മോദി എന്നാണ് മണിപ്പുരിലേക്ക്‌ പോകുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 10:58 PM | 0 min read

 

റഷ്യ–- ഉക്രയ്‌ൻ യുദ്ധം രൂക്ഷമായി തുടരുകയാണ്. പ്രശ്നപരിഹാര ദൗത്യവുമായി ആഗസ്‌തിൽ മോദി ഉക്രയ്‌ൻ സന്ദർശിച്ചത് ഗോദി മീഡിയകൾ വൻവാർത്തയാക്കി. 1991നു ശേഷം ഒരു ഇന്ത്യൻ ഭരണാധികാരി ഉക്രയ്‌ൻ സന്ദർശിക്കുന്നത് ഇതാദ്യം. ഇതിനു പിന്നാലെ മോദി റഷ്യയും സന്ദർശിച്ചു. മോദി എന്ന ‘സമാധാന ദൂതന്റെ’ പുതിയ ദൗത്യങ്ങൾ വാ‍ഴ്‌ത്തപ്പെട്ടു. പക്ഷേ, യുദ്ധം കൂടുതൽ തീവ്രതയോടെ ഇപ്പോ‍ഴും തുടരുന്നു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്-. യുദ്ധം തീർക്കാനായി ഉക്രയ്‌നും റഷ്യയും സന്ദർശിച്ച മോദി എന്നാണ് സ്വന്തം രാജ്യത്തിന്റെ അവിഭാജ്യഭാഗവും തന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ള ബിജെപി ‘ഡബിൾ എൻജിൻ’ ഭരണം നടത്തുന്ന സംസ്ഥാനവുമായ മണിപ്പുർ സന്ദർശിക്കുക.

2023 മെയ് മൂന്നിനാണ് മണിപ്പുരിൽ കലാപം ആരംഭിച്ചത്. ഇതുവരെ കൊല്ലപ്പെട്ടത് ഇരുനൂറ്റി അമ്പതോളം പേർ.  കലാപം ഇപ്പോ‍ഴും തുടരുകയാണ്. തിങ്കളാഴ്‌ച കുക്കി വിഭാഗത്തിൽപ്പെട്ട 11 പേരെ കേന്ദ്രസേന വെടിവച്ചുകൊന്നു. പോയവാരത്തിൽ വംശീയവെറി തീർക്കുന്നതിനായി രണ്ട് സ്ത്രീകളെ എതിർവിഭാഗക്കാർ വെടിവച്ചുകൊന്നു. കലാപം രൂക്ഷമായി തുടരുമ്പോ‍ഴും സംസ്ഥാനം ഭരിക്കുന്ന ബിരേൻ സിങ്‌ സർക്കാരും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും പൂർണമായും നിഷ്‌ക്രിയമാണ്.

2002ലാണ് ഗുജറാത്തിൽ കലാപമുണ്ടായത്. കലാപം ആസൂത്രണം ചെയ്തത് മോദിയും അമിത് ഷായുമാണെന്ന വെ‍ളിപ്പെടുത്തലുകൾ തെ‍ളിവുകൾ സഹിതം പുറത്തുവന്നതാണ്. പത്തു വർഷം തുടർച്ചയായി രാജ്യം ഭരിച്ച യുപിഎ സർക്കാരിന്റെ നിഷ്‌ക്രിയത്വവും ഒത്താശയുമാണ് കേസുകളിൽനിന്ന് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി ഗുജറാത്തിലെത്തിയിരുന്നു. രാജധർമം പാലിക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നിർദേശം നൽകിയ ശേഷമാണ് വാജ്പേയി ഡൽഹിയിലേക്ക്‌ മടങ്ങിയത്. എന്നാൽ,വാജ്പേയി ഗുജറാത്ത് സന്ദർശിച്ചതുപോലെ  മണിപ്പുർ സന്ദർശിക്കാൻ നരേന്ദ്ര മോദി തയ്യാറല്ല. കാരണം, നരേന്ദ്ര മോദിതന്നെ ആവിഷ്‌കരിച്ച ബീഭത്സമായ വിഭജന രാഷ്‌ട്രീയത്തിന്റെ  സൃഷ്ടിയാണ് മണിപ്പുർ കലാപവും.

ഗുജറാത്തിൽ മോദി; 
മണിപ്പുരിൽ ബിരേൻ സിങ്‌
സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ സങ്കീർണമായ സ്വത്വപ്രശ്നങ്ങൾ മണിപ്പുരിലുണ്ട്. ഗോത്രവർഗക്കാരായ കുക്കികളിലെ ഭൂരിഭാഗവും ക്രിസ്ത്യാനികളും ഗോത്രേതര വിഭാഗങ്ങളിലെ ഭൂരിഭാഗവും മെയ്‌ത്തീകളിലെ ഹിന്ദുക്കളുമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും തൊ‍ഴിലില്ലായ്മയുമായിരുന്നു അവരുടെ യഥാർഥ പ്രശ്നങ്ങൾ. ഇറാംബോട്ട് സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ  നിഷ്‌പ്രഭമാക്കാൻ ഇരുവിഭാഗങ്ങളിലെയും സമ്പന്നരും മുഖ്യാധാരാ പാർടികളും കൈകോർത്തു. അതിന്റെ പ്രതിഫലനം ഏറിയും കുറഞ്ഞും എക്കാലത്തും മണിപ്പുരിന്റെ സാമൂഹ്യാവസ്ഥയിലും രാഷ്ട്രീയസ്ഥിതിഗതികളിലും ഉണ്ടായി. ചെറുതും വലുതുമായ 34 ഭീകര സംഘടനകളാണ് ഇന്ന് മണിപ്പുരിൽ പ്രവർത്തിക്കുന്നത്. യുഎൽഎൽഎഫും പിആർപിയുമായിരുന്നു ഏറ്റവും ശക്തമായ സംഘടനകൾ. ബിജെപി അധികാരത്തിൽ വന്നതോടെ ഭീകരവാദത്തിന്റെ സ്വഭാവവും മാറി. സംഘപരിവാറിന്റെ പിന്തുണയോടെ ‘ആരംബായ് തെങ്കാേൽ’ എന്ന പുതിയൊരു സംഘടന നിലവിൽ വന്നു. ഒരു സാംസ്കാരിക സാമൂഹ്യ സംഘടനയെന്ന പ്രഖ്യാപനത്തോടെ നിലവിൽ വന്ന സംഘടനയുടെ അടിസ്ഥാനദർശനം ഹിന്ദുത്വ കേന്ദ്രീകൃത മെയ്‌ത്തീ സ്വത്വ രാഷ്‌ട്രീയവും മാർഗം ഭീകരസ്വഭാവമുള്ള അക്രമവുമാണ്. കറുപ്പ് വസ്ത്രം ധരിച്ച് കൈയിൽ തോക്കുകൾ ഉയർത്തിപ്പിടിച്ച്  ‘ആരംബായ് തെങ്കാേൽ’ ഭീകരർ ഇന്ന് ഇംഫാൽ ഉൾപ്പെടെയുള്ള മെയ്‌ത്തീ സ്വാധീന മേഖലകളിൽ റോന്തു ചുറ്റുകയാണ്. കുക്കി സ്വാധീനമേഖലയിലും സ്ഥിതി സമാനം. അവിടെ കുക്കി സംഘടനകളും നിയമം കൈയിലെടുത്തിരിക്കുന്നു. പൊലീസും പട്ടാളവുമെല്ലാ നിഷ്‌ക്രിയം. മണിപ്പുർ രണ്ട് രാജ്യങ്ങളെപ്പോലെ ഭിന്നിക്കപ്പെട്ടിരിക്കുന്നു.


 

സ്വത്വ പ്രശ്നങ്ങളെ ആളിക്കത്തിക്കുന്നതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി ബിരേൻ സിങ്‌ തന്നെയാണ്. കുക്കിവിഭാഗത്തിൽപ്പെട്ടവരെ കൈയേറ്റക്കാരും കഞ്ചാവ് കൃഷിക്കാരുമായി മുദ്രകുത്തി. കുക്കി വിരുദ്ധത ആളിക്കത്തിച്ച് ഭൂരിപക്ഷം വരുന്ന മെയ്‌ത്തീ വിഭാഗത്തിന്റെ പിന്തുണ ആർജിക്കുകയായിരുന്നു ലക്ഷ്യം. മെയ്‌ത്തീ വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തണമെന്ന്‌ ശുപാർശ ചെയ്‌ത ഇംഫാൽ ഹൈക്കോടതിയുടെ തലതിരിഞ്ഞ വിധിയും ഇതിനെതിരെ കുക്കികൾ നടത്തിയ പ്രതിഷേധവുമെല്ലാം വിഭജനരാഷ്ട്രീയം പയറ്റാനു‍ള്ള സുവർണാവസരമാക്കി  മുഖ്യമന്ത്രി ബിരേൻ സിങ്‌ മാറ്റി. ബിരേൻ സിങ്ങിന്റേതായി പുറത്തുവന്ന ഓഡിയോ സംഭാഷണം വ്യക്തമായ തെളിവാണ്. കലാപം നടത്തിയ മെയ്‌ത്തീ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്തത് തന്റെ ഇടപെടലിനെ തുടർന്നാണെന്ന് മെയ്‌ത്തീ നേതാക്കളെ അറിയിക്കുന്നതായിരുന്നു ആ ഓഡിയോ സംഭാഷണം. കലാപത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന ഓഡിയോ സംഭാഷണം മുഖ്യ തെ‍ളിവായി സ്വീകരിച്ച് നടപടി ആവശ്യപ്പെട്ട് കുക്കി വിഭാഗം ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപകാലത്ത് മോദി ഹിന്ദുത്വ കലാപകാരികൾക്ക് നൽകിയ പിന്തുണയ്ക്കു സമാനമാണ് മണിപ്പുർ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്‌ മെയ്‌ത്തീ കലാപകാരികൾക്ക് നൽകിയ പിന്തുണ. രണ്ടിലും പ്രതിഫലിക്കുന്നത് വിചാരധാരയിലൂടെ  ഗോൾവാൾക്കർ മുന്നോട്ടുവയ്‌ക്കുന്ന ഒരേ ചിന്താധാര. മോദി മണിപ്പുരിലേക്ക്‌ എത്തിനോക്കാതിരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ലക്ഷ്യം കൂടുതൽ മണിപ്പുരുകൾ
വടക്കുകി‍ഴക്കൻ ഇന്ത്യയുടെ സൗന്ദര്യം ത്രസിക്കുന്ന മണിപ്പുർ വിനോദസഞ്ചാര മേഖലയിൽ കുതിക്കുകയായിരുന്നു. എന്നാൽ, കലാപകലുഷിതമായ മണിപ്പുരിൽ ഇപ്പോൾ സഞ്ചാരികളാരും എത്തുന്നില്ല. തൊ‍ഴിൽ തേടി ചെറുപ്പക്കാർ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. പക്ഷേ, വിഭജന രാഷ്‌ട്രീയം നിർബാധം തുടരാനാണ് ബിജെപിയുടെ തീരുമാനം. ക‍ഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 173 പ്രസംഗങ്ങളിലെ 110ലും മുസ്ലിംവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിരുന്നതായി ഹ്യൂമൻറൈറ്റ് വാച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്‌  തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക്‌ വിഷയം വർഗീയത മാത്രമാണ്. മോദിയും അമിത് ഷായും ആദിത്യനാഥും  മത്സരിച്ചാണ് വർഗീയത പറയുന്നത്. ബംഗ്ലാദേശ്  കുടിയേറ്റത്തെ തുടർന്ന് ജാർഖണ്ഡിലെ ഗോത്രവർഗക്കാരുടെ ജനസംഖ്യ കുത്തനെ കുറയുകയാണെന്നാണ് പ്രചാരണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനസംഖ്യാകണക്കുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. തൊ‍ഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് ആദിവാസികൾ തൊ‍ഴിൽ തേടി പലായനം ചെയ്യുന്നതാണ് ജാർഖണ്ഡിലെ അടിസ്ഥാനപ്രശ്നം. കേന്ദ്രവിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനെ തുടർന്ന് ഗ്രാമീണ തൊ‍ഴിലുറപ്പ് പദ്ധതി സ്തംഭിച്ചതാണ് പ്രധാനകാരണം. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി വർഗീയവികാരം ആളിക്കത്തിക്കുന്നത്. മണിപ്പുർ പരീക്ഷണംതന്നെയാണ് ബിജെപി കേരളത്തിലും പയറ്റുന്നത്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന പതിവ് തന്ത്രം ബിജെപി മാറ്റിയിരിക്കുന്നു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് ഇപ്പോ‍ഴത്തെ തീവ്രശ്രമം. സംഘപരിവാറിന്റെ വർഗീയ അജൻഡയ്‌ക്ക്‌ അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നവരും ഇടയ്‌ക്കിടെ മണിപ്പുരിലേക്ക്‌ നോക്കുന്നത് നല്ലതാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home