കൃത്രിമ മഴക്ക്‌ പിന്നിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 09:46 PM | 0 min read

ഡൽഹിയി‌ൽ വായുമലിനീകരണം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കൃത്രിമ മഴ (ക്ലൗഡ് സീഡിങ്)യെ പറ്റി ആലോചന നടന്നത്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌. മേഘങ്ങളിൽ ജലാംശംകുറവായതിനാൽ  കൃത്രിമമഴ സാധ്യമല്ലെന്നായിരുന്നു വിലയിരുത്തൽ.  കൃത്രിമ മഴയെ പറ്റി:

ക്ലൗഡ് സീഡിങ്‌ ചരിത്രം

ജലക്ഷാമത്തിന് പരിഹാരമായാണ് ക്ലൗഡ് സീഡിങ്‌ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌. 1946ൽ അമേരിക്കയിലാണ് ഈ ഉദ്യമത്തിനുള്ള ആദ്യശ്രമം തുടങ്ങിയത്. വിൻസന്റ് ജെ ഷഫർ എന്ന ശാസ്ത്രജ്ഞന്റെ ശ്രമം  വിജയിക്കുകയും ചെയ്‌തു. ഉരുണ്ടുകൂടുന്ന കാർമേഘങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചു മഴ പെയ്യിക്കുവാനുള്ള സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്‌. ഇതിന്‌ പല രീതികൾ ഇപ്പോ ൾ അവലംബിക്കാറുണ്ട്. അവയിലൊരു പരീക്ഷണമാണ് 2021 ജൂലൈയിൽ യുഎഇ വിജയകരമായി പരീക്ഷിച്ചത്‌.  പെയ്യാതെ പോകുന്ന മേഘങ്ങളിലേക്ക്‌ രാസവസ്തുക്കൾ  വിതറി ഘനീഭവിപ്പിച്ചു മഴ പെയ്യിക്കുന്ന രീതിയാണിത്‌.

കഴിഞ്ഞവർഷംമാത്രം ഏതാണ്ട് 242 ക്ലൗഡ് സീഡിങ്‌ പദ്ധതികളാണ് യുഎഇ നടപ്പാക്കിയത്. ഡ്രോണുകൾ ഉപയോഗിച്ചാണ് അവർ ഈ പ്രക്രിയ ചെയ്യുന്നത്‌. മേഘങ്ങളുടെ കൂട്ടങ്ങളിലേക്ക് ഡ്രോണുകളെ വേഗത്തിൽ കടത്തിവിട്ടു ‘ഇലക്ട്രിക് ഷോക്ക്’ നൽകുന്നു. ഇതോടെ മേഘങ്ങളിലെ വെള്ളത്തുള്ളികൾ പരസ്പരം ഒട്ടുകയും അവ വലിയ തുള്ളികളായി മാറുകയും മഴയായി പെയ്യുകയും ചെയ്യുന്നു.

സാൾട്ട് ഫ്ലെയർ രീതി

മറ്റൊരു രീതിയാണ് സാൾട്ട് ഫ്ലെയർ രീതി. വലിയ റോക്കറ്റുകൾ, പീരങ്കികൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ച്‌ ജ്വാലകളിലൂടെ മൈക്രോസ്കോപ്പിക് സിൽവർ അയോഡൈഡ് കണങ്ങൾ മേഘങ്ങളിലേക്ക് പായിക്കുന്ന രീതിയാണിത്‌. ഈ പായിക്കുന്ന പദാർഥങ്ങൾക്കുചുറ്റും ജലാംശം പൊതിയുകയും മെല്ലെമെല്ലെ ആ ജലാംശം വലിയ വെള്ളത്തുള്ളികളായി മാറുകയും അത് വലിയ മഴയായി പെയ്‌തിറങ്ങുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ രൂപപ്പെടുന്ന മഴ കൂട്ടമായി ഒരിടത്തുതന്നെനിന്ന് പെയ്യുന്നത് ദോഷകരമാണ്. അതിനാൽ അവ എവിടെയൊക്കെ പെയ്യണമെന്നതിന് കൃത്യമായി പദ്ധതിയിടേണ്ടതും പ്രധാനമാണ്. 

എന്നാൽ, മറ്റു ചില രാസപദാർഥങ്ങൾ കൂടി ഇത്തരത്തിൽ ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കാനാവും. മാത്രമല്ല, ഡ്രൈ ഐസ് (ഘനീകരിച്ച കാർബൺ ഡയോക്സൈഡ്), പൊട്ടാസ്യം അയോഡൈഡ് എന്നിവ ഉപയോഗിച്ചും മഴയെ നിയന്ത്രിക്കാനാകും. ഈ വസ്തുക്കൾ കാർമേഘങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന മർദവ്യത്യാസമാണ് മഴ പെയ്യിക്കുവാൻ കാരണമാകുന്നത്. ക്ലൗഡ് സീഡിങ്‌ വഴി മഴയുടെ സാധ്യത  30 മുതൽ 35 ശതമാനംവരെ കൂട്ടാനാകുമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌. 2008ൽ ചൈനയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ അപ്രതീക്ഷിതമായി മഴയുടെ ഭീഷണി ഉണ്ടായപ്പോൾ, മഴ മേഘങ്ങളെ മറ്റൊരു വഴി തിരിച്ചുവിട്ട്‌ പ്രതിസന്ധി പരിഹരിച്ചിരുന്നു.

പരിമിതികൾ

ക്ലൗഡ്സീഡിങ്ങിന്റെ പരിമിതികളിൽ പ്രധാനപ്പെട്ടത് ജലാംശംകൂടിയ മേഘങ്ങളിൽ മാത്രമേ വിജയിക്കൂ എന്നതാണ്. 50 ശതമാനത്തിലധികം ജലാംശമുള്ള മേഘം വേണം. കൃത്യമായി നിയന്ത്രിക്കാൻ കഴിയില്ലെന്നത്‌ മറ്റൊരു പോരായ്‌മയാണ്‌. തീവ്ര മഴയുണ്ടായ സംഭവങ്ങളുമുണ്ട്‌. എന്തായാലും ഈ രംഗത്ത്‌ ഗവേഷണങ്ങളും പഠനങ്ങളും ശാസ്‌ത്രലോകം തുടരുകയാണ്‌.

(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home