മാനവികതയും മലബാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:47 PM | 0 min read

 

ഒരു പ്രദേശത്ത് നിലനിന്ന അയിത്തം, തീണ്ടല്‍, തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ ജീവിത പ്രയാസങ്ങള്‍ എന്നിവയോടൊക്കെ പൊരുതിക്കൊണ്ടാണ് യുഎൽസിസിഎസ്‌ വളരുന്നത്. വി ആർ നായനാരാകട്ടെ, പുനരധിവാസം, തൊഴില്‍ പരിശീലനം, ഹരിജനോദ്ധാരണം, വിദ്യാഭ്യാസം, ചികിത്സ, തൊഴിലാളിക്ഷേമം, മനുഷ്യാവകാശം എന്നിവയെ മുന്‍നിര്‍ത്തിയായിരുന്നു പ്രവര്‍ത്തിച്ചത്.

 

ടി പി കുഞ്ഞിക്കണ്ണൻമൂല്യാധിഷ്ഠിതമായി സ്വയം വളരാനും മറ്റുള്ളവരെക്കൂടി ഒപ്പം വളര്‍ത്താനും സന്നദ്ധതയുള്ള മാനസികാവസ്ഥയായാണ് മാനവികത (Humanism)  യെപ്പറ്റി പറയാറുള്ളത്. ആ അർഥത്തില്‍, മാനവികത ഒരു വ്യക്തിഗത ചിന്തയാണെങ്കിലും സ്വാർഥ താൽപ്പര്യങ്ങള്‍ക്കതീതമായൊരു മൂല്യബോധമാണ്.

അത് എല്ലാ രംഗത്തും നൈതികത ആഗ്രഹിക്കുന്നു. ശാസ്‌ത്ര മുന്നേറ്റമടക്കമുള്ള ആധുനികതയെ ഉള്‍ക്കൊണ്ടു മാത്രമേ ജീവിത പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കാനും പരിഹരിക്കാനും കഴിയൂ എന്ന് മനസ്സിലാക്കുന്നു. സാമൂഹിക മാറ്റത്തില്‍ വ്യക്തിയുടെ സ്വാതന്ത്ര്യം, തീരുമാനമെടുക്കാനുള്ള ശേഷി, അവസര തുല്യത എന്നിവയ്‌ക്കൊക്കെ വലിയ പങ്ക് വഹിക്കാനുണ്ടെന്ന ബോധ്യത്തിലാണ് മാനവികതയുടെ വക്താക്കള്‍ പ്രവര്‍ത്തിക്കുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സെക്യുലറിസം, ജനാധിപത്യം, യുക്തിചിന്ത, സാർവത്രിക വിദ്യാഭ്യാസം, സാമൂഹ്യനീതി, മനുഷ്യാവകാശം, സ്വതന്ത്രചിന്ത എന്നിവയ്‌ക്ക് വേണ്ടിയും ഹിംസ, വിശപ്പ്, ദാരിദ്ര്യം, പട്ടിണി, അനാരോഗ്യം, തൊഴിലില്ലായ്‌മ എന്നിവക്കെതിരായും അവര്‍ നിലകൊള്ളുന്നു. പ്രകൃതി സംരക്ഷണത്തെ ഒരു മൂല്യമായിത്തന്നെ ഉള്‍ക്കൊള്ളുന്നു.

സ്വന്തം ജീവിതത്തെ സമൂഹത്തില്‍ അടയാളപ്പെടുത്താനും അർഥപൂർണമാക്കാനുമുള്ള ഉത്തരവാദിത്വവും അവകാശവും ഓരോരുത്തര്‍ക്കുമുണ്ടെന്ന് കരുതുന്നു. ഈ രീതിയില്‍ മനുഷ്യകുലം സദാ സന്തോഷപ്രദമായിരിക്കുക എന്ന കേന്ദ്രപ്രമേയത്തെ മുന്‍നിര്‍ത്തി ജീവിതത്തെ ആസൂത്രണം ചെയ്യണമെന്ന് മാനവികത നിഷ്‌കര്‍ഷിക്കുന്നു.

 ഇത്തരം മൂല്യങ്ങളെ ഏറിയും കുറഞ്ഞും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക ദര്‍ശനം എന്ന നിലയില്‍ മാനവികത എക്കാലത്തും മനുഷ്യചിന്തയുടെ ഭാഗമായിരുന്നു. അരിസ്‌റ്റോട്ടിൽ മുതല്‍ക്കുള്ള ചിന്തകരെല്ലാം മാനവികതയെ പല രീതിയില്‍ അവരുടെ ചിന്തകളിൽ ഉള്‍ച്ചേർത്തിട്ടുമുണ്ട്.

അത്തരം നിലപാടുകളെ സമന്വയിപ്പിച്ച്, കോർലിസ്സ് ലാമണ്ട് (Corliss Lamont) എന്ന സാമൂഹിക ചിന്തകന്‍ ‘നമ്മുടെ ഭൂമിയുടെ പരിമിതികള്‍ക്കകത്ത് നിന്ന്, എല്ലാ ജനങ്ങളുടെയും പരമാവധി സന്തോഷത്തിനായി നിലകൊള്ളുകയെന്നത് മനുഷ്യജീവിതത്തിന്റെ മുഖ്യധർമമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന അവസ്ഥ’യായി മാനവികതയെ, The Philosphy of Humanism എന്ന ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.

വി ആര്‍ നായനാര്‍ ഇത്രയും പറഞ്ഞുവച്ചത് മാനവികതാ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹിക വികസന പ്രക്രിയയിലും പങ്കാളികളായിരുന്നു എന്ന് ഓർമപ്പെടുത്താനാണ്. മലബാറിലായിരുന്നു അവരുടെ സാന്നിധ്യം കൂടുതലുണ്ടായത്.

അത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രസ്ഥാനത്തിലും തൊഴിലാളി സംഘടനയിലും, പട്ടിണിക്കെതിരായും തൊഴിലിനും വിദ്യാഭ്യാസ പ്രചാരണത്തിനും ആരോഗ്യ സംരക്ഷണത്തിനും സർവോപരി പുതിയൊരു സാമൂഹിക വീക്ഷണം വളര്‍ത്തുന്നതിലുമെല്ലാം വളരെ ആഴത്തില്‍ വേരൂന്നിയിരുന്നു.

അത്തരം പ്രവര്‍ത്തനങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് വിഖ്യാതമായ ‘കേരള മാതൃക'യുടെ ഉള്ളടക്കം; അഥവാ ‘കേരള വികസന മാതൃക'യുടെ ഉടമസ്ഥത ഇത്തരം മാനവികതാവക്താക്കള്‍ക്ക് (humanists) കൂടി അര്‍ഹതപ്പെട്ടതാണ്. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു വി ആര്‍ നായനാര്‍.

ഇന്നും സംഭാവന നല്‍കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം (ULCCS). നായനാരുടെയും യുഎൽസിസിഎസിന്റെയും സംഭാവനകളെയും ഇവര്‍ക്കിടയിലെ ബന്ധങ്ങളെയും മാനവികതയുടെ ചട്ടക്കൂട്ടില്‍ പരിചയപ്പെടുത്താനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.

വി ആർ നായനാരുടെ പോർട്രയ്‌റ്റ്‌  - ചിത്രീകരണം: കെ സുധീഷ്‌ ഈ പരിചയപ്പെടുത്തലിന് ഒരു വര്‍ത്തമാനകാല പ്രാധാന്യം കൂടിയുണ്ട്. 2025ല്‍ വി ആര്‍ നായനാരുടെ ജനനത്തിന്റെ 125ാം വാര്‍ഷികവും (ജനുവരി 26); ഊരാളുങ്കല്‍ സൊസൈറ്റിയുടെ ജനനത്തിന്റെ 100ാം വാര്‍ഷികവും (ഫിബ്രുവരി 13) പിന്നിടുകയാണ്. ഇരുവരും അന്നത്തെ മലബാറിന്റെ ഭാഗമായ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 ഒരു പ്രദേശത്ത് നിലനിന്ന അയിത്തം, തീണ്ടല്‍, തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ ജീവിത പ്രയാസങ്ങള്‍ എന്നിവയോടൊക്കെ പൊരുതിക്കൊണ്ടാണ് യുഎൽസിസിഎസ്‌ വളരുന്നത്. വി ആർ നായനാരാകട്ടെ, പുനരധിവാസം, തൊഴില്‍ പരിശീലനം, ഹരിജനോദ്ധാരണം, വിദ്യാഭ്യാസം, ചികിത്സ, തൊഴിലാളിക്ഷേമം, മനുഷ്യാവകാശം എന്നിവയെ മുന്‍നിര്‍ത്തിയായിരുന്നു പ്രവര്‍ത്തിച്ചത്.

രണ്ട് കൂട്ടരും പരസ്‌പരം സമ്മേളിക്കുന്നത് സഹകരണം എന്ന ഭൂമികയിലാണ്. രണ്ടുപേരും വളര്‍ന്നതും പ്രവര്‍ത്തിച്ചതും ദേശീയ പ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും വിവിധതരം അവകാശ സമരങ്ങളുടേയും ഇടയിലാണ്.

മലബാറില്‍ ജനങ്ങള്‍ക്ക് പൊതുവിലും ദരിദ്രര്‍ക്ക് പ്രത്യേകിച്ചും അനുഭവിക്കേണ്ടിവന്ന ജീവിത പ്രയാസങ്ങള്‍ ലഘൂകരിക്കാനാണ് നായനാര്‍ എക്കാലത്തും നിലകൊണ്ടത്.

അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രധാനമായും നാല് മേഖലകളിലായിരുന്നു. 1‐ മലബാര്‍ കലാപത്തില്‍ അനാഥരായവരുടെ പുനരധിവാസം, 2‐ തൊഴില്‍ പരിശീലനം, 3‐ ഗ്രാമ പുനര്‍നിർമാണം, 4‐ സാമൂഹിക പരിഷ്‌കരണം. വീട്ടുകാര്‍ നിനച്ചതുപോലെ, അദ്ദേഹം ഔപചാരിക ഡോക്ടറായില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടതുപോലെ ആപത്ത് കാലത്തെ നല്ലൊരു ജനകീയ ശുശ്രൂഷകനായി മാറിയിരുന്നു.

1920കളിലെ മലബാര്‍ കലാപത്തില്‍ അനാഥരായവരെ പുനരധിവസിപ്പിക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയായിരുന്നു നായനാരുടെ മുഖ്യദൗത്യം. പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ‘സർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി’ (SIS)ക്ക് വേണ്ടിയായിരുന്നു നായനാര്‍ ഈ രംഗത്തേക്ക് പ്രവേശിച്ചത്.

1920കളിലെ മലബാര്‍ കലാപത്തില്‍ അനാഥരായവരെ പുനരധിവസിപ്പിക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയായിരുന്നു നായനാരുടെ മുഖ്യദൗത്യം. പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ‘സർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി’ (SIS)ക്ക് വേണ്ടിയായിരുന്നു നായനാര്‍ ഈ രംഗത്തേക്ക് പ്രവേശിച്ചത്.

ചിത്രീകരണം: കെ സുധീഷ്‌1940 കളുടെ തുടക്കത്തില്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കാലത്തും ഇതേ രീതിയില്‍ത്തന്നെ നായനാര്‍ക്ക് ഇടപെടേണ്ടിവന്നു.  ഏതൊരു കലാപത്തിനും അടിസ്ഥാന കാരണം വിദ്യാഭ്യാസത്തിന്റെ പിന്നോക്കാവസ്ഥയാണെന്ന നിഗമനത്തിലാണ് തൊഴിലധിഷ്ഠിതമായ സാർവത്രിക വിദ്യാഭ്യാസത്തിന് മലബാറില്‍ പല ഇടങ്ങളിലായി പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചത് (ജ്യോതിര്‍മണി‐2022).

നായനാര്‍ അതിലൊക്കെ അധ്യാപകനായും പ്രധാന നടത്തിപ്പുകാരനായും പ്രവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധ കാലത്തെ ക്ഷാമം, പട്ടിണി, ദാരിദ്ര്യം, തുടര്‍ന്നുണ്ടായ കോളറ എന്നിവയുടെ കാലത്താണ് നായനാര്‍ ഒരു ജനകീയ പോരാളിയായി മാറിയത്.

ആരും തിരിഞ്ഞുനോക്കാനില്ലാത്ത എത്രയോ പേര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചും എത്രയോ വീടുകള്‍ മാലിന്യമുക്തമാക്കിയും  മരിച്ച എത്രയോപേരെ മറവുചെയ്‌തും ഒപ്പം പലരേയും മരണത്തില്‍നിന്ന് രക്ഷിച്ചും അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സമാന്തരമായിത്തന്നെ സെക്യുലറിസം, ജനാധിപത്യം, മാനവികത, മനുഷ്യാവകാശം എന്നിവയുടെ ശക്തനായ വക്താവു കൂടിയായി നിലകൊണ്ടു.

ഒപ്പം തന്നെ സഹകരണത്തില്‍ ഊന്നിയ വ്യത്യസ്‌തമായൊരു തൊഴില്‍ സംസ്‌കാരം നായനാര്‍ വിപുലപ്പെടുത്തിയെടുത്തു (സുകുമാര്‍ കൂടാളി: 2021).

അയിത്തത്തിനെതിരായ ചെറുത്തുനില്‍പ്പിന് ഊർജം പകരാനാണ് ഏതാനും ചെറുപ്പക്കാര്‍ വാഗ്‌ഭടാനന്ദനെ ഊരാളുങ്കലില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച ‘ഉന്നതര്‍' സാധാരണ ജനങ്ങള്‍ക്ക് തൊഴിലും വായ്പയും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചു.

വാഗ്‌ഭടാനന്ദൻഅയിത്തത്തിനെതിരായ ചെറുത്തുനില്‍പ്പിന് ഊർജം പകരാനാണ് ഏതാനും ചെറുപ്പക്കാര്‍വാഗ്‌ഭടാനന്ദനെ ഊരാളുങ്കലില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത്.എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച ‘ഉന്നതര്‍' സാധാരണ ജനങ്ങള്‍ക്ക് തൊഴിലും വായ്പയും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചു. ഇത്തരം നിഷേധങ്ങളുടെ നിഷേധമായാണ് വാഗ്‌ഭടാനന്ദന്‍ ഊരാളുങ്കല്‍ പ്രദേശത്ത് ആത്മവിദ്യാസംഘം സ്‌കൂളും ഐക്യ നാണയസംഘവും തൊഴിലാളികളുടെ സഹകരണ സംഘവും സ്ഥാപിക്കാന്‍ നിർദേശം നല്‍കിയത്. 

ആ തൊഴിലാളി സംഘമാണ് ഇന്നത്തെ യുഎൽസിസിഎസ്‌. സ്വയം അറിവ്, അഥവാ സ്വയം ബോധം എന്ന അർഥത്തില്‍ ‘ആത്മവിദ്യ' എന്നതായിരുന്നു വാഗ്‌ഭടാനന്ദന്റെ സന്ദേശം (ഐസക് et. al: 2019).

 ഊരാളുങ്കല്‍ സൊസൈറ്റിയിലെ ആദ്യകാല തൊഴിലാളികളോട് ഈ ലേഖകന്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. അവര്‍ സംഘത്തില്‍ പണിക്കെത്തുമ്പോള്‍ കൂലിയേക്കാള്‍ പരിഗണന ഭക്ഷണത്തിനായിരുന്നു.

 ഊരാളുങ്കല്‍ സൊസൈറ്റിയിലെ ആദ്യകാല തൊഴിലാളികളോട് ഈ ലേഖകന്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പാലേരി കണാരന്‍ മാസ്റ്റര്‍ അവര്‍ സംഘത്തില്‍ പണിക്കെത്തുമ്പോള്‍ കൂലിയേക്കാള്‍ പരിഗണന ഭക്ഷണത്തിനായിരുന്നു.

ഒരു നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും താണ്ഡവമാടിയപ്പോള്‍ അതിനെ പണിയും കൂലിയും ഭക്ഷണവും നല്‍കി പ്രതിരോധിക്കുകയായിരുന്നു യുഎൽസിസിഎസ്‌. തൊഴിലാളികളുടെ വീട് പട്ടിണിയാവാതിരിക്കാന്‍ വേണ്ട അരിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ കടകളില്‍ ‘പറ്റ്' ഏര്‍പ്പെടുത്തിയിരുന്നു. അതായത്, തൊഴിലാളികള്‍ക്ക് വീട് പുലര്‍ത്താന്‍ വേണ്ട അരിയും പലവ്യഞ്ജനങ്ങളും കടകളില്‍നിന്ന് വാങ്ങാം.

സൊസൈറ്റി അതിന്റെ പണം പിന്നീട് കടക്കാര്‍ക്ക് നല്‍കും. ‘പണം പയറ്റ്' നടക്കുന്ന വീട്ടില്‍ പോയി കടം വാങ്ങും. പാലേരി കണാരന്‍ മാസ്റ്റര്‍ എന്ന പ്രസിഡന്റ്‌ ഒരേസമയം സൊസൈറ്റിയേയും തൊഴിലാളികളേയും അവരുടെ വീടുകളെയും ഒപ്പം ഒരു നാടിനെയും ഒന്നിച്ചു വളര്‍ത്തിയെടുത്ത മാനവികതയുടെ പ്രതീകമായിരുന്നു.

കുഞ്ഞ്യേക്കു ഗുരുക്കള്‍പാലേരി ചന്തമ്മന്‍ സൊസൈറ്റിയുടെ ഡയറക്ടര്‍മാരെല്ലാം തൊഴിലാളികളായിരുന്നു; ഒപ്പം ആത്മവിദ്യാസംഘം പ്രവര്‍ത്തകരുമായിരുന്നു. എന്നാല്‍ അത് മാത്രമായിരുന്നില്ല; അവര്‍ പ്രദേശത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ കൂടിയായിരുന്നു. യുഎൽസിസിഎസിന്റെ സ്ഥാപകരില്‍ ഒരാളായ ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ കീഴ്ജാതിക്കാരെ ഉള്‍പ്പെടുത്തി മിശ്രഭോജനം സംഘടിപ്പിച്ചിരുന്നു.

രണ്ടാമത്തെ, പാലേരി ചന്തമ്മന്‍ സ്വന്തം തറവാട് ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കി കിണറ്റിലിട്ടതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. മൂന്നാമത്തെ, കയ്യാല ചേക്കു സ്വന്തം പറമ്പില്‍ ദളിത് വിഭാഗങ്ങള്‍ക്കായി കിണര്‍ കുഴിച്ച്‌ നല്‍കിയ വ്യക്തിയായിരുന്നു. 1920കളിലെ മലബാറില്‍ ഇതൊക്കെ വിപ്ലവസമാനമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

മറ്റുള്ളവരെല്ലാം അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടി ജാതി മത തടസ്സങ്ങള്‍ക്കെതിരായി നിലകൊണ്ടും സെക്യുലറിസത്തിന്റെ വക്താക്കളായി തികച്ചും  ജനാധിപത്യപരമായ രീതിയില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിച്ചു (ഐസക് et.al: 2019).

ഗുണമേന്മയുള്ള മരാമത്ത് പണികള്‍ ഏറ്റെടുത്ത് നടത്തുക, കൃത്യസമയത്ത് പൂര്‍ത്തിയാക്കുക, അഴിമതി നടത്താതിരിക്കുക എന്നിവ വഴി രൂപപ്പെടുന്ന ഒരു നിർമാണ സംസ്‌കാരം കേരളത്തിന് ആവശ്യമായിരുന്നു. ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച യുഎൽസിസിഎസ്‌ മരാമത്ത് പണികളുടെ രംഗത്ത് പുതിയൊരു തൊഴില്‍ സംസ്‌കാരംകൂടി വളര്‍ത്തിയെടുത്തു.

അവരുടെ കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ സിമന്റ്, കമ്പി, കരിങ്കല്ല് എന്നിവയ്‌ക്കൊപ്പം ആത്മാർഥതയുടെ അംശവും കൂടി കലര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്കൊക്കെ പ്രത്യേകമായൊരു ബലം ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്കിടയിലും സ്ഥാപനത്തിലും മാനവികതയില്‍ ഊന്നിയ സംഘാടന രീതി നടപ്പാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.

വാഗ്‌ഭടാനന്ദന്റെ പോർട്രയ്‌റ്റ്‌  - ചിത്രീകരണം: കെ സുധീഷ്‌ഒപ്പം കമ്പോളത്തില്‍ ശക്തിപ്പെട്ട മത്സരങ്ങളില്‍ പിടിച്ചുനില്‍ക്കുകയെന്ന ഉദാരവൽക്കരണ വെല്ലുവിളിയേയും സധൈര്യം എന്നാല്‍, മാനവികതയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ സൊസൈറ്റി നേരിട്ടുകൊണ്ടിരുന്നു. പല രംഗങ്ങളിലും യന്ത്രവൽക്കരണം ഏര്‍പ്പെടുത്തി, ഐടി പോലുള്ള പുതിയ രംഗങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വൈവിധ്യവല്‍ക്കരിച്ചു. മൊത്തം സംവിധാനങ്ങളെ ആധുനീകരിച്ചു. അപ്പോഴും ഒരു തൊഴിലാളിക്ക് പോലും  തൊഴില്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പുതിയതരം തൊഴിലുകള്‍ ധാരാളം ഉണ്ടാവുകയും ചെയ്്തു. പലര്‍ക്കും ഉയര്‍ന്ന പരിശീലനം നല്‍കി; അതിനായി വൈദഗ്ധ്യപോഷണ സ്ഥാപനങ്ങള്‍ ആരംഭിച്ചു.

ഗുണനിലവാര പരിശോധന നടക്കുന്നു. ബൗദ്ധിക വെല്ലുവിളികളാല്‍, അരികുവൽക്കരിക്കപ്പെടുന്നവര്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ നടത്തുന്നു. ഇവയെല്ലാം നടക്കുമ്പോഴും, മാനവികമായ ചട്ടക്കൂടിന് ഇളക്കം തട്ടാതെ തന്നെ സൊസൈറ്റി സ്വയം  വളര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ വളര്‍ത്തുന്നു (ഐസക് et.al:2019).

 ‘മാതൃഭൂമി' പത്രം 1934ലും അവിടുന്ന്‌ 90 വര്‍ഷം കഴിഞ്ഞ്, 2024ലും എഴുതിയ രണ്ട് മുഖപ്രസംഗങ്ങളിലൂടെ നമുക്ക് യുഎൽസിസിഎസിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്താവുന്നതാണ്.

‘തൊഴിലാളി പരസ്‌പര സഹായ സംഘങ്ങള്‍' എന്ന 1934 ഡിസംബറിലെ മുഖപ്രസംഗത്തില്‍ ഇപ്രകാരം പറയുന്നു: ‘ദരിദ്രരായ തൊഴിലാളികള്‍ യോജിച്ച് പരസ്‌പര സഹായ സംഘമായി ജോലി ഏറ്റെടുക്കുകയും നടത്തുകയും, ഒടുവില്‍ കിട്ടുന്ന ലാഭം പങ്കിട്ടെടുക്കുകയും ചെയ്യുന്നതിനായി, കേരളത്തില്‍ ഒറ്റ പരസ്‌പര സഹായ സംഘം മാത്രേമേ ഉള്ളൂ.

അത് വടക്കെ മലയാളത്തിലെ ഊരാളുങ്കല്‍ സംഘമാണ്.  ....സംഘം ചെയ്‌തിട്ടുള്ള ജോലികളെല്ലാം വളരെ തൃപ്തികരമായിട്ടുണ്ട്. അങ്ങനെയിരിക്കെ, കൂടുതല്‍ ജോലി കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുവാന്‍ ലോക്കല്‍ ബോര്‍ഡുകളും മറ്റ് മരാമത്ത് വകുപ്പുകളും തയ്യാറാകേണ്ടതാണ്. ഗവ. ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു സംഘത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഗവണ്‍മെന്റ് മരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് പ്രത്യേകമായ ബാധ്യതയുണ്ട്.'

‘ഊരാളുങ്കല്‍ എന്ന സത്കീര്‍ത്തി' എന്നതായിരുന്നു  12.02.2024ന്റെ രണ്ടാമത്തെ മുഖപ്രസംഗം. അതില്‍ പറയുന്നത് നോക്കാം. ‘സാധ്യതകളുടെ അക്ഷയഖനിയാണ് സഹകരണ മേഖല. ബേങ്കിങ്ങും വിദ്യാഭ്യാസവും ആരോഗ്യവും തുടങ്ങി വിവര സാങ്കേതിക വിദ്യ വരെ, മനുഷ്യജീവിതസ്‌പര്‍ശിയായ ഏത് രംഗത്തും മുദ്ര ചാര്‍ത്താന്‍ സഹകരണ പ്രസ്ഥാനത്തിന് സാധിക്കും.

നിര്‍ഭാഗ്യവശാല്‍, നമ്മുടെ നാട്ടില്‍ പലപ്പോഴും തെറ്റായ കാരണങ്ങളുടെ പേരിലാണ് സഹകരണ പ്രസ്ഥാനങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. എന്നാല്‍, വിജയകരമായും ജനോപകാര പ്രദമായും പ്രവര്‍ത്തിക്കുന്ന എത്രയോ സഹകരണ സംരംഭങ്ങള്‍ ഈ കൊച്ചു കേരളത്തിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും വെട്ടം പരത്തി നില്‍ക്കുന്ന സ്ഥാപനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ മലയാളിയുടെ നാവിന്‍തുമ്പിലുണ്ടാകൂ.

യുഎല്‍സിസിഎസ്. ഊരാളുങ്കല്‍ എന്നത് ഇന്ന് കേരളത്തില്‍ സൽപേരിന്റെ പര്യായപദമായി മാറിയിരിക്കുന്നു. നിത്യജീവിത സംഭാഷണങ്ങളില്‍ നമ്മുടെയൊക്കെ പരിചിത പദമാണ് ഇന്നത്.

ആ വാക്ക് മൊഴിയുമ്പോഴും ശ്രവിക്കുമ്പോഴും മലയാളിയുടെ മുഖം മതിപ്പുകൊണ്ട് വിടരുന്നു. അങ്ങനെ അഭിമാനിക്കാന്‍ ഈ നാടിന് വക നല്‍കിയ ഈ മഹത് പ്രസ്ഥാനത്തിന്റെ ജനയിതാക്കളെയും പില്‍ക്കാല പ്രവര്‍ത്തകരെയും മാതൃഭൂമി ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യട്ടെ.'

അതായത്, സൊസൈറ്റി പ്രതിനിധാനം ചെയ്ത ‘മാനവികത'യുടെ കരുത്തില്‍ തന്നെ, തൊഴിലാളികളുടെയും സമൂഹത്തിന്റെയും അതത് കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും കേരളത്തിനും ഇന്ത്യയ്‌ക്കും ലോകത്തിന് തന്നെയും സഹകരണ മേഖലയ്‌ക്ക് മാതൃകയാവാനും യുഎൽസിസിഎസിന് ഒരു നൂറ്റാണ്ടിനിടയില്‍ കഴിഞ്ഞിരിക്കുന്നു.

അതായത്, സൊസൈറ്റി പ്രതിനിധാനം ചെയ്ത ‘മാനവികത'യുടെ കരുത്തില്‍ തന്നെ, തൊഴിലാളികളുടെയും സമൂഹത്തിന്റെയും അതത് കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും കേരളത്തിനും ഇന്ത്യയ്‌ക്കും ലോകത്തിന് തന്നെയും സഹകരണ മേഖലയ്‌ക്ക് മാതൃകയാവാനും യുഎൽസിസിഎസിന് ഒരു നൂറ്റാണ്ടിനിടയില്‍ കഴിഞ്ഞിരിക്കുന്നു.

അതുവഴി കേവലം നിർമാണകരാറുകാരില്‍ നിന്ന് കെട്ടിടസമുച്ചയ ദാതാവ്, തൊഴില്‍ ദാതാവ്, ഐടി സംരംഭകന്‍, വിവിധ രംഗങ്ങളിലെ പശ്ചാത്തല സൗകര്യം, വികസനം, സാങ്കേതിക പരിശീലനം, ഗുണനിലവാര പരിശോധന, നൈപുണീ വികസനം, ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള പുനരധിവാസം, കൃഷി എന്നിങ്ങനെ വിവിധ രംഗങ്ങളിലേക്ക് യുഎൽസിസിഎസ്‌ മുന്നേറിയിരിക്കുന്നു.

അപ്പോഴും അതിന്റെ ‘മാനവികത'യില്‍ ഊന്നുന്ന സാമൂഹിക ദര്‍ശനത്തിലും മൂല്യബോധത്തിലും തൊഴില്‍ സംസ്‌കാരത്തിലും വിട്ടുവീഴ്‌ചയില്ലാതെ തന്നെ നിലകൊള്ളുന്നു.
 കേരളത്തിന്റെ സാമൂഹിക വികസന പ്രക്രിയയില്‍ പങ്കാളികളായ ധാരാളം സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുണ്ട്.

അവയില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഒട്ടേറെ വ്യക്തികളുണ്ട്. അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അനവധി സ്ഥാപനങ്ങളുണ്ട്. എന്നാല്‍, അവയ്‌ക്കിടയില്‍ ഒരു പശിമയായിരുന്ന ‘മാനവികത' ക്രമത്തില്‍ ഇല്ലാതാകുന്നതും സാങ്കേതികമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും ക്രമത്തില്‍ സാമ്പത്തിക താൽപ്പര്യങ്ങളിലേക്ക് വഴുതി വീഴുന്നതിനുമെല്ലാം കേരളം ദൃക്‌സാക്ഷിയാണ്.

മലബാർ കലാപത്തിലെ പോരാളികളെ ബ്രിട്ടീഷ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ ഈ മാറ്റം കേരളത്തിന് ഏറെ ദോഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ രീതിയില്‍ മാറാതിരുന്നു എന്നത് മാത്രമല്ല, പ്രതിനിധാനം ചെയ്യുന്ന മാനവിക മൂല്യങ്ങളെ നിരന്തരം വളര്‍ത്തിക്കൊണ്ടുവരികയും പുതിയൊരു സംസ്‌കാരം തന്നെ കേരളത്തിലേക്ക് പ്രസരിപ്പിക്കാനും യുഎൽസിസിഎസിന് കഴിയുന്നുണ്ട് (തോമസ് ഐസക് et.al:). വി ആര്‍ നായനാരെ സംബന്ധിച്ചിടത്തോളവും ഇത് ശരിയായിരുന്നു എന്ന് കാണാം.

വി ആര്‍ നായനാരുടെ ഒരു സമഗ്ര ജീവചരിത്രം മലയാളത്തിലില്ല. കേവലം നാല്‍പത്തിയഞ്ച് (1900 ‐1945) കൊല്ലം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. അതില്‍ തന്നെ കലാപത്തെ തുടര്‍ന്നുള്ള 1921 മുതല്‍ 1945 വരെയുള്ള കാല്‍ നൂറ്റാണ്ടിന്റെ അക്ഷീണ പ്രവര്‍ത്തനത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്.അദ്ദേഹത്തിന്റേതായി ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നത് ഏതാനും സ്‌കൂളുകള്‍, വായനശാലകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവ മാത്രമാണ് (എസ്‌ഐഎസ്‌ റിപ്പോര്‍ട്ടുകള്‍).

പയ്യന്നൂര്‍കാരനായ നായനാര്‍, ഡോക്ടറാകാന്‍ മദിരാശി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നെങ്കിലും തുടര്‍ന്നുണ്ടായ വിവിധ സാഹചര്യങ്ങളാല്‍ ഒടുവില്‍ ഗോപാലകൃഷ്ണ ഗോഖലെ പുണെയില്‍ നടത്തുന്ന എസ്‌ഐഎസില്‍ എത്തിച്ചേരുകയായിരുന്നു. പുണെ എസ്‌ഐഎസ്‌ ഓഫീസിലെ ലൈബ്രേറിയനായി കുറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്

പയ്യന്നൂര്‍കാരനായ നായനാര്‍, ഡോക്ടറാകാന്‍ മദിരാശി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നെങ്കിലും തുടര്‍ന്നുണ്ടായ വിവിധ സാഹചര്യങ്ങളാല്‍ ഒടുവില്‍ ഗോപാലകൃഷ്ണ ഗോഖലെ പുണെയില്‍ നടത്തുന്ന എസ്‌ഐഎസില്‍ എത്തിച്ചേരുകയായിരുന്നു. പുണെ എസ്‌ഐഎസ്‌ ഓഫീസിലെ ലൈബ്രേറിയനായി കുറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് 1933‐34ല്‍ എസ്‌ഐഎസിൽ അംഗമായി. അതിനുമുമ്പ് തന്നെ  മലബാര്‍ കലാപത്തിന്റെ അലയൊലി ഉത്തരേന്ത്യയിലും എത്തിയപ്പോള്‍, ഗോഖലെക്ക് ശേഷം എസ്‌ഐഎസില്‍ രണ്ടാമനായ  ഗോപാലകൃഷ്‌ണ ദേവ്ധരിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ സംഘത്തോടൊപ്പം നായനാരും വരികയായിരുന്നു. പിന്നീടദ്ദേഹം തിരിച്ചു പോയിട്ടില്ല. പ്രധാന പ്രവര്‍ത്തനകേന്ദ്രം കോഴിക്കോടായി തെരഞ്ഞെടുത്തു (ഗോപാലകൃഷ്‌ണന്‍, 2024).

വിദ്യാഭ്യാസ വളര്‍ച്ചവഴി ഉണ്ടാകേണ്ട ഹൃദയവിശാലതയുടെ അഭാവമാണ് പല കലാപങ്ങൾക്കും അടിസ്ഥാനമെന്ന ധാരണയില്‍ പരമാവധി പേര്‍ക്ക് വിദ്യാഭ്യാസം നല്‍കുക, അതുവഴി തൊഴില്‍ ലഭ്യമാക്കുക എന്ന ദൗത്യമാണ് എസ്‌ഐഎസ്‌ കേരളത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത്.

 വിദ്യാഭ്യാസ വളര്‍ച്ചവഴി ഉണ്ടാകേണ്ട ഹൃദയവിശാലതയുടെ അഭാവമാണ് പല കലാപങ്ങൾക്കും അടിസ്ഥാനമെന്ന ധാരണയില്‍ പരമാവധി പേര്‍ക്ക് വിദ്യാഭ്യാസം നല്‍കുക, അതുവഴി തൊഴില്‍ ലഭ്യമാക്കുക എന്ന ദൗത്യമാണ് എസ്‌ഐഎസ്‌ കേരളത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത്. എന്നാല്‍, കലാപത്തിനിരയായവരുടെ പുനരധിവാസത്തിന് പ്രഥമ പരിഗണന നല്‍കി.

പുനരധിവാസ ക്യാമ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തിയതോടെ, എസ്‌ഐഎസ്‌ ശേഖരിച്ച സംഭാവനയില്‍ നല്ലൊരു ഭാഗം ബാക്കിവന്നിരുന്നു. ആ തുക മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ട്രസ്റ്റ്  (Devadhar Malabar Reconstruction Trust-‐ DMRT)  രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

1923ലെ എസ്‌ഐഎസ്‌ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് ഇപ്രകാരം പറയുന്നു.  ‘At its last  meeting the Central Reliest Committee (CRC) unanimously resolved that the balance of its fund should be created  in to trustfund named DMRT and that its interest  should be utilised for the moral and material reccnstruction of Malabar.'

ഇത് പ്രകാരം 1922 ഡിസംബറില്‍ ഡിഎംആർടി എന്ന ട്രസ്‌റ്റ്‌ രജിസ്‌റ്റര്‍ ചെയ്‌തു.  ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ നായനാര്‍ ഡിഎംആർടി സെക്രട്ടറിയായി (ഗോപാലകൃഷ്‌ണന്‍, 2024).

മുഹമ്മദ്‌ അബ്‌ദുൾറഹിമാൻഎസ്‌ കെ  പൊറ്റെക്കാട്ട്‌മുഹമ്മദ് അബ്ദുറഹിമാനെപ്പറ്റിയുള്ള രാഷ്‌ട്രീയ ജീവചരിത്രത്തില്‍ ഈ സംഭവത്തെപ്പറ്റി ഇപ്രകാരം പറയുന്നു: ‘ശ്രീ. വി ആര്‍ നായനാര്‍ പലയിടങ്ങളിലും പുനരധിവാസ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ആ ആവശ്യത്തിന് ലഭിച്ച സംഭാവനയില്‍ നിന്നാണ് ‘ദേവധാര്‍ മലബാര്‍ പുനരുദ്ധാരണ ട്രസ്‌റ്റ്‌ രൂപം കൊണ്ടത് (എസ് കെ പൊറ്റെക്കാട് et al.1985). കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കല്‍, അവിടങ്ങളില്‍ തൊഴില്‍ പരിശീലന കേന്ദ്ര ങ്ങള്‍ (ITC) ആരംഭിക്കല്‍, പുനരധിവാസ കേന്ദ്രങ്ങള്‍ നടത്തല്‍, ഹോസ്‌റ്റലുകള്‍ തുറക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം മുതിര്‍ന്നവര്‍ക്കായി നിശാപാഠശാലകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തൊഴിലാളി വിദ്യാഭ്യാസം, നൈപുണി വികസനം, തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പാക്കിക്കൊണ്ടിരുന്നു.

കെ കേളപ്പൻ1942‐44 കാലം, അതായത് രണ്ടാം ലോകയുദ്ധം അതിന്റെ പാരമ്യത്തിലെത്തിയ കാലത്ത്, മലബാറിലുണ്ടായ ഭക്ഷ്യക്ഷാമം, പട്ടിണി, ദാരിദ്ര്യം, കോളറ എന്നിവയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ് നായനാരെ മാനവികതയുടെ മൂര്‍ത്തപ്രതീകമാക്കി മാറ്റുന്നത്. ഈ പ്രക്രിയയില്‍ കെ കേളപ്പന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘം സുഹൃത്തുക്കള്‍ തന്നെ തുണയായി ഉണ്ടായിരുന്നു.

നേരത്തെ കേളപ്പജി സ്ഥാപിച്ച ചില സ്‌കൂളുകള്‍ പിന്നീട് ഡിഎംആർടിയാണ് ഏറ്റെടുത്ത് നടത്തിയത്. ‘Serve India Dispensary' എന്ന മരുന്ന് വിതരണ ശാലകളും ഡിഎംആർടി നടത്തിയിരുന്നു. ഇക്കാലത്ത് മഹാനായ മുഹമ്മദ് അബ്ദുറഹിമാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ് മറ്റൊരു പുനരധിവാസ കേന്ദ്രമായ ജെഡിടി ഇസ്ലാമിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് ബോക്‌സില്‍ നല്‍കിയിരിക്കുന്നു.

........................................................................................

ജെഡിടിയുടെ ആരംഭം

അബ്‌ദുൾ ഖാദർ ഖസൂരി 1923 ആഗസ്ത് 11 ന് ജയില്‍ മോചിതനായതോടെ  മുഹമ്മദ് അബ്ദുറഹിമാന്‍ ലഹള ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അവിടങ്ങളിലെ കുട്ടികളുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. ആ ഒരു ഉല്‍കണ്ഠയോടെയാണ് അദ്ദേഹം കാക്കിനാഡയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അതിനുശേഷം ധാരാളം സഹായ ദാതാക്കളെ കാണാന്‍ ശ്രമിച്ചു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പഞ്ചാബിലെ ഖസൂരി (Quasuri) കുടുംബം. ആ കുടുംബത്തില്‍പ്പെട്ട, മൗലാനാ അബ്ദുള്‍ ഖാദര്‍ ഖസൂരിയാണ് പുണെ കേന്ദ്രമാക്കി Jam'iyyat Da'wa wa Tablighul Islam (JDT Islam) സ്ഥാപിച്ചത്. അദ്ദേഹവും രണ്ട് മക്കളും മലബാര്‍ സന്ദര്‍ശിക്കുകയും ആറ് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അതാണ് കോഴിക്കോട്ടെ ജെഡിടിയുടെ തുടക്കം. (ഡോ. ജ്യോതിര്‍മണി‐-പേജ് 108).

 ........................................................................................

1940കളുടെ തുടക്കത്തില്‍ മലബാറില്‍ ഭക്ഷ്യക്ഷാമം, പകര്‍ച്ചവ്യാധി, പട്ടിണി, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയൊക്കെ ഒന്നിച്ച് നടമാടുകയായിരുന്നു. പകര്‍ച്ചവ്യാധിയുടെ ഭീകരതയെപ്പറ്റി എസ്‌ഐഎസ്‌  റിപ്പോര്‍ട്ടില്‍ (1943‐44) പറയുന്നത് നോക്കാം: ‘1943 ജൂണ്‍, ജൂലായ്, ആഗസ്‌ത്‌ മാസങ്ങളില്‍ ഭീകരമായ രീതിയില്‍ കോളറ പടര്‍ന്നു പിടിച്ചിരുന്നു. ജൂണില്‍ കോഴിക്കോട്ടെ തെരുവുകളിലായിരുന്നു തുടക്കം.

മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ രോഗികളെ മുന്‍സിപ്പാലിറ്റിക്ക് പുറത്തേക്കയച്ചു. എന്നാല്‍ സംഭവിച്ചത് പത്ത് താലൂക്കുകളിലേക്ക് കൂടി രോഗം പരക്കലായിരുന്നു. 30,000 പേര്‍ രോഗികളായി. മലബാറില്‍ ഇത്രയും പേര്‍ രോഗബാധിതരായ ഒരവസരം ഉണ്ടായിട്ടില്ല. മലബാര്‍ കലക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് 2372 ഗൃഹനാഥര്‍ ഇല്ലാതായി, 2348 പേര്‍ അനാഥരായി. 10 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അവിടങ്ങളില്‍ 2452 പേരെ ചികിത്സിച്ചു.

1955 പേര്‍ രോഗമുക്തരായി'. ഡിഎംആർടി സെക്രട്ടറിയായ വി ആര്‍ നായനാരും കൂടെയുള്ള അമ്പതോളം സന്നദ്ധ പ്രവര്‍ത്തകരുമാണ് ഈ ക്യാമ്പുകളുടെയെല്ലാം ജീവനാഡിയായി പ്രവര്‍ത്തിച്ചത്. അവര്‍ ചേര്‍ന്ന് 2350 അനാഥര്‍ക്ക് വീട് കണ്ടെത്തിയിരുന്നു. കൂടാതെ അനാഥാലയങ്ങള്‍ ഉണ്ടാക്കി. 400 അനാഥര്‍ക്ക് ജോലി കണ്ടെത്തി. പ്രവര്‍ത്തന കമ്മിറ്റിയുടെ ചെയര്‍മാന്‍ സൂര്യനാരായണ റാവു ആയിരുന്നു.

ചിത്രീകരണം: കെ സുധീഷ്‌ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച പ്രദേശങ്ങളിലൊന്നായിരുന്നു താനൂര്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ പ്രദേശത്ത് ഏറെ പ്രശ്‌നങ്ങള്‍ തളംകെട്ടി നിന്നു. കീഴരിയൂരിലെ അവസ്ഥയെപ്പറ്റി നായനാര്‍ ‘മാതൃഭൂമി’യില്‍ എഴുതിയ ലേഖനത്തിന്റെ പേര് തന്നെ, ‘കീഴരിയൂരിന്റെ കഷ്ടതകള്‍, അസ്ഥികൂടങ്ങളായ ആളുകളുടെ സ്ഥിതി' (മാതൃഭൂമി 17‐08‐1939) എന്നായിരുന്നു.

 നായനാര്‍ ഇപ്രകാരം എഴുതുന്നു: ‘കൊയിലാണ്ടിയുടെ വടക്ക് ഭാഗത്തുള്ള അംശമാണ് കീഴരിയൂര്‍. അവിടെ ദാരിദ്ര്യം കൊണ്ട് ജനങ്ങള്‍ ദുസ്സഹമായ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെന്നു കേട്ടു. ഞാന്‍ ‘മാതൃഭൂമി' സഹപത്രാധിപര്‍ സി എച്ച്‌ കുഞ്ഞപ്പ നായരോടൊന്നിച്ച് ഇന്നലെ രാവിലെ അവിടെ പോവുകയും പല വീടുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.

ഞങ്ങള്‍ക്ക് സഹായകമായി സ്ഥലം വില്ലേജ് കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി രാമോട്ടിയും ഉണ്ടായിരുന്നു...
അധിക വീടുകളിലും ഭക്ഷണത്തെ സംബന്ധിച്ച യാതൊരു ആലോചനയും ഉള്ളതായി കണ്ടില്ല. കേവലം അസ്ഥികൂടങ്ങളായ ആളുകള്‍ വീടിന്റെ കോലായില്‍ ഇരിക്കുന്നു.

താള്, തകര എന്നിവ പുഴുങ്ങി തിന്നിട്ടാണ് അധികം ദരിദ്രരും ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്... പറമ്പുകളെല്ലാം തന്നെ ഉണ്ടറുതിയായി അന്യാധീനപ്പെട്ടുപോയിരുന്നു. നികുതി കൊടുക്കാന്‍ മാർഗമില്ലാതെ കുടിയാന്മാരില്‍ നിന്ന് ജപ്തി ചെയ്‌തിട്ടും മറ്റും ഭൂമിയുടെ അധിക ഭാഗവും  കൃഷി ചെയ്യാതെ തരിശ്ശായി കിടക്കുന്നു...’  ഈ വക കാര്യങ്ങളില്‍ കോണ്‍ഗ്രസ്‌ കമ്മിറ്റികള്‍ക്ക് വ്യവസ്ഥാപിതമായ ഒരു കാര്യപരിപാടി അത്യാവശ്യമാകുന്നു.

ഉള്‍നാടുകളിലെ സ്ഥിതി എങ്ങും വളരെ ദയനീയം തന്നെ. എന്നാല്‍, കീഴരിയൂരിലെ സ്ഥിതി ഏറ്റവും ദയനീയം. കീഴരിയൂര്‍ പട്ടിണി  (Keezhariyur famine)  എന്ന പേരില്‍ കുപ്രസിദ്ധമായ ഈ സ്ഥിതി പഠിക്കാന്‍ മാതൃഭൂമി നിയോഗിച്ച പ്രതിനിധിയുടെ റിപ്പോര്‍ട്ട് (ഭയങ്കരങ്ങളായ പരമാർഥത്തില്‍), നായനാരുടെ ലേഖനത്തിന്റെ പിറ്റേന്ന് (18‐08‐1939) ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

കോഴിക്കോട്‌ മൂടാടിയിലെ ഗോപാലകൃഷ്‌ണ ഗോഖലെ സ്‌മാരക പൈതൃക കെട്ടിടം അവിടുത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി ഒരു പ്രത്യേക പാക്കേജ് ‘കീഴരിയൂര്‍ മാതൃക' കേളപ്പജിയും നായനാരും ചേര്‍ന്നുണ്ടാക്കിയിരുന്നു.
 മലബാറില്‍ ഡിഎംആർടി വക 13 അനാഥാലയങ്ങള്‍ സ്ഥാപിച്ചതില്‍ ഒരെണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു.

അതാണ് ഇപ്പോള്‍ കോഴിക്കോട് എരഞ്ഞിപ്പാലത്ത് മറ്റൊരു പുനരധിവാസ കേന്ദ്രമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ‘നായനാര്‍ ബാലികാ സദനം.' ഒന്‍പത് സ്‌കൂളുകളും അനുബന്ധ തൊഴില്‍ കേന്ദ്രങ്ങളും മലബാറില്‍ പലയിടങ്ങളിലായി നടത്തിയിരുന്നു.

ഡിഎംആർടി പ്രവര്‍ത്തകര്‍ എന്നാണ് ഈ സ്‌കൂളിലെ അധ്യാപകരെല്ലാം അറിയപ്പെട്ടത്. തുണിനെയ്‌ത്ത്‌, നുല്‍നൂല്‍പ്പ്, തേനീച്ച വളര്‍ത്തല്‍, കൃഷി, കോഴിവളര്‍ത്തല്‍, കടലാസ്‌ നിർമാണം എന്നിവയിലൊക്കെയാണ് പരിശീലനം നല്‍കിയത്. കൊയിലാണ്ടി മൂടാടിയിലെ ഡിഎംആർടി വക സ്‌കൂള്‍ ആയ ‘ഗോഖലെ സ്‌കൂള്‍' കടലാസ്‌ നിർമാണത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു.

ഗാന്ധിജിഒരു വര്‍ഷത്തില്‍ അവിടെ 10,000 രൂപയ്‌ക്ക് വരെയുള്ള കടലാസ്‌ ഉണ്ടാക്കിയിരുന്നുവത്രെ (അഭിമുഖം: സത്യനാഥന്‍ മാസ്‌റ്റര്‍). താനൂര്‍ സ്‌കൂളില്‍ നെയ്‌ത്തിനായിരുന്നു പ്രാധാന്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍ സി പോള്‍ എന്ന അധ്യാപകന്‍ നല്ലൊരു നെയ്‌ത്തുകാരന്‍ കൂടിയായിരുന്നു. 1927ലാണ് നായനാര്‍ താനൂര്‍ സ്‌കൂളിലെ (ഇന്നത്തെ പ്രസിദ്ധമായ ദേവ്ധാര്‍ എച്ച്‌എസ്‌എസ്‌) പ്രധാന അധ്യാപകനാകുന്നത്.

12 കുട്ടികളോടെ ഒറ്റമുറിയില്‍ ഏക അധ്യാപകനുമായി ആരംഭിച്ച ഈ സ്ഥാപനം മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ നാല് മുറികളും 95 കുട്ടികളും അഞ്ച് അധ്യാപകരുമുള്ള സ്ഥാപനമായി വളര്‍ന്നു (ഗോപാലകൃഷ്‌ണന്‍, 2024). എല്ലാ തൊഴില്‍ പരിശീലനങ്ങളും ഗാന്ധിജിയുടെ നിർമാണ പദ്ധതി (Constructive Programme) യില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടും ജനങ്ങളുടെ ദാരിദ്ര്യ നിർമാര്‍ജനത്തെ മുന്‍നിര്‍ത്തിയും സംഘടിപ്പിച്ചവയായിരുന്നു.

തിക്കോടിയന്‍ഇതേ കാലത്ത് (1927ല്‍) പയ്യോളിക്കടുത്ത ഇരിങ്ങത്ത് തൊഴില്‍ പരിശീലനത്തോടൊപ്പമുള്ള മറ്റൊരു സ്‌കൂളും സ്ഥാപിച്ചിരുന്നു. മൂടാടി സ്‌കൂള്‍ ഉള്ള സ്ഥലം ഗോപാലപുരം എന്നും ഇരിങ്ങത്ത് സ്‌കൂള്‍ ഉള്ള സ്ഥലം പാക്കനാര്‍പുരം എന്നുമാണ് ഇക്കാലത്ത് അറിയുന്നത്.

സി എച്ച്‌ കുഞ്ഞപ്പ, തിക്കോടിയന്‍ എന്നിവരൊക്കെ ഗോപാലപുരത്തെ അധ്യാപകരായിരുന്നു. ഹരിജന്‍ കുട്ടികള്‍ക്കായിരുന്നു മുന്‍തൂക്കം. ഈ സ്‌കൂളില്‍ ഹോസ്‌റ്റല്‍ ഉണ്ടായിരുന്നതിനാല്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും ഹരിജന്‍ കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.

കേളപ്പജിയുടെ ജീവിതകഥയില്‍ എം പി മന്മഥന്‍ മാസ്‌റ്റര്‍ ഇപ്രകാരം പറയുന്നു: ‘ഡിഎംആർ ട്രസ്‌റ്റിന്റെ സെക്രട്ടറിയും ഭാരതസേവാസംഘ (SIS) ത്തിന്റെ ആയുഷ്‌കാല അംഗങ്ങളില്‍ ഒരാളുമായ വി ആര്‍ നായനാര്‍ ആയിരുന്നു ഗോപാലപുരത്തെ സ്ഥാപനം ഏറ്റെടുത്ത് വളര്‍ത്തിയത്.

എം പി മന്മഥന്‍കേളപ്പന്റെ ആത്മമിത്രവും ഉറ്റ സഹപ്രവര്‍ത്തകനും സമുന്നത സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന നായനാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമൊത്ത വിധത്തില്‍ അതിനെ പുഷ്ടിപ്പെടുത്തികൊണ്ടുവന്നു... നായനാരുടെ ഉത്സാഹത്തില്‍ ഹരിജന്‍ കുട്ടികളുടെ സർവതോന്മുഖമായ വളര്‍ച്ചയെ കരുതി ഗോപാലപുരത്ത് ഒരു ഹരിജന്‍ ഹോസ്‌റ്റല്‍ കൂടി സ്ഥാപിതമായി.'

 നായനാരുടെ മറ്റൊരു പ്രകൃതം മനസ്സിലാക്കാന്‍ തിക്കോടിയന്‍ രേഖപ്പെടുത്തുന്ന ഒരു സംഭാഷണം കൂടുതല്‍ സഹായകമാകും. ക്ഷീണിതനായ നായനാരോട് കാരണം അന്വേഷിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘‘ഇന്നലെ ഏഴ് മണിക്ക് വണ്ടിക്ക് താനൂരില്‍നിന്ന് ഇങ്ങട്ട് വരാന്‍ തുടങ്ങിയതാണ്. സ്‌റ്റേഷനില്‍ വന്ന് ടിക്കറ്റെടുത്ത് വെയിറ്റിങ് റൂമില്‍ ചെന്നിരുന്നു. കലശലായ ഉഷ്‌ണം, കോട്ടഴിച്ച് വച്ച് പുറത്തിറങ്ങിനിന്നു. നല്ല കാറ്റുണ്ടായിരുന്നു.

വണ്ടി സെറ്റായ ബെല്ല് കേട്ട് തിരിച്ചുവന്ന് കോട്ടെടുത്തിട്ടു. പോക്കറ്റില്‍ തപ്പിയപ്പോഴാണ് സംഗതി മനസ്സിലായത്. പേഴ്‌സവിടെയില്ല. ആരോ അടിച്ചു കൊണ്ടുപോയിരുന്നു. ഒപ്പം ടിക്കറ്റും. പിന്നെ വീട്ടിലേക്ക് മടങ്ങാന്‍ തോന്നിയില്ല. ഏതായാലും പുറപ്പെട്ടില്ലെ. നടക്കാമെന്നു വച്ചു.’’

‘‘എങ്ങട്ട്?’’
‘‘കോഴിക്കോട്ടേക്ക് തന്നെ; ഞാനിങ്ങു നടന്നു.’’

സഹായികളും സുഹൃത്തുക്കളും നിറഞ്ഞുനിന്നാലും ആരുടെയും സഹായം തേടാതെ, ഔദാര്യത്തിന് കാത്ത് നില്‍ക്കാതെ രാത്രി കോഴിക്കോട്ടേക്ക് നടന്നു.' അതായിരുന്നു നായനാര്‍ (തിക്കോടിയന്‍, പേജ്: 174 ‐175).
ഗോപാലപുരം സ്‌കൂളില്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ച സി എച്ച്‌ കുഞ്ഞപ്പ ‘മാതൃഭൂമി’ പത്രാധിപസ്ഥാനത്ത് നിന്നാണ് വീണ്ടും അവിടേക്കെത്തുന്നത്.

അദ്ദേഹം പറയുന്നു: ‘1935ല്‍ ഞാന്‍ മാതൃഭൂമിയില്‍ നിന്ന് ലീവെടുത്ത് ഗോപാലപുരത്ത് വീണ്ടും വാധ്യാര്‍ ജോലിക്ക് പോയി; എന്തിന് പോയി എന്ന് സ്‌പഷ്ടമായി പറയാന്‍ പ്രയാസമുണ്ട്. അന്നെനിക്ക് മാതൃഭൂമിയില്‍ 60 ക. ക്ക് അടുത്താണ് ശമ്പളം. അതുകൊണ്ട് തികയാഞ്ഞിട്ട്‌ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖകസ്ഥാനം നേടി. ആ വഴിയ്‌ക്ക് ഒരു 15.കയോളം ഉണ്ടാക്കിപ്പോന്നു.

അപ്പോള്‍ മാസത്തില്‍ 75 ക. ആ ഞാന്‍ 35 ക. ക്കാണ് ഗോപാലപുരത്ത്‌ വാധ്യാര്‍പ്പണിക്ക് വീണ്ടും ചെന്നത്. അവിടെത്തന്നെ 5 കൊല്ലം മുമ്പ് ഞാന്‍ 40 ക. ശമ്പളം വാങ്ങിയതാണ്. ഞാന്‍ എങ്ങനെ 35ന് സമ്മതിച്ചു? അറിഞ്ഞുകൂട. ഒരു വ്യത്യാസമുണ്ട്. അപ്പോഴേക്കും ഈ സ്ഥാപനത്തിന്റെ ചുമതല ഭാരത സേവാ സംഘത്തില്‍ അംഗമായിരുന്ന രൈരു ഏട്ട (വി ആര്‍ നായനാര്‍)നായിരുന്നു.

അദ്ദേഹം 35 ക.യേ തരാന്‍ കഴിയൂ എന്ന് പറഞ്ഞാല്‍ അതുമതി.' ഇതിനുള്ള യഥാർഥ കാരണം, സി എച്ച്‌ കുഞ്ഞപ്പ മറ്റൊരിടത്ത് പറയുന്നുണ്ട്. അത് ഇങ്ങനെയാണ്: ‘എന്നെ സ്‌നേഹിക്കുകയും ഒരു വിധത്തിലും എന്റെ മനസ്സില്‍ ഒരു നേരിയ നിര്‍ബന്ധമെങ്കിലും ചെലുത്താതിരിക്കുകയും ചെയ്‌ത മൂന്ന് ആളുകളുണ്ട്.

ഒന്ന്, എന്റെ അമ്മ. രണ്ട്, രൈരു ഏട്ടന്‍ (വി ആര്‍ നായനാര്‍). മൂന്ന് സഞ്ജയന്‍ (എം ആര്‍ നായര്‍). അവര്‍ക്കാര്‍ക്കും എന്നില്‍നിന്ന് അങ്ങോട്ടൊന്നും വേണ്ടിയിരുന്നില്ല. തങ്ങളുടേതെന്തും എനിക്ക് നല്‍കുകയും ചെയ്യുമായിരുന്നു. അക്കാരണത്തില്‍ തന്നെയാവാം അവരുടെ ജീവിതവും സ്മരണയും എന്റെ മേല്‍ ഇന്നും ഏതെല്ലാമോ തരത്തില്‍ ഒരു വലിയ ശക്തിയായി, ഒച്ചപ്പാടില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.' (സി എച്ച്‌ കുഞ്ഞപ്പ, 2000).

 മാനവികതയില്‍ ഊന്നിയ പ്രവര്‍ത്തനത്തിലും ദാരിദ്ര്യത്തിന്റെ സാമൂഹിക രാഷ്ട്രീയ കാരണം സംബന്ധിച്ചും അതില്‍ നിന്നുള്ള മാനവ മോചനത്തെപ്പറ്റിയും അധ്വാനത്തിന്റെ മഹത്വത്തിലുമെല്ലാം വി ആർ നായനാര്‍ക്ക് കൃത്യമായ ധാരണകളുണ്ടായിരുന്നു.

‘പരസ്‌പര സഹായവും സമഷ്ടി വാദവും' എന്ന കുറിപ്പില്‍ (മാതൃഭൂമി 21.08.1938) നായനാര്‍ ഇപ്രകാരം എഴുതുന്നു: ‘ഇന്ന് ലോകത്തിലെവിടെയും മൂര്‍ച്ഛിച്ചുകാണുന്ന ദാരിദ്ര്യത്തിന് പ്രധാന കാരണം മുതലാളിത്തമാണെന്ന് എല്ലാവര്‍ക്കുമറിയാം. മുതലാളിത്തത്തിന്റെ അടിസ്ഥാനം കയ്യൂക്കാണ്. ‘കയ്യൂക്കുകാരന്‍ കാര്യക്കാരന്‍' എന്ന പഴഞ്ചൊല്ലിലെ കാര്യക്കാരന്‍ മുതലാളിയുടെ പര്യായം മാത്രമാണ്.’

അവരുടെ കയ്യൂക്കിനെ സഹായിക്കാന്‍ ഭരണയന്ത്രം പൊലീസിനേയും പട്ടാളത്തേയും സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് വികസന പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാന്‍ കഴിയണമെങ്കില്‍ വികേന്ദ്രീകൃത വ്യവസ്ഥ പ്രധാനമാണെന്നും നായനാര്‍ ചൂണ്ടിക്കാട്ടിയിരുന്നു (ജ്യോതിര്‍മണി, 190). ദാരിദ്ര്യ നിർമാർജനത്തിനായി കൈക്കൊള്ളേണ്ട നടപടികളെ പട്ടികപ്പെടുത്തി അദ്ദേഹം സര്‍ക്കാരിലേക്ക് നിവേദനം നല്‍കുകയുണ്ടായി.

അവയില്‍ പ്രധാനം ഭക്ഷ്യാൽപ്പാദന വർധന, കാര്‍ഷിക സഹകരണ സംഘങ്ങള്‍, ജലസേചനം, റോഡ്, കനാല്‍ എന്നിവയായിരുന്നു. ഒപ്പം ശിശു സംരക്ഷണത്തിനായുള്ള ഡിസ്‌പന്‍സറികള്‍, ചെറുകിട വ്യവസായം, വായനശാലകള്‍, സാക്ഷരതാ ക്ലാസുകള്‍ എന്നിവയും അദ്ദേഹത്തിന്റെ നിവേദനങ്ങളിലെ ആവശ്യങ്ങളായിരുന്നു.

ഇതോടൊപ്പം, കോഴിക്കോട് മുന്‍സിപ്പാലിറ്റിയിലേതടക്കം തോട്ടി തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ഒരു പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതായും അനുകൂല നടപടികള്‍ ഉണ്ടായതായും അറിയുന്നു.

 മലബാറിലെ ഏതൊരു സാമൂഹിക ഇടപെടലും ജാതിമത സങ്കീർണതകളുമായി കൂടിച്ചേര്‍ന്നതാണെന്ന ഉത്തമബോധത്തോടെയാണ് ഡിഎംആർടി ഓരോ പ്രവര്‍ത്തനവും സംഘടിപ്പിച്ചത്. പൗരന്റെ കടമകളെപ്പറ്റി വിശദീകരിക്കുന്ന ‘പൗരധര്‍മ്മം' എന്നൊരു ഗ്രന്ഥം പി കുട്ടികൃഷ്‌ണന്‍ നായനാരുമായി ചേര്‍ന്ന് വി ആർ നായനാര്‍ തയ്യാറാക്കിയിരുന്നുവത്രെ.

 1939‐40 വര്‍ഷത്തെ എസ്‌ഐഎസ്‌ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു: ‘മലബാര്‍ ഭാഗത്തെ എയിഡഡ്‌ സ്‌കൂളുകളിലെ 14,000ത്തിലധികം അധ്യാപകര്‍ അവരുടെ സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുകയുണ്ടായി.

ഇതിന്റെ ഭാഗമായി, കോഴിക്കോട് ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അതില്‍ വച്ച്, അധ്യാപകരുടെ ആവശ്യങ്ങള്‍ മദിരാശി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ നായനാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു.'

 അക്കാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി കൃഷ്ണപിള്ള ഒരിടത്ത് വി ആര്‍ നായനാരെപ്പറ്റി  ഇപ്രകാരം ഓര്‍ക്കുന്നു. ‘ഞാനും മി. നായനാരുമായി 1935 മുതല്‍ പരിചയമാണ്. ആദ്യമായി ഞാനദ്ദേഹത്തെ കണ്ടത് ചാലപ്പുറത്തുള്ള അദ്ദേഹത്തിന്റെ ആപ്പീസില്‍ വച്ചാണ്.

ട്രേഡ് യൂണിയന്‍ രജിസ്റ്ററാക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സമ്പാദിക്കാനാണ് ഞാനവിടെ പോയത്. ഞാന്‍ ജയിലില്‍ നിന്ന് വന്ന് തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയ കാലമായിരുന്നു. മി. നായനാര്‍ മാത്രമേ അന്ന് തൊഴിലാളികളുടെ  സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുണ്ടായിരുന്നുള്ളു.

അദ്ദേഹം എന്നെ വളരെ സഹായിച്ചു. ലൈബ്രറിയില്‍ നിന്ന് വായിക്കാന്‍ പുസ്‌തകങ്ങള്‍ തന്നു. പിന്നീട് അഭിപ്രായവ്യത്യാസം കാരണം അദ്ദേഹം നടത്തിയിരുന്ന ഫറോക്കിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഞാന്‍ അദ്ദേഹത്തിന് എതിര്‍ സ്ഥാനാർഥിയായി നിന്നു.

തൊഴിലാളികള്‍ എന്നെ തെരഞ്ഞെടുത്തു. ഞങ്ങളുടെ തീവ്രവാദവും അദ്ദേഹം പ്രതിനിധീകരിക്കുന്ന മിതവാദി അഭിപ്രായഗതിയും  തമ്മില്‍ സംഘട്ടനം ഉണ്ടാകാറുണ്ട്. പക്ഷെ, യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ജനങ്ങള്‍ക്ക് ക്ഷേമകരവുമായ കാര്യങ്ങളില്‍ സന്തോഷപൂർവം അദ്ദേഹം ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

കെ പി ആര്‍കോളറക്കാലത്തും ഭക്ഷണ കുഴപ്പ കാലത്തും ദുരിത നിവാരണ ശ്രമങ്ങളിലും അദ്ദേഹം യാതൊരു കൂസലും കൂടാതെ, ദേശാഭിമാനികളുടെ എതിര്‍പ്പ് തൃണവത്ഗണിച്ച് ഞങ്ങളുമായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരു ധീരമായ അഭിപ്രായമുള്ള ആളാണെന്ന് എനിക്കടുത്ത് പൂർണബോധ്യമായി.

അദ്ദേഹവുമായി കൂടുതല്‍ സഹകരിച്ച് നാട്ടുകാരെ സേവിക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ ഉറച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം ഈ ആഗ്രഹം തകര്‍ത്തു' (ദേശാഭിമാനി, 20.05.1945).
 വധശിക്ഷയ്‌ക്ക് വിധിച്ച കെ പി ആര്‍ ഗോപാലനെ വിട്ടയക്കാനുള്ള അഭ്യർഥന വി ആര്‍ നായനാര്‍ നടത്തുന്നുണ്ട്.

 നായനാരെപ്പറ്റി കെ പി ആര്‍ (1984) പറയുന്നതും ശ്രദ്ധേയമാണ്: ‘ശ്രീ. നായനാരും ഞാനും  അടുത്ത് പരിചരിച്ചിട്ടില്ല. അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ, ഈ രാജ്യവും നമ്മുടെ സമൂഹവും നേർവഴിക്ക് നീങ്ങണമെങ്കില്‍, യഥാർഥമായ സഹകരണവും പുരോഗതിയും വേണമെങ്കില്‍, ശ്രീ. വി ആര്‍ നായനാരെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അത്യാവശ്യമാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.' (നായനാര്‍, സ്മരണിക 1984).

നായനാരും ഊരാളുങ്കല്‍ സൊസൈറ്റിയും


മുകളില്‍ സൂചിപ്പിച്ചതുപോലെ, വി ആര്‍ നായനാരുടെ 25ാം വയസിലാണ് യുഎൽസിസിഎസ്‌ ആരംഭിക്കുന്നത്. 1930 ആയപ്പോഴേക്കും ഇരുവരും കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

വാഗ്‌ഭടാനന്ദ ഗുരുവില്‍ നിന്നുള്ള പ്രചോദനമാണ് യുഎൽസിസിഎസിന്റെ തുടക്കമെങ്കിലും ആ സ്ഥാപനത്തെ വളര്‍ത്തുന്നതില്‍ നായനാര്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. നായനാരും സൊസൈറ്റിയും കൂടിച്ചേരുന്ന പ്രവര്‍ത്തന മണ്ഡലം സ്വാഭാവികമായും സഹകരണത്തിന്റെതായിരുന്നു.

നായനാരുടെ മാതൃസംഘടനയായ എസ്‌ഐഎസും, അതിന്റെ ടീം ലീഡറായ ഗോപാലകൃഷ്‌ണ ദേവ്ധറും സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളായിരുന്നു. അതുകൊണ്ട് തന്നെ നടപ്പ് രീതിയില്‍നിന്ന് വ്യത്യസ്‌തമായി സഹകരണ പ്രസ്ഥാനത്തിന്റെ ജനപക്ഷ സാധ്യതകളെപ്പറ്റി നല്ല ഉൾക്കാഴ്‌ച ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നായനാര്‍.

അതേപോലെ, സാധാരണയില്‍നിന്ന് വ്യത്യസ്‌തമായിട്ടുള്ള ഒരു നിർമാണ തൊഴിലാളി സഹകരണ സംഘമാണ്‌ യുഎൽസിസിഎസ്‌. എന്നാല്‍, അതൊരു സര്‍ക്കാര്‍ കുറിപ്പടിയിലൂടെയുണ്ടായ സ്ഥാപനമായിരുന്നില്ല.

മറിച്ച് താഴെത്തലത്തില്‍ ജനങ്ങള്‍ സംഘടിതമായി നടത്തിയ അവകാശ സമരങ്ങളിലൂടെ ഉത്ഭവംകൊണ്ട് മുകളിലേക്ക് പന്തലിച്ചുണ്ടായ സവിശേഷമായ സ്ഥാപനമാണ്. ഇക്കാര്യങ്ങള്‍ അൽപ്പം വിശദീകരിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ മാനവികമായ പ്രവര്‍ത്തന സാധ്യതകളിലേക്ക് വെളിച്ചം വീശാന്‍ സഹായകമായേക്കും.   താനൂർ ദേവ്‌ധർ ഹയർ സെക്കൻഡറി സ്‌കൂളിലെ  ഗോപാലകൃഷ്‌ണ ദേവ്‌ധറിന്റെ പ്രതിമ ബോംബെ പ്രസിഡന്‍സിയില്‍ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ഗോപാലകൃഷ്‌ണ ദേവ്ധറിന്റെ പങ്ക് വലുതായിരുന്നുവെന്ന് എസ്‌ഐഎസ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം ബോംബെ സെന്‍ട്രല്‍ ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ദേവ്ധര്‍ മുന്‍കൈയെടുത്താണ് ബോംബെയിലെ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അദ്ദേഹം അതിന്റെ പ്രസിഡന്റായിരുന്നു.

കൂടാതെ അവിടുത്തെ പ്രൊവിന്‍ഷ്യല്‍ ബേങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. ബോംബെയിലെ സെന്‍ട്രല്‍ കോ ഒാപറേറ്റീവ് ബേങ്ക് ഡയറക്ടറും ഹിന്ദു സഹകരണ ഹൗസിങ് സൊസൈറ്റി പ്രസിഡന്റുമായിരുന്നു. ഒപ്പം തന്നെ അദ്ദേഹം മഹാരാഷ്‌ട്ര ഹരിജന്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. സ്‌ത്രീകള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആരംഭിച്ച പുണെയിലെ ‘സേവാസദനം' ദേവ്‌ധറിന്റെ പ്രത്യേക സംഭാവനയാണ്.

ഇവയ്‌ക്കൊപ്പം അദ്ദേഹം മദിരാശി, മൈസൂര്‍, തിരുവിതാംകൂര്‍,  കൊച്ചി എന്നിവിടങ്ങളിലെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ സഹകരണ അന്വേഷണ കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് (ഗോപാലകൃഷ്ണന്‍, 2024, ജ്യോതിര്‍മണി 2015).

പണം ഇടപാടുകള്‍ക്കപ്പുറം, മനുഷ്യജീവിതത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സാധ്യതയില്‍ ഊന്നിയുള്ളതായിരുന്നു ദേവ്ധറിന്റെ സംഭാവനകള്‍ കൂടുതലും. 1925ല്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിലും ദേവ്ധറിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

ഗാന്ധിജിയുടെ നിർദേശപ്രകാരം വി കെ ദേവ്ധറാണ് കോട്ടക്കലില്‍ വച്ച് സാമൂതിരി രാജാവുമായി ചര്‍ച്ചകള്‍ നടത്തിയതും ക്ഷേത്രപ്രവേശന വിഷയത്തില്‍ പൊതുജനാഭിപ്രായം നേടിയതുമെന്ന് ഡോ. ജ്യോതിര്‍മണി രേഖപ്പെടുത്തുന്നു (ജ്യോതിര്‍മണി: 222). ദേവ്ധര്‍ 1935 നവംബര്‍ 17ന് ബോംബെയിൽ വെച്ച്‌ അന്തരിച്ചു (1905 മുതല്‍ 1935 വരെയുള്ള എസ്‌ഐഎസ്‌ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്).

ദേവ്ധറിന്റെ കേരളത്തിലെ സ്വാഭാവിക പിന്‍തുടര്‍ച്ചക്കാരനായ നായനാര്‍ക്ക് എസ്‌ഐഎസില്‍ സ്ഥിരാംഗത്വം ലഭിക്കുന്നത് 1933‐34 ലാണ്. അന്ന് എസ്‌ഐഎസില്‍ ആകെ സ്ഥിരാംഗങ്ങള്‍ 29 ആയിരുന്നു. നായനാര്‍, അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന രംഗമായി സ്വീകരിച്ചത് സഹകരണമായിരുന്നു.

സഹകരണ രംഗത്തെ അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തനം പരസ്‌പര സഹായ പ്രസ്ഥാനത്തിലായിരുന്നു എന്നാണ് നായനാര്‍ പറഞ്ഞിരുന്നത്. അദ്ദേഹം എഴുതി: ‘സാധനങ്ങളെ ഉണ്ടാക്കുവാനും വില്‍ക്കുവാനും അന്യോന്യം സഹായിക്കുക, ഒടുവില്‍ ലാഭമായാലും നഷ്ടമായാലും പങ്കിടുക എന്നാണ് പരസ്‌പര സഹായ തത്വം.’  (മാതൃഭൂമി 21.08.1938). എന്നാല്‍ നായനാര്‍ക്ക് കോ ഓപറേറ്റീവ് എന്നാല്‍ അതുമാത്രമായിരുന്നില്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്.

പരസ്‌പര സഹായി മാസികയില്‍ 1938ല്‍ നായനാര്‍ ഇപ്രകാരമെഴുതി:  ‘കോ ഓപറേറ്റീവ് എന്ന വാക്കിന്റെ അർഥം പരസ്‌പര സഹായമെന്നാണെങ്കിലും അതിന്റെ ഉദ്ദേശ്യം അതുകൊണ്ട് പൂര്‍ത്തിയായി പ്രത്യക്ഷപ്പെടുന്നില്ല. പരസ്‌പരമുള്ള സ്‌നേഹവിശ്വാസങ്ങളും സാഹോദര്യ ബോധവും  എല്ലാം അടങ്ങുന്ന ഒരു വാക്ക് പരസ്‌പര സഹായിക്ക് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.'

 മലബാര്‍ ജില്ല കോ ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, കലിക്കറ്റ് കോ ഓപറേറ്റീവ് യൂണിയന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ച കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. കൂടാതെ, ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികള്‍ക്കായി ആദ്യമായി ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചതും നായനാരായിരുന്നു.

ഫറോക്കിലെ തന്നെ തൊഴിലാളി സഹകരണ സംഘം, കോഴിക്കോട്ടെ സഹകരണ ഉപഭോക്തൃ സംഘം എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി. റിക്ഷാതൊഴിലാളികളുടെ ഒരു സഹകരണ സംഘവും കോഴിക്കോട് അദ്ദേഹം സ്ഥാപിച്ചു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷന്‍ നായനാരായിരുന്നു (കേളപ്പജിയായിരുന്നു ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ്‌).

 അതേസമയം തന്നെ, സഹകരണ സ്ഥാപനങ്ങളുടെ വഴിവിട്ട പോക്കില്‍ നായനാര്‍ക്ക് വിമര്‍ശനമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘പരസ്‌പര സഹായ സംഘ പ്രസ്ഥാനത്തിന് ഇന്ന് നേരിട്ട ദോഷത്തിന് ഏക കാരണം, സംഘം തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാത്തതാണ്.  സംഘത്തില്‍ ചേരുന്നത് കടം വാങ്ങുക എന്ന ഏകോദ്ദേശ്യത്തോടുകൂടിയായിരിക്കരുത്. ജീവിത രീതി നന്നാക്കി തീര്‍ക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ ഒരു ഉദ്ദേശ്യമാണ്.’

(മാതൃഭൂമി 06‐12‐1933). തലപ്പിള്ളി താലൂക്ക് സഹകരണ സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചുകൊണ്ട് വായ്‌പ ദുരുപയോഗത്തിനെതിരെ നായനാര്‍ ഇപ്രകാരം പറഞ്ഞു: ‘കൃഷിക്കാര്‍ക്ക് കൊടുക്കുന്ന കടം മിക്കതും കൃഷി ആവശ്യത്തിലേക്ക് പോകുന്നില്ല. ആ പണം അവര്‍ ഓണത്തിനും പെരുന്നാളിനും ചെലവഴിക്കുന്നു. അതുകൊണ്ട് ഇങ്ങനെ കടം കൊടുക്കുന്നത് കൃഷിക്കാരന് സഹായകമല്ല; വാസ്‌തവത്തില്‍  ദ്രോഹമാണ് ചെയ്യുന്നത് (മാതൃഭൂമി 01.03.1944).

 1945 മെയ് 15ന്  നായനാര്‍  പഴയന്നൂരില്‍ വെച്ച്‌ അന്തരിച്ചു. എസ്‌ഐഎസിന്റെ അനുശോചനത്തില്‍ ഇപ്രകാരം പറയുന്നു:  ‘മലബാറിലെ പൊതുപ്രവര്‍ത്തകരുടെ ഇടയില്‍ വല്ലാത്തൊരു ശൂന്യതയാണ് അദ്ദേഹത്തിന്റെ മരണം സൃഷ്‌ടിച്ചിട്ടുള്ളത്. അതാകട്ടെ പെട്ടെന്ന് നികത്താന്‍ കഴിയുന്നതുമല്ല. എസ്‌ഐഎസ്‌ അദ്ദേഹത്തിന്റെ പേരില്‍ അഭിമാനം കൊണ്ടിരുന്നു.

അദ്ദേഹമാകട്ടെ സൊസൈറ്റിക്ക് പ്രശസ്‌തിയും ഉണ്ടാക്കി. (എസ്‌ഐഎസ്‌ റിപ്പോര്‍ട്ട്  1944‐45). ‘മാതൃഭൂമി’ അതിന്റെ മുഖപ്രസംഗത്തിലൂടെ (16.05.1945) നായനാരെ ഇപ്രകാരം ബഹുമാനിക്കുന്നു: ‘മലബാറിലെ പൊതുജീവിതത്തില്‍ ശ്രീമാന്‍ വി ആര്‍ നായനാരുടെ നിര്യാണം കൊണ്ടുണ്ടായിട്ടുള്ള നഷ്ടം നികത്താനാകാത്തതാണെന്ന് അതിശയോക്തി സ്്പര്‍ശം കൂടാതെ പറയാം.

രാഷ്‌ട്രനിർമാണപരങ്ങളായ പ്രസ്ഥാനങ്ങളില്‍  അദ്ദേഹം വഹിച്ചുവന്ന സർവപ്രഥമമായ സ്ഥാനം മലബാറിലെ വിദൂരഗ്രാമങ്ങളിലെ അനഭിജ്ഞ ജനങ്ങള്‍ക്ക് കൂടിയും അവരുടെ നിത്യജീവിതത്തില്‍ അനുഭവപ്പെട്ടിരിക്കത്തക്കവണ്ണം അത്രയും പ്രകടമാണ്. ശ്രീമാന്‍ നായനാരുടെ നിര്യാണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കാള്‍ അധികമായി മലബാറിലെ പൊതുജീവിതത്തെയാണ് അനാഥമാക്കിയിട്ടുള്ളതെന്ന് പറയുന്നത് അവര്‍ ക്ഷമിക്കുമാറാകണം.'

 യുഎൽസിസിഎസ്‌ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ളതും അവര്‍ തന്നെ ജനാധിപത്യപരമായി നിയന്ത്രിക്കുന്ന സംഘടനാ സംവിധാനവുമുള്ള സ്ഥാപനമാണ്. പ്രവര്‍ത്തനത്തിന്റെ നിബന്ധനകള്‍ തൊഴിലാളികള്‍ തന്നെ തയ്യാറാക്കി അവര്‍ തന്നെ നടപ്പാക്കുന്നു. യുഎൽസിസിഎസിന്റെ പ്രധാന പിന്‍ബലം അതിനകത്തെ ആഭ്യന്തര ജനാധിപത്യമാണ് (തോമസ് ഐസക്  et.al 1919).

ഈയൊരു രീതിയില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് സവിശേഷ പങ്ക് വഹിക്കാന്‍  കഴിയുംവിധം ജനാധിപത്യത്തിലും സമത്വത്തിലും മാനവികതയിലും അടിസ്ഥാനമാക്കിയുള്ള ഒരു ശൈലിയാണ് യുഎൽസിസിഎസിന്റെ കൈമുതലായുള്ളത്. അത് നിർമാണരംഗത്ത് കേരളത്തിന് പുതിയൊരു മാതൃക തന്നെ ഉണ്ടാക്കുകയാണ്.

വാഗ്‌ഭടാനന്ദന്റെ സന്ദേശങ്ങളോടൊപ്പം ബാസല്‍ മിഷന്റെ തൊഴില്‍ സംസ്‌കാരം, മുസ്ലീം സമുദായത്തിലെ പുരോഗമനാശയങ്ങള്‍, ദേശീയ പ്രസ്ഥാനം എന്നിവയും യുഎൽസിസിഎസിന്റെ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ സവിശേഷ പങ്ക് വഹിച്ചിട്ടുണ്ട് (ഐസക് et.al). പങ്കാളിത്ത വികസനത്തില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് കാര്യമായി ഇടപെടാന്‍ കഴിയുമെന്ന് കേരളത്തിലെ ജനകീയാസൂത്രണ കാലത്ത് യുഎൽസിസിഎസ്‌ തെളിയിച്ചിരുന്നു.

കോഴിക്കോട്ടെ യു എൽ സൈബർ പാർക്ക്‌ ഇതിലൂടെയെല്ലാം കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരാനും സമൂഹത്തിന് മാതൃകയാകാനും യുഎൽസിസിഎസിന് കഴിയുന്നു. അതില്‍ പ്രധാനം വൈവിധ്യവൽക്കരണം, ആധുനികീകരണം, യന്ത്രവൽക്കരണം, നൈപുണീവികസനം എന്നിവയെ ചേര്‍ത്തുനിര്‍ത്തി നടത്തിയ പരിഷ്‌കാരങ്ങളും അവയുടെ വിജയവുമാണ്. ഇന്നത്തെ യുഎൽസിസിഎസ്‌ എന്നാല്‍, ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സേവന സംവിധാനങ്ങളുടെ സമുച്ചയമാണ്.

 1930കളുടെ  തുടക്കത്തോടെയാണ് യുഎൽസിസിഎസും നായനാരും കേരളത്തില്‍ സജീവമാകുന്നത്. സ്വാഭാവികമായും ഇവര്‍ക്കിടയില്‍ ഒരു കൂട്ടായ്മ വളര്‍ന്നുവന്നിരുന്നു. അതിന് മൂന്ന് പ്രകടമായ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. ഒന്ന്, യുഎൽസിസിഎസിനെ സഹായിക്കാനായി നായനാര്‍ പത്രങ്ങളിലൂടെ നടത്തിയ പരസ്യപ്രസ്‌താവനയാണ്. 

യുഎൽസിസിഎസിനെക്കുറിച്ച്‌  വി ആർ നായനാരുടെ പ്രസ്‌താവന12.12.1934ന്റെ ‘മാതൃഭൂമി'യില്‍ നായനാര്‍ ഇപ്രകാരമെഴുതി: ‘കുറുമ്പ്രനാട് താലൂക്കില്‍ 1925 മുതല്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ സംഘം എന്ന പേരില്‍ ഒരു പരസ്‌പര സംഘം സ്ഥാപിച്ചു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആരംഭത്തില്‍ 16 മെമ്പര്‍മാരെ ഉണ്ടായിരുന്നുള്ളൂ. അത് ക്രമേണ വർധിച്ച് ഇന്ന് 115 ആയിത്തീര്‍ന്നിട്ടുണ്ട്. നിരത്തുപണി മുതലായവ ഏറ്റെടുത്ത് നടത്തിക്കൊടുത്ത ലാഭം വര്‍ഷാന്തത്തില്‍ പങ്കിട്ടെടുക്കുകയാണ് ഈ സംഘത്തിന്റെ ഉദ്ദേശ്യം.

ആദ്യം 200, 300 ഉറുപ്പികയുടെ ജോലി മാത്രമേ സംഘത്തില്‍ കൊല്ലത്തില്‍ കിട്ടിയിരുന്നുള്ളൂ. ഇക്കഴിഞ്ഞ കൊല്ലത്തില്‍ ലോക്കല്‍ ഫണ്ട് വക 2140 ക.യുടെ കരാറ് ഈ സംഘത്തിന് ഏറ്റെടുത്ത് നടത്തുവാന്‍ സാധിച്ചു. ഇതുവരെ സംഘത്തിന് കിട്ടിയ ലാഭം 493 ക. ആകുന്നു. ഇതില്‍ ഇക്കഴിഞ്ഞ കൊല്ലത്തെ ലാഭം പെടുകയില്ല.

ഡിസ്ട്രിക്ട് ബോര്‍ഡ്, പിഡബ്ല്യുഡി മുതലായവയുടെ പ്രോത്സാഹനം ലഭിക്കുന്ന പക്ഷം സംഘത്തിന് കൂടുതല്‍  അഭിവൃദ്ധി ഉണ്ടാക്കുവാന്‍ സാധിക്കും. കേവലം നിരക്ഷരകക്ഷികളായ മെമ്പര്‍മാര്‍ അടങ്ങിയിട്ടുള്ള സംഘമാകയാല്‍ സ്വാധീനശക്തി വളരെ കുറയുന്നത് നിമിത്തം വലിയ സംഖ്യകളുള്ള കരാറുകള്‍ കിട്ടുന്നില്ല.

ഈ കാര്യത്തില്‍ പൊതുജനങ്ങളുടേയും ഗവണ്‍മെന്റ് ലോക്കല്‍ ബോര്‍ഡ് മുതലായവയുടേയും ശ്രദ്ധ പതിയുന്ന പക്ഷം സംഘത്തിന് അത് വലിയ അനുഗ്രഹമായിത്തീരുന്നതാണ്.

ഇതുവരെ ചെയ്‌തിട്ടുള്ള പ്രവൃത്തി ഏറ്റവും തൃപ്‌തികരമായിട്ട്‌ തീര്‍ന്നിട്ടുള്ളതിനാല്‍ സംഘത്തെ പ്രവൃത്തി ഏൽപ്പിക്കുന്നതില്‍ അങ്ങനെ സംശയിക്കേണ്ടതില്ല.’
1934ല്‍ത്തന്നെ നായനാരെപ്പോലൊരാളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ യുഎൽസിസിഎസിന് കഴിഞ്ഞിരുന്നു.

 രണ്ടാമത്തേത്, യുഎൽസിസിഎസിന് നായനാരോടുള്ള പരിഗണനയാണ്. യുഎൽസിസിഎസിന്റെ യോഗങ്ങളില്‍ നായനാര്‍ പലപ്പോഴും ക്ഷണിതാവായിരുന്നു. 1941 ഏപ്രില്‍ 21ന്  ചേര്‍ന്ന യുഎൽസിസിഎസിന്റെ ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തില്‍ ഇപ്രകാരം പറയുന്നു:

‘1941ലെ 16ാം വാര്‍ഷിക സമ്മേളനം, 1941 മെയ് 4ാം തീയതി കൊണ്ടാടുവാനും അധ്യക്ഷനായി ഡിസ്ട്രിക്ട് ബോര്‍ഡ് സ്‌പെഷ്യല്‍ ആപ്പീസ്സര്‍ ശ്രീ. കെ രാമവര്‍മരാജ അവര്‍കളെയും പ്രധാന പ്രാസംഗികരായി ശ്രീ. വി ആര്‍ നായനാരെയും സംഘം മേലധികാരിമാരെയും ക്ഷണിക്കാന്‍ തീര്‍ച്ചപ്പെടുത്തി.'

 മൂന്നാമത്, അനുശോചന പ്രമേയത്തിലൂടെ യുഎൽസിസിഎസ്‌ നായനാര്‍ക്ക് നടത്തിയ അന്ത്യോപചാരമാണ്. 1945 ജൂണ്‍ 24ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ പ്രമേയം ആഴമേറിയ ബന്ധത്തിന് ദൃഷ്ടാന്തമാണ്. പ്രമേയം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

‘കേരളത്തിലെ ഒരു ഉത്തമ പൊതുസേവകനും ഒരു ദേശാഭിമാനിയും ആതുര സംരക്ഷകനും സഹകരണ പ്രവര്‍ത്തകനും സല്‍ഗുണ സമ്പന്നനും ഉന്നതകുലജാതനുമായ ശ്രീ. വി ആര്‍ നായനാരുടെ അകാല നിര്യാണത്തില്‍ ഈ യോഗത്തിനുള്ള അപാര വ്യസനം ഇവിടെ രേഖപ്പെടുത്തുന്നു.’ ഈ വരികള്‍ നിശ്ചയമായും ഒരു ദീര്‍ഘകാല ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ്.

 വി ആര്‍ നായനാരും യുഎൽസിസിഎസുഉം പ്രതിനിധാനം ചെയ്യുന്ന സഹകരണ പ്രസ്ഥാനം ഏറ്റവും കൂടുതല്‍ പ്രസക്തമായിത്തീരുന്ന അവസരത്തിലാണ് ഈ  ഓർമക്കുറിപ്പ് തയ്യാറാക്കുന്നത്. ഇന്നത്തെ നവലിബറല്‍ ലോകത്ത്‌ കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ ചില പ്രത്യേക പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കണമെന്ന നവലിബറല്‍ ശാഠ്യമാണ് ഒന്നാമത്തേത്.

ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ കമ്പോള താൽപ്പര്യങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരിക്കും ഇതുവഴി നടക്കുന്നത്. ജനങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും ഗുണനിലവാരമുറപ്പാക്കി നിറവേറ്റാനുള്ള സര്‍ക്കാരിന്റെ പരിമിതിയാണ് രണ്ടാമത്തേത്.

രണ്ടാം തലമുറ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കേരളത്തിന് ഗുണനിലവാര വർധനവിനുള്ള ചെലവുകള്‍ വഹിക്കാന്‍ തീര്‍ത്തും പ്രയാസമായിരിക്കും.ഈയൊരു സാഹചര്യത്തില്‍ ഗുണനിലവാരമുള്ള ജീവിതം എല്ലാവര്‍ക്കും ലഭ്യമാക്കണമെങ്കില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ളതും മാനവികതയ്‌ക്ക് പരിഗണന നല്‍കുന്നതുമായ സേവന ദാതാക്കള്‍ ഉണ്ടായേ മതിയാകൂ. അവിടെയാണ് യുഎൽസിസിഎസ്‌ എന്ന സഹകരണ സ്ഥാപനം ഇന്ന് കൂടുതല്‍ പ്രസക്തമാകുന്നത്. ചിത്രീകരണം: കെ സുധീഷ്‌മാനവികതയില്‍ ഊന്നിയ മൂല്യബോധങ്ങള്‍ക്ക് ഇകഴ്‌ചയുണ്ടാകുന്ന കാലമാണ് ഇന്നത്തേത്. എല്ലാം പഴയപടി തുടരണമെന്നല്ല; പുതിയ രീതിയില്‍ പുതിയ രംഗങ്ങള്‍ വികസിച്ചുവരുമ്പോഴും അവിടങ്ങളിലും മാനവിക മൂല്യങ്ങളെ സന്നിവേശിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ അതിജീവന, ഉപജീവന മാർഗങ്ങളെ, ജനാധിപത്യ മതേതര, മാനവിക ചട്ടക്കൂട്ടില്‍ തന്നെ നിരന്തരം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു.

കാലാവസ്ഥാ മാറ്റവും നവലിബറല്‍ കമ്പോള വ്യവസ്ഥയും എല്ലാ കാര്യങ്ങളെയും നമ്മുടെ കൈപ്പിടിയില്‍ തന്നെ നിര്‍ത്തിക്കൊള്ളണമെന്നില്ല. പക്ഷെ, ഉണ്ടാക്കാവുന്ന പരിമിതികളെ മുന്‍കൂര്‍ കണ്ട് പരിഹരിക്കാനുള്ള കൂട്ടായ്‌മ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി നമ്മുടെ ചരിത്രവും അനുഭവങ്ങളും സമൂഹത്തില്‍ ആഴത്തില്‍ പ്രചരിക്കേണ്ടതുണ്ട്.

അവ നിരന്തരമായി ബോധ്യപ്പെടേണ്ടതുണ്ട്. വി ആര്‍ നായനാര്‍ ഈ നിരന്തരമായ പുതുക്കിപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു;  യുഎൽസിസിഎസ്‌  ആകട്ടെ, ആ പ്രക്രിയ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനവുമാണ്.

ഒരു നിമിത്തമാകാം, വി ആര്‍ നായനാരുടെ പേരില്‍ ഇന്ന് അവശേഷിക്കുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘നായനാര്‍ ബാലികാ സദനം' പലതരം കേസുകളിലൂടെ കയറിയിറങ്ങി അതിന്റെ മാനവികമായ മൂല്യത്തിന്റെ സംരക്ഷണത്തിനെന്നോണം ഇന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന യുവാക്കള്‍ക്കായുള്ള ഒരു പുനരധിവാസ കേന്ദ്രമായി ഇന്ന് അത് പ്രവര്‍ത്തിക്കുകയാണ്.

18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പുനരധിവാസമാണ് നായനാര്‍ സദനം വഴി UL Care Foundation നടത്തുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ പ്രത്യേക കഴിവുകള്‍ കണ്ടെത്തി, അവര്‍ക്ക് ഉചിതമായ തൊഴില്‍ സംഘടിപ്പിക്കാന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും ഏറ്റെടുക്കാന്‍ കോഴിക്കോട്ടേയും പരിസരത്തേയും നല്ലവരായ സേവനദാതാക്കളും ഇന്ന് തയ്യാറായി വന്നിരിക്കയാണ്.

ഇതിനകം മാനസിക വെല്ലുവിളി നേരിടുന്ന നൂറോളം പേര്‍ക്ക് തൊഴില്‍ കൊടുത്തുകൊണ്ട് ഈ സ്ഥാപനം ഇന്ന് ലോകത്തിലെ തന്നെ അപൂർവ സംവിധാനമായി പ്രവര്‍ത്തിക്കുന്നതായി വിദേശ പണ്ഡിതര്‍ തന്നെ പറയുന്നു. വി ആര്‍ നായനാരും ഊരാളുങ്കല്‍ സൊസൈറ്റിയും പ്രതിനിധാനം ചെയ്‌ത മാനവികതയാണ് ഇന്ന് ഈ സ്ഥാപനം വഴി ലോകത്തേക്കെല്ലാം പ്രചരിക്കുന്നത്  .

  അധിക വായനക്ക്

1. കുഞ്ഞപ്പ സി എച്ച്‌ (2020): സ്മരണകള്‍ മാത്രം, കറന്റ് ബുക്‌സ്, തൃശൂര്‍.
2. തിക്കോടിയന്‍: അരങ്ങു കാണാത്ത നടന്‍, ഡി സി ബുക്‌സ്, കോട്ടയം.
3. തോമസ് ഐസക് ടി എം, മിഷേല്‍ വില്യംസ്‌, കുഞ്ഞിക്കണ്ണന്‍ ടി പി, (2019): ജനകീയ ബദലുകളുടെ നിര്‍മ്മിതി, ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം, സാഹിത്യ അക്കാദമി, തൃശൂര്‍.
4. സുകുമാര്‍ കൂടാളി, (എഡി) (2011): വി ആര്‍ നായനാര്‍, ആതുരരുടെ ആത്മബന്ധു, ദേശീയ സാഹിത്യ കലാവേദി, കണ്ണൂര്‍.
5. കൃഷ്ണപിള്ള പി, (1945): ശ്രീ.വി.ആര്‍.നായനാര്‍, ദേശാഭിമാനി പത്രം (20.05.1945). കോഴിക്കോട്,  ആണ്ടലാട്ട് (എഡി):  സഖാക്കളെ മുന്നോട്ട് Vol.II.ചിന്ത തിരുവനന്തപുരം
6. ഗോപാലകൃഷ്ണന്‍ ടി (2024): ദേവ്‌ധര്‍. കാലവും ചരിത്രവും. പിടിഎ ആൻഡ്‌ എസ്‌എംസി, ദേവ്ധർ സ്‌കൂള്‍, താനൂര്‍.
7. നായനാര്‍ വി ആര്‍  (1938). പരസ്പര സഹായവും സമഷ്ടിവാദവും, മാതൃഭൂമി. 21.08.1938, കോഴിക്കോട്.
8. നായനാര്‍ വി ആര്‍ (1939). കീഴരിയൂരിലെ കഥഷ്ടതകള്‍, മാതൃഭൂമി, 17.08.1939, കോഴിക്കോട്
10. മാതൃഭൂമി. 01.03.1938
11. മാതൃഭൂമി 21.08.1938
12. മാതൃഭൂമി 06.12.1938
13. മാതൃഭൂമി 18.08.1939
14. മാതൃഭൂമി 15.03.1942
15. മാതൃഭൂമി 16.05.1945
16. മാതൃഭൂമി 13.02.2024
16. മാതൃഭൂമി 13.02.2024
17. Carliss Lamont (1990): The Philosophy of Humanism: Continum, New York.
18. Jyothirmani (2015): The Servents of India Society in Kerala,  MIRD, Vatakara.
19. Servents of India Society Reports from 1905-‐1947, Pune.
20. ജ്യോതിര്‍മണി വടക്കയില്‍ (2022): മലബാറിലെ നവോത്ഥാനവും, ഡിഎംആര്‍ടിയും, പ്രസിദ്ധീകരിക്കാത്ത പ്രബന്ധം.
21. എസ്‌ കെ പൊറ്റക്കാട്, പി പി ഉമ്മര്‍കോയ, എന്‍ പി മുഹമ്മദ്, കെ എ കൊടുങ്ങല്ലൂര്‍ (1985): മുഹമ്മദ് അബ്ദുറഹിമാന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി, കോഴിക്കോട്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

  



deshabhimani section

Related News

View More
0 comments
Sort by

Home