വേങ്ങരയില്‍ കാലിടറി ലീഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2017, 05:12 PM | 0 min read

മലപ്പുറം മണ്ഡലത്തില്‍, ഇ അഹമ്മദിന്റെ നിര്യാണംമൂലം ഒരു ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി. എന്നാല്‍, വേങ്ങരയിലേത് അടിച്ചേല്‍പ്പിച്ചതാണ്. മുസ്ളിംലീഗ് നിയമസഭാ കക്ഷിനേതാവായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരു മത്സരിച്ചാലും അഹമ്മദ് നേടിയ ഭൂരിപക്ഷം നിലനിര്‍ത്താനാകില്ലെന്നും അത് ഗണ്യമായി കുറഞ്ഞാല്‍ ലീഗിന് വലിയ ക്ഷീണം സംഭവിക്കുമെന്നും അതുകൊണ്ട് കുഞ്ഞാലിക്കുട്ടിതന്നെ മത്സരിക്കണമെന്നും ലീഗ് നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിയെത്തന്നെ കളത്തിലിറക്കിയിട്ടും അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം കിട്ടിയില്ല. അഹമ്മദ് മത്സരിച്ചപ്പോള്‍ രംഗത്തുണ്ടായിരുന്ന എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും ലീഗിനുവേണ്ടി സ്വയം മാറിനിന്നിട്ടും, മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടും കുഞ്ഞാലിക്കുട്ടിക്ക് മുന്‍ഗാമിക്കൊപ്പം എത്താനായില്ല. കഴിഞ്ഞകാലത്തൊക്കെ ക്രമമായി വോട്ട് വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ബിജെപിക്ക് മലപ്പുറത്ത് ഒട്ടും നേട്ടമുണ്ടായില്ല. 2016ല്‍ ബിജെപി- ബിഡിജെഎസ് സഖ്യം ഹിന്ദുസമുദായത്തെ വര്‍ഗീയമായി ഏകീകരിക്കാന്‍ കൊണ്ടുപിടിച്ച് ഉത്സാഹിച്ചിരുന്നുവല്ലോ. മലപ്പുറം ജില്ലയില്‍ ലീഗ് സ്വാധീന മേഖലകളില്‍ ഒരു മുസ്ളിം സമുദായ ധ്രുവീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാകുമെന്നും ലീഗിനും യുഡിഎഫിനും അതുവഴി എളുപ്പം ജയിച്ചുകയറാമെന്നും ചിലര്‍ കരുതുകയുമുണ്ടായി. എന്നാല്‍, ഫലംവന്നപ്പോള്‍ ലീഗിന്റെ കോട്ടയായ താനൂരില്‍ ആ പാര്‍ടി പരാജയപ്പെട്ടു. നിലമ്പൂരില്‍ ആര്യാടന്റെ കുത്തക സീറ്റില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റു. ഇടതുപക്ഷത്തിന് ജില്ലയില്‍ സീറ്റ് ഇരട്ടിയാവുകയും എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ധിക്കുകയും ചെയ്തു.

വേങ്ങരയില്‍ ഒരു തെരഞ്ഞെടുപ്പ് അനാവശ്യമായി, അനവസരത്തില്‍ അടിച്ചേല്‍പ്പിച്ച ലീഗിനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ 'സിറ്റിങ് സീറ്റില്‍' അദ്ദേഹത്തിന്റെ നോമിനിയായ യു എ ലത്തീഫിനെ വിളിച്ചുണര്‍ത്തി ലീഗ് നേതൃത്വം ചോറില്ലെന്ന് പറയുകയായിരുന്നു. കെ എന്‍ എ ഖാദര്‍, തനിക്ക് സീറ്റ് തന്നില്ലെങ്കില്‍ രാജിവച്ചുകളയുമെന്ന് പാണക്കാട്ടെ തങ്ങളെ ഭീഷണിപ്പെടുത്തി എന്നൊരു വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. എന്നാല്‍, അത് വാസ്തവമാകാനിടയില്ല. ഖാദര്‍, ലീഗില്‍ വേരില്ലാത്ത നേതാവാണ്. അദ്ദേഹം രാജിവച്ചാല്‍ ലീഗിന് ഒരു പരിക്കും പറ്റുകയില്ല. എന്നാല്‍, ഖാദറിന്റെ സ്ഥാനമോഹവും കുഞ്ഞാലിക്കുട്ടിവിരുദ്ധ വിഭാഗത്തിന്റെ ചരടുവലികളും ചേര്‍ന്നപ്പോഴാണ് ഇങ്ങനെ ഒരട്ടിമറി സംഭവിച്ചത്. ലീഗിന്റെ 'കിരീടം വയ്ക്കാത്ത സുല്‍ത്താനാ'യ കുഞ്ഞാലിക്കുട്ടിക്ക്് കിരീടംമാത്രമല്ല, പാര്‍ടിയില്‍ പതിച്ചുകിട്ടിയിരിക്കുന്ന സുല്‍ത്താന്‍പദവിയും തിരിച്ചുകിട്ടാത്തവിധം കൈവിട്ടുപോവുകയാണ്. മുമ്പ് കുറ്റിപ്പുറത്ത് അപ്രതീക്ഷിതമായി ദയനീയ തോല്‍വി, ഏറ്റുവാങ്ങിയപ്പോഴും ലീഗ് പാര്‍ടിയുടെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലായിരുന്നു. അതുകൊണ്ടുതന്നെ ആ പരാജയത്തിന്റെ മുറിവ് ഉണക്കി അദ്ദേഹത്തിന് അതിവേഗം ഒരു തിരിച്ചുവരവ് സാധ്യമായി. എന്നാലിപ്പോള്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത് തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. ഇതുവരെ തന്റെ വിശ്വസ്തനും വിനീതവിധേയനും വലങ്കയ്യുമായ കെ പി എ മജീദിനെയും ഇടങ്കയ്യായ യു എ ലത്തീഫിനെയും പാര്‍ടിയിലെ തന്റെ എതിരാളികള്‍ വെട്ടിമുറിക്കുമ്പോള്‍ നിസ്സഹായനായി അദ്ദേഹത്തിന് നോക്കിനില്‍ക്കേണ്ടിവന്നു. ഈ ഘോരമായ പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് കരകയറാന്‍ അദ്ദേഹം ഒറ്റയ്ക്കുതന്നെ പൊരുതേണ്ടിവരും. പാര്‍ടിക്കുള്ളില്‍നിന്ന് കുഞ്ഞാലിക്കുട്ടിക്ക് സഹായമൊന്നും ലഭിക്കാനിടയില്ല.

പാര്‍ടിക്ക് അകത്തുള്ള ഈ പടലപിണക്കങ്ങള്‍ വേങ്ങര തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ക്ക് കാരണമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. നേതൃത്വവുമായി അടുത്തബന്ധമുള്ള ഒരു ലീഗുകാരന്‍ റിബല്‍ സ്ഥാനാര്‍ഥിയായി ഖാദറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എസ്ഡിപിഐ സ്ഥാനാര്‍ഥിയും മത്സരിക്കാനൊരുങ്ങുന്നുണ്ട്. ലീഗ് യുവാക്കള്‍ പരിഗണന കിട്ടാത്തതില്‍ രോഷാകുലരാണ്. വിദ്യാര്‍ഥി യുവജന നേതാക്കള്‍ സ്ഥിരമായി തഴയപ്പെടുകയാണ്. വല്ലപ്പോഴും ആ വിഭാഗത്തില്‍പ്പെട്ടവരെ മത്സരിപ്പിച്ചാല്‍തന്നെ മലപ്പുറത്തെ ലീഗിന്റെ ശക്തികേന്ദ്രങ്ങളിലല്ല, ജില്ലയ്ക്ക് പുറത്ത് തോല്‍ക്കാന്‍ സാധ്യതയേറിയ മണ്ഡലങ്ങളില്‍. ഒരു തെങ്ങ് പോയാല്‍ ഒരു തേങ്ങ എന്നമട്ടില്‍ പരീക്ഷണവസ്തുക്കളായിമാത്രമേ അവസരം നല്‍കാറുള്ളൂവെന്നും അവര്‍ക്ക് ആക്ഷേപമുണ്ട്. ഈ വികാരം വന്ദ്യവയോധികനായ ഇ അഹമ്മദിനെത്തന്നെ മലപ്പുറത്ത് പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ നിശ്ചയിച്ചപ്പോള്‍ത്തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയതാണ്. ലീഗ് നേതൃത്വത്തെ വിറപ്പിക്കുംവിധം പാര്‍ടിയിലെ ചെറുപ്പക്കാരുടെ നിറഞ്ഞുമുറ്റിയ നിരാശ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അമ്പരക്കേണ്ടതില്ല. യുവതപോലെ, ലീഗ് വനിതകളും അസംതൃപ്തരും നിരന്തരം അവഗണിക്കപ്പെടുന്നവരുമാണ്. സ്വാഭിപ്രായധീരതയുള്ള സ്ത്രീകള്‍ ആ പാര്‍ടിയില്‍ ശ്വാസംമുട്ടിയാണ് കഴിയുന്നത്. അവരുടെ മൂകമായ പ്രതിഷേധവും വേങ്ങരയില്‍ ലീഗിന് പ്രതികൂലമാകാന്‍ സാധ്യതയുണ്ട്. ഏതായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്ര വോട്ട്  അദ്ദേഹത്തെ വെല്ലുവിളിച്ച് സീറ്റ് സ്വന്തമാക്കിയ, ലീഗില്‍ ആരുമല്ലാത്ത കെ എന്‍ എ ഖാദറിന് പ്രതീക്ഷിക്കാന്‍ വയ്യ. അപ്പോള്‍ അനായാസ മനോഹരമായ ഒരു വിജയം ലീഗ് വേങ്ങരയില്‍ സ്വപ്നം കാണേണ്ടതില്ല. 2016ലും പിന്നെ മലപ്പുറം ഉപതെരഞ്ഞെടുപ്പിലും പ്രത്യക്ഷപ്പെട്ട പ്രവണതകള്‍ കൂടുതല്‍ ശക്തിയോടെ വേങ്ങരയില്‍ ആഞ്ഞുവീശുമെന്ന് ഉറപ്പാണ്. അത് അന്തിമഫലത്തെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നതെന്ന ഉദ്വേഗജനകമായ ചോദ്യം, തെരഞ്ഞെടുപ്പുപ്രക്രിയയുടെ ഈ ഘട്ടത്തില്‍തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നുവരുമെന്നാണ് തോന്നുന്നത്.

ആര്‍എസ്എസ് പ്രചാരക പ്രമുഖനായ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ സംഘപരിവാറിന്റെ നീചവൃത്തികളെയും ഗൂഢലക്ഷ്യങ്ങളെയും പറ്റി സാമാന്യബോധമുള്ളവരെല്ലാം ആശങ്കാകുലരാണ്. അക്കൂട്ടത്തിലുള്ള മുസ്ളിം ബഹുജനങ്ങള്‍ക്ക് വിശേഷിച്ചും ദുരന്ത ദുഃശങ്കകള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍, മുസ്ളിംലീഗിനെപ്പോലൊരു രാഷ്ട്രീയപാര്‍ടി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്്. എന്നാല്‍ ആ പാര്‍ടിയുടെ നേതൃത്വം, മുമ്പ് ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിന് സംഘപരിവാറിന് പരോക്ഷമായി മൌനാനുവാദം നല്‍കിയ നരസിംഹറാവുവിന്റെ കോണ്‍ഗ്രസിനെ പിണക്കാന്‍ ധൈര്യപ്പെടാത്തതുപോലെ ഇപ്പോള്‍ മോഡിസര്‍ക്കാരിനെയും എതിര്‍ക്കാനുള്ള ആര്‍ജവം കാട്ടുന്നില്ലെന്ന ആക്ഷേപം ലീഗ് അണികളില്‍തന്നെയുണ്ട്. ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും, മോഡിയുടെ ദുര്‍നയങ്ങള്‍മൂലം ദുരിതംപേറേണ്ടിവന്നവരെ സഹായിക്കുന്നതിനുപകരം പ്രധാനമന്ത്രി മോഡിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലീഗിന്റെ സംഭാവന നല്‍കി വിധേയത്വം പ്രകടിപ്പിക്കാന്‍ വ്യഗ്രത കാട്ടുകയാണ് ചെയ്തത്. ദേശീയതലത്തില്‍ മോഡിക്കെതിരെ ഒരു രാഷ്ട്രീയബദലിന് രൂപംനല്‍കാനാണ് കുഞ്ഞാലിക്കുട്ടിയെത്തന്നെ പാര്‍ലമെന്റിലേക്ക് അയക്കുന്നതെന്നായിരുന്നു ലീഗുകാര്‍ അഭിമാനപൂര്‍വം അവകാശപ്പെട്ടത്. എന്നാല്‍, രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ വോട്ട് ചെയ്യാന്‍ കിട്ടിയ അവസരംപോലും കുഞ്ഞാലിക്കുട്ടി അടക്കമുള്ള രണ്ട് ലീഗ് എംപിമാര്‍ ബോധപൂര്‍വം പാഴാക്കിക്കളഞ്ഞത് ആ പാര്‍ടിക്ക് തീര്‍ത്താല്‍ തീരാത്ത നാണക്കേടും മാനഹാനിയുമാണ് വരുത്തിവച്ചത്.  ഗുജറാത്തില്‍ രാജ്യസഭയിലേക്ക് ബിജെപി കയറാന്‍ അമിത് ഷായ്ക്ക് വോട്ട് ചെയ്ത് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തിന് നേരിട്ട് കാട്ടിക്കൊടുത്ത് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലീഗിന്റെ രണ്ട് എംപിമാര്‍ മോഡിക്കെതിരെ വോട്ട് ചെയ്യാതെ മാറിനിന്ന് കൂറുകാട്ടുകയാണ് ചെയ്തത്. തങ്ങള്‍ സാദരം സമര്‍പ്പിച്ച കേരള നിയമസഭാ സാമാജികപദവി വഴിയരികില്‍ വലിച്ചെറിഞ്ഞ് കുഞ്ഞാലിക്കുട്ടി എംപിയാകാന്‍ പോയത് ഈ കൊടുംചതി ചെയ്യാനായിരുന്നുവോ എന്ന് കോണി അടയാളത്തില്‍മാത്രം വോട്ട് ചെയ്ത് ശീലിച്ച വേങ്ങരയിലെ ലീഗ് അനുഭാവികള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ ഖാദറും കൂട്ടരും ഉത്തരമില്ലാതെ വിയര്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യും.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന ലീഗിന്റെ വാദവും ഇനി വിലപ്പോവുകയില്ല. മേടക്കാറ്റില്‍ മാമ്പഴം പൊഴിയുംപോലെ കോണ്‍ഗ്രസിലെ മൂത്തുപഴുത്ത നേതാക്കളൊക്കെ ബിജെപിയുടെ കോട്ടയിലേക്ക് ഉതിര്‍ന്ന് പതിക്കുകയാണ്. കോണ്‍ഗ്രസ് നയങ്ങള്‍ സൃഷ്ടിച്ച ഭരണവിരുദ്ധവികാരം മുതലെടുത്താണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിനോട് കൂട്ടുചേരാതെ, ആ നയങ്ങളോട് വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുനിന്ന സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനവും സുശക്തമായിടത്ത് ബിജെപിക്ക് കാലുറപ്പിക്കാന്‍ ഇപ്പോഴും കഴിയുന്നില്ലെന്നും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ബിജെപി ഭരണം നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി, ആധാര്‍, പൊതുമേഖല സ്വകാര്യവല്‍ക്കരണം, എന്തിന് ഗോവധനിരോധനത്തിന്റെപോലും പേറ്റന്റ് അവകാശം കോണ്‍ഗ്രസിനാണെന്ന് ആര്‍ക്കാണറിയാത്തത്? അപ്പോള്‍ ലീഗിന്റെ കോണ്‍ഗ്രസ് പ്രണയനയം ജനങ്ങള്‍ക്കിടയില്‍ ചെലവാകുകയില്ല. തരം കിട്ടിയാല്‍ മതവികാരമിളക്കി സമുദായ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാന്‍ മടിയില്ലാത്ത ലീഗിന്റെ പയറ്റിത്തെളിഞ്ഞ പദ്ധതികളും പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് മുമ്പ് സൂചിപ്പിച്ച മലപ്പുറം ജില്ലയിലെ മുന്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ സുവ്യക്തമാക്കുന്നുണ്ട്് അപ്പോള്‍ വേങ്ങരയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുണ്ടായ അഭിപ്രായഭേദങ്ങളും അന്തഃഛിദ്രങ്ങളും ഗ്രൂപ്പുപോരുകളും മുസ്ളിംലീഗിനെ ആഴത്തില്‍ ബാധിച്ച അസ്തിത്വപരമായ ഒരു പ്രതിസന്ധിയുടെ അടയാളങ്ങള്‍കൂടിയാണ്. വേങ്ങര തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തീരുന്നതല്ല, പുതിയ വടിവിലും ഭാവത്തിലും ഈ അന്തഃസംഘര്‍ഷങ്ങളും അണിയറനാടകങ്ങളും ലീഗ് രാഷ്ട്രീയത്തെ തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കും. അടിമുടി കാലോചിതമായി ഒരഴിച്ചുപണിക്ക് തങ്ങളെത്തന്നെ മാനസികമായി ഒരുക്കിയെടുക്കുകയോ, സ്വന്തം മരണവാറന്റില്‍ സ്വയം ഒപ്പിടുകയോ അല്ലാതെ മുസ്ളിംലീഗിനുമുന്നില്‍ വേറെ വഴിയൊന്നുമില്ല



deshabhimani section

Related News

View More
0 comments
Sort by

Home