ഓഖി ദുരന്തം ഒരു പാഠമാകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2017, 04:37 PM | 0 min read

ഓഖിയെതുടര്‍ന്നുണ്ടായ കാറ്റും കോളും അടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വരാനിരിക്കുന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു മുന്നറിയിപ്പും കിട്ടാതെ കടലില്‍ പോയി കാണാതായ 104 മത്സ്യത്തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ല. കാണാതായവരെപ്പറ്റി ലത്തീന്‍ കത്തോലിക്കാസഭ  മുന്നോട്ടുവയ്ക്കുന്ന കണക്കും പരിശോധിക്കണം. 70 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോള്‍ ഈ നമ്പരില്‍ വ്യത്യാസമുണ്ടാകും. ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലെ തെരച്ചില്‍ തുടരുകയും കൂടുതല്‍ മൃതദേഹം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. 

കേരളതീരത്ത് ഓഖിക്കൊടുങ്കാറ്റിന്റെ ആഘാതം ഇത്രയേറെ കനത്തതാകുന്നതിന് ഇടയായ കാരണം പലതാണ്. ഒന്നാമതായി, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്ന് എത്രപേര്‍ ഏതെല്ലാം ഇടങ്ങളില്‍ മീന്‍പിടിക്കാന്‍ പോകുന്നു എന്നതിനെ സംബന്ധിച്ച് ശരിയായ കണക്കെടുപ്പ് നടത്തുന്നില്ല. രണ്ടാമതായി, ഇന്ത്യയുടെ കാലാവസ്ഥ പഠനവകുപ്പുകള്‍ കാലാവസ്ഥപ്രവചനത്തില്‍ വീഴ്ചവരുത്തുകയോ അതുസംബന്ധമായ വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം കൈമാറുകയോ ചെയ്യാതിരിക്കുന്നു. മൂന്നാമതായി, കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു ജീവന്‍സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നില്ല. ഇതുമൂലം കേരളതീരത്ത് ചെറുവള്ളങ്ങളിലെ  മത്സ്യബന്ധനം വലിയ അരക്ഷിതത്വം നേരിടുന്നു. വിഴിഞ്ഞത്തും പൂന്തുറയിലും അടിമലത്തുറയിലുമെല്ലാം സംഭവിച്ചത് അതാണ്.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ഇന്ത്യക്കാകെ   മാതൃകയായ നടപടികള്‍ക്ക് തുടക്കംകുറിച്ചത് കേരളത്തിലെ എല്‍ഡിഎഫ്സര്‍ക്കാരാണ്. ഈ ലേഖകന്‍ മത്സ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോള്‍ ഐഎസ്ആര്‍ഒയുടെ സഹായത്താല്‍ കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സുരക്ഷാ ബീക്കണുകള്‍ ഉള്‍പ്പെടെയുള്ള കടല്‍ സുരക്ഷാകിറ്റുകള്‍ സൌജന്യമായി വിതരണംചെയ്തു. എന്നാല്‍, 2011ല്‍ യുഡിഎഫ് അധികാരമേറ്റതോടെ ഈ നൂതനപദ്ധതി അട്ടിമറിച്ചു. അതിന്റെ ദുരന്തഫലം ഓഖിക്കൊടുങ്കാറ്റില്‍ നാം കണ്ടു. സുരക്ഷാ ബീക്കണുകള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഒരൊറ്റ മത്സ്യത്തൊഴിലാളിക്കുപോലും ജീവഹാനി ഉണ്ടാകാതെ കടലില്‍നിന്ന് രക്ഷിച്ചുകൊണ്ടുവരാമായിരുന്നു. ഇപ്പോള്‍ ഇടതുസര്‍ക്കാരിന്റെ കാര്യക്ഷമതാരാഹിത്യത്തെപ്പറ്റി ആക്ഷേപം ഉന്നയിക്കുന്ന യുഡിഎഫ്തന്നെയാണ് ബീക്കണ്‍പദ്ധതിക്ക് തുരങ്കംവച്ചത്.

വികസിതരാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുതകുന്ന നൂതനപദ്ധതികള്‍ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നതിന് നമുക്ക് കഴിയണം. തീരദേശത്ത് ഫിഷറീസ് സ്റ്റേഷനുകള്‍, അത്തരം സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ റസ്ക്യു ബോട്ടുകള്‍, രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് സേനയെ കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കടല്‍ സുരക്ഷാസ്ക്വാഡുകള്‍, യന്ത്രവല്‍കൃത ബോട്ടുകളില്‍ വെസ്സല്‍ ട്രാക്കിങ് സിസ്റ്റം, ജിപിഎസ്, ചെറുകിട വള്ളങ്ങളില്‍ റസ്ക്യു ബീക്കണുകള്‍ എന്നിവ സജ്ജമാക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കഴിയണം. കടല്‍ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിനുള്ള ശാസ്ത്രീയ ഉപകരണങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും തയ്യാറാകണം.

ഓഖിക്കൊടുങ്കാറ്റിനെ പൊതുദുരന്തമായി കാണാനും മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ മുറിവുണക്കാനുമല്ല മറിച്ച്, കൊടുങ്കാറ്റിന്റെ ഇരകളെവച്ച് മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ശ്രമം. 2004ല്‍ സുനാമി ദുരന്തമുണ്ടായപ്പോള്‍ എല്‍ഡിഎഫ്  പ്രതിപക്ഷത്തായിരുന്നു. 265 പേര്‍ മരിക്കുകയും മറ്റനവധി നാശനഷ്ടമുണ്ടാവുകയും ചെയ്ത ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് എല്‍ഡിഎഫ്  ഉപയോഗിച്ചിട്ടില്ല. ആലപ്പാട് കടപ്പുറത്ത് വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സിപിഐ എം മുന്നിട്ടിറങ്ങുകയും  വീടുകള്‍ നിര്‍മിച്ചുനല്‍കുകയും ചെയ്തു. വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുന്നതിന് യുഡിഎഫ് മന്ത്രിമാരെ ക്ഷണിച്ചുകൊണ്ടുവരുന്നതിന് സിപിഐ എമ്മിന് ഒരു മടിയുമുണ്ടായില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ടി അതാണ് ചെയ്യേണ്ടത്. എന്നാലിപ്പോള്‍ പ്രതിപക്ഷം കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തായ്ലാന്‍ഡ് ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെട്ട ഓഖി ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ മേഖലയിലേക്ക് കടന്ന് അതിന്യൂനമര്‍ദമായിത്തീര്‍ന്ന് ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിലാണ് നവംബര്‍ 30ന് ചുഴലിക്കാറ്റായി മാറിയതെന്നാണ് ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. ഈ ചുഴലിക്കാറ്റ് വീശിയടിച്ചത് കരയില്‍നിന്ന് 70 കി.മീ അപ്പുറമുള്ള കടലിലാണ്. കരയില്‍നിന്ന് 22 കി.മീ വരെയുള്ള കടല്‍ഭാഗമാണ് സംസ്ഥാനത്തിന്റെ അധികാരപരിധി. ഓഖി ദുരന്തം സംഭവിച്ചത് സംസ്ഥാനത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ളതോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതോ ആയ കടല്‍മേഖലയിലാണ്. വസ്തുത ഇതാണെന്നറിഞ്ഞിരിക്കെ കേന്ദ്ര സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ഓഖി ദുരന്തമുഖത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് ഭൂഷണമല്ലെന്ന് പറയേണ്ടിവരുന്നു. കൊടുങ്കാറ്റ് ഏറ്റവും കനത്ത നാശംവിതച്ചത് കേരളതീരത്താണ്. എന്നാല്‍, ദുരന്തത്തെക്കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. എന്നാല്‍, തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരം തെരക്കുകയും ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് 1843 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓഖി  ദേശീയദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരസഹായം എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്താത്തത് പ്രതിഷേധാര്‍ഹമാണ്. പുറംകടലില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ തീരങ്ങളില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ എത്തിയിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ എത്തിയവരെ കേരളത്തില്‍ എത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും നയതന്ത്രനീക്കങ്ങളും അനിവാര്യമാണ്. എന്നാല്‍, അതുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.

മത്സ്യത്തൊഴിലാളി സമൂഹത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ പൊതുസമൂഹത്തിന്റെയൊപ്പം കൈപിടിച്ചുയര്‍ത്താന്‍ അനേകം ക്ഷേമപദ്ധതികള്‍ക്ക് രൂപംനല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍, ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും അവരുടെ കുടുംബങ്ങളിലെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് വിവാഹച്ചെലവിനായി അഞ്ചുലക്ഷം രൂപയും വീട്ടില്‍ ഒരാള്‍ക്ക് ജോലിയും നല്‍കും. ഒരുമാസം സൌജന്യ റേഷന്‍ നല്‍കും.  ജോലിക്ക്  പോകാനാകാത്തവര്‍ക്ക് ബദല്‍  ജീവനോപാധിക്കായി അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി 20,000 രൂപയും ബോട്ട്, വല, വള്ളം എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് അതിനുതുല്യമായ നഷ്ടപരിഹാരത്തുകയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് മിഷനില്‍ വീടും നല്‍കും. അപകടത്തില്‍പ്പെട്ട മറുനാടന്‍ തൊഴിലാളികള്‍ക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഈ രീതിയിലുള്ള ഒരു സഹായവാഗ്ദാനം കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതിനുമുമ്പ് നടത്തിയിട്ടില്ല. 

തമിഴ്നാട്ടിലെയും ലക്ഷദ്വീപിലെയും ദുരന്തത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കേരളം നടപ്പാക്കിയ പാക്കേജിനുവേണ്ടിയാണ് സമരമുഖത്ത് നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ കാണേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ ആദ്യം നാലുലക്ഷം രൂപയുമാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചത്. കേരള പാക്കേജിനുവേണ്ടി തമിഴ്നാട്ടില്‍ നടന്ന സമരത്തെതുടര്‍ന്നാണ് പിന്നീടത് 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. ദുരിതാശ്വാസം, കാലവിളംബം ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയുംവേഗം എത്തിച്ചുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചുകഴിഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home