ഇനിയും തമാശകളില്ല

കേരളത്തില്‍ അടുത്തകാലത്ത് മറ്റൊരു വാര്‍ത്തയ്ക്കും ലഭിക്കാത്തവിധം ജനശ്രദ്ധയാണ്, 'മാധ്യമസ്വീകാര്യതയാണ്' 'പ്രമുഖ നടന്‍ ദിലീപിന്റെ കേസിന്' ലഭിച്ചത്. അതിനപ്പുറവും ഇപ്പുറവും നിന്ന് മലയാളികള്‍ കലപില അഭിപ്രായങ്ങള്‍ പാസാക്കുന്നുണ്ട്. പക്ഷെ വിഷയം ഇത്ര വലുതായതിന് കാരണം 'പ്രമുഖ'എന്ന വാക്ക് തന്നെയാണ്. കേസ് ദിലീപിന്റെ ആയത് കൊണ്ടു കൂടിയാണ്.
ഈ ലോകത്തില്‍ ഞാന്‍ എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് മാധ്യമങ്ങളെ ആണെന്ന് നെപ്പോളിയന്‍ പറഞ്ഞത് സ്മരിക്കപ്പെടുകയാണ്. ഇങ്ങനെ തമാശകളായി പോയ ഒരുപാട് വാക്കുകള്‍, 'കേസുകള്‍' വാര്‍ത്താചാനല്‍പുരകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ദിലീപ് കുറ്റാരോപിതനാണ്, അതില്‍ ആ മനുഷ്യനിപ്പോള്‍ കിട്ടുന്ന കൂവലുകളെ ആണ് ചിലര്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. 'ജനപ്രിയന്‍' എന്ന ടാഗുള്ള ഒരു നടന്‍ ഇത് നേരിടുന്നതില്‍ അസ്വാഭാവികത ഒന്നും തോന്നുന്നില്ല. എന്നാല്‍ സംവിധായകനും നടനുമായ ബാലചന്ദ്രന്‍ പറയുന്നത് പോലെ അതൊരു സിനിമസ്പിരിട്ടല്ല. സിനിമ വിജയിച്ചാല്‍ കയ്യടിക്കുകയും അല്ലെങ്കില്‍ കൂവുകയും ചെയ്യുന്ന പ്രേക്ഷക മനസ്സായി അതിനെ ചുരുക്കി കാണാന്‍ കഴിയില്ല. വീഴ്ചകളില്‍ ആണ് മനുഷ്യമനസ് ഉണരുകയെന്നാണ് മനഃശാസ്ത്രം പറയുന്നത്. ഇത് ആള്‍ക്കൂട്ടങ്ങളാവുന്നു, ഇവിടെ കൂവലിന്റെ ആവേശം ഒരവാര്‍ഡ് ജേതാവിന് നല്‍കുന്ന കയ്യടിയിലും മുഴങ്ങി കേള്‍ക്കും. ഇതിനെ കുറിച്ച് പറയുന്നവരിലും ഇതേ ഊര്‍ജം ഉണ്ടാവും. പക്ഷെ അപ്പോഴും കൂവി കൊണ്ട് തോല്പിക്കാനാവിലെന്ന പഴയ ഡയലോഗുമായി 'ഞങ്ങള്‍ നിങ്ങളോടൊപ്പ'മുണ്ടെന്നു പറയുന്നതിലാണ് വിരുദ്ധത. എന്നാല്‍, സഹപ്രവര്‍ത്തകയായ ഒരു സ്ത്രീക്ക് അയാളില്‍ നിന്നുണ്ടായെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന മാനസികവും ശാരീരികവുമായ വേദനയെ അത്ര എളുപ്പം തള്ളിക്കളയാം എന്ന് പറയുന്നത് വ്യാമോഹം മാത്രവും ആവുന്നു.
ഇവിടെ ഏറ്റവും കൃത്യമായി ആലോചിച്ചു തീര്‍ച്ചപ്പെടുത്തേണ്ടത്,ഓരോ കൂവലും സ്ത്രീപക്ഷം പിടിക്കലാണോ?? സ്ത്രീവിരുദ്ധതയ്ക്ക് എതിരെയുള്ള സമാരാഹ്വാനം ആണോ?? അതില്‍ ഏറെ പ്രതീക്ഷിക്കാന്‍ ഉണ്ടോ??

ഇവിടെ,ആളുകള്‍, ഒരു സാധാരണ സ്ത്രീയുടെ ഭര്‍ത്താവും, മറ്റൊരു സ്ത്രീയുടെ മുന്‍ ഭര്‍ത്താവും, സഹപ്രവര്‍ത്തകയായ സ്ത്രീ മറ്റൊരുവളും അല്ല..! കേരളം നെഞ്ചേറ്റിയവരാണ്. പക്ഷെ ഇതുണ്ടാക്കുന്ന ഇടപെടലുകളെ ശ്രദ്ധിക്കൂ. നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം മുന്‍ ഭാര്യ ചിരിക്കുന്ന ഫോട്ടോ, നിലവിലെ ഭാര്യയുടെ കരയുന്ന ചിത്രം ഇത്തരത്തിലുള്ള ഇടപെടലുകള്‍ എത്ര മാത്രം വിഷമുള്ളതാണ്.
തീര്‍ച്ചയായും ഈ പ്രതികരണങ്ങള്‍ ശ്രദ്ധപതിപ്പിക്കുന്ന ഒരു വിഷയം മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയാണ്. ഈയൊരു കേസിന്റെ മാത്രം പശ്ചാത്തലത്തില്‍ അലമുറയിട്ടു പറയേണ്ട കാര്യമല്ലെന്ന് തോന്നുന്നു.എങ്കിലും,അത്തരം വിഷയങ്ങളിലേക്ക് ഈ സംഭവം ശ്രദ്ധ ചലിപ്പിക്കുന്നു എന്നത് യാഥാര്‍ഥ്യം ആണ്. തുറിച്ചു നോട്ടങ്ങള്‍ കൊണ്ട് പെണ്ണിന്റെ അഹംഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സിനിമകള്‍ ഈ നടന്റെ മാത്രം സംഭാവന അല്ലലോ. എങ്കിലും മലയാളിയുടെ സിനിമബോധം ശക്തമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു സന്ദര്ഭമായിത് മാറുകയാണ്.
ഫാന്‍സര്‍ഷിപ്പുകള്‍ക്കപ്പുറത്തു നിന്ന് സിനിമ കാണാനും,പറയുന്നതെന്ത് ഊളത്തരമാണെങ്കിലും പറയുന്ന നടന്റെ താരപരിവേഷം അത്രമേല്‍ നമ്മളെ വിഴുങ്ങിയിരിക്കുന്നത് കൊണ്ട് എത്ര കയ്യടികള്‍ നമ്മളവര്‍ക്ക് കൊടുത്തിരിക്കുന്നു. വിസിലടിച്ചും ഫസ്റ്റ് ഷോയ്ക്ക് വേണ്ടി തിടുക്കപ്പെട്ടും ഇങ്ങനെ അവരെ വിജയിപ്പിക്കാന്‍ എത്ര തവണ തോറ്റ പ്രേക്ഷകരാണ് നമ്മള്‍.! സീരിയലിലെ വില്ലത്തിയെ പീഡിപ്പിക്കണം എന്ന് പറയുന്ന/പറയിപ്പിക്കപ്പെടുന്ന മുത്തശ്ശിമാര്‍, നായികയുടെ അഹങ്കാരം കുറയ്ക്കാന്‍ പച്ച മാങ്ങ തീറ്റിക്കുമെന്ന ഭീഷണി ഒരുമിച്ചു കേട്ട 'കുടുംബചിത്രങ്ങള്‍', ഉറക്കെ ചിരിക്കുന്ന ഒരുപാട് സീനുകളില്‍ നായികയുണ്ടെന്നത് കൊണ്ട് വെട്ടിമാറ്റപ്പെട്ട ചിരികള്‍, ഒരുങ്ങി നില്‍ക്കേണ്ട കരച്ചിലുകള്‍..ഇതൊക്കെ കണ്ട് കണ്ട് മടുക്കാത്ത ഒരു സമൂഹത്തിന് കിട്ടിയ വലിയ തിരിച്ചടിയാണ് ദിലീപ്. അപ്പോഴും 'പ്രമുഖ'ന്റെ പരിവേഷം കൊടുത്തു നമ്മള്‍ അയാളെ ജയിപ്പിക്കുക തന്നെയാണ്. ഇതേ തെറ്റ് തിരുത്തി അയാള്‍ തിരിച്ചുവന്നേക്കാം, അതിനിടയില്‍ വീണ്ടും ചിരിക്കാന്‍ പുതിയ വളിപ്പുകള്‍ വരും. അച്ഛന്റെ കൂടെ, അനിയന്റെ കൂടെ, അവന്റെ കൂടെ, കൂട്ടുകാരന്റെ കൂടെ ഇരുന്ന് കാണാന്‍ എനിക്കും അവള്‍ക്കും സിനിമകള്‍ ഇല്ലാതെയാവും. തൊട്ടപ്പുറത്ത് നടി ഡിവോഴ്സ് ചെയ്ത വാര്‍ത്തയുടെ കീഴില്‍ അപ്പോഴും ആങ്ങളമാര്‍ പൊങ്കാലയിട്ടു മതിമറക്കും. 'അഹങ്കാര'ത്തിന്റെ അടുപ്പ് കത്തുന്നത് നിങ്ങള്‍ക്കപ്പോഴും പെണ്ണിന്റെ തലയില്‍ തന്നെയാവും. അമ്മയിലെ ആണൊച്ചകളെ അടക്കി നിര്‍ത്താനുള്ള സമയമായെന്ന പാഠം കൂടി ഇതിലുണ്ട്.
ഇവിടേക്ക് ചെറുത്തു നില്‍പ്പിന് വേണ്ടി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പോലുള്ള ഒരു സംഘടന വരുമ്പോള്‍ എന്തിനാണ് പെണ്ണുങ്ങള്‍ക്ക് വീണ്ടും കൂടി ഇരിക്കാന്‍ മറ്റൊരിടമെന്നു നെറ്റി ചുളിക്കാതിരിക്കാന്‍ നമുക്കാവണം. ഉറച്ചു നിന്ന പെണ്‍ ശബ്ദങ്ങളുടെ വിജയമാണ് അന്വേഷണം. ട്രോളുകള്‍ക്കപ്പുറത്തു നിന്ന് ചിരിക്കാതെ നേരെ നോക്കേണ്ട കാലമാണ്. പിന്നെ നടന്‍ സിദ്ധിക്ക് പറയുന്ന പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മാത്രം എന്നെ കല്ലെറിഞ്ഞാല്‍ മതിയെന്ന് ഓരോ പ്രതിയ്ക്കും ഇനി മുതല്‍ വാദിച്ചു തുടങ്ങാവുന്നതാണ്.
.jpg)
എത്ര പഠിച്ചാലും നന്നാവില്ലെന്നു വാശിയുള്ള ജനതയാണ് നാം. ഒന്ന് വിയോജിക്കാന്‍ പോലും ന്യൂസ് റൂമുകളില്‍ കയറിയിറങ്ങുന്ന, നാവിന്റെ ബലം നട്ടെലിന്നുണ്ടോ എന്നോര്‍ക്കാന്‍ സമയമില്ലാതെ, 'അതൊക്ക തമാശയാണെടി, അങ്ങനെ കണ്ടാ മതി'യെന്ന് പറഞ്ഞു തോളില്‍ തട്ടുന്ന പ്രമുഖരല്ലാത്തവര്‍.
അപ്പോളാണ് ഈ കൂവലുകള്‍ പലതും ഈ പ്രമുഖ വിഷയത്തിനപ്പുറം സഞ്ചരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യമാവുന്നത്. സിനിമയിലെ ആണാധികാര ഇടങ്ങള്‍ ചര്‍ച്ചകളില്‍ കൊണ്ടുവരുന്നതില്‍ വിജയിക്കുന്നു എന്നതിനപ്പുറം ചലനാത്മകമായ എന്ത് പൊട്ടന്‍ഷ്യല്‍ ആണ് ഈ കോലാഹലങ്ങള്‍ക്ക് ഉള്ളത് എന്നത് സംശയമായി അവശേഷിക്കുന്നു.
പ്രമുഖമല്ലെങ്കിലും, പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയരുക തന്നെ വേണം. ഉയര്‍ത്തുക തന്നെ വേണം. ഇനിയും ഇതൊന്നും തമാശകളില്‍ ഇടം പിടിച്ചുകൂടാ. തമാശകളായി അവസാനിച്ചുകൂട.
(ഡല്‍ഹി സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ് ലേഖിക)









0 comments