കേരള ജലാശയം താമരവിരിയാന്‍ പാകമായിട്ടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2017, 04:34 PM | 0 min read

ഇന്ത്യ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം അവരുടെ ഓഫീസ് താല്‍ക്കാലികമായി ഡല്‍ഹിയിലെ അശോക റോഡിലുള്ള ബിജെപി ആസ്ഥാനത്തേക്ക് മാറ്റിയതായി തോന്നി. കേരളത്തില്‍ ആര്‍എസ്എസ് കേഡര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതിന് എത്തിയ ഉന്നതരായ കേന്ദ്രമന്ത്രിമാര്‍ അഭിമുഖം നല്‍കാനായി ടെലിവിഷനുകള്‍ക്ക് ക്യൂനിന്നു. സാമ്പത്തികമാന്ദ്യവും തൊഴിലും ജിഎസ്ടിയും രോഹിന്‍ഗ്യയും കശ്മീരും മറന്നേക്കൂ, വന്‍ സന്നാഹങ്ങളോടെ ബിജെപി നടത്തുന്ന ജനരക്ഷായാത്രയ്ക്കാകട്ടെ മുന്‍തൂക്കമെന്ന് നിശ്ചയിക്കപ്പെട്ടു.

കേരള കേന്ദ്രീകൃതമായ ഈ മിന്നല്‍പ്രകടനം സംസ്ഥാനത്ത് രാഷ്ട്രീയസ്വാധീനം വ്യാപിപ്പിക്കാനുള്ള ബിജെപിയുടെ അതിയായ ആഗ്രഹമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. ബിജെപിക്ക് ഇന്നുവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നല്‍കാത്ത സംസ്ഥാനമാണിത്. ആദ്യമായി ഒരു നിയമസഭാ സീറ്റ് ബിജെപിക്ക് ലഭിക്കുന്നത് 2016ലാണ്. വോട്ട് ക്രമാനുഗതമായി ഉയര്‍ന്നിട്ടുണ്ട്. 2011ല്‍ ആറ് ശതമാനമായിരുന്നത് 2016ല്‍ 15 ശതമാനമായി. എന്നിട്ടും അമിത് ഷാ നേതൃത്വം നല്‍കിയ യാത്രയ്ക്ക് തണുപ്പന്‍ പ്രതികരണം ലഭിച്ചതില്‍നിന്ന് കേരളത്തിലെ ജലാശയം താമര വിരിയാന്‍മാത്രം പാകമായിട്ടില്ലെന്ന് വ്യക്തമാകുന്നു. ബിജെപി അധ്യക്ഷന്‍ പെട്ടെന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയതില്‍നിന്ന് മനസ്സിലാക്കാനാകുന്നത് ബിജെപി നേതൃത്വത്തിന്റെ തിരക്കഥയനുസരിച്ചുള്ള കരുനീക്കം കേരളത്തില്‍ വിലപ്പോകില്ലെന്ന് അവര്‍ മനസ്സിലാക്കിയെന്നാണ്.

എന്തുകൊണ്ടാണ് കേരളമെന്ന സമസ്യക്ക് പരിഹാരം കാണുന്നതില്‍ ബിജെപി പരാജയപ്പെടുന്നത്? ക്രിസ്ത്യാനികളും മുസ്ളിങ്ങളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ 45 ശതമാനമുള്ള സംസ്ഥാനമാണിത്. അതുകൊണ്ട് ഭൂരിപക്ഷ ഹിന്ദുവോട്ട് ദൃഢീകരിക്കാനുള്ള സാധ്യതയുണ്ട്. ഏതാനും ദശാബ്ദങ്ങളിലായി ആര്‍എസ്എസിന് ശക്തമായ സാന്നിധ്യം സംസ്ഥാനത്തുണ്ട്. എന്നാല്‍, ഇടതുപക്ഷ- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് സംസ്ഥാനത്ത് മാറിമാറി വരുന്നത്.
ബിജെപിയുടെ മുന്നേറ്റത്തെ കേരളം തടയുന്നു എന്നതിനര്‍ഥം ധ്രുവീകരണരാഷ്ട്രീയത്തിന്റെ പരിമിതിയാണ് വെളിവാക്കുന്നത്. ബിജെപിയുടെ ഹിന്ദി- ഹിന്ദു- ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം ഗംഗാ സമതലത്തിലെ ജാതി-മത സമവാക്യങ്ങളെ ഉന്നംവച്ചിട്ടുള്ളതാണ്. ബിജെപി 1990കളില്‍ ഉയര്‍ത്തിയ രാമക്ഷേത്ര നിര്‍മാണ പ്രസ്ഥാനമാണ് ദേശീയാടിസ്ഥാനത്തില്‍ ആ പാര്‍ടിയെ വളര്‍ത്തിയത്. ഈ മുദ്രാവാക്യംകൊണ്ട് ലക്ഷ്യമിട്ടത്, ഹിന്ദു-മുസ്ളിം സംഘര്‍ഷമാണ്. മുഗള്‍ കാലത്തുള്ള ചരിത്രപരമായ ആവലാതികള്‍ക്ക് പ്രതികാരം ചെയ്യുന്നതിന് വളര്‍ത്തിയെടുത്ത തീവ്ര ഹിന്ദുത്വരാഷ്ട്രീയം ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്.

ഇതില്‍നിന്ന് വ്യത്യസ്തമായി, കേരളത്തിലെ രാഷ്ട്രീയ പാരമ്പര്യം 20-ാംനൂറ്റാണ്ടിലെ ആദ്യഘട്ടത്തിലുണ്ടായ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലാണ് അതിന്റെ വേരുകള്‍ ഉറപ്പിച്ചിട്ടുള്ളത്. ഹിന്ദുസമൂഹത്തെ നവീകരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.  ചരിത്രപ്രസിദ്ധ ക്ഷേത്രപ്രവേശന പ്രസ്ഥാനം ബ്രാഹ്മണിക് ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും ആധിപത്യം തകര്‍ത്തെറിഞ്ഞു.  ജാതിവിവേചനത്തിന്റെ ചട്ടക്കൂട് തകരുകയും സമത്വാധിഷ്ഠിതമായ സമൂഹത്തിന്് അടിത്തറയിടുകയും ചെയ്തു. ആരാധിക്കാനുള്ള സ്വാതന്ത്യ്രം മൌലികാവകാശമായി മാറുകയും പശു ആരാധന ഹിന്ദുമത വിശ്വാസത്തിന്റെമാത്രം കേന്ദ്രബിന്ദു അല്ലാതാകുകയും ചെയ്തു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമാസക്തമായി രംഗത്തുവരുന്ന കാവിധാരികളായ സ്വാമിമാരും മഹന്തുക്കളുമല്ല, മതയാഥാസ്ഥിതികത്വത്തെ ചോദ്യംചെയ്ത് പരിഷ്കരണത്തിനായി ആവേശത്തോടെ നിലകൊണ്ട നാരായണഗുരുവിനെപ്പോലുള്ള സന്യാസിമാരാണ് ആത്മീയസ്വാതന്ത്യ്രവും സാമൂഹ്യസമത്വവും എന്ന ആശയങ്ങള്‍ കേരളത്തില്‍ മുന്നോട്ടുവച്ചത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷതയില്‍ ഊന്നുന്ന നാരായണഗുരുവിന്റെ ആശയവും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയ പോസ്റ്റര്‍ബോയിയായ യോഗി ആദിത്യനാഥിന്റെ  ന്യൂനപക്ഷവിരുദ്ധ കോലാഹലവും തമ്മിലുള്ള താരതമ്യം പ്രസക്തമാണ്. വിവാദനായകനായ യോഗി ആദിത്യനാഥിനെ കേരളത്തിലെ പ്രചാരണത്തിന്റെ മുഖ്യമുഖങ്ങളില്‍ ഒന്നാക്കിയതുവഴി വര്‍ഗീയരാഷ്ട്രീയം ഉയര്‍ത്തുകയെന്ന ബുദ്ധിശൂന്യതയാണ് ബിജെപി പ്രകടിപ്പിച്ചത്. ലൌ ജിഹാദ് വിളികള്‍ ഉത്തര്‍പ്രദേശിലെ പിന്നോക്കപ്രദേശങ്ങളില്‍ അനുരണനമുണ്ടാക്കാമെങ്കിലും സമ്പൂര്‍ണ സാക്ഷരത പ്രസ്ഥാനത്തെ ആഘോഷമാക്കുന്ന കേരളത്തില്‍ സമൂഹത്തെ വിഭജിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിമാത്രമേ ഇത്തരം മുദ്രാവാക്യങ്ങള്‍ വിലയിരുത്തപ്പെടൂ. അതുകൊണ്ടുതന്നെ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് തിരിച്ചടി ലഭിക്കും. ഗോരഖ്പുരിലെ പ്രധാന ആശുപത്രിയില്‍ പിഞ്ചുകുട്ടികളെ മരിച്ചുവീഴാന്‍ വിട്ട യോഗിക്ക് കേരളത്തിലെ സാമൂഹ്യവികസന റെക്കോഡ് ചോദ്യംചെയ്യാനുള്ള എന്ത് വിശ്വാസ്യതയാണുള്ളത്?

ഇതിനര്‍ഥം കേരളത്തില്‍ ബിജെപിക്ക് വളരാനേ കഴിയില്ല എന്നല്ല. രാഷ്ട്രീയ ഇസ്ളാം, മുസ്ളിം യുവാക്കളെ മതമൌലികവാദത്തിലേക്ക് നയിക്കുകയും രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യുന്നപക്ഷം ബിജെപിക്ക്് സംസ്ഥാനത്ത് ഭാവിയുണ്ട് *

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍. കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)



deshabhimani section

Related News

View More
0 comments
Sort by

Home