത്താകരുതെന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇപ്പോൾ ആദ്യമായി ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയിരിക്കയാണ്. മാത്രമല്ല, ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ഔദ്യോഗികപദവിക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയെന്നതിന് തെളിവില്ലെന്ന് 10 പേജ് വരുന്ന ഉത്തരവിൽ രാജ്യസഭാ അധ്യക്ഷൻ പറയുകയും ചെയ്തിരിക്കുന്നു. 'ഔദ്യോഗിക പദവിക്ക് നിരക്കാത്ത പെരുമാറ്റം' തെളിഞ്ഞാൽ ചീഫ് ജസ്റ്റിസിനെ നീക്കാൻ കഴിയുമെന്നിരിക്കെ ഇക്കാര്യത്തിൽ അന്വേഷണം നടത്താനുള്ള ചുമതല നൽകേണ്ടത് അന്വേഷണസമിതിക്കാണ്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായാൽ രാജ്യസഭാ അധ്യക്ഷന് ഇംപീച്ച്മെന്റ് പ്രമേയം തടയാം.
അതേസമയം, പ്രമേയത്തിന്മേൽ സ്വീകരിച്ച നിലപാടിനുള്ള കാരണങ്ങൾ വിശദീകരിക്കാൻ രാജ്യസഭാ അധ്യക്ഷൻ ബാധ്യസ്ഥനല്ല.
ഇപ്പോൾ, വെങ്കയ്യനായിഡു വിശദമായിത്തന്നെ 'കാരണങ്ങൾ' പറഞ്ഞിരിക്കുന്നു. പ്രമേയനോട്ടീസിന്മേൽ തീരുമാനമെടുക്കാൻ സമയപരിധിയും നിഷ്കർഷിക്കുന്നില്ല. ആവശ്യത്തോളം സമയമെടുത്ത്, അഭിപ്രായങ്ങൾ തേടുകയും കൂടിയാലോചനകൾ നടത്തുകയും ചെയ്യാം. അതിനാൽ, വെങ്കയ്യനായിഡു തിരക്കിട്ട് തീരുമാനം എടുത്തത് വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 'ഔദ്യോഗിക പദവിക്ക് നിരക്കാത്ത പെരുമാറ്റവും കാര്യശേഷിയില്ലായ്മയും' സംബന്ധിച്ച് ഭരണഘടനയിൽ നിർവചനം ഒന്നുമില്ല. ജഡ്ജിക്കെതിരായ ആരോപണം പാർലമെന്റിനു പുറത്ത് പാർലമെന്റിതര സമിതിയാണ് അന്വേഷിച്ച് തെളിയിക്കേണ്ടത്. 'ഔദ്യോഗികപദവിക്ക് നിരക്കാത്ത പെരുമാറ്റം' എന്നതിനെ 2006ലെ ജഡ്ജസ് (അന്വേഷണ) നിയമത്തിൽ 'നീതിന്യായ സംവിധാനത്തിന് അപകീർത്തിവരുത്തുന്ന വിധത്തിലുള്ള ബോധപൂർവമോ തുടർച്ചയായതോ ആയ തെളിയിക്കപ്പെട്ട പ്രവൃത്തി' എന്ന് നിർവചിക്കുന്നു. ന്യായാധിപൻ എന്ന പദവി ദുരുപയോഗിക്കുക, അഴിമതി, സ്വഭാവദൂഷ്യം എന്നതൊക്കെയാണ് ഇതിൽപെടുന്നത്. 2010ലെ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ബിൽ 'മോശം പെരുമാറ്റ'ത്തിന്റെ പരിധി വിപുലമാക്കി. നീതിനിർവഹണത്തെ ബാധിക്കുന്ന പ്രവൃത്തികൾ, വിധിന്യായം പുറപ്പെടുവിക്കുന്നതിൽ എന്തെങ്കിലും പരിഗണനകൾ, സ്വത്ത് വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന വീഴ്ച, സ്വഭാവദാർഢ്യമില്ലായ്മ എന്നിവയും ഉൾപ്പെടുത്തി.
ഇംപീച്ച്മെന്റ് പ്രമേയനോട്ടീസിൽ ചീഫ് ജസ്റ്റിസിന് എതിരെ പ്രതിപക്ഷപാർടികൾ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിച്ചത്. മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് അനധികൃതമായി ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രമേയത്തിൽ പറഞ്ഞു. താനുൾപ്പെടെയുള്ളവർ അന്വേഷണപരിധിയിൽ വരുന്ന മെഡിക്കൽ കോഴക്കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളാൻ ചീഫ്ജസ്റ്റിസ് ഭരണപരവും നിയമപരവുമായ അധികാരം ഉപയോഗിച്ചു. മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട ഹർജികൾ കൈകാര്യംചെയ്ത എല്ലാ ബെഞ്ചുകളിലും ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും അംഗമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭരണപരമായ ഉത്തരവിന്റെ തീയതി ചീഫ് ജസ്റ്റിസ് ഇടപെട്ട് തിരുത്തിയത് ഗുരുതര തിരിമറിയാണെന്നും പ്രമേയം ആരോപിച്ചു. അഭിഭാഷകനായിരുന്ന കാലത്ത് ജസ്റ്റിസ് ദീപക്മിശ്ര വ്യാജ സത്യവാങ്മൂലം നൽകി ഭൂമി തട്ടിയെന്ന ഗുരുതര ആരോപണം നിലനിൽക്കുന്നുണ്ട്. സത്യവാങ്മൂലം വ്യാജമെന്ന് കണ്ടെത്തി 1985ൽ എഡിഎം ഭൂമി ഇടപാട് റദ്ദാക്കിയെങ്കിലും സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടശേഷം 2012ൽ മാത്രമാണ് വിവാദഭൂമി മടക്കികൊടുക്കാൻ അദ്ദേഹം തയ്യാറായത്. ചീഫ് ജസ്റ്റിസെന്ന നിലയിൽ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരം ഉപയോഗിച്ച് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രീയപ്രാധാന്യമുള്ള കേസുകൾ താൽപ്പര്യമുള്ള ജഡ്ജിമാർക്ക് കൈമാറുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. ആവശ്യമുള്ള രീതിയിലുള്ള ഉത്തരവ് ലഭിക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര തികച്ചും ഏകപക്ഷീയമായി കേസുകൾ താൽപ്പര്യമുള്ള ജഡ്ജിമാർക്ക് കൈമാറുന്നതെന്നും നോട്ടീസിൽ പറഞ്ഞു. ഏഴ് പാർടിയിലെ 64 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്.
എന്നാൽ, പ്രതിപക്ഷത്തിന്റെ നോട്ടീസിൽ പറയുന്ന ആരോപണങ്ങൾ സുപ്രീംകോടതിതന്നെ പരിഹാരം കാണേണ്ട വിഷയങ്ങളാണെന്ന് വെങ്കയ്യ നായിഡു നിരീക്ഷിച്ചു. സംശയം, ഊഹം, നിഗമനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. സുപ്രീംകോടതിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാനപ്രമാണമാണ്. അതിനെതിരായ വെല്ലുവിളിയാണ് ഈ ആരോപണങ്ങൾ. 'പെരുമാറ്റദൂഷ്യം' തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വെങ്കയ്യ നായിഡു പറയുന്നു. അതേസമയം, പ്രാഥമിക പരിശോധനമാത്രമാണ് രാജ്യസഭാ അധ്യക്ഷൻ നടത്തേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 50 എംപിമാർ ഒപ്പിട്ടിട്ടുണ്ടോ, ഒപ്പുകൾ കൃത്യമാണോ എന്നീ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിക്കേണ്ടിയിരുന്നത്. ഇനി സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷത്തിന് കഴിയും. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ, ചീഫ് ജസ്റ്റിസ് നേരിട്ട് വിഷയം കേൾക്കുകയോ അദ്ദേഹംതന്നെ ബെഞ്ച് രൂപീകരിക്കുകയോ ചെയ്യരുത്. ഒരാൾ തനിക്കെതിരായ കേസ് സ്വയം കൈകാര്യം ചെയ്യുന്നത് സ്വാഭാവിക നീതിനിർവഹണത്തിന് എതിരാണ്. "നീതി നിറവേറ്റപ്പെട്ടാൽമാത്രം മതിയാകില്ല, അങ്ങനെ നടന്നുവെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം'' എന്ന് മുമ്പ് സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്









0 comments