ഭാവനയുടെ ആഗോളപൌരത്വം

മലയാളകവിതയെ ലോകകവിതയുടെ സമകാലീനവിതാനത്തിലേക്കുയര്‍ത്തിയ കവിക്കാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം. 'എഴുത്തച്ഛനെഴുതുമ്പോള്‍' എന്ന ആദ്യകാലകവിതയില്‍ത്തന്നെ ഒരേസമയം കേരളീയവും ആധുനികവുമാകാനുള്ള കവിത്വസിദ്ധിയുടെ നാന്മുഖത്വം പ്രകടമായിരുന്നു.
ഭാഷാപിതാവിനെക്കുറിച്ച് സര്‍റിയലിസ്റ്റ് ഭാഷയിലെഴുതപ്പെട്ട അനന്യരചനയാണത്. 'എഴുത്തച്ഛനെഴുതുമ്പോള്‍' സച്ചിദാനന്ദന്റെ കവിജീവിതത്തിലെ മികച്ച സാഫല്യങ്ങളിലൊന്നാണെങ്കില്‍ എണ്‍പതുകളില്‍ വൈലോപ്പിള്ളിയുടെ ചരമാനന്തര വിലാപകാവ്യമായെഴുതപ്പെട്ട 'ഇവനെക്കൂടി'യാണ് അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ മികച്ച കവിതകളില്‍ ഒന്ന്. തനികേരളീയമായ ഒരു ഭാവബദ്ധതയുടെ ലയാത്മകമായ ആവിഷ്കാരമാണ് 'ഇവനെക്കൂടി'. 'തീര്‍ന്നൂ മാമ്പഴക്കാലം' എന്ന മാഞ്ചുനമണമുള്ള നെടുവീര്‍പ്പില്‍ മാതുലകവിയുടെ വിയോഗത്തെ സാന്ദ്രമായി വാങ്മയപ്പെടുത്താന്‍ സച്ചിദാനന്ദന് സാധിച്ചു. വൈലോപ്പിള്ളിയുമായുള്ള ഈ ആത്മബന്ധം സച്ചിദാനന്ദന്റെ ബഹുമുഖമായ കവിത്വത്തെക്കൂടി നിര്‍വചിക്കുന്നുണ്ട്.
കേരളീയമായ പേരുകളുള്ള സാര്‍വദേശീയഭാവുകത്വമാണ് സച്ചിദാനന്ദന്റേത്. എണ്‍പതുകളില്‍ കേരളീയമായ പ്രമേയങ്ങളിലേക്ക് സച്ചിദാനന്ദന്റെ കവിത നടത്തിയ ഉജ്വലമായ മടക്കം 'ചെമ്പരത്തി' പോലെ നിസ്തുലമായ ചില രചനകളിലാണ് കലാശിച്ചത്. 'വീട്ടിലെത്തുമ്പോള്‍ വീടെന്നുറപ്പുനല്‍കുന്നോളേ!
യാത്ര പോകുമ്പോഴെന്നെ തിരിഞ്ഞു നോക്കുന്നോളേ!' എന്ന് ഈ കവിതയില്‍ സച്ചിദാനന്ദന്‍ ചെമ്പരത്തിയെക്കുറിച്ചെഴുതുന്നുണ്ട്. ചെമ്പരത്തിച്ചുവട്ടിലേക്കുള്ള കവിയുടെ മടക്കം മലയാളത്തിന്റെയും കേരളത്തിന്റെയും ഭാവനാഭവനത്തിലേക്കുള്ള മടക്കംകൂടിയായിരുന്നു. മഞ്ഞള്‍, കുരുമുളക്, മലയാളം, മുങ്ങിക്കുളി തുടങ്ങിയ കവിതകള്‍ ഉദാഹരണം.
'മഴയുടെ നാനാര്‍ഥ'മാണ് പ്രാതിനിധ്യസ്വഭാവമുള്ള മറ്റൊരു രചന.
'പുതുമഴ മേഘങ്ങളുടെ പിളരുന്ന പളുങ്കുമേല്‍ക്കൂരയ്ക്കു കീഴില്‍
വയലിനുകളുടെ താഴ്വര' എന്ന വരികളിലോളം തുടരുന്ന തോരാമഴയാണത്്. ബിംബനിബിഡമായ കാവ്യഭാഷയുടെ മികച്ച മലയാളമാതൃകകളില്‍ ഒന്ന്.
വൈഷ്ണവ ഭക്തിസാഹിത്യത്തെയും കവികളെയും ഭാവനാത്മകമായി പുനര്‍വായിക്കുന്ന കവിതാപരമ്പരയാണ് ഈ കവിയുടെ കൈയൊപ്പുപതിഞ്ഞ രചനകളുടെ മറ്റൊരു ഗണം. 'ബസവയ്യ കര്‍ഷകരുമൊത്ത് നൃത്തംചെയ്യുന്നു', 'മീര പാടുന്നു' തുടങ്ങിയ കവിതകള്‍. 'പീഡനകാല'ത്തില്‍ തുടങ്ങുന്ന തീവ്രകവിതകളുടെ ഒരു അരുണകാലവും സച്ചിദാനന്ദന്റെ കവിജീവിതത്തിലുണ്ട്. 'പനി', 'മധ്യവേനല്‍' തുടങ്ങിയ കവിതകളുടെ സവിശേഷഋതുവായിരുന്നു അത്.നിറങ്ങളെ സല്‍ക്കരിക്കുന്ന മനസ്സാണ് കവിയായ സച്ചിദാനന്ദന്റേത്. നിറങ്ങളായി ലോകത്തെയും ജീവിതത്തെയും അനുഭവങ്ങളെയും സ്വീകരിക്കുന്ന ഒരു ചിത്രകാരന്റെ മനസ്സ് പ്രച്ഛന്ന രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒട്ടനവധി കവിതകളുണ്ട് ഈ കവിയുടെ ബൃഹത്തായ കാവ്യശേഖരത്തില്‍.
കൂട്ടത്തില്‍ ഒരു രചനയാണ് 'തഥാഗതം' എന്ന സമാഹാരത്തിലെ 'വാക്കുകള്‍ വര്‍ണങ്ങള്‍'. തന്റെ സ്വകാര്യമായ അനുഭൂതിപ്രപഞ്ചത്തെ ഏതാനും ചില വര്‍ണങ്ങളില്‍ സംഗ്രഹിക്കാനും താന്‍ അറിഞ്ഞ, ആസ്വദിച്ച ലോകത്തെയും ജീവിതത്തെയും വര്‍ണങ്ങളിലേക്ക് ഭാഷാന്തരപ്പെടുത്താനുമുള്ള ഭാവനായത്നമാണീ കവിത. സച്ചിദാനന്ദന്‍ എന്ന കവിയുടെ ഭാവനയെയും ഭാവുകത്വസവിശേഷതകളെയും അതിന്റെ മൌലികരൂപത്തില്‍ കണ്ടെത്താനുള്ള അവസരമായും ഈ കവിതയുടെ സൂക്ഷ്മവായന മാറുന്നു. നിറങ്ങളിലൂടെ കവി സഞ്ചരിച്ചെത്തുന്ന ലോകങ്ങളുടെ നാനാത്വമാണ് അതിലൊന്ന്. 'കേരളീയം' മാത്രമല്ല കവിയുടെ അനുഭവലോകം. സാര്‍വദേശീയമായ കലാനുഭവങ്ങളും വായനാനുഭവങ്ങളും യാത്രാനുഭവങ്ങളും ജീവിതപരിസരങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് സങ്കീര്‍ണവും സമ്പന്നവുമായിത്തീര്‍ന്ന ഒരാന്തരികലോകത്തെക്കുറിച്ചാണ് നിറങ്ങളുടെ ഗൂഢഭാഷയില്‍ സച്ചിദാനന്ദന്‍ സംസാരിക്കുന്നത്.
ദേശത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള യാത്രകളുടെയും മാനസികയാത്രകളുടെയും ഫലമായി തന്നിലൂറിക്കൂടിയ അനുഭൂതികളുടെയും അനുഭവമുദ്രകളുടെയും നിറങ്ങളന്വേഷിക്കുകയാണ് കവി. അവിടെ ഇടശ്ശേരിയും പോള്‍ സെലാനും ഒരേസമയം സന്നിഹിതരാകുന്നു. നതോന്നതയോടും കാകളിയോടും മഞ്ജരിയോടുമൊപ്പം സെസാര്‍ വയെഹോയും ഫ്രാന്‍സ് കാഫ്കയും ഷെയ്ക്സ്പിയറുടെ ഹാംലറ്റും കടന്നുവരുന്നു. കസന്‍ദ്സാക്കീസ് വരുന്നു. വാന്‍ഗോഗും പോള്‍ക്ളീയും സെസാനും വരുന്നു. ജാസും തില്ലാനയും ഖവാലിയും നീലാംബരിയും നിഷാദവും വരുന്നു. വയനാടും വെയിത്സും ലൂവ്രും പാരീസും വരുന്നു. ഇവരിലെല്ലാം താന്‍ ജീവിച്ചിരുന്നു എന്നും ഇവിടങ്ങളിലെല്ലാം ചിതറിപ്പാര്‍ത്തവന്റെ അനുഭവസാകല്യമാണ് തന്റെ ആന്തരികലോകത്തെ നിര്‍മിച്ചതെന്നും പറയുകയാണ് കവി.
അനുഭവങ്ങളുടെ ഈ നാനാത്വവും നിബിഡതയും സാര്‍വദേശീയമെന്നുപറയാവുന്ന തരത്തിലുള്ള വ്യാമിശ്രതയും ഒപ്പം കേരളീയമായ വേരുകളും ഒക്കെക്കൂടി ചേര്‍ന്നതാണ് സച്ചിദാനന്ദന്റെ കവിവ്യക്തിത്വം. ഭാവനയുടെ ഈ ആഗോളപൌരത്വം സച്ചിദാനന്ദനിലെന്നപോലെ ആധുനികതയുടെ കാലയളവിലെ മറ്റൊരു കവിയിലും നമുക്കു കാണാനാകില്ല. തന്റെ സ്വപ്നങ്ങളില്‍പ്പോലും അയാള്‍ സാര്‍വദേശീയനായ ഒരു മലയാളിയാണ്. ഇടശ്ശേരി എന്നതുപോലെ സെസാര്‍ വയെഹോയും അയാളുടെ ഭാവനയുടെ അയല്‍ക്കാരനാണ്. പോള്‍ക്ളീയും സെസാനും വാന്‍ഗോഗും അയാള്‍ക്ക് അനുഭൂതിയുടെ നിറങ്ങള്‍ സമ്മാനിക്കുന്നു. പച്ചനിറമെന്നാല്‍ അയാള്‍ക്ക് വയനാടും വെയിത്സുമാണ്; ചുവപ്പുനിറമെന്നാല്‍ കഥകളിയിലെ ചുവന്ന താടിയും പോള്‍ക്ളീയുടെ അരുണാഭമായ ചിത്രങ്ങളും.
മലയാളകവിതയുടെ പാരമ്പര്യമെന്നപോലെ ലോക കവിതയുടെ സമകാലികതയും ആധുനികകലയും സംഗീതവുമെല്ലാം ചേരുന്ന സങ്കീര്‍ണമായ ഒരു ഭാവുകത്വമണ്ഡലത്തെയാണ് സച്ചിദാനന്ദന്റെ കവിത പ്രതിനിധാനംചെയ്യുന്നത്. ഈ അനുഭൂതിസങ്കരത്തെ, പ്രത്യക്ഷത്തില്‍ നിറങ്ങളും അനുഭൂതികളും തമ്മിലുള്ള 'സിനസ്തെറ്റി'ക്കായ ബന്ധത്തിലൂന്നുന്നു എന്നു തോന്നിക്കുന്ന 'വാക്കുകള്‍ വര്‍ണങ്ങള്‍' എന്ന ലളിതമായ ചെറുകവിത പോലും സംബോധനചെയ്യുന്നുണ്ട്. ആധുനികതയെ അതിന്റെ വൈദേശികമാതൃകകളില്‍നിന്ന് സ്വാംശീകരിക്കുകയും അങ്ങനെ സ്വാംശീകരിച്ച സൌന്ദര്യബോധമുപയോഗിച്ച് മലയാളകവിതയുടെ ഭാഷയെയും ഭാവനയെയും പുതുക്കിപ്പണിയുകയുമാണ് സച്ചിദാനന്ദന്‍ ചെയ്തത്. ഈ പുതുക്കലിന്റെ ആന്തരികബലതന്ത്രത്തെക്കൂടി വിശദീകരിക്കുന്നുണ്ട് 'വാക്കുകള്‍ വര്‍ണങ്ങള്‍' എന്ന കവിത. വൈദേശികവും സാര്‍വദേശീയവുമായ വാക്കിന്റെ വഴിയടയാളങ്ങള്‍.
സൌന്ദര്യാനുഭവങ്ങളുടെ നിറങ്ങള്‍ സംക്രമിച്ചതിനാല്‍ക്കൂടി ശബളാഭമായിത്തീര്‍ന്ന തന്റെ ഭാവനയുടെ വര്‍ണവൈചിത്യ്രത്തെക്കുറിച്ചും തന്റെ ബോധാബോധങ്ങളില്‍ അവ പതിച്ചിട്ടുള്ള ഗാഢമായ മുദ്രകളെക്കുറിച്ചുമുള്ള ഒരു പരോക്ഷസത്യവാങ്മൂലമാണിക്കവിത. ഒരു താരതമ്യത്തിനുവേണ്ടി ജി കുമാരപിള്ളയുടെ 'ചുവപ്പിന്റെ ലോകം', വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ 'വെളുപ്പിന്റെ ജൈത്രയാത്ര' എന്നീ കവിതകളുമായി ഈ സച്ചിദാനന്ദന്‍കവിതയെ ചേര്‍ത്തുവായിച്ചുനോക്കാവുന്നതാണ്. ഈ രണ്ട് വര്‍ണസ്തവങ്ങളും 'ചുവപ്പ്', 'വെളുപ്പ്' എന്നീ നിറങ്ങളെക്കുറിച്ച് മാത്രമുള്ള ഏകാഗ്രധ്യാനങ്ങളാകുമ്പോള്‍ സച്ചിദാനന്ദന്റെ കവിതയില്‍ ഒരു വര്‍ണരാജിതന്നെ സന്നിഹിതമാകുന്നതും ആ വര്‍ണരാജിയില്‍ കവി ജീവിച്ചിട്ടുള്ള 'അകേരളീയ'വും 'അഭാരതീയ'വുമായ ലോകങ്ങളുടെ കൂടി വര്‍ണമുദ്രകള്‍ വന്നുചേരുന്നതുകാണാം. കവി എന്ന നിലയിലുള്ള സച്ചിദാനന്ദന്റെ സവിശേഷവ്യക്തിത്വത്തിലേക്കാണ് ഈ വര്‍ണജാലകം തുറക്കുന്നത്.
നാനാത്വസമൃദ്ധിയും ബിംബനിബഡതയും നിതാന്തമായ നൈതികജാഗ്രതയുമാണ് ഈ കവിയുടെ മുദ്രകള്‍; മലയാളകവിതയുടെ രാഷ്ട്രീയബോധപരമായ നട്ടെല്ലും തന്റേടവും തന്മയും. ഭാഷാപിതാവിന്റെ പുതുപിറവിയായ ഈ കവിക്കാണ് ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്കാരം എന്നതില്‍ ഭാഷയോടും ഭാഷാസ്നേഹികളോടുമൊപ്പം ഈ ലേഖകനും അഭിമാനിക്കുന്നു.









0 comments