തിരിച്ചുപിടിക്കണം കാര്‍ഷികസംസ്കാരം

രാജ്യത്ത് മുതലാളിത്ത ആഗോളവല്‍ക്കരണനയ പരിപാടിക്ക് തുടക്കമിട്ടിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളമുള്‍പ്പെടെ ഇന്ത്യന്‍ഗ്രാമങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദനമേഖല മന്ദഗതിയിലായി. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാകട്ടെ കൃഷിക്ക് കൃഷിക്കാരന്റെ ആവശ്യമില്ലെന്ന നയത്തിലേക്ക് നീങ്ങി. കാര്‍ഷിക ഉല്‍പ്പന്നത്തിന് വിലയില്ലാതെ വരുകയും കാര്‍ഷിക കടം പെരുകുകയും ചെയ്തതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുതുടങ്ങി. അവര്‍ ആത്മഹത്യയെ അഭയംപ്രാപിക്കുന്ന തക്കത്തില്‍ കൃഷിഭൂമി വന്‍കിട കോര്‍പറേറ്റുകള്‍ കൈക്കലാക്കുന്നു. കര്‍ഷകരെ അവര്‍ കീഴാളന്മാരാക്കുന്നു.
നവ ലിബറല്‍ സാമ്പത്തികനയം മുറുകെപ്പിടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പൊതു ഉടമസ്ഥത നിഷേധിക്കുകയാണ്. സേവനമേഖല വാണിജ്യവല്‍ക്കരിക്കുന്നു. യുപിഎ സര്‍ക്കാര്‍ ആരംഭിച്ച നയം അതിതീവ്രമായി നടപ്പാക്കുകയാണ് ബിജെപി. കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ മാത്രമല്ല പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ നയംതന്നെയാണ്. ഇതോടെ, ചുരുക്കം ചില ന്യൂനപക്ഷത്തിന്റെ സമ്പത്ത് വര്‍ധിച്ചു.
പരിഷ്കൃത സമൂഹത്തിലെ ഭരണകൂടത്തിന്റെ മുഖ്യകടമ ജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കുക എന്നതാണ്. ഇത് ഭരണകൂടത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുമാണ്. അതിന് സര്‍ക്കാര്‍ കാര്‍ഷികമേഖലയ്ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കണം. അതിനുവേണ്ടി ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കണം. ഉല്‍പ്പാദകനും ഉപയോക്താവിനും തുല്യ പ്രാധാന്യം നല്‍കണം. ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് അവരുടെ സാംസ്കാരിക പൈതൃകത്തിന് അനുസരിച്ചുള്ള ഭക്ഷണം ലഭ്യമാകണം. ഇറക്കുമതിയെ ആശ്രയിക്കാതെ ഉല്‍പ്പാദനത്തിന് പ്രാദേശിക പ്രാധാന്യം നല്‍കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. നമ്മുടെ നാടന്‍ വിത്തുകളും തിരിച്ചുപിടിക്കണം. ചെറുകിട- ഇടത്തരം കര്‍ഷകരെ ഉല്‍പ്പാദനത്തില്‍ ബോധപൂര്‍വം പങ്കാളികളാക്കണം. നാടിന്റെ സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയണം.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് തികച്ചും വേറിട്ട ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നത്. നമുക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ നാംതന്നെ ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലേക്ക് കേരളത്തെ മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ടു. പകരം വന്‍കിട കോര്‍പറേറ്റുകളെ സംരക്ഷിക്കാന്‍ നിതി ആയോഗ് രൂപീകരിച്ചു. എന്നാല്‍, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളുമായി മുന്നോട്ടു നീങ്ങുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം കര്‍ഷകരില്‍ വന്‍ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് ഭരണം കാര്‍ഷികമേഖലയുടെ പുരോഗതിക്കുനേരെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുചിന്തിതവും ആസൂത്രിതവുമായ നടപടി പുതിയ കാര്‍ഷിക നവോത്ഥാനത്തിന് കളമൊരുക്കി. സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കുന്നത്. ഒരു ബദല്‍നയത്തില്‍ അധിഷ്ഠിതമായ പുതിയ ഒരു സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയാണ് ചെയ്യുന്നത്.
കേരളത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടുപോയ കാര്‍ഷികസംസ്കാരം തിരിച്ചുപിടിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന വേളയിലാണ് ഇത്തവണ കര്‍ഷകദിനം എത്തുന്നത്. കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുക, എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷിയിറക്കുക ഇതാണ് കര്‍ഷകസംഘത്തിന്റെ കര്‍ഷകദിന സന്ദേശം.
കേരളത്തില്‍ ഭൂമിയും അധ്വാനവും മൂലധനവും ശാസ്ത്ര സാങ്കേതിവിദ്യയും കൃഷിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടണമെങ്കില്‍ ഇവയെ തിരിച്ചുപിടിക്കണം. അതിന് എന്താണ് മാര്‍ഗമെന്ന് ഈ കര്‍ഷകദിനത്തില്‍ കൃഷിക്കാര്‍ ചര്‍ച്ചചെയ്യണം. ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവസമ്പത്തുള്ള നാടായിട്ടും കേരളത്തില്‍ കൃഷി അഭിവൃദ്ധിപ്പെടാത്തതെന്തുകൊണ്ടെന്നതും ചിന്തിക്കേണ്ട കാര്യമാണ്.
കൃഷിയില്‍നിന്ന് ഓടിയൊളിക്കുന്ന പ്രവണതയെ മറികടക്കാനായില്ലെങ്കില്‍, കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ലോകത്ത് എവിടെപ്പോയാലും അധ്വാനിക്കാന്‍ സന്നദ്ധതയുള്ളവരാണ് മലയാളികള്‍. എന്നിട്ടും കേരളം കൃഷിയില്‍നിന്ന് അകലുകയാണ്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാതെ കാര്‍ഷികമേഖലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ ആകില്ല. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി ആധുനികവല്‍ക്കരിച്ചാലേ ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ കഴിയൂ. ഉല്‍പ്പാദനം വര്‍ധിക്കുന്നതിനനുസരിച്ച് കമ്പോളവും ശേഖരണവും സംസ്കരണവും ശീതീകരണവും മൂല്യവര്‍ധിതമാക്കുന്നതിനുള്ള സംവിധാനങ്ങളും മെച്ചപ്പെടണം.
കാര്‍ഷിക, വ്യാവസായിക, സേവനമേഖലയില്‍ വന്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാകില്ല. വിദേശത്തുനിന്നുള്ളവര്‍ തിരിച്ചുവന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക ആഘാതം ഏല്‍ക്കുന്ന സംസ്ഥാനമാകും കേരളം. കര്‍ഷകസമരങ്ങളിലൂടെയും ഭൂപരിഷ്കരണത്തിലൂടെയും രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനമെന്ന നിലയില്‍ കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കണം. കര്‍ഷകരോട് സൌഹൃദം കാട്ടുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഭരണത്തിലുള്ളത്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിക്കണം
(കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)









0 comments