കറുത്ത അധ്യായം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2017, 06:05 PM | 0 min read

അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികദിനമാണ് വരുന്ന ഡിസംബര്‍ ആറ്. ഇന്ത്യക്ക് അങ്ങേയറ്റം പ്രാധാന്യമുള്ള നാളായിരുന്നു അത്. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു മുസ്ളിംപള്ളി തകര്‍ക്കപ്പെട്ടുവെന്നതുമാത്രമല്ല വിഷയം, ഇന്ത്യന്‍ ഭരണഘടനയ്ക്കും അതിന്റെ മതനിരപേക്ഷ- റിപ്പബ്ളിക്കന്‍ മൂല്യങ്ങള്‍ക്കും നേരെയുള്ള പ്രത്യക്ഷമായ വെല്ലുവിളികൂടിയായിരുന്നു ആ സംഭവം.

ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയ അധികാരത്തിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചതിന്റെ നാഴികക്കല്ലുകൂടിയായി 1992 ഡിസംബര്‍ ആറിനെ കാണാം. 25 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അതേ ശക്തികള്‍ അധികാരം ഉറപ്പിച്ചിരിക്കുന്നു.

അന്ന് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശക്തികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? 'കര്‍സേവ' എന്ന പേരില്‍ അയോധ്യയില്‍ എന്തൊക്കെ ചെയ്താലും അവയൊന്നും മസ്ജിദിന് കേടുപാട് വരുത്തുകയില്ലെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പാലിക്കാതെ അവര്‍ വഞ്ചന കാട്ടി. നിലവിലുള്ള സ്ഥിതിയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ അന്നത്തെ ബിജെപി മുഖ്യമന്ത്രി കല്യാണ്‍സിങ് തുടര്‍ച്ചയായി കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം, ബിജെപി നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല, ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കാനും കോടതി ഉത്തരവുകള്‍ നടപ്പാക്കാനും ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെ അധികാരപ്പെടുത്തിയിരുന്നു.

സ്ഥലത്ത് നിരോധന ഉത്തരവ് നിലനിന്നിട്ടും, കര്‍സേവയ്ക്ക് മുന്നോടിയായി പതിനായിരക്കണക്കിനു കര്‍സേവകര്‍ ഒത്തുകൂടുന്നതിന് അനുവാദം നല്‍കി. ഏത് ആക്രമണം തടയുന്നതിനുംനിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നേരിടുന്നതിനുമായി 20,000ല്‍പരം കേന്ദ്ര പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നു. എന്നാല്‍, അന്നത്തെ ദിവസം നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഉത്തരവൊന്നും നല്‍കിയില്ല.

ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശക്തികള്‍ക്ക്, ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ കരുത്തിനെയും സുപ്രീംകോടതി ഉത്തരവുകളെയും മറികടന്ന് മതനിരപേക്ഷ തത്വങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും എതിരായി ഞെട്ടിപ്പിക്കുന്ന ഈ ആക്രമണം നടത്താന്‍ സാധിച്ചു. അയോധ്യയിലെ തര്‍ക്കസ്ഥലത്തെ രാമക്ഷേത്രനിര്‍മാണംമാത്രമല്ല ഇവിടെ പ്രശ്നം, 1989ല്‍ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി പ്രമേയം പാസാക്കിയതില്‍നിന്ന് അവര്‍ ഇതിനെ രാഷ്ട്രീയമുന്നേറ്റത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വഴിയൊരുക്കിയ, എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ കുപ്രസിദ്ധ രഥയാത്രകള്‍ ബാബ്റി മസ്ജിദ് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ അടുത്ത പടിയായിരുന്നു. രാമ തരംഗത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ബലത്തില്‍ ബിജെപി 1991ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇക്കാലമത്രയും ബിജെപി- വിഎച്ച്പി സഖ്യം ബാബ്റി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യം രഹസ്യമാക്കിവച്ചില്ല.

ആര്‍എസ്എസ് നേതൃത്വം നല്‍കിയ ജനക്കൂട്ടം ഡിസംബര്‍ ആറിന് അയോധ്യയില്‍ ഹീനമായ കൃത്യം നടത്തിയെങ്കില്‍, നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്കും അപലപനീയമാണ്. ആക്രമണം തടയാന്‍ ഇടപെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവു മനഃപൂര്‍വം തീരുമാനിച്ചു. ബാബ്റി മസ്ജിദിന്റെ മൂന്ന് താഴികക്കുടത്തില്‍ ആദ്യത്തേത് നിലംപതിച്ചശേഷവും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ കേന്ദ്ര പൊലീസ് സേനാംഗങ്ങളോട് ഇടപെടാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. ഡിസംബര്‍ ആറിനുമുമ്പുള്ള നാളുകളില്‍, മസ്ജിദിനുനേരെ ആക്രമണം നടത്താനായി ആയിരങ്ങള്‍ ഒത്തുചേരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും, അയോധ്യയിലെ ആശങ്കയിലായ മുസ്ളിംസമൂഹം മുറവിളികൂട്ടിയിട്ടും, സ്ഥലത്ത് 'പൂജ'മാത്രമേ നടത്തുകയുള്ളൂവെന്ന് ആര്‍എസ്എസ് നേതാക്കള്‍ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന നിലപാടില്‍ത്തന്നെയായിരുന്നു നരസിംഹറാവു.

എന്നാല്‍, മസ്ജിദ് തകര്‍ത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്ത് ഒരു താല്‍ക്കാലികക്ഷേത്രം നിര്‍മിച്ചതാണ് ഏറ്റവും നടുക്കം സൃഷ്ടിച്ച കാര്യം. ഡിസംബര്‍ ഏഴിന് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചിട്ടും ഇങ്ങനെ നടന്നു. താല്‍ക്കാലികക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന നിര്‍മാണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

മാത്രമല്ല, അന്തിമപരിഹാരം കണ്ടെത്തുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥചെയ്ത് 1993 ജനുവരിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അയോധ്യ നിയമം ഈ താല്‍ക്കാലിക ക്ഷേത്രത്തിന് നിയമസാധുത നല്‍കി. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് പുനര്‍നിര്‍മിക്കുമെന്ന് നേരത്തെ നല്‍കിയ വാഗ്ദാനം ഉപേക്ഷിച്ചു.

ദൌര്‍ഭാഗ്യവശാല്‍, രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഈ നിയമം അംഗീകരിച്ചു. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഇന്ത്യന്‍ സ്റ്റേറ്റിനും നേരെ ഗുരുതര ആക്രമണം ഉണ്ടായപ്പോള്‍ അതിന്റെ മുഖ്യ ഉപകരണങ്ങളായ എക്സിക്യൂട്ടീവും ജുഡീഷ്യറിയും നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. പ്രീണനനയം പിന്തുടരുകയും മതനിരപേക്ഷതയെ വഞ്ചിക്കുകയും ചെയ്തുവെന്ന കുറ്റം കോണ്‍ഗ്രസ് സര്‍ക്കാരിനുമേല്‍ നിലനില്‍ക്കുന്നു.
ഈ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് നരസിംഹറാവു സര്‍ക്കാരിനെതിരെ 1993 ആഗസ്തില്‍ പാര്‍ലമെന്റില്‍ സിപിഐ എം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഏതാനും പ്രതിപക്ഷ എംപിമാര്‍ക്ക് കോഴ നല്‍കി റാവു സര്‍ക്കാര്‍ അവിശ്വാസപ്രമേയം അതിജീവിച്ചു.

ഈ കറുത്ത അധ്യായത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ ഇവയാണ്:
1). മതനിരപേക്ഷ- ജനാധിപത്യ റിപ്പബ്ളിക് എന്ന ഇന്ത്യയുടെ ഘടന തകര്‍ക്കാനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും ആഗ്രഹിക്കുന്ന ശക്തികളോട് വിട്ടുവീഴ്ച ചെയ്യാനാകില്ല.
2). കോണ്‍ഗ്രസ് സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ ചെയ്തതുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ക്ക് മുന്നേറാന്‍ സാധിച്ചത്. മുന്‍കാലങ്ങളില്‍ കാട്ടിയ വിട്ടുവീഴ്ചകള്‍, ചാഞ്ചാട്ടങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഗ്രസ് സത്യസന്ധമായ ആത്മപരിശോധന നടത്തണം.  ഈ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുകയും നിലപാട് തിരുത്തുകയും ചെയ്യണം.
3). ഭരണവ്യവസ്ഥയുടെ സംവിധാനങ്ങള്‍ ഹിന്ദുത്വ സ്വാധീനത്തിന് വഴങ്ങുന്നവയാണ്- ഈ പ്രക്രിയ 25 വര്‍ഷംമുമ്പ് ആരംഭിച്ചതാണ്, ഇപ്പോള്‍ ബിജെപി- ആര്‍എസ്എസ് സഖ്യം അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ ഈ ഭീഷണി തുടരുന്നു.
4). മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധത കാട്ടിയും ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ ജനകീയപ്രസ്ഥാനം കെട്ടിപ്പടുത്തുംമാത്രമേ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ കഴിയൂ. സാമ്പത്തിക, സാമൂഹിക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തിയാല്‍മാത്രമേ പ്രതിലോമമായ ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്താനാകൂ



deshabhimani section

Related News

View More
0 comments
Sort by

Home