വളർച്ചയല്ല, തളർച്ചതന്നെ

സമ്പദ്‌വ്യവസ്ഥയിൽ എല്ലാം കാര്യങ്ങളും നല്ല രീതിയിലല്ല നടക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും തെളിഞ്ഞുവരികയാണ്. മോദി സർക്കാരിന്റെ അവകാശവാദങ്ങളും രാജ്യത്ത് നിലനിൽക്കുന്ന യാഥാർഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതല്ല. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ എല്ലാമേഖലയിലും തകർച്ചയാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. വളർച്ചാനിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാൾ കുറഞ്ഞിരിക്കുകയാണ്. ഫലത്തിൽ സാമ്പത്തികവളർച്ച നെഗറ്റീവ് നിലവാരത്തിൽ എത്തി. ഇടിയുന്ന മൂലധന നിക്ഷേപം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പരാജയം, വരുമാനത്തിലെ ഇടിവ്, കുറയുന്ന ഉപഭോഗം, രൂപയുടെ മൂല്യശോഷണം, വിദേശനാണ്യ ശേഖരത്തിലെ ഇടിവ് എന്നിവയെല്ലാം സാമ്പത്തികമേഖല നേരിടുന്ന പ്രധാന വെല്ലുവിളികളായി മാറി. സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കാൻ ഇന്ധനമാകേണ്ടത് ജനങ്ങളുടെ കൈവശം പണം എത്തുക എന്നതാണ്. ചെലവ്, നിക്ഷേപം, വരുമാനം, ഉപഭോഗം എന്നിവയുടെ അഭാവം വളർച്ചയെ പിന്നോട്ടടിപ്പിക്കുകയാണ്. ഈ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് മൂലധനച്ചെലവ് ഉൾപ്പെടെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.
നവംബർ 29ന് ദേശീയ സ്ഥിതിവിവര കണക്ക് സംഘടന പുറത്തുവിട്ട കണക്കിൽ ജൂലൈ സെപ്തംബർ പാദത്തിലെ ജിഡിപി വളർച്ച 5.4 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.1 ശതമാനമായിരുന്നു. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ ശേഷിക്ക് താഴെയാണ് യഥാർഥ വളർച്ച. 2024–- -25ലെ ജിഡിപി വളർച്ച 7.2 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ജിഡിപി വളർച്ച ആറു ശതമാനത്തിൽ ഒതുങ്ങി. നടപ്പുവർഷം ഏഴു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ ഇനിയുള്ള മാസങ്ങളിൽ എട്ടു ശതമാനം നേടേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമാണെന്നാണ് സാമ്പത്തിക വിദഗ്‌ധർ പറയുന്നത്.
ഒരു രാജ്യത്തിന്റെ വളർച്ചയുടെ അടിസ്ഥാനഘടകങ്ങൾ പ്രധാനമായും ആഭ്യന്തര ഉപഭോഗം, സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള നിക്ഷേപം, കയറ്റുമതി വർധന തുടങ്ങിയവയാണ്. നിക്ഷേപമാണ് വളർച്ചയുടെ ഗതിവേഗത്തിലെ നിർണായകഘടകം. ഇത് സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദനക്ഷമത സൃഷ്ടിക്കും. വിലക്കയറ്റമില്ലാത്ത ആഭ്യന്തര ഉപഭോഗത്തിനും അല്ലെങ്കിൽ ഇറക്കുമതിയില്ലാത്ത ഉപഭോഗത്തിനും അവസരമുണ്ടാക്കും. സ്ഥിരതയാർന്ന നിക്ഷേപത്തിലൂടെ മാത്രമേ വളർച്ച കൈവരിക്കാനാകൂ. ആഭ്യന്തരനിക്ഷേപം പ്രോത്സാഹിപ്പിക്കണമെങ്കിൽ ആഭ്യന്തര സമ്പാദ്യവും വളരേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ ആഭ്യന്തരസമ്പാദ്യം ജിഡിപിയുടെ 30 ശതമാനത്തിൽ താഴെയാണ്. കേന്ദ്ര സർക്കാരിന്റെ മൂലധനനിക്ഷേപവും ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്.

അടിസ്ഥാനസൗകര്യവികസനത്തിനും മറ്റ് ആസ്തികൾ സൃഷ്ടിക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് 14.7 ശതമാനം കുറഞ്ഞ്, ആദ്യ ഏഴു മാസങ്ങളിൽ 4.7 ലക്ഷം കോടി രൂപയിൽ ഒതുങ്ങി. നടപ്പുസാമ്പത്തിക വർഷം 11.11 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ, ആദ്യ ആറ് മാസത്തിൽ ബജറ്റ് ലക്ഷ്യമിട്ടതിന്റെ 37 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷം ഇത് 49 ശതമാനമായിരുന്നു. പൊതുതെരഞ്ഞെടുപ്പ് കാരണം ആദ്യപാദത്തിലെ ഇടിവ് മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാം പാദത്തിലും വലിയ ഇടിവുണ്ടായി. അതിനിടെ മൂലധനച്ചെലവ് വെട്ടിക്കുറയ്‌ക്കുമെന്ന സൂചന അമ്പരപ്പിക്കുന്നതാണ്. മൂലധനച്ചെലവ് ചുരുക്കി ഏപ്രിൽ-– -ഒക്ടോബർ കാലയളവിൽ കേന്ദ്രസർക്കാർ ധനക്കമ്മി (മൊത്തം വരവും ചെലവും തമ്മിലുള്ള വ്യത്യാസം) 6.6 ശതമാനമാക്കി. ഈ കാലയളവിലെ ധനക്കമ്മി 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇത് ബജറ്റ് ലക്ഷ്യമായ 16.13 ലക്ഷം കോടിയുടെ 46.5 ശതമാനമാണ്. നടപ്പു സാമ്പത്തിക വർഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 4.9 ശതമാനമായി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളുടെമേലും ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണ് കേന്ദ്രം.
കോർപറേറ്റുകൾ പുതിയ നിക്ഷേപത്തിന് തയ്യാറാകുന്നില്ല എന്നതും വലിയ വെല്ലുവിളിയാണ്. ഏറ്റവും മികച്ച 10 കമ്പനികളുടെ പക്കൽമാത്രം ഏകദേശം അഞ്ചു ലക്ഷം കോടിയിലേറെ നീക്കിയിരിപ്പുണ്ടായിട്ടും സ്വകാര്യമേഖലയിലെ മൂലധനനിക്ഷേപം മന്ദഗതിയിലാണ്. പല വൻകിട കോർപറേറ്റുകളും പുതിയ മേഖലകളിൽ നിക്ഷേപമിറക്കാതെ കടബാധ്യതകൾ തീർത്ത് ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിക്ഷേപമിറക്കാനാണ് ചിലർ താൽപ്പര്യം കാട്ടുന്നത്. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും പിന്നോട്ടടിയാണ്. ഓഹരിവിപണിയിൽനിന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ 1.35 ലക്ഷം കോടിരൂപയുടെ വിദേശനിക്ഷേപം പിൻവലിച്ചു. ഈ പ്രവണത വരുംമാസങ്ങളിലും തുടർന്നേക്കും. ഇത് വിദൂരഭാവിയിൽ സമ്പദ്‌വ്യവസ്ഥയിൽ വലിയ അപകടം സൃഷ്ടിക്കും.
.jpg)
സ്വകാര്യമേഖലയിൽനിന്നുള്ള മൂലധന നിക്ഷേപത്തിന്റെ അഭാവം മറികടക്കാൻ സർക്കാരിന് കഴിയുന്നില്ല. പ്രതീക്ഷിച്ചതിലും താഴ്‌ന്ന ജിഡിപി വളർച്ചാ കണക്കും ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ നിരാശാജനകമായ വരുമാനവും സാമ്പത്തിക മേഖലയിലെ മെല്ലെപ്പോക്ക് പ്രതിഫലിപ്പിക്കുന്നു. വരുമാന വളർച്ചയിലെ മാന്ദ്യം കാരണം വാഹന, ഉപഭോക്‌തൃ മേഖലകളിലെ നിരവധി പ്രധാന കമ്പനികൾക്ക് രണ്ട് പാദത്തിലും പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായിട്ടില്ല.
സർക്കാരിന്റെ റവന്യു ചെലവ് -- 8.7 ശതമാനം വർധിച്ചു. അതേസമയം, ഏപ്രിൽ–- -ഒക്ടോബർ കാലയളവിൽ മൊത്ത നികുതി പിരിവിന്റെ വളർച്ച 10.8 ശതമാനമായി കുറഞ്ഞു. ഒക്ടോബറിലെ നികുതി പിരിവ് 2.2 ലക്ഷം കോടി രൂപയിലൊതുങ്ങി. വളർച്ച 1.64 ശതമാനംമാത്രം. ഏപ്രിൽ-– -ഒക്ടോബർ കാലയളവിൽ കോർപറേറ്റ് നികുതി പിരിവ് 4.82 ലക്ഷം കോടി രൂപയിൽനിന്ന് 4.88 ലക്ഷം കോടി രൂപയായി നാമമാത്രമായ വർധന. ഈ കാലയളവിൽ ആദായ നികുതി പിരിവ് 20.2 ശതമാനം വർധിച്ച് 6.3 ലക്ഷം കോടിയായി. വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ എട്ടാം ആഴ്‌ചയും ഇടിഞ്ഞു. നവംബർ 22ന് അവസാനിച്ച ആഴ്ചയിൽ 131 കോടി ഡോളർ ഇടിഞ്ഞ് 65,658.2 കോടി ഡോളറിലെത്തി. മുൻ ആഴ്‌ചയിൽ 1776 കോടി ഡോളറിന്റെ റെക്കോഡ് ഇടിവുണ്ടായിരുന്നു. രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഡോളർ മൂല്യം 84.50 രൂപ എന്ന പരിധി ഒന്നിലധികം തവണ ലംഘിച്ചു.
മോദിയുടെ ഭരണപാളിച്ചകളാണ് മാന്ദ്യം സൃഷ്ടിക്കുന്ന വില്ലനായി മാറിയിരിക്കുന്നത്. ഉപഭോക്താക്കൾ ബഹുമുഖ ആഘാതത്തെ അഭിമുഖീകരിക്കുന്നു. ഭക്ഷ്യവിലപ്പെരുപ്പം ശരാശരി ഏഴു ശതമാനത്തിനു മുകളിലായതോടൊപ്പം വരുമാനവർധന ഇല്ലാത്തതും വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശയും കൂടുതൽ ബാധ്യത സൃഷ്ടിക്കുകയാണ്. വിലക്കയറ്റം നാലു ശതമാനമെന്ന പരിധിവിട്ട് 6.21 ശതമാനത്തിലെത്തിയ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്‌ക്കില്ലെന്ന നിലപാടിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. രണ്ടു വർഷമായി ആർബിഐ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. മാന്ദ്യത്തെ നേരിടുന്നതിന് നിരക്ക് കുറയ്‌ക്കൽ അനിവാര്യമാണ്. നിരക്ക് കുറയ്‌ക്കണമെന്ന് കേന്ദ്ര മന്ത്രിമാർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. മാന്ദ്യത്തെ എങ്ങനെ നേരിടാം എന്നതിനെച്ചൊല്ലി ഉന്നതതലത്തിൽ തർക്കം വളരുകയാണ്. പണനയ അവലോകന സമിതിയുടെ ത്രിദിന യോഗം ബുധനാഴ്‌ച ആരംഭിക്കും.
ഉപഭോക്താക്കൾ ചെലവ് വെട്ടിക്കുറയ്ക്കുകയും കോർപറേറ്റ് ലാഭം കുറയുകയും ചെയ്യുന്നതിനാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളപ്പെടുകയാണ്. പണപ്പെരുപ്പത്തിനൊപ്പം ഐടി മേഖലയിൽ ഉൾപ്പെടെ വേതനത്തിൽ വർധന ഉണ്ടാകുന്നില്ല എന്നത് ഗുരുതരപ്രശ്‌നമാണ്. വേതനം കുറയുന്നത് കുടുംബങ്ങൾ അവരുടെ സമ്പാദ്യവും ചെലവും കുറയ്‌ക്കുന്നതിലേക്ക് നയിക്കും. ഇത് വിപണിയിൽ മാന്ദ്യമുണ്ടാക്കും. ഇന്ത്യയിലെ നഗരമധ്യവർഗം കടുത്ത സാമ്പത്തിക സമ്മർദത്തിലാണ്. എൻഎസ്ഇ നിഫ്റ്റി 50 സൂചികയിലെ പകുതിയോളം കമ്പനികൾക്കും അവരുടെ രണ്ടാം പാദത്തിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. വളർച്ചയിലെ ഇടിവ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തടസ്സമാകുമെന്ന് മാത്രമല്ല, നിലവിലെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയും ഉയർത്തുന്നു. ഒക്ടോബറിൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്തംബറിലെ 7.8 ശതമാനത്തിൽനിന്ന് 10.10 ശതമാനമായി ഉയർന്നു.









0 comments